29 March Friday

പൈൽസ് ചികിത്സ ആയുർവേദത്തിലൂടെ

ഡോ. കെ എസ്‌ പ്രശാന്ത്Updated: Sunday Nov 27, 2022



ആധുനിക ജീവിതരീതികളും തെറ്റായ ആഹാരക്രമവുംകൊണ്ട് വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് പൈൽസ് അഥവാ അർശസ്സ്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമാവുകയും ധാരാളം സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യും. ഇന്ന് ധാരാളം തരത്തിലുള്ള ചികിത്സകൾ ഈ രോഗത്തിന് നിലവിലുണ്ട്.

ആയുർവേദശാസ്‌ത്രത്തിൽ അർശസ്സിനെ മാംസാങ്കുരങ്ങൾ ആയാണ് കണക്കാക്കുന്നത്. അർശസ്സിന് പുറമേ മലാശയ സംബന്ധമായി ഫിഷർ, ഫിസ്റ്റുല എന്നീ രോഗങ്ങളും ധാരാളമായി കണ്ടു വരാറുണ്ട്. അതുകൊണ്ടുതന്നെ രോഗത്തെ ശരിയായ രീതിയിൽ ഒരു ഡോക്ടറുടെ സഹായത്തോടെ കണ്ടുപിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

പ്രധാനമായും മലബന്ധവും ദഹനക്കുറവും ഉദരഭാഗങ്ങളിൽ ഉണ്ടാകുന്ന അമിതമായ സമ്മർദവുമെല്ലാം രോഗത്തിന്റെ സങ്കീർണതകൾ കൂട്ടുന്നവയാണ്. ജീവിത ശൈലിയിലെ വ്യത്യാസം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം ഇവയെല്ലാം തന്നെ മലബന്ധത്തിന് കാരണമാവുകയും ചെയ്യും. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലും സ്‌ത്രീകളിൽ ഗർഭകാലയളവിലും പ്രസവശേഷം പ്രസവസമയത്ത് നൽകുന്ന സമ്മർദത്തിന്റെ ഫലമായോ, അമിതവണ്ണമുള്ളവരിലും മസാലകളും എരിവുകളും ധാരാളം ഉപയോഗിക്കുന്നവരിലും മറ്റെന്തെങ്കിലും രോഗത്തിന്റെയോ അവസ്ഥയുടെയോ ബാക്കി പത്രമായോ പൈൽസ് അഥവാ അർശസ്സ്‌ വരാം. ഇവിടെയാണ് ആയുർവേദശാസ്ത്രംപോലെ ദിനചര്യക്കും അതുപോലെതന്നെ ആഹാര-വിഹാരങ്ങൾക്കും പ്രാധാന്യം നൽകി ഔഷധ സേവനത്തിലൂടെ രോഗത്തെ മാറ്റാൻ സാധിക്കുന്നത്.

രോഗത്തിന്റെ ലക്ഷണങ്ങൾ നോക്കി ആയുർവേദത്തിലും ഔഷധസേവന, കഷാര കർമം, അഗ്നികർമ്മം, ശസ്ത്ര കർമ്മങ്ങൾ എന്നിവ യുക്തിപൂർവം തെരഞ്ഞെടുത്താണ് ചികിത്സ നൽകുന്നത്. പൈൽസ് അഥവാ അർശസ്സിന്റെ ലക്ഷണങ്ങൾ പല ആളുകളിലും വ്യത്യസ്ത രീതിയിൽ കാണാറുണ്ട്‌. ആന്തരികമായും ബാഹ്യമായും പൈൽസ് കാണപ്പെടാറുണ്ട് ചിലരിൽ. സഹിക്കാനാകാത്ത വേദന, മലദ്വാരത്തിലൂടെ മലത്തോടൊപ്പം വേദനയില്ലാത്ത ഇളം ചുവന്ന നിറത്തിലുള്ള രക്തം നഷ്ടപ്പെടുക, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ബാഹ്യമായി ഉണ്ടാകുന്ന വീക്കവും ഉണ്ടാക്കുന്നു.

രോഗത്തിന്റെ പ്രാരംഭ അവസ്ഥയിൽത്തന്നെ ചികിത്സ നൽകുന്നതാണ് ഉത്തമം. അമിതമായി ഉണ്ടാകുന്ന രക്തസ്രാവം രോഗിക്ക് വിളർച്ചയും ക്ഷീണവും ഉണ്ടാക്കുന്നു. രോഗനിർണയത്തിന് ശാരീരിക പരിശോധന അത്യന്താപേക്ഷിതമാണ്. പൈൽസ് വലുതാ കുന്നതിനോടൊപ്പം അത് മലദ്വാരത്തിന് പുറത്തേക്ക് തള്ളി വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നാല് ഡിഗ്രിയായി കണക്കാക്കിയാണ് ചികിത്സ നിർണയിക്കുന്നത്.

ഒന്ന് : - പൈൽസ് പുറത്തേക്ക് വരുന്നില്ല.
രണ്ട്: പൈൽസ് മലവിസർജന സമയത്ത് പുറത്തേക്ക് എത്തുന്നു, അതിനുശേഷം ഉള്ളിലേക്ക് കയറിപ്പോകുന്നു.
മൂന്ന്: - പൈൽസ് മലവിസർജന സമയത്ത് പുറത്തേക്ക് എത്തിയാലും തനിയെ ഉള്ളിലേക്ക് കയറിപ്പോകുന്നില്ല. വിരൽ കൊണ്ട് തള്ളി ഉള്ളിലേക്ക് കയറ്റേണ്ടിവരുന്നു.
നാല്: - പുറത്തേക്ക് തന്നെ തള്ളി നിൽക്കുന്നത് അകത്തേക്ക് കയറ്റാൻ പറ്റുന്നില്ല. ഇത് രോഗിക്ക് വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന അവസ്ഥയാണ്.


പ്രതിരോധം
ചികിത്സപോലെ തന്നെ പ്രധാനമാണ് പ്രതിരോധവും. മലമൂത്ര വിസർജനത്തിന് ശ്രമിക്കുമ്പോൾ ബുദ്ധിമുട്ട് ഒഴിവാക്കുക. എരിവും വറുത്തതും ഉയർന്ന അളവിൽ ഉപ്പും മസാലയും കൂടിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക, കൊഴുപ്പ് കൂടിയ ഇറച്ചി വിഭവങ്ങൾ, കോഴിയിറച്ചി, മൈദ ചേർത്ത പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം. 

ചികിത്സ
പഥ്യ അപഥ്യ ആഹാരവിഹാരങ്ങൾ നോക്കിയും രോഗത്തിന്റെ അവസ്ഥ, ലക്ഷണങ്ങൾ, രോഗിയുടെ പ്രകൃതി എന്നിവ ഉൾപ്പെടുത്തിയുമാണ് ഔഷധങ്ങൾ നൽകുന്നത്. മലബന്ധം ഒഴിവാക്കി ദഹനപ്രക്രിയ സുഗമമാക്കുന്നതാണ് ചികിത്സയിൽ ആദ്യം ചെയ്യേണ്ടത്. ഇതിനുപുറമേ ക്ഷാരസൂത്രം, ക്ഷാര കർമം, അഗ്നികർമം തുടങ്ങിയ വിവിധങ്ങളായ ചികിത്സാരീതികളാണ് നടത്തി വരുന്നത്.

പൈൽസ് രോഗികൾ ഇന്ന് പലപ്പോഴും രോഗത്തെപ്പറ്റി അവബോധമുള്ളവരാണെങ്കിലും ചികിത്സാരീതി തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും പല രോഗികളും തെറ്റായ വ്യാജവൈദ്യത്തിന്റെ പിറകേ പോവുകയും രോഗം സങ്കീർണമാകുമ്പോൾ മാത്രം ശരിയായ വൈദ്യസഹായത്തിനായി പരക്കം പായുകയും ചെയ്യുന്നു.  യുക്തിപൂർവമായി ചികിത്സ നടത്തി  പ്രാരംഭഘട്ടത്തിൽ ഭേദമാക്കുന്നതാണ് ഉചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top