24 April Wednesday

റോസ് കില്ലിങ് ഫംഗസ് എന്ന വില്ലൻ

സാം അലക്‌സ്‌Updated: Sunday Jun 11, 2023


സസ്യങ്ങളിൽ വെള്ളിയില രോഗം പരത്തുന്ന ഫംഗസാണ് കോൺഡ്രോസ്റ്റീറിയം പർപ്യുറിയം (Chondrostereum purpureum). റോസ് കുടുംബത്തിൽപ്പെട്ട ചെടികളിലാണ്‌ കൂടുതൽ ഫംഗസ് ബാധയ്ക്ക് സാധ്യത. അതിനാൽ ഇതിനെ ‘റോസ് കില്ലിങ്‌ ഫംഗസ്' എന്ന് വിളിക്കുന്നു. ഏയ്‌സർ, അൽനസ്, ബെറ്റുല, ലാരിക്‌സ്, ഓസ്ട്രിയ, പ്രൂണസ്, സാലിക്‌സ്, സോർബസ് എന്നീ ജനുസിൽപ്പെട്ട സസ്യങ്ങളിൽ രോഗകാരിയായ ഫംഗസുകൾ ബാധിക്കുന്നു. അനുകൂല സാഹചര്യത്തിൽ അതിവേഗം മൂന്ന് സെന്റിമീറ്റർ നീളത്തിൽവരെ ഫംഗസ് വളരും. കട്ടിയുള്ള റബർ പോലെ ഫംഗസ് കാണപ്പെടാം. വളർച്ചയുടെ ആദ്യഘട്ടത്തിൽ വയലറ്റ് നിറത്തിലും പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള രോമങ്ങളും കാണാം. പൂർണ വളർച്ചയെത്തിയ ഫംഗസുകൾ ആവശ്യത്തിന് സ്‌പോറുകൾ ഉണ്ടാക്കും. തുടർന്ന് തൊട്ടാൽ പൊട്ടുന്ന തവിട്ട്‌  നിറത്തിലേക്ക് മാറും.

ഫംഗസിന്റെ ഘടനയും വളർച്ചയും

ഫംഗസിനെ മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചാൽ ശിഖരങ്ങൾ പോലെയും ട്യൂബ് രൂപത്തിലും ഘടന കാണാനാകും. ഇതാണ് ഹൈഫ (Hyphae). വൃത്താകൃതിയിൽ സിലിണ്ടർ രൂപത്തിലുള്ള സ്‌പോറുകൾ ഇവയ്ക്കുണ്ട്. ചെടികളുടെ പ്രതലത്തിൽ പറ്റിപ്പിടിക്കാനും പ്രത്യുൽപ്പാദനത്തിനും വളർച്ചയ്ക്കും ആവശ്യമായ പോഷകങ്ങൾ ഹൈഫ കണ്ടെത്തും. എന്നാൽ, റോസ് കില്ലിങ്‌ ഫംഗസിൽ കാണുന്നത് പ്രത്യുൽപ്പാദനത്തിനുവേണ്ടി മാത്രമുള്ള ഹൈഫകളാണ്. ആയതിനാൽ ഇത്‌ മോണോമിറ്റിക് ഹൈഫ (Monomitic hyphae) എന്നറിയപ്പെടുന്നു. പഴകിയ മരത്തടികളും മരക്കുറ്റികളുമാണ്  ഫംഗസുകളുടെ സാധാരണ വളർച്ചാ ഇടം. പൂർണ ആരോഗ്യമുള്ള മരങ്ങളെ ബാധിക്കുന്നതിനാൽ  റോസ് കില്ലിങ്‌ ഫംഗസിനെ ഒരു പരാദസസ്യമാ (parasite)യും പരിഗണിക്കുന്നു. മിതശീതോഷ്ണ മേഖലയാണ് ഫംഗസുകൾക്ക് ഏറ്റവും അനുകൂല കാലാവസ്ഥ.
  
  മിതശീതോഷ്ണ രാജ്യങ്ങളിലെ വലിയ വെല്ലുവിളിയാണ് ചെടികളിലെ വെള്ളിയില രോഗം. വെള്ളിയില രോഗത്തിന് കാരണക്കാരനായ ഈ ഫംഗസ് അതിവേഗം ലക്ഷണങ്ങളും പ്രകടിപ്പിക്കും. ഇലകളുടെ പച്ചനിറം മങ്ങി വെള്ളി നിറത്തിലേക്ക് മാറുന്നതാണ് പ്രധാന ലക്ഷണം. ഇലകളിലെ എപ്പിഡെർമിസ് പാരൻകൈമയിൽനിന്നും വിട്ടുമാറി അവിടെ എയർ ഗ്യാപ്പുകൾ ഉണ്ടാകുന്നു. അതോടെ ഇലകൾ വെള്ളിനിറത്തിൽ കാണപ്പെടും.  ഫംഗസ് ഉൽപ്പാദിപ്പിക്കുന്ന പെക്ടിനേസ് എൻസൈമാണ് ഈ രോഗത്തിന് പ്രധാന കാരണം. ഫംഗസ് ചെടികളിൽ എത്തിയാൽ സ്റ്റെർപ്യൂറിക് ആസിഡ്, സ്റ്റിറെപൊലൈഡ്, ഡൈഹൈഡ്രോസ്റ്റിറെപൊലൈഡ് എന്നീ മാരകമായ സംയുക്തങ്ങൾ ഉണ്ടാക്കും. ഇവ ഇലകളിലെ മഞ്ഞനിറത്തിന് കാരണമാകുന്നു.  ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമുള്ള ചെടികൾ ഫംഗസ് ബാധയ്‌ക്കെതിരെ ഫൈറ്റോ അലക്‌സിൻസ് എന്ന സംയുക്തമുണ്ടാക്കും. ഇതുവഴി  രോഗബാധയെ സ്വയം തടയുന്നു.

പ്രത്യുൽപ്പാദനം

അൽപ്പായുസ്സുള്ള ബസീഡിയോസ്‌പോറുകൾ ഉൽപ്പാദിപ്പിച്ചാണ് കോൺഡ്രോസ്റ്റീറിയം പർപ്യൂറിയസിന്റെ പ്രത്യുൽപ്പാദനം. ഹൈഫയിൽ നിന്നും വളരുന്ന സ്‌പൊറാഞ്ചിയോ ഫോറിൽ സ്‌പോറാഞ്ചിയം കാണപ്പെടും. ഈ സ്‌പോറാഞ്ചിയത്തിനുള്ളിൽ സ്‌പോറുകൾ ഉണ്ടാകും. പന്ത് പോലെ  കാണപ്പെടുന്ന സ്‌പോറാഞ്ചിയം, അനുകൂല സാഹചര്യം വന്നാൽ പൊട്ടി സ്‌പോറുകൾ പുറത്തുപോകുന്നു. ഫംഗസ്  വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴോ അല്ലെങ്കിൽ 75 ശതമാനം ഈർപ്പമുള്ളപ്പോൾ മാത്രമാണ് സ്‌പോറുകൾ സാധാരണഗതിയിൽ ഉണ്ടാകുന്നത്. മഴക്കാലത്താണ് കൂടുതൽ പ്രത്യുൽപ്പാദനം. ഇങ്ങനെയുണ്ടാകുന്ന സ്‌പോറുകൾ സൂര്യപ്രകാശത്തിനും വരണ്ട കാലാവസ്ഥയ്ക്കും ഒട്ടും ചേരുന്നതല്ല. അതിനാൽ ഇവയുടെ ആയുസ്സ് അഞ്ചു മണിക്കൂറിൽ കൂടുതൽ ഉണ്ടാകാറില്ല. ആയുസ്സ് കുറവായതിനാൽ അധിക ദൂരത്തേക്ക് എത്തിപ്പെടാനും പ്രയാസമാണ്.

കളകൾക്കെതിരെ

ഫംഗസുകളെ ഉപയോഗിച്ച് കളകളെ കൊല്ലുന്ന രീതിയാണ് മൈക്കോഹെർബിസൈഡ് (Mycoherbicide). ഫംഗസുകൾ ഉണ്ടാക്കുന്ന അപകടകാരിയായ സംയുക്തങ്ങളെ ഉപയോഗിച്ചാണ് മൈക്കോഹെർബിസൈഡിന്റെ പ്രവർത്തനം. പക്‌സീനിയ കനാലിക്കുലേറ്റ്, പക്‌സീനിയ തലാസ്‌പെയോസ്, കളെട്ടോട്രീക്കം അക്യുട്ടെറ്റം, ഫൈററ്റൊഫ്‌ത്തോറ പാൽമിവോറ തുടങ്ങിയവയാണ് പ്രധാന മൈക്കോഹെർബിസൈഡുകൾ. കോൺഡ്രോ സ്റ്റീറിയം പർപ്യുറിയവും ഇക്കൂട്ടത്തിലുണ്ട്. മൈക്കോ ഹെർബിസൈഡായി  കോൺഡ്രോസ്റ്റീറിയം പർപ്യുറിയം ഫംഗസുകളെ ക്യാനഡ 2001ൽ അംഗീകാരം നൽകി.  വാണിജ്യ അടിസ്ഥാനത്തിൽ നിർമിക്കുന്ന മൈക്കോ ഹെർബിസൈഡ് വിപണിയിൽ ലഭ്യമാണ്.

മരങ്ങളെ നശിപ്പിക്കുന്ന രീതി

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് അനുസരിച്ചാണ് ബസീഡിയോ മൈസെറ്റ് വിഭാഗത്തിൽപ്പെടുന്ന  ഫംഗസ് സ്‌പോറുകൾ പുറത്തുവിടുന്നത്. മരങ്ങളിലെ പുതുതായി മുറിച്ച ഭാഗം, തടിയിൽ കാണുന്ന തുളകൾ എന്നിവയിലൂടെ സ്‌പോറുകൾ അകത്തുകയറും. തുടർന്ന്‌ സൈലം കോശങ്ങളിലൂടെ അതിവേഗം വളരും. ഇതുവഴി ഈ കോശത്തിലൂടെയുള്ള സസ്യത്തിന്റെ ആഹാരം, വെള്ളം എന്നിവയുടെ നീക്കം തടസ്സപ്പെട്ട് നെക്രോസിസ് ഉണ്ടാകും. ഇതോടെ കോശങ്ങൾ തകരാറിലാകുകയും  സസ്യങ്ങൾ സമ്പൂർണമായി നശിക്കുകയും ചെയ്യും.
 
   വലിയ മരങ്ങളുടെ കുറ്റികൾ നശിപ്പിക്കാനും മുളപൊട്ടൽ തടയാനുമാണ് ഫംഗസുകളെ ഉപയോഗിക്കുന്നത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും ന്യൂസിലൻഡിലും ഈ രീതി പിന്തുടരുന്നു. വന്മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള കായികാധ്വാനവും രാസപദാർഥങ്ങളുടെ പ്രയോഗവും  കുറയ്ക്കാനായി ഫംഗസുകളെ ഉപയോഗപ്പെടുത്തുന്നു. രാസവസ്തുക്കളുടെ അമിത ഉപയോഗം പ്രകൃതിക്ക് ദോഷമായി മാറുന്നതിനാലാണ് ഇതര സാധ്യതകൾ തേടിയത്. പാശ്ചാത്യ രാജ്യങ്ങളിൽ കാടുകളിലും മറ്റും മരം മുറിക്കുന്ന ഉടൻ തന്നെ കോൺഡ്രോസ്റ്റീറിയം പർപ്യുറിയം ഫംഗസിന്റെ ഹൈഫെ (നീളമുള്ള പൂപ്പൽ ശിഖരങ്ങൾ) മരത്തിന്റെ കുറ്റികളിൽ തേച്ചുപിടിപ്പിക്കും. ഹൈഫെ വെള്ളത്തിൽ ലയിപ്പിച്ച് വളരാൻ വേണ്ട പോഷകങ്ങളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് തേയ്ക്കുന്നത്. ഫംഗസ് കുറ്റികളിലേക്ക് ആഴ്ന്നിറങ്ങുകയും ഭാഗത്തെ കോശങ്ങളെ നശിപ്പിച്ച് പൂർണമായി തടികൾ ഇല്ലാതാക്കുകയും ചെയ്യും.

മനുഷ്യരിലേക്കും

കോൺഡ്രോസ്റ്റീറിയം പർപ്യൂറിയസ് എന്ന ഫംഗസ് ബാധിച്ച ആദ്യ മനുഷ്യനാണ് കൊൽക്കത്ത സ്വദേശിയായ അറുപത്തൊന്നുകാരൻ. പൂർണ ആരോഗ്യവാനായിരുന്ന ഇദ്ദേഹം കൂണുകൾ ശേഖരിക്കുമായിരുന്നു. പലതരത്തിലുള്ള ഫംഗസുകളുമായി നിരന്തരം സമ്പർക്കം പുലർത്തി. ചുമ, പരുക്കൻ ശബ്ദം, കഠിനമായ ക്ഷീണം, തൊണ്ടവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു. രോഗബാധിതനെ എക്‌സ് റേ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനയ്ക്ക്  വിധേയനാക്കി. സിടി സ്‌കാനിൽ കഴുത്തിൽ ശ്വാസനാളത്തിന്റെ ഇടത്തെ അറ്റത്ത് ചെറിയ കുരുക്കൾ കണ്ടെത്തി.  വിശദമായ പഠനത്തിനുശേഷം ഇത് ‘കോൺഡ്രോസ്റ്റീറിയം പർപ്യൂറിയസ്' എന്ന ഫംഗസ് ബാധതയാണെന്ന് വ്യക്തമായി.
     രോഗബാധിതന്റെ ശ്വാസനാളത്തിൽനിന്നും പഴുപ്പ് നീക്കി, രണ്ടുമാസത്തോളം ആന്റിഫംഗൽ മരുന്നുകൾ നൽകി. ലക്ഷണങ്ങളെല്ലാം പൂർണമായി മാറ്റിയെടുക്കാൻ ഡോക്ടർമാരുടെ സംഘത്തിനായി. ഗവേഷകരായ ഡോ. സോമദത്തയും ഡോ. ഉജ്ജയിനി റായിയും  ഇതുസംബന്ധിച്ച്‌ നടത്തിയ പഠനങ്ങൾ ‘മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്‌സ്' എന്ന രാജ്യാന്തര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഫംഗസിനെപ്പറ്റിയുള്ള കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്‌.

(കാര്യവട്ടം ക്യാമ്പസിൽ റിസർച്ച്‌
സ്‌കോളറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top