20 April Saturday

ശല്ല്യമാണ്‌ പേന്‍

ഡോ. വി ആർ ശാലിനിUpdated: Sunday Apr 17, 2022


ഒരു പരാന്ന ജീവിയാണ്‌ പേൻ( Pediculus capitis var hominis).  ഇതിന്റെ ശല്യം ഏത് പ്രായക്കാരെയും ബാധിക്കാം, സാധാരണ  5–- - 12 ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ്‌ പേൻ ശല്യം കൂടുതലായി കാണുന്നത്‌. നീണ്ട ഇടതൂർന്ന മുടിയിഴകളുള്ളവരിൽ കൂടുതലായി കാണുന്നു. ചൂടുകൂടിയ തലയിലും ചുരുണ്ട അല്ലെങ്കിൽ കെട്ടു പിണഞ്ഞു കിടക്കുന്ന മുടിയിലും പേൻ വളരാൻ എളുപ്പമാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്‌കൂൾ, ഹോസ്റ്റൽ, ക്യാമ്പ് എന്നിവിടങ്ങളിൽ ഉള്ളവരിൽ കൂടുതലായി കാണാറുണ്ട്‌.

പേൻ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ വളരെ എളുപ്പമാണ്. ഇഴയടുപ്പമുള്ള ചീപ്പ് കൊണ്ട് ചീകി നോക്കിയാൽ പേൻ കാണാം.  മുടിയിഴകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈരും കാണാം. ചൊറിച്ചിലും ചുവന്ന കുരുക്കളും ഉണ്ടാകും. ചിലരിൽ കഴല  വീക്കവും കാണാറുണ്ട്‌.

ഒരു ഈര് ദിവസം ആറു തവണ വരെ രക്തം കുടിക്കുന്നു. കുട്ടികളിൽ ഇത്‌  വിളർച്ച (Anemia) ഉണ്ടാക്കും. തല ചൊറിഞ്ഞ് പൊട്ടിയാൽ അവിടെ അണുബാധയുണ്ടാകാം.  ചില സാഹചര്യങ്ങളിൽ ഈ അണുബാധ മറ്റ് അവയവങ്ങളെവരെ ബാധിക്കാം. അതുകൊണ്ടുതന്നെ പേൻ ശല്യം തടയണം.
തുടർച്ചയായി പേൻ ശല്യം ഉള്ളവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ചീപ്പ്, തോർത്ത്, മുടിയിൽ ഉപയോഗിക്കുന്ന മറ്റു സാധനങ്ങൾ (ക്ലിപ്പ്‌ പോലെയുള്ളവ) എന്നിവ മറ്റുള്ളവരുടേത് എടുത്ത് ഉപയോഗിക്കരുത്. ഈര് 10 –- 15 ദിവസം വരെ ഇങ്ങനെയുള്ള വസ്തുക്കളിൽ നിർജീവമായിരുന്ന് തലയിൽ എത്തുമ്പോൾ വിരിഞ്ഞ് പേൻ ആകാം.തോർത്ത്, ചീപ്പ്, കിടക്കവിരി, തലയണ, എന്നിവ ചൂടുവെള്ളത്തിൽ കഴുകി എടുക്കുക (5 മിനിറ്റ് കുതിർത്ത് വച്ചാൽ മതിയാകും).

കഴുകാൻ പറ്റാത്ത വസ്തുക്കൾ (Soft toys) ഒരു പ്ലാസ്റ്റിക് കവറിലിട്ട് രണ്ട്‌ ആഴ്ച വച്ചാൽ താനേ നശിച്ചു പോകും. പഴുത്ത കുരുക്കൾ, കഴല വീക്കം എന്നിവ ഉണ്ടെങ്കിൽ ഉടൻ  ചർമരോഗ വിദഗ്‌ധരുടെ ഉപദേശം തേടുക. പശ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് ഈരിനെ മുടിയിൽ പിടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈര് വലിച്ചൂരുന്നത് മുടിയിഴകൾക്ക് ദോഷം ചെയ്യും.ഡോക്ടർന്മാരുടെ ഉപദേശത്തോടെ മാത്രം ചികിത്സിക്കുക.

ലോഷൻ ഉപയോഗിച്ചുള്ള പ്രതിരോധം:  ചീകി ഉടക്കു മാറ്റിയ മുടി നനച്ച് ലോഷൻ പുരട്ടുക. അതിനു മുകളിൽ തോർത്ത് കെട്ടി വയ്ക്കുകയോ ഷവർ ക്യാപ് ധരിക്കുകയോ വേണം. 10 –- 15 മിനിറ്റ് മൂടി വച്ചതിനു ശേഷം  വെള്ളം ഉപയോഗിച്ച് തല കഴുകുക. ഇടതൂർന്ന ചീപ്പ് ഉപയോഗിച്ച് തല ചീകുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top