29 March Friday

പരീക്ഷാസമയങ്ങളിൽ മാനസിക സമ്മർദ്ദം കുറയ്‌ക്കാം

ഡോ. സി ജെ ജോൺUpdated: Thursday Feb 21, 2019


പത്തും പന്ത്രണ്ടും ക്ലാസ്‌ പരീക്ഷകൾ പടിവാതിൽക്കൽ എത്തിയിരിക്കുകയാണല്ലോ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതു ടെൻഷൻകാലവുമാണ്‌. ഈ ടെൻഷൻ അകറ്റാൻ ഏതാനും നിർദേശങ്ങൾ ഇതാ:

പരീക്ഷ ആക്രമണമല്ല
പരീക്ഷ ഒരു ഭീകരാക്രമണമാണെന്ന ഭയം ഒഴിവാക്കുക. പരീക്ഷയ‌്ക്കു മുന്നോടിയായി രക്ഷിതാക്കളും അധ്യാപകരും അഭ്യുദയകാംക്ഷികളും ചേർന്ന്‌ ഒരുക്കുന്ന നല്ല മാനസികാവസ്ഥ തന്നെയാണ്‌ ഇതിനു വേണ്ടത്‌. പരീക്ഷയ്‌ക്കു മുന്നോടിയായുണ്ടാക്കുന്ന നല്ല മാനസിക അവസ്ഥ നെഗറ്റീവ‌് ചിന്തകളെ ഇല്ലാതാക്കി  പ്രതീക്ഷയോടെ പരീക്ഷ എഴുതാനും സഹായിക്കും. ശുഭാപ‌്തിവിശ്വാസവും മനസ്സിനെ ഗുണപരമായി ഉത്തേജിപ്പിക്കുന്നതരത്തിലുള്ള   ഉൽക്കണ്‌ഠയുളവാക്കുന്ന പരീക്ഷാപൂർവാവസ്ഥയുമാണ്‌  സൃഷ്ടിക്കേണ്ടത്‌.  എന്നാൽ, ഇത്‌ അധികമായാൽ ശ്രദ്ധയെയും പരീക്ഷയിലെ പ്രകടനത്തെയും അതു പ്രതികൂലമായി ബാധിക്കും.  മികച്ച വിദ്യാർഥിയുടെ പ്രകടനത്തെപ്പോലും അതു ബാധിക്കാം.
 

പഴയ സങ്കൽപ്പം മാറ്റണം
പരീക്ഷ എന്നാൽ,  നിശ‌്ചിതദിവസം നിശ‌്ചിത സിലബസിലെ വിഷയങ്ങളിൽ കുട്ടികൾക്കുള്ള അറിവിനെ പരീക്ഷിക്കുകയാണ‌്. പരീക്ഷാഫലം ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വ്യത്യസ‌്തമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്നതുമല്ല. പരീക്ഷകൾ ഒരാളുടെ മുന്നോട്ടുള്ള വഴിയുടെ അവസാനവുമല്ല.   നമ്മൾക്ക‌് അനുവദിച്ച  പ്രവർത്തനമേഖലയിൽ  എത്ര മികവ‌് കാണിക്കുന്നുവെന്നതാണ‌് പ്രധാനം.

ജീവിതത്തിനുള്ള നൈപുണ്യം പരിശീലിക്കുന്നതിൽ ഒരു അവസരംമാത്രമാണ‌് പരീക്ഷ. പരീക്ഷയുടെ ഫലം എന്താകുമെന്ന‌് കൂടുതലായി ചിന്തിച്ച‌് മനസ്സിന‌് അധികഭാരം നൽകാതിരിക്കുക. ഒരാളുടെ മികച്ച പ്രകടനംതന്നെയാണ‌്  പ്രധാനം. ഗ്രേഡും മാർക്കും  രണ്ടാമതാണ‌്.

ഭയം നിയന്ത്രിക്കുക
ഉൽക്കണ‌്ഠ അധികമായാൽ ഹൃദയമിടിപ്പ‌് കൂടുക, കൈകൾ വിറയ‌്ക്കുക തുടങ്ങിയ ശാരീരികമാറ്റങ്ങൾ വരാം. നെഗറ്റീവ‌്ചിന്ത ശാരീരികഭാഷയിൽത്തന്നെ  വലിയ മാറ്റം വരുത്താം. അപ്പോൾ ഏറ്റവും നന്നായി പഠിച്ച കുട്ടികൾക്കുപോലും പഠിച്ചത‌് ഓർത്തെടുക്കാൻ പ്രയാസവുമുണ്ടാകും.  ടെൻഷൻ അകറ്റാൻ ചില ചെറിയ വ്യായാമങ്ങളും പ്രയോഗിക്കാം. ശ്വസനക്രിയകൾ, സംഗീതം കേൾക്കൽ,  യോഗ,  ശുഭാപ‌്തിവിശ്വാസം നൽകുന്നവരുമായുള്ള  സംഭാഷണം എന്നിവ ഗുണം ചെയ്യും.  ഏതു പ്രതിസന്ധിയും അതിജീവിക്കാൻ എനിക്കു കഴിയും എന്ന ചിന്ത മനസ്സിൽ വ‌ളർത്തിയെടുക്കുകയാണ‌് പ്രധാനം.

ദിനചര്യ രൂപകൽപ്പന ചെയ്യുക
പഠിക്കാനും പഠിച്ച ഭാഗങ്ങൾ  ഓർത്തെടുക്കാനും കൂടുതൽ സമയം വിനിയോഗിക്കേണ്ടിവരും. എന്നാൽ, ഇടയ‌്ക്ക‌് അൽപ്പസമയം വിശ്രമത്തിനു സമയം ലഭിക്കേണ്ടവിധം ടൈംടേബിൾ ഉണ്ടാക്കുക.  ടിവി കാണൽ, രാത്രി ഫോൺ, ഇന്റർനെറ്റ‌് ഉപയോഗം എന്നിവ കുറയ‌്ക്കുക.  പഠിക്കുന്ന സ്ഥലം ശാന്തമായ അന്തരീക്ഷത്തിലാകണം. കിടന്നുകൊണ്ട‌് പഠിക്കരുത‌്.  പഠിക്കുമ്പോൾ ഭക്ഷണം കഴിക്കരുത‌്. ചെവിയിൽ ഇയർഫോൺവച്ച‌് പാട്ട‌് കേട്ടുകൊണ്ട‌് പഠിക്കരുത‌്.

പഠിച്ചത‌് ഓർമിക്കൽ ആസ്വദിക്കുക
നിങ്ങൾ ഒരു സുഹൃത്തിനെ പഠിപ്പിക്കുകയാണ‌് എന്നുവിചാരിച്ച‌് പഠിക്കുക. പഠിച്ച ഭാഗങ്ങൾ പരീക്ഷാസമയത്ത‌് ഓർക്കാൻ കഴിയുംവിധം പട്ടികപോലുള്ള ചെറിയ കുറിപ്പ‌് തയ്യാറാക്കുന്നത‌് നല്ലതാണ‌്.  വലിയ പാഠഭാഗങ്ങൾ വിഭജിച്ച‌് ഘടകങ്ങളായി പഠിക്കുക. ഇതിന്‌  ഇംഗ്ലീഷിലെ വിബ‌്ജിയോർ മാതൃകയിലുള്ള സൂത്രവാക്യവാക്കുകൾ തയ്യാറാക്കുന്നത്‌ നല്ലതാണ‌്.

രക്ഷിതാക്കളുടെ ചുമതല
രക്ഷിതാക്കൾ പരമാവധി ടെൻഷൻഫ്രീയായി കുട്ടികളിൽ ശുഭാപ‌്തിവിശ്വാസം നൽകുക. അമിതമായ ഉൽക്കണ‌്ഠ അടിച്ചേൽപ്പിച്ച‌് കുട്ടികളിൽ അമിതഭയമുണ്ടാക്കാതെ അവർക്ക‌് പഠിക്കാൻ സഹായം നൽകുമ്പോൾത്തന്നെ ശാന്തമായ അന്തരീക്ഷം വീട്ടിൽ സൃഷ‌്ടിക്കാനും ശ്രമിക്കുക.

കൂളായ പരീക്ഷ
പരീക്ഷാഹാളിൽ ഒരു സമ്മർദവുമില്ലാത്ത അവസ്ഥയിൽ ഇരിക്കുക.  അറിയാവുന്ന ഉത്തരം കൃത്യമായി എഴുതാനുള്ള സമയനിയന്ത്രണം വേണം. അറിയാത്ത ചോദ്യത്തിൽ കുരുങ്ങി ആലോചിച്ചിരുന്ന്‌ മനസ്സ്‌ സമ്മർദ്ദത്തിലാക്കരുത്‌. ഇത്‌ അറിയാവുന്ന ഉത്തരം എഴുതാനുള്ള സമയവും ഇല്ലാതാക്കും. എല്ലാവർക്കും പരീക്ഷ ആസ്വദിക്കാനാകട്ടെ; നല്ല ഫലം പ്രതീക്ഷിച്ച‌് പരമാവധി നന്നായി പരീക്ഷ എഴുതുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top