25 September Monday
ഇന്ന് അന്താരാഷ്ട്ര സ്‌കോളിയോസിസ് ദിനം

'ഭാരമേറിയ സ്‌കൂള്‍ ബാഗ് ഇട്ടാല്‍ നട്ടെല്ലിന് കൂന് വരില്ല'; സ്‌കോളിയോസിസിനെ അറിയാം

ഡോ. കൃഷ്ണകുമാര്‍ ആര്‍Updated: Saturday Jun 27, 2020

 ലോകപ്രശസ്ത അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്, ഇംഗ്ലണ്ടിലെ രാജകുമാരി യുജിന്‍, പ്രശസ്ത ഹോളിവുഡ് നടി ആയിരുന്ന എലിസബത്ത് ടൈലര്‍ എന്നിവര്‍ക്ക് സ്‌കോളിയോസിസ്  രോഗമുണ്ടെന്നുള്ളത് നിങ്ങള്‍ക്കറിയാമോ?

ലോകമെമ്പാടും രണ്ടുമുതല്‍ മൂന്ന്  ശതമാനം ആളുകള്‍ക്കാണ് ഈ അസുഖമുള്ളത്‌. രോഗത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനായി ജൂണ്‍ മാസം സ്‌കോളിയോസിസ്  ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നു. ജൂ ണ്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച അന്തര്‍ദേശീയ സ്‌കോളിയോസിസ്  ദിനമായും ആചരിക്കുന്നു.

അറിയാം സ്‌കോളിയോസിസ് എന്താണെന്ന്


  നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്‌കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തന്‍മൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.  നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും.  കുനിയുമ്പോള്‍ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.

രോഗലക്ഷണങ്ങള്‍


കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് സ്‌കോളിയോസിസ് കൂടുതലായും കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വര്‍ധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്‌കോളിയോസിസിന്റെ പ്രാരംഭ ദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല.

സ്‌കോളിയോസിസും തെറ്റിദ്ധാരണകളും


ഭാരമേറിയ സ്‌കൂള്‍ ബാഗ് ഇട്ടാല്‍ നട്ടെല്ലിന് കൂന് വരില്ല.കുട്ടികള്‍ നേരെ ഇരിക്കാത്തതു കൊണ്ടോ കിടക്കാത്തതു കൊണ്ടോ നട്ടെല്ലിന് കൂന് വരില്ല. പലപ്പോഴും കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ടീച്ചര്‍മാരില്‍ നിന്നും വഴക്ക് കേള്‍ക്കാനിടയാകാറുണ്ട്. നിന്റെ ഇരിപ്പ് ശരിയല്ല എന്നിങ്ങനെ... അവരുടെ നെട്ടല്ല് വളഞ്ഞ് പോയതുകൊണ്ടാണ് കുട്ടികള്‍ അങ്ങനെ ഇരിക്കുന്നത്

പാരമ്പര്യ സ്വഭാവമുള്ള ഒരു അസുഖമല്ല സ്‌കോളിയോസിസ്

സ്‌കോളിയോസിസും പാര്‍ശ്വഫലങ്ങളും

 വളവ് കൂടുന്നതനുസരിച്ച് ശ്വാസകോശത്തിന് ഞെരുക്കം വന്ന് ശ്വാസംമുട്ടലും ശ്വാസതടസ്സവും കിതപ്പും സാധാരണയായി കാണാറുണ്ട്. ചുരുക്കം ചിലരില്‍ ഹൃദയപേശികളെ ബാധിക്കാറുണ്ട്.നട്ടെല്ലിലെ അസ്വാഭാവിക വളവ് കാരണം ഇവരില്‍ നടുവേദന കൂടുതലായി കണ്ടുവരാറുണ്ട്. കൂടാതെ  കാലിലേക്ക് പോകുന്ന നാഡീ ഞരമ്പുകളെയും ബാധിക്കാം.ശരീരത്തിലെ വൈരൂപ്യം കാരണം ഇത്തരക്കാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെയേറെയാണ്. പലരും സാമൂഹിക ചടങ്ങുകളില്‍ നിന്നും അകന്ന് മാറി നില്‍ക്കാറുണ്ട്.

സ്‌കോളിയോസിസിന്റെ ചികിത്സാ രീതികള്‍

ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്‌പൈനല്‍ ബ്രേസ്) ഡോക്ട്‌റിന്റെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂര്‍ണ്ണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്‌കോളിയോസിസ് 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ മറ്റുകുട്ടികളെപ്പോലെ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്.

പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ, ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ഇതു ബാധിക്കുന്നതല്ല

(അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കോളിയോസിസ് റിസര്‍ച്ച് സൊസൈറ്റിയുടെ ഫെല്ലോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍ 300ല്‍ പരം സ്‌കോളിയോസിസ് സര്‍ജറിയിലും പങ്കാളിയായിട്ടുണ്ട്)


Dr Krishnakumar R
Consultant Spine Surgeon
Medical Trust Hospital
Cochin I Kerala I India
info@medicaltrusthospital.org
0484 - 235 8001


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top