25 April Thursday

മഴക്കാലത്തെ വാതപ്പനിയും ഹൃദയവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തികൊണ്ടു മാത്രമേ മനുഷ്യന്റെ ആരോഗ്യം സമുചിതമായി സംരക്ഷിക്കാനാവൂ എന്ന് മാരകമായ നിപ്പരോഗബാധ കേരളീയരെ പഠിപ്പിച്ചു. മനുഷ്യന്റെ ആരോഗ്യ സ്രോതസ്സ്, ആരോഗ്യപൂർണമായ മണ്ണിന്റെയും പരിസ്ഥിതിയുടെയും അതിൽ വസിക്കുന്ന ഇലതര ജീവജാലങ്ങളുടെയുമ സമഗ്രമായ ആരോഗ്യനിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രകൃതിയെ മലീമസമാക്കിയും നിർജീവമാക്കിയും മുന്നേറുന്ന മനുഷ്യന്റെ അസ്തിത്വവും ജീവനും അപകടാവസ്ഥയിലെത്തുകതന്നെ ചെയ്യും. അതിജീവനശക്തിക്കുള്ള രോഗാണുക്കളുടെ സാന്നിധ്യവും, 'രോഗമേ വന്നോളൂ' എന്നുപറഞ്ഞ് രണ്ടുകൈകളും നീട്ടി നിൽക്കുന്ന ഒരു സമൂഹവും, രോഗം പടർന്ന് പിടിക്കാൻ അനുകൂലമായ മലീമസമായ പരിസ്ഥിതിക്കുമാണ് എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനകാരണം. ഇന്ന് ആരോഗ്യകേരളത്തിന് ഭീഷണിയാകുന്ന രണ്ടു പ്രതിഭാസങ്ങൾ പകർച്ചപ്പനികളും ജീവിതശൈലിരോഗങ്ങളുമാണ്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ സാധാരണജനങ്ങൾക്ക് നൽകുകയെന്ന കേരള മാതൃകയ്ക്ക് വിള്ളലുകളേൽപ്പിക്കുന്നവയാണിതൊക്കെ. 

മഴക്കാലമായാൽ വിവിധ പനിബാധകൾകൊണ്ട് കേരളം വിറകൊള്ളുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, പക്ഷിപ്പനി, പന്നിപ്പനി, ചെള്ളുപനി, മഞ്ഞപ്പനി ഇങ്ങനെ പോകുന്നു മലയാളിയുടെ ഉറക്കംകെടുത്തുന്ന പനിരോഗങ്ങൾ. ഇതോടൊപ്പം പ്രധാനമായ മറ്റൊരു പനിരോഗം കൂടിയുണ്ട്‐ റുമാറ്റിക് ഫീവർ അഥവാ വാതപ്പനി. നിസാരമെന്നു കരുതി മിക്കവരും അവഗണിക്കുന്ന ജലദോഷവും തൊണ്ടവേദനയുമാണ് വാതപ്പനിയ്ക്കു കാരണം. മഴക്കാലമായാൽ സ്കൂൾ കുട്ടികളെ ഇത് സാധാരണയായി ബാധിക്കുന്നു. അഞ്ചിനും പതിനഞ്ചിനും ഇടക്കുവയസുള്ള കുട്ടികളെയാണ് പ്രധാനമായി ബാധിക്കുക. കൃത്യസമയത്ത് രോഗനിർണയം സമുചിതമായി ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയവാൽവുകളുടെ അപചയത്തിന് കാരണമാകുകയും ഗുരുതരാവസ്ഥയിലേക്ക്‌ ചവിട്ടുപടിയാവുകയും ചെയ്യുന്നു.

മഴക്കാലത്ത് കുട്ടികളിലുണ്ടാകുന്ന 70 ശതമാനം തൊണ്ടവേദനയും വൈറൽ ബാധയെ തുടർന്നാണെങ്കിലും 30 ശതമാനം കുട്ടികളിൽ 'സ്ട്രെപ്റ്റോകോക്കസ്' ബാക്ടീരിയയുടെ ആക്രമണം മൂലമാണ് തൊണ്ടവീക്കമുണ്ടാകുന്നത്. ഉള്ളിൽ പ്രവേശിക്കുന്ന 'സ്ട്രെപ്റ്റോകോക്കസ്' ബാക്ടീരിയ തൊണ്ടയുടെ ഇരുപാർശ്വങ്ങളിലും സ്ഥിതി ചെയ്യുന്ന ടോൺസിലുകളെ ആക്രമിക്കുന്നു. അതോടെ ടോൺസിലുകളും അവയോടു ബന്ധപ്പെട്ടുകിടക്കുന്ന ലസികാഗ്രന്ഥികളും വിങ്ങുകയും തടിക്കുകയും ചെയ്യുന്നു. തന്മൂലം ശകതമായ തൊണ്ടവേദനയും ഭക്ഷണപദാർഥങ്ങൾ കഴിക്കുവാൻ പറ്റാത്ത സ്ഥിതിയിലെത്തുകയും ചെയ്യുന്നു. ഈ സമയത്ത് ഉള്ളിൽ കടന്ന ബാക്ടീരിയകളെ തുരത്തുവാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സജീവമാകുന്നു. അതോടെ പരാദങ്ങൾക്കെതിരായി പ്രത്യേകതരം ആന്റിബോഡികൾ സൃഷ്ടിക്കപ്പെടുന്നു. ഈ ആന്റിബോഡികളുടെ പ്രതിപ്രവർത്തനം മൂലം ശരീരത്തിലെ വലിയ സന്ധികൾ ഒന്നിനുപിറകെ ഒന്നായി വിങ്ങുന്നു. അവ നീരുവരുന്നതുമൂലം കലശലായ വേദനയനുഭവപ്പെടുന്നു.

വാതപ്പനി ഗുരുതരമായ അവസ്ഥയിൽ പരിപൂർണവിശ്രമവും തക്കചികിത്സയും ലഭിക്കാതെ പോയാൽ ആന്റിബോഡികൾ തങ്ങളുടെ ആക്രമണരംഗം വ്യാപിപ്പിക്കുന്നു. പനിയും സന്ധിവേദനയും സാവധാനം കുറയുമെങ്കിലും ഏതാനും ആഴ്ചകൾക്കുശേഷം ഹൃദ്രോഗവും അതോടനുബന്ധിച്ച രോഗലക്ഷണങ്ങളും രംഗപ്രവേശം ചെയ്യുന്നു. ഏറെ താമസിയാതെ ലോമീധമനികളും ത്വകും നാഡീവ്യൂഹവും ബോധശൃംഖലയും രോഗത്തിനധീനപ്പെടുന്നു. ചർമ്മത്തിലെ തിണർപ്പ്,. സന്ധിഭാഗത്തുള്ള ചെറുമുഴകൾ, കൃത്യമല്ലാത്ത ശരീര‐ കരചലനങ്ങളോടെ സങ്കീർണമാകുന്ന റുമാറ്റിക്കൊറിയ തുടങ്ങിയ പ്രത്യാഘാതങ്ങൾ മാരകമായ വാതപ്പനിക്ക് ലക്ഷണങ്ങളാണ്.

വാതപ്പനി ഉണ്ടാകുന്ന കുട്ടികളിൽ ഏകദേശം 50 ശതമാനം പേർക്കും ഹൃദയവാൽവുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. റുമാറ്റിക് ഫീവറിന്റെ ഏറ്റവും സങ്കീർണമായ പ്രത്യാഘാതം ഹൃദയവാൽവുകൾക്കുണ്ടാവുന്ന അപചയം തന്നെ. വാൽവുകളുടെ ഘടനയ്ക്കും ആകൃതിക്കും പരുക്കകളേൽക്കുന്നു. ഇടത്തെ മേലറക്കും കീഴറക്കും ഇടയ്ക്കുള്ള മൈട്രൽവാൽവാണ് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്. പിന്നെ, മഹാധമനിയുടെ ചുവട്ടിലുള്ള അയോർട്ടിക് വാൽവ്. വാൽവുകളുടെ അരികുകൾ ഒട്ടിപ്പിടിക്കുകയും കട്ടിപിടിക്കുകയും ചുരുങ്ങുകയും ചെയ്യുകവഴി അവ ആവശ്യാനുസരണം തുറക്കാെതയിരിക്കുന്നു. അപ്പോൾ ആ വാൽവിലൂടെയുള്ള രക്തസഞ്ചാരം ഏറെ ദുഷ്കരമാകുന്നു. അങ്ങനെ പിൻദിശകളിൽ രക്തം കെട്ടിക്കിടക്കുകയും കലശലായ ശ്വാസതടസം, നീർക്കോള്, തളർച്ച തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകുന്നു. അതുപോലെ വാൽവുകൾ ശോഷിച്ച് ചുരുങ്ങി നീളം കുറയുന്നതുമൂലം അവകൃത്യമായി അടയാതിരിക്കുന്നു. തന്മൂലം രക്തം പിൻദിശകളിലേക്കും തിരിഞ്ഞൊഴുകുന്നു. വാൽവുകളുടെ ഈ രണ്ടു ഘടനാവൈകല്യങ്ങളും ഹൃദയപ്രവർത്തനത്തെ താറുമാറാക്കുന്നു. ഹൃദയ അറകൾ വീർത്ത് വലുതാകുന്നു. അൽപം ആയാസപ്പെടുമ്പോൾ ശ്വാസംമുട്ടലും, തളർച്ചയും ശേഷികുറവുമുണ്ടാകുന്നു. നീർക്കോൾ ധിക്കുമ്പോൾ ശയ്യാബദ്ധമാകുന്നു. സമുചിതമായ ചികിൽസ ലഭിച്ചില്ലെങ്കിൽ രോഗിയുടെ അവസ്ഥ അതിഗരുതരമാകും. 

വർഷങ്ങൾക്കുശേഷം, വാൽവുകളുടെ അപചയം വഷളായി നെഞ്ചിടിപ്പും, ശ്വാസതടസവും നീർക്കോളും ഔഷധചികിത്സകൊണ്ട് പിടിയിലൊതുക്കപ്പെടാത്ത അവസ്ഥയിൽ ചുരുങ്ങിയ വാൽവുകൾ വികസിപ്പിച്ച് രക്തപര്യയനം സുഗമമാക്കണം. ഇതിന് ശസ്ത്രക്രിയകൂടാതെയുള്ള കത്തീറ്റർ ചികിത്സ ലഭ്യമാണ്. കാൽസ്യം അധികം പറ്റിപ്പിടിച്ചിട്ടില്ലാത്ത വാൽവുകൾ സവിശേഷ ബലൂൺ കത്തീറ്റർ കടത്തി വികസിപ്പിക്കാം. ഇനി, വാൽവുകളുടെ ഘടന ഏറെ വികൃതമായി, കാൽസ്യം ഏറെ പറ്റിപ്പിടിച്ച് ചലനരഹിതമായ വാൽവാണെങ്കിൽ അത് ഛേദിച്ച് കളഞ്ഞ് അവിടെ ഒരു കൃത്രിമവാൽവ് തുന്നിചേർക്കണം.

കേരളത്തിൽ വാതപ്പനി ഇല്ലാതായി
ആഗോളമായി ഏതാണ്ട് 330 ലക്ഷംപേർക്ക് വാതജന്യ ഹൃദ്രോഗമുണ്ട്. പ്രതിവർഷം 2.75 ലക്ഷംപേർ ഇതേതുടർന്ന് മൃത്യുവിനിരയാകുന്നു. വികസിത രാജ്യങ്ങളിൽ റുമാറ്റിക് ഫീവർ ഏതാണ്ട് തുടച്ചു മാറ്റപ്പെട്ടുവെന്ന് പറയാം. അവിടങ്ങളിലെ വൃത്തിയുളശള അന്തരീക്ഷവും ശുചിത്വമുള്ള പരിസരങ്ങളും കൃത്യമായ ചികിത്സയും ഇതിന് കാരണമായി. എന്നാൽ ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇപ്പോഴും റുമാറ്റിക് ഫീവർ ഒരു മഹാമാരിയായി തുടരുന്നു. ഇന്ത്യയിൽ വാതപ്പനി മൂലമുള്ള ഹൃദ്രോഗം ആയിരത്തിൽ 26 പേർക്ക് എന്നതോതിൽ കാണുന്നു. എന്നാൽ കേരളത്തിൽ വാതപ്പനിയെ തുടർന്നുള്ള ഹൃദ്രോഗം ഏതാണ്ട് നിയന്ത്രണവിധേയമായി എന്നു പറയാം. 01/1000 എന്ന തോതിൽ നിയന്ത്രിക്കപ്പെട്ടു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരുടെ മികച്ച ശുചിത്വബോധവും ആരോഗ്യ അവബോധവും കൃത്യമായ രോഗനിർണയവും ചികിത്സയും ഇതിനു കാരണമായി. 

നമുക്ക്‌ എന്തു ചെയ്യാം
വാതപ്പനി വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? വീടും പരിസരവും അന്തരീക്ഷവും ശുചിയായി സൂക്ഷിക്കണം. ഇത് രോഗാണു സംക്രമണം തടയുന്നു. ജലദോഷത്തെതുടർന്ന് തൊണ്ടവേദനയും പനിയും ടോൺസിൽ വീക്കവുമുണ്ടായി ഉടനടി ചികിത്സാവിധേയമാകുക. പൂർണവിശ്രമവും കൃത്യമായ ആന്റിബയോട്ടിക് ചികിത്സയും നടത്തുക. സന്ധിവീക്കം ഗുരുതരമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. റുമാറ്റിക് ഫീവറിന് പെനിസിലിൻ ഗുളികകളോ കുത്തിവയ്പ്പോ ആവാം. പെനിസിലിൻ അലജിയുള്ളവർക്ക് മറ്റ് ഔഷധങ്ങൾ സുലഭമാണ്. വൈദ്യനിർദേശത്തിന് പൂർണമായി വിധേയമാകുക. വാതപ്പനി ഹൃദയത്തെ ബാധിച്ചിട്ടില്ലായെങ്കിൽ 18 വയസുവരെയോ അഞ്ചുവർഷമോ പ്രതിരോധ കുത്തിവെയ്പുകളോ ഗുളികകളോ എടുക്കണം. വാതപ്പനിയോടൊപ്പം ഹൃദയവീക്കമുണ്ടെങ്കിൽ 25 വയസുവരെയാണ് കുത്തിവെയ്പ് എടുക്കേണ്ടത്. 25‐ാമത്തെ വയസിൽ വാതജന്യ ഹൃദ്രോഗം രോഗനിർണയം ചെയ്യാൻ ആജീവനാന്തമോ ഓരോരുത്തരുടെയും പ്രത്യകം സാഹചര്യങ്ങളനുസരിച്ചോ തുടർന്ന് കുത്തിവെയ്പ് എടുക്കണം. പെനിസിലിൻ അലർജിയുള്ളവർക്ക് സമുചിതമായ മറ്റൗഷധങ്ങൾ പ്രാബല്യത്തിലുണ്ട്. ഹൃദയവാൽവുകൾക്കുള ശസ്ത്രക്രിയകൾ നടന്നതിനുശേഷവും പ്രതിരോധനടപടികൾ തുടരണം.

(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top