25 April Thursday

സ്‌കോളിയോസിസ്

ഡോ. ആർ കൃഷ്‌ണകുമാർUpdated: Saturday Jun 25, 2022


ലോകത്ത്‌ രണ്ടുമുതൽ മൂന്ന് ശതമാനത്തോളം ആളുകളിൽ സ്‌കോളിയോസിസ്‌ (Scoliosis) രോഗം കണ്ടുവരുന്നു.  നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചരിവാണ് സ്‌കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകൾ പുറത്തേക്ക് തള്ളിവരികയും തൻമൂലം നടുവിന്റെ ഭാഗത്ത് ഒരുവശത്തായി കൂണുപോലെ മുഴച്ചുനിൽക്കുകയുംചെയ്യും. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതൽ തള്ളിവരും. കുനിയുമ്പോൾ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യാം.  സ്‌കോളിയോസിസുള്ള കുട്ടികളുടെ ഒരു തോൾവശം പൊങ്ങിനിൽക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനിൽക്കാം. ഈ അസുഖത്തിന്റെ ബോധവൽക്കരണം ലക്ഷ്യമാക്കി  എല്ലാവർഷവും  ജൂണിൽ സ്‌കോളിയോസിസ് ബോധവൽക്കരണ മാസമായി ആചരിക്കുന്നു.

രോഗലക്ഷണങ്ങൾ
സ്‌കോളിയോസിസ് പെൺകുട്ടികളിലാണ്‌ ഏറെയും കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെൺകുട്ടികൾ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികൾ കൗമാരദശയിലേക്ക് പ്രവേശിക്കുന്ന വർഷങ്ങളിൽ ഉയരം കൂടുകയും  അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാകുകയും ചെയ്യുന്നു. പെൺകുട്ടികളിൽ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വർഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണാറുണ്ട്‌. സ്‌കോളിയോസിസിന്റെ പ്രാരംഭ ദശയിൽ പലപ്പോഴും മാതാപിതാക്കൾക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാൻ സാധിക്കാറില്ല. പാരമ്പര്യസ്വഭാവമുള്ള ഒരു അസുഖമല്ല സ്‌കോളിയോസിസ്. ഭാരമേറിയ സ്കൂൾ ബാഗാണ്‌ രോഗകാരണമെന്ന്‌ പറയുന്നതും തെറ്റാണ്‌.

പാർശ്വഫലങ്ങളും
വളവ് കൂടുന്നതനുസരിച്ച് ശ്വാസകോശത്തിന് ഞെരുക്കം വന്ന് ശ്വാസംമുട്ടലും ശ്വാസതടസ്സവും കിതപ്പും സാധാരണയായി കാണാറുണ്ട് . ചുരുക്കം ചിലരിൽ ഹൃദയപേശികളെ ബാധിക്കാറുണ്ട്. നട്ടെല്ലിലെ അസ്വാഭാവിക വളവ് കാരണം ഇവരിൽ നടുവേദന കൂടുതലായി കണ്ടുവരാറുണ്ട്. കൂടാതെ കാലിലേക്ക് പോകുന്ന നാഡീ ഞരമ്പുകളെയും ബാധിക്കാം.
ശരീരത്തിലെ വൈരൂപ്യം കാരണം ഇത്തരക്കാർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെയേറെയാണ്.

ചികിത്സാരീതികൾ
ചെറിയ വളവുകൾക്ക് നട്ടെല്ലിനുള്ള ബെൽറ്റുകൾ ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാകുന്നുണ്ടെങ്കിൽ അസ്ഥിവളർച്ച പൂർണമാകുന്നതുവരെ ഇത്തരം ബെൽറ്റുകൾ ഉപയോഗിക്കണം. സ്‌കോളിയോസിസ് 50 ഡിഗ്രിയിൽ കൂടുതലാകുമ്പോൾ സർജറിയാണ് നിർദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി.
ഡോക്ടറുടെ നിർദേശാനുസരണം കലാകായികാഭ്യാസങ്ങളിൽ മറ്റുള്ളവരെ പോലെ തുടർന്നും ഏർപ്പെടാം. വിവാഹ ജീവിതത്തെയോ ഗർഭധാരണത്തെയോ ഒരുതരത്തിലും ബാധിക്കില്ല.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്‌പിറ്റൽ ഒർത്തോ കൺസൽട്ടന്റാണ്‌ ലേഖകൻ. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ സ്കോളിയോസിസ് റിസർച്ച് സൊസൈറ്റി ഫെലോ ആയിരുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top