25 April Thursday

ഷിഗല്ല വില്ലനാണ്‌

ഡോ. വി സോമസുന്ദരൻUpdated: Sunday Nov 6, 2022


കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇടയ്ക്കിടെ ഷിഗല്ല  റിപ്പോർട്ട്ചെയ്യുന്നുണ്ട്‌. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു വിഭാഗം   ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗല്ല.  ഇതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. ഷിഗല്ല ഡിസൻഡ്രിയ, ഷിഗല്ല ഫ്ലക്‌സനേരി, ഷിഗെല്ല ഫ്ലക്‌സ്‌നെരി, ഷിഗല്ല സൊനയ്‌, ഷിഗല്ല ബൊയ്‌ഡി  എന്നീ വിഭാഗത്തിൽപ്പെട്ട  ബാക്ടീരിയയാണ്‌ രോഗകാരണം. 

ഇന്ത്യയിൽ  കൂടുതൽ റിപ്പോർട്ട്ചെയ്യുന്നത്‌ ഷിഗല്ല ഫ്ലക്സനേരിയാണെങ്കിലും  ഈയിടെ  കൂടുതലായും  ഷിഗല്ലസൊനയ്‌  കണ്ടുവരുന്നു. ഷിഗല്ല ഡിസൻഡ്രിയയാണ്‌ മാരകം. രോഗാണുവിന്റെ  എണ്ണംകുറവായാലും  10 മുതൽ 100 വരെ രോഗാണുക്കൾപോലും  രോഗകാരണം  ആകാമെന്നത്‌ രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വൃത്തിക്കുറവും ഭക്ഷണക്കുറവും മൂലമുള്ള ആരോഗ്യകരമല്ലാത്ത അവസ്ഥയും രോഗാതുരത വർധിപ്പിക്കും.

മലിനമായ വെള്ളം, ഭക്ഷണം, ഈച്ചകൾ എന്നിവ വഴി പകരുന്ന രോഗം  മലവിസർജനത്തിനുശേഷം  വൃത്തിയായി കൈ കഴുകാത്തവരിൽ കൂടുതലായി കണ്ടുവരുന്നു. കുട്ടികളിൽ രോഗസാധ്യത കൂടുതലാണ്‌.       വ്യവസായവൽക്കരണം നടന്ന രാജ്യങ്ങളിൽ കൂടുതൽ കണ്ടുവരുന്നത് ഷിഗല്ല സൊനയ്‌ വിഭാഗത്തിൽപ്പെട്ടവയാണെങ്കിലും   വികസ്വര രാജ്യങ്ങളിൽ ഷിഗല്ല ഫ്ലക്‌സനേരിയാണ്. ലോകത്ത്‌ പ്രതിവർഷം ദശലക്ഷക്കണക്കിനാളുകൾ ഷിഗല്ല രോഗബാധിതരാകാറുണ്ട്‌.

രോഗലക്ഷണവും നിർണയവും
പ്രധാനമായും വയറുവേദനയും രക്തംകലർന്ന വയറ്റിളക്കവുമാണ്‌ ലക്ഷണം. പനി, ക്ഷീണം, നിർജലീകരണം എന്നിവയും ഉണ്ടാകാം. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ എട്ടുദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും.  അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ വയറിളക്കത്തോടൊപ്പം അബോധാവസ്ഥയിലാകാനും സാധ്യതയുണ്ട്.  ഷിഗല്ല ഡിസൻഡ്രിയ വിഭാഗത്തിൽ നേരത്തെ രോഗതീവ്രത വർധിക്കാം. തീവ്രമായാൽ  കുടൽവ്രണങ്ങളും  കുടൽവീക്കവും വിളർച്ചയോടെയുള്ള വൃക്കരോഗലക്ഷണങ്ങളും (ഹീമോലൈറ്റി  ക്യൂറീമിക് സിൻഡ്രോം) വൃക്ക പരാജയവും സംഭവിക്കാം.

മലം പരിശോധനയിലൂടെയാണ്‌ രോഗനിർണയം. ഡോക്ടർമാരുടെ നിർദേശപ്രകാരം ചികിത്സ അനിവാര്യമാണ്‌. നിർജലീകരണം തടയാൻ ഒആർഎസ്‌ ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയവ നൽകണം. വാക്‌സിൻ ഇല്ല. സാധാരണ വയറിളക്കരോഗങ്ങളിൽനിന്ന്‌ ഈ രോഗം  വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

മലവിസർജനത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകണം. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ  ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് നിർബന്ധമായും കഴുകണം.  രോഗികളുടെ നിർജലീകരണംതടയണം.  ആന്റിബയോട്ടിക്കുകളുടെ  തോന്നിയ പോലെയുള്ള പ്രയോഗം  ഷിഗല്ല രോഗകാര്യത്തിൽ പാടില്ല. തിളപ്പിച്ചാറ്റിയ  വെള്ളം മാത്രമേ  കുടിക്കാവൂ.  മലവിസർജനത്തിനു ശേഷമുള്ള കൈകളുടെ ശുചിത്വമാണ് പരമ പ്രധാനം.

(കാസർകോട്‌ ടാറ്റാ ട്രസ്റ്റ് ഗവ. ഹോസ്പിറ്റലിലെ ജൂനിയർ മെഡിക്കൽ കൺസൾട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top