26 November Saturday

പുരുഷ ഡോക്ടര്‍ പ്രസവം കണ്ടാല്‍...

ഡോ. നെല്‍സണ്‍ ജോസഫ്Updated: Friday Mar 24, 2017

പുരുഷ ഗൈനക്കോളജിസ്റ്റ് പെണ്ണിന്റെ ഔറത്ത് കാണുന്നത് ഹറാമാണെന്നും മുസ്ലീം സ്ത്രീകള്‍ പ്രസവിക്കാന്‍ അമുസ്ലീം ഗൈനക്കോളജിസ്റ്റിനെ സമീപിക്കരുതെന്നും പ്രസവം വീട്ടിലാക്കണമെന്നും  ഒരു 'മതപണ്ഡിതന്‍' ചെയ്ത പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു..ഈ വിഷയത്തെപ്പറ്റി  ഡോ. നെല്‍സണ്‍ ജോസഫ് എഴുതുന്നു.

കഴിഞ്ഞ ദിവസം ഒരു പ്രസംഗം കേട്ടിരുന്നു. പ്രസവസമയത്ത് ഡോക്ടറെ കാണുന്നതിനെപ്പറ്റി. പുരുഷ ഡോക്ടറെ കാണരുതെന്നും സ്വന്തം മതത്തിലെ വനിതാ ഡോക്ടറെ കാണുക, അതിനു ശേഷം വെറും വനിതാ ഡോക്ടര്‍, പിന്നെ സ്വന്തം മതത്തിലെ പുരുഷ ഡോക്ടര്‍, അവസാനം ഗത്യന്തരമില്ലെങ്കില്‍ പുരുഷ ഡോക്ടറെന്ന്...യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ അന്യപുരുഷന്‍ കാണുന്നുവെന്നാണ് അയാളുടെ സങ്കടം.

മിനിമം ഒരു പ്രസവമെങ്കിലും കണ്ടവര്‍ക്ക് ഈ സംശയങ്ങളൊന്നും തോന്നില്ല. സ്ത്രീയെ ഒരേയൊരു കാര്യത്തിനു വേണ്ടിയുള്ള ഉപകരണമായി കാണുന്നവര്‍ക്ക് ചിലപ്പൊ മറിച്ച് തോന്നിയേക്കാം. പത്ത് വര്‍ഷത്തെ മെഡിക്കല്‍ ജീവിതത്തിനിടയില്‍ പത്തുനൂറു പ്രസവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കുറച്ചെണ്ണം അറ്റന്‍ഡ് ചെയ്തിട്ടുമുണ്ട്. പക്ഷേ അത്രയൊക്കെ എക്സ്പീരിയന്‍സുണ്ടായിരുന്ന എനിക്കും സ്വന്തം കുഞ്ഞിന്റെ കാര്യം വന്നപ്പോള്‍ കാഴ്ച അത്ര എളുപ്പമായിരുന്നില്ല.

255 ദിവസം നീണ്ട, താരതമ്യേന കാര്യമായ കുഴപ്പങ്ങളില്ലാതിരുന്ന ഗര്‍ഭകാലത്ത് സമയം പോവാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് അവസാന 45 മിനിറ്റിലായിരുന്നു..പ്രസവം അധികം വൈകാതെ നടക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും അവളുടെ വേദനയും കുഞ്ഞിന്റെ ഹൃദയമിടിപ്പ് താഴുന്നതിന്റെ ഗ്രാഫ് കണ്മുന്നിലൂടെ ഓടുന്നതുമടക്കം ഒന്നിലേറെ പ്രശ്നങ്ങള്‍ ഹൃദയമിടിപ്പ്‌. ഒരു സമയത്ത് സിസേറിയനെന്ന് പോലും ആലോചിച്ചുപോയതാണ്..സമയമെത്തുന്നതിന് മുന്‍പുള്ള അവന്റെ തിടുക്കവും എറണാകുളം സിറ്റിയിലെ ബ്ലോക്കും കൂടി അച്ഛന്റെ സ്ഥാനത്തല്ലാതെ പീഡിയാട്രീഷന്റെ സ്ഥാനത്ത് നിന്ന് കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുവാന്‍ ഇടയാക്കിയപ്പൊഴും ഒരു നിമിഷത്തേക്ക് അന്ന് വരെ പഠിച്ചതും കണ്ടതുമൊന്നും തലയില്‍ ഇല്ലായിരുന്നു...

അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ജീവനോടെ രണ്ട് പേരാക്കുകയാണ് ആ മുറിയിലുള്ളവരുടെ സകലരുടെയും ലക്ഷ്യം. മറ്റ് വികാരങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. അത് സ്വന്തം ഭാര്യ ആണെങ്കിലും ശരി. വല്ലവന്റെയും ഭാര്യ ആണെങ്കിലും ശരി...അത് അനുഭവിച്ചില്ലെങ്കില്‍ കണ്ടെങ്കിലും അറിയണം...പ്രസവവേദന എടുത്ത് പുളയുന്ന കെട്ടിയോളുടെ കയ്യില്‍ കത്തി കൊടുത്തിട്ട് മുന്നില്‍ നിന്ന് ഫിലോസഫി പറയാന്‍ പറയണമെന്ന് ആരോ പറഞ്ഞ് കണ്ടു...നൂറുശതമാനം ശരിയാണ്..അന്നോടെ ഫിലോസഫി തീരും..

ആ പോട്ട്, അറ്റ് ലീസ്റ്റ് ഡോക്ടറെ കാണാനെങ്കിലും പറഞ്ഞല്ലോ എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മറ്റൊരു പോസ്റ്റ് കാണുന്നത്. വീട്ടില്‍ പ്രസവിച്ച ഒരു യുവതിയെ ഗ്ലോറിഫൈ ചെയ്ത് ഇട്ട പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്..വീട്ടില്‍ പ്രസവിക്കുന്നതൊരു തെറ്റൊന്നുമല്ല. പക്ഷേ അത്‌ കൃത്യമായ ഫോളോ അപ്പിനും ചികില്‍സയ്ക്കും ശേഷം പ്രശ്നങ്ങളൊന്നുമേയില്ലെന്ന് ഉറപ്പാക്കി ട്രെയിന്‍ഡ്‌ ആയ വിദഗ്ധപരിശീലനം കിട്ടിയ ആളുടെ സാന്നിദ്ധ്യത്തിലാകണം. ആശുപത്രിയിലേക്ക്‌ കിലോമീറ്ററുകള്‍ എടുത്തുകൊണ്ട്‌ പോകേണ്ടയിടങ്ങളില്‍ നോര്‍ത്ത്‌ ഇന്‍ഡ്യയില്‍ മാതൃ ശിശുമരണങ്ങള്‍ ഒരു പരിധിവരെ തടഞ്ഞത്‌ അങ്ങനെയായിരുന്നു.

എന്റെ ഭാര്യ വീട്ടില്‍ പ്രസവിക്കുന്നതിനു തനിക്കെന്താ ഇത്ര സൂക്കേടെന്ന് ചോദിക്കുന്നവരോട് കൃത്യമായ മറുപടിയുണ്ട്.

'വീട്ടില്‍ പ്രസവിച്ചോട്ടെ ചേട്ടാ. അത് പക്ഷേ ചേട്ടന്റെ വിശ്വാസമോ മറ്റെന്തെങ്കിലുമോ സംരക്ഷിക്കാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പ്രസവിപ്പിക്കുമ്പൊഴല്ല. വീട്ടില്‍ പ്രസവിച്ചാല്‍ സംഭവിക്കാവുന്ന ദോഷങ്ങളും ദുരന്തങ്ങളും മനസിലാക്കി സ്വമനസാലെ ഒരു ശാസ്ത്രീയ പരിശീലനം ലഭിച്ച ആളുടെ സാന്നിദ്ധ്യത്തില്‍ എപ്പോള്‍ വേണമെങ്കിലും വിദഗ്ധ വൈദ്യ സഹായം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷമാകുമ്പൊ മാത്രം. അതല്ലാത്തപ്പൊ കൊലപാതകക്കുറ്റമാണ്..അര്‍ഹമായ വൈദ്യസഹായം നിഷേധിച്ചതിന്.. '

പണ്ട് അരി ഇടിച്ചുകൊണ്ടിരുന്നതിനിടയില്‍ വന്ന് പ്രസവിച്ചിട്ട് തിരിച്ച് വന്ന് അരിയിടിച്ച തള്ളുകളൊക്കെ കേട്ട് പ്രസവം അത്ര സുഖമുള്ള സംഗതിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അന്നത്തെ അമ്മച്ചിമാരൊക്കെ കഥ പറഞ്ഞ് തുടങ്ങുന്നതേ ഈ വാചകത്തിലായിരിക്കും...' എന്റെ മോനേ, അന്നൊന്നും ഈ ആസ്പത്രീം ഡോക്ടര്‍മാരുമൊന്നുമില്ലല്ലോ...' പിന്നെയിങ്ങോട്ട് അമ്മച്ചി പറഞ്ഞുതരും പത്ത് പെറ്റതില്‍ മൂന്നെണ്ണം ഒന്നാം പിറന്നാളാഘോഷിക്കാതെ പോയതും പ്രസവത്തില്‍ മരിച്ചതുമെല്ലാം.

ഒരു നിസാരമായ യാത്രയല്ല ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കുള്ളത്. പല ശക്തികള്‍ , ഒടുവില്‍ അമ്മയുടെ പ്രയത്നമടക്കം ഒരു സിംഫണിയിലെന്നപോലെ ക്രമം തെറ്റാതെ മുറ തെറ്റാതെ നടന്നെങ്കിലേ പ്രസവം നടക്കൂ. എവിടെവച്ച് വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന ഒന്ന്. അമ്മയുടെ അരക്കെട്ട് കുഞ്ഞിന്റെ തല കടന്നുപോകാന്‍ അനുയോജ്യമല്ലാതാകുന്ന CPD, കുഞ്ഞിന്റെ കിടപ്പിലെ (presentations) വ്യതിയാനങ്ങള്‍, അമ്മയ്ക്കുണ്ടാകാവുന്ന മറ്റ് കോമ്പ്ലിക്കേഷനുകള്‍.കൃത്യമായ ചെക്കപ്പുകളോ വിദഗ്ധ പരിശോധനയോ ഇല്ല എങ്കില്‍ ഇതൊക്കെ പ്രസവസമയത്ത് കുഞ്ഞ് പാതിവഴിയില്‍ തങ്ങുന്നത് വരെ അജ്ഞാതമായിരിക്കും...എന്തിനധികം പറയണം. അമ്മയും കുഞ്ഞും വ്യാജന്മാര്‍ സിസേറിയനു ശേഷം നോര്‍മല്‍ ഡെലിവറി നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മരിച്ചത് ഈ അടുത്ത കാലത്താണ്.

കുഞ്ഞ് ജനിക്കുന്നതിനെക്കുറിച്ചായിരുന്നു അടുത്ത കാലത്തെ ചര്‍ച്ചകളൊക്കെയും. അക്കൂട്ടത്തില്‍ രണ്ട് കാര്യങ്ങള്‍ , രണ്ട് വിശ്വാസങ്ങള്‍ കേട്ടു. ഏഴാം മാസമായപ്പൊ വീട്ടുകാരും നാട്ടുകാരുമൊക്കെ ചോദിച്ചു. പെണ്ണിനെ വീട്ടില്‍ കൊണ്ടുചെന്ന് ആക്കുന്നില്ലേയെന്ന്? രണ്ടാമത്തെ കാര്യം കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ചായിരുന്നു..ജനിക്കാന്‍ പോകുന്ന കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് ഒന്നും വാങ്ങാന്‍ പാടില്ലെന്നായിരുന്നു ഉപദേശം..ഡോക്ടറായ നമ്മള്‍ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുതല്ലോ എന്ന് കരുതി രണ്ടും ചിരിച്ചുതള്ളിയെങ്കിലും കുറച്ചൊന്ന് ആലോചിക്കാതിരുന്നില്ല.

ബോധോദയവും ഉടനടി ഉണ്ടായി. ശ്രദ്ധിച്ചിട്ടുണ്ടോ? പെണ്ണിനെ രാജ്ഞിയെപ്പോലെ അണിയിച്ചൊരുക്കി കൊണ്ടുപോകുന്നത് ആദ്യ പ്രസവത്തിനാണ്. സുഹൃത്ത് പറഞ്ഞ വാക്കാണു കൃത്യം....ഇനി തിരിച്ച് വരില്ലെന്ന് തോന്നുന്നതുപോലെ..അതെ ..അതാണു ശരി, തിരിച്ച് വരില്ലായിരുന്നു നല്ലൊരു പങ്കും. 1990ല്‍ മാതൃമരണനിരക്ക് 556 ആയിരുന്നു. ഇപ്പോള്‍ 170കളിലും ( കേരളത്തില്‍ 66 ).

കുഞ്ഞിനു പുത്തനുടുപ്പ് വാങ്ങാത്തതിനുമുണ്ട് ഇതുപോലൊരു ദുരന്തകഥ. 1891ലെ മദ്രാസ് സെന്‍സസ് പ്രകാരം ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 1000ന് 280 ആണ്. നാലിലൊരു കുഞ്ഞ് 1 വയസ് തികയ്ക്കില്ല. അന്നത്തെ ദാരിദ്ര്യത്തിനു ജീവിക്കുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് മാത്രമല്ല അതൊരു തീരാദുഖവുമാകും...(ശിശുമരണനിരക്ക് ഇപ്പോള്‍ 38 (കേരളം 12)) ആദ്യ ജനനം നടന്നാല്‍ പിന്നെ പാതി രക്ഷപെട്ടെന്നൊരു വിശ്വാസമുണ്ടാകും..ആദ്യത്തേത് കുഴപ്പമില്ലായിരുന്നു..അപ്പൊ ഇനീം കുഴപ്പമൊന്നും കാണില്ല...സിമ്പിള്‍ ലോജിക് :/ not always..

മോഡേണ്‍ മെഡിസിന്റെ സജ്ജീകരണമുള്ള ആശുപത്രികളിലും അമ്മയും കുഞ്ഞും മരിക്കുന്നില്ലേ എന്ന് ചോദ്യം ഉയരുന്നത് കാണുന്നുണ്ട്. മുന്‍ കൂട്ടി കാണാന്‍ കഴിയാത്ത അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ മോഡേണ്‍ മെഡിസിനും ചിലപ്പോള്‍ കഴിയാറില്ല. പക്ഷേ ഒഴിവാക്കാവുന്ന അപകടങ്ങളുടെ കാര്യം അങ്ങനെയല്ല. റോഡിനു നടുവിലൂടെ കണ്ണടച്ച് നടക്കുമ്പൊ വാഹനം ഇടിക്കുന്നതും സഞ്ചരിക്കുന്ന വാഹനത്തിനു പൊടുന്നനെ തകരാറുണ്ടാവുന്നതും രണ്ടും രണ്ടാണ്.

അടുപ്പിച്ചടുപ്പിച്ച് പ്രസവിക്കുന്നതിനെയും ന്യായീകരിക്കുന്നത് കണ്ടു...ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീയെ പ്രസവയന്ത്രമാക്കുന്നതിനോട് യോജിപ്പില്ല. ഇവിടെയും ഉദാഹരണക്കാരുടെ വിരല്‍ പത്തുപെറ്റിട്ടും പയറുപോലെ നടക്കുന്ന പാറുവമ്മമാരാണ്...ഒരു ഗര്‍ഭകാലവും പ്രസവവും മുലയൂട്ടലും സ്ത്രീയില്‍ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളും ആഘാതങ്ങളും എത്രയെന്ന് കണ്ടുതന്നെ അറിയണം. ഒരു പാറുവമ്മയെ മാത്രമേ നിങ്ങള്‍ കണ്ടുള്ളൂ. ജീവിതം അപഹരിക്കപ്പെട്ട മറ്റുള്ളവരെ കണ്ടിട്ടില്ല.

വിളര്‍ച്ച തുടങ്ങി അങ്ങോട്ട് നീളും പ്രസവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള കോമ്പ്ലിക്കേഷനുകള്‍...പ്രസവങ്ങളുടെ ഇടയില്‍ സ്പേസിങ്ങ് , ആ സമയത്തെ ഭക്ഷണവും ശ്രദ്ധയും ഒക്കെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണെന്ന് മനസിലാക്കിയേ തീരൂ...

ഇനി അവസാനമായി ഒരിക്കല്‍ കൂടി...എന്റെ ഭാര്യ വീട്ടില്‍ പ്രസവിക്കുന്നതിനു തനിക്കെന്താ ദെണ്ണമെന്നുള്ളതിനുള്ള മറ്റൊരു ഉത്തരം..അഞ്ഞൂറിനു മുകളിലെ മാതൃമരണനിരക്ക് നൂറില്‍ താഴെയും ശിശുമരണനിരക്ക് പത്തോടടുത്തുമൊക്കെ കൊണ്ടുവന്നത് ഒരുപാട് പേരുടെ പ്രയത്നവും സമയവും പണവും ഒക്കെ ചിലവാക്കി ഒരുപാട് നാളുകൊണ്ടാണ്. ഒരു സ്ത്രീ വീട്ടില്‍ പ്രസവിച്ചാല്‍ ചിലപ്പോള്‍ ഒന്നും സംഭവിക്കില്ലായിരിക്കാം.പക്ഷേ അതുകണ്ട് വീണ്ടുവിചാരമില്ലാതെ നൂറുപേര്‍, ആയിരം പേര്‍ തുനിഞ്ഞാല്‍ ഡീഫ്തീരിയ തിരിച്ച് വന്നതുപോലെ മാതൃശിശു മരണനിരക്കും പഴയപടിയാവും..

അത് ആരോഗ്യപ്രവര്‍ത്തകരുടെ തോല്‌വിയാണ്...ലേശം ദെണ്ണമുണ്ട്...

വാല്‍ : പ്രസവവും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനും അന്ധവിശ്വാസങ്ങളും മതവുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെടുത്തിയാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല...നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്കും അബദ്ധം പറ്റിയ സംഭവങ്ങളുണ്ട്‌.

ഡോ. നെല്‍സണ്‍ ജോസഫും ഡോ. ഷിംന അസീസും ചേര്‍ന്ന് എഴുതിയ വിശദമായ ലേഖനം ഇവിടെ വായിക്കാം.

വിവാദ പ്രസംഗം ഇവിടെ കേള്‍ക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top