18 April Thursday

കരളിൽ ഗർഭമോ... അങ്ങിനെയുമുണ്ടാകാം;അപകടകരമായ ഗർഭധാരണത്തെ കുറിച്ച്‌ ഡോ. ഷിംന അസീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018


ഗർഭപാത്രം തന്നെ വേണമെന്നില്ല; അമ്മയുടെ കരളിലും പറ്റിപ്പിടിച്ച്‌ വളരാൻ  ഭ്രൂണത്തിനാകും. ഗർഭിണിയുടെ ജീവനെ ബാധിക്കുന്ന അപൂർവ്വാവസ്‌ഥയാണിത്‌. ഗർഭപാത്രത്തിന്‌ പുറത്ത്‌ വയറിനുള്ളിലും  ഗർഭപാത്രത്തിലേക്കുള്ള ഫെലോപിൻ നാളികളിലും ഗർഭമുണ്ടാകുന്നതും ഭ്രൂണവളർച്ചയും ആരോഗ്യരംഗത്ത്‌ കേട്ടു പരിചിതമായവയാണ്‌.എന്നാൽ വളരെ വളരെ അപൂർവ്വമായ കരളിനുമേലെയുള്ള ഗർഭധാരണത്തെകുറിച്ച്‌ ഡോ. ഷിംന അസീസ്‌.

പോസ്‌റ്റ്‌ ചുവടെ

വീട്ടിലൊരു കുഞ്ഞാവ പിറക്കാൻ പോണെന്ന്‌ കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞ്‌ കൊടുക്കാൻ പോലും ജോലിത്തിരക്കിനിടക്ക്‌ നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഗൈനക്കോളജിസ്‌റ്റിനെ കാണാൻ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിർദേശവർഷം എന്ന്‌ കരുതിയിരിക്കുകയായിരുന്നു.

വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന്‌ രാവിലെയോടെ അവൾക്ക്‌ വയറിന്റെ മേലെ വലതു ഭാഗത്ത്‌ നല്ല വേദന തുടങ്ങി. വേദന വലത്‌ തോളിലേക്ക്‌ കയറുന്നുമുണ്ട്‌. അവൾ ബേജാറായി വിളിച്ച നേരത്ത്‌ 'വല്ല ഗ്യാസുമാവും' എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത്‌ കഥ എന്ന്‌ ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയിൽ പോയി. അനിയൻ സ്‌ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച്‌ വൈകിയാണ്‌ ഓടിപ്പിടച്ച്‌ ഞങ്ങൾ ആശുപത്രിയിലെത്തുന്നത്‌.

ഞാനെത്തിയപ്പോൾ ഡോക്‌ടർ എന്നെ ലേബർ റൂമിലേക്ക്‌ വിളിപ്പിച്ച്‌ വിവരങ്ങൾ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോൾ ഗർഭസംബന്ധമായ ഹോർമോണിന്റെ അളവ്‌ വളരെയേറെ കൂടുതൽ. സ്‌കാൻ ചെയ്‌തപ്പോൾ ഗർഭപാത്രത്തിൽ ഭ്രൂണമില്ല. ട്യൂബിൽ ഗർഭമുണ്ടായി പൊട്ടിക്കാണുമെന്ന്‌ കരുതി ഭയപ്പെട്ട്‌ ഡോക്‌ടർ സ്‌കാൻ ചെയ്‌തപ്പോൾ അവിടെയില്ല. ആവർത്തിച്ച്‌ നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. 'കുട്ടി ഗർഭിണിയാണ്‌, വയറ്റിലെ കുട്ടിയെ കാണുന്നില്ല' എന്ന്‌ ഡോക്‌ടർ !

ഹോർമോണിന്റെ അളവ്‌ വെച്ച്‌ നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന്‌ നൂറ്‌ ശതമാനം ഉറപ്പ്‌. ആശുപത്രിയിലെ ഏറ്റവും സീനിയർ ഗൈനക്കോളജിസ്‌റ്റ്‌ വന്ന്‌ സസൂക്ഷ്മം ആവർത്തിച്ച്‌ സ്‌കാൻ ചെയ്‌തപ്പോൾ ഒടുക്കം ഗർഭപാത്രത്തിന്‌ പുറത്ത്‌ ഒളിച്ചിരുന്ന ഗർഭം കണ്ടെത്തി - കരളിന് താഴെ, വലത്‌ കിഡ്‌നിയുടെ മീതെ ! ഗർഭപാത്രത്തിന്‌ പുറത്ത്‌ ഉണ്ടാകുന്ന ectopic ഗർഭങ്ങളിൽ വെറും 1% ആണ്‌ വയറിനകത്തുള്ള ഗർഭം. അതിൽ തന്നെ ഏറ്റവും അസാധാരണമാണ്‌ കരളിന്‌ താഴെയുള്ള ഗർഭം.

മുപ്പത്തഞ്ച്‌ കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്‌ടർ പോലും ഇത്‌ ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത്‌ സംഗതി ഉറപ്പിക്കുകയും ചെയ്‌തു. അത്യപൂർവ്വമായ വിധത്തിൽ അസ്‌ഥാനത്തുറച്ച ഭ്രൂണത്തിന്‌ മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറിൽ നിന്ന്‌ ശരീരം അതിന്റെ വളർച്ചക്കുള്ള രക്‌തം വരെ എത്തിച്ച്‌ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത്‌ പ്രധാനപ്പെട്ട രണ്ട്‌ അവയവങ്ങൾക്കിടയിൽ, അവിടെ ഗർഭം തുടരുന്നത്‌ വല്ലാത്ത അപകടമാണ്‌. സർജറി ചെയ്‌തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക്‌ പുലർച്ചേ രണ്ടര മണിയായിട്ടുണ്ട്‌.

നേരം വെളുത്ത ശേഷം, പരിചയമുള്ള സർജൻമാരെ വിളിച്ചപ്പോൾ ആ ആശുപത്രിയിൽ തുടരാതെ കോഴിക്കോട്‌ പോയി എമർജൻസി സർജറി ചെയ്യാനായിരുന്നു നിർദേശം. വീട്ടുകാർ ഡിസ്‌ചാർജ്‌ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക്‌ ഗ്യാസ്‌ട്രോസർജനും ടീമും റെഡിയുള്ള ആശുപത്രികൾ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാൻ. സർജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന്‌ അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്‌ടറുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തി ആംബുലൻസിൽ അനിയത്തിയെ അങ്ങോട്ട്‌ ഷിഫ്‌റ്റ്‌ ചെയ്‌തു.

ആശുപത്രിയുടെ എമർജൻസി ഡിപാർട്‌മെന്റിൽ തന്നെ ഗ്യാസ്‌ട്രോസർജൻ വന്ന്‌ അവളെ കണ്ടു, ഗൈനക്കോളജിസ്‌റ്റും അനസ്‌തേഷ്യ വിദഗ്‌ധരും കണ്ടു. ദ്രുതഗതിയിൽ പ്രാരംഭനടപടികൾ വേഗത്തിലാക്കി അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി. മൂന്നരമണിക്കൂറെടുത്ത്‌ അവളുടെ കരളിൽ നിന്ന്‌ ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്‌ണത്തോടൊപ്പം താക്കോൽദ്വാര ശസ്‌ത്രക്രിയ വഴി വേർപെടുത്തി. ഓപ്പറേഷന്‌ ശേഷം എടുത്ത്‌ കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്‌ട്രോസർജൻ ഞങ്ങൾക്ക്‌ കാണിച്ച്‌ തന്നു. 'മെഡിക്കൽ സയൻസിൽ ഒന്നും അസംഭവ്യമല്ല' എന്നത്‌ പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓർത്ത്‌ പോയി.

അവളുടെ ഗർഭം എവിടെയെന്ന്‌ കണ്ടെത്തി തന്ന ഡോക്‌ടർക്കും, വിജയകരമായി സർജറി ചെയ്‌തു തന്ന ടീമിനും ഹൃദയത്തിൽ തൊട്ട നന്ദി.സർജറി കഴിഞ്ഞ്‌ ഇരുപത്തിനാല്‌ മണിക്കൂർ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാൽ അവൾ ഐസിയുവിന്റെ തണുപ്പിൽ സുഖമായിരിക്കുന്നു.

ചില നേരത്ത്‌ അപ്രതീക്ഷിതമായി വരുന്നത്‌ ചികിത്സിക്കുന്ന ഡോക്‌ടർക്ക്‌ അദ്‌ഭുതം ചൊരിയുമായിരിക്കാം, അവരത്‌ നേരെയാക്കാനുള്ള മാർഗങ്ങൾ തേടും, വിദഗ്‌ധർ പോലും അതിവിദഗ്‌ധരെ സമീപിച്ച്‌ ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകൾ അതിന്‌ സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തിൽ നോക്കുമ്പോൾ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്‌, മെമ്മറിയിൽ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന്‌ പലരും പറയുന്ന മെഷീൻ മിനിയാന്ന്‌ രാത്രി എടുത്ത്‌ തന്ന ചിത്രം കണ്ട്‌ നട്ടെല്ലിലൂടെ പാഞ്ഞ മിന്നൽ ഇപ്പോഴും മാറിയിട്ടില്ല. ഡോക്‌ടർ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്‌, അറിവില്ലായ്‌മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്‌.

ശാസ്‌ത്രം ഏറെ വികസിച്ച്‌ കഴിഞ്ഞു. നമ്മളതിനോട്‌ മുഖം തിരിഞ്ഞ്‌ നിൽക്കുന്നതിൽ ഒരർത്‌ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട്‌ രാവുകൾക്കിപ്പുറം തിരക്കുകളിലേക്ക്‌ ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന്‌ ഇതെഴുതാൻ മെനക്കെടുന്നതും ഇത്‌ വായിക്കുന്നവരോടുള്ള ഒരോർമ്മപ്പെടുത്തൽ എന്നോണമാണ്‌. നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങൾ, വേണ്ടെന്ന്‌ പറയുന്ന പരിശോധനകൾ, സംശയത്തോടെ നോക്കുന്ന ഡോക്‌ടർമാർ- നമ്മൾ തുലാസിൽ വെക്കുന്നത്‌ ജീവനാണ്‌.

എന്റെ കുടുംബം അനുഭവിച്ച അത്യപൂർവ്വമായ സംഘർഷം അതേ പടി തുറന്ന്‌ പങ്ക്‌ വെക്കുന്നതും ആ ഭീകരത മനസ്സിൽ നിന്ന്‌ പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാൻ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാർ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്‌. ദയവ്‌ ചെയ്‌ത്‌ ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങൾക്ക്‌ എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത്‌ നേര്‌. പക്ഷേ, നഷ്‌ടങ്ങളുടെ ആഴം കുറയ്‌ക്കാൻ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്‌ഞയാണത്‌...

'I will maintain the utmost respect for human life ' - Hippocrates Oath

സ്‌നേഹം..Dr. Shimna Azeez


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top