25 April Thursday

ഡയാലിസിസിനു വിധേയരാകുന്നവര്‍ക്ക് ആശ്വാസ പദ്ധതികളുമായി ആല്‍ഫ

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021

എടമുട്ടം> പാലിയേറ്റീവ് കെയര്‍ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയൊരുക്കിയ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡയാലിസിസ് സെന്ററില്‍ നിന്ന് സേവനം നേടുന്നവരുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടി വൃക്കരോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായി.

സര്‍വകലാശാലാ ജീവനക്കാരനായി നേടിയ സമ്പാദ്യം മുഴുവന്‍ ഭാര്യയുടെ ചികിത്സയ്ക്കായി ചെലവഴിക്കുകയും ലക്ഷങ്ങളുടെ കടക്കെണിയിലായി ദാരിദ്ര്യത്തിന്റെ വക്കിലെത്തിയ അനുഭവം മുതല്‍ ഓരോ ആഴ്ചയിലും ഡയാലിസിസിനും മരുന്നുകള്‍ക്കുമായി കൈനീട്ടേണ്ടി വന്നവരുടെ വേദനയുളവാക്കുന്ന അനുഭവങ്ങളാണ് ഓരോരുത്തര്‍ക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്.

മണലൂരില്‍നിന്നുള്ള യുവതി, തന്റെ മകള്‍ക്ക് ഫീസടയ്ക്കാനാകാത്തതിനാല്‍ എന്‍ജിനിയറിംഗ് പഠനം മുടങ്ങുന്ന അവസ്ഥയിലാണെന്നറിയിച്ചു. ഡയാലിസിസ് സേവനം സൗജന്യമായി ആല്‍ഫയില്‍നിന്ന് ലഭിക്കുന്നുണ്ടെങ്കിലും യാത്രയ്ക്കായി പ്രതിദിനം 600 രൂപയോളം ശരാശരി ചെലവിടേണ്ടിവരുന്നുവെന്ന പ്രയാസവും ചര്‍ച്ചയില്‍ ഉയര്‍ന്നു

പ്രതിമാസം വേണ്ട മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് പല ആശുപത്രികളും 5000 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നുണ്ടെന്ന് രോഗികളില്‍ ഭൂരിഭാഗവും പറഞ്ഞു. ഡയാലിസിസിനൊപ്പം എടുക്കേണ്ട കുത്തിവയ്പ്പുകള്‍ക്ക് 270 രൂപയോളം  ചെലവു വരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇന്‍ജക്ഷനുകള്‍ സൗജന്യമാക്കാമെന്നും ഡയാലിസിസ് രോഗികള്‍ക്ക് യാത്രാസൗകര്യത്തിനായി 27 സീറ്റുകളുള്ള വാഹനം ലഭ്യമാക്കാമെന്നും ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറിയിച്ചു. പ്രതിമാസ മെഡിക്കല്‍ ചെക്കപ്പ് സൗജന്യമായി നല്‍കാനാകുമോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. കോളജ് ഫീസ് അടയ്ക്കല്‍, വാടക നല്‍കാനാവാത്ത അവസ്ഥ തുടങ്ങിയ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ഡയാലിസിസ് കമ്മിറ്റിയെ ഏല്‍പ്പിച്ചു.

2021 ഫെബ്രുവരി 21ന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ആസ്ഥാനമായ എടമുട്ടം ഹോസ്പീസില്‍ 15 ഡയാലിസിസ് മെഷീനുകളോടെയാണ് ആല്‍ഫ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് 4 മെഷീനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. പ്രതിമാസം 1300-ഓളം ഡയാലിസിസുകളാണ് പരിപൂര്‍ണമായും സൗജന്യമായി ഇവിടെനിന്ന് ലഭ്യമാക്കുന്നത്.

ഡയാലിസിസിനു വിധേയമാകുന്നവരും കുടുംബങ്ങളും നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ കൂടി നേരിടുന്നതിനായി ബഹുജനങ്ങളുടെ കൂട്ടായ്മ ഹാപ്പിനെസ് ക്ലബ് എന്ന പേരില്‍ ഈയിടെ ആരംഭിച്ചിരുന്നു. 136 അംഗങ്ങള്‍ ഇതിനകം ഈ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു. തൃശൂര്‍ എടമുട്ടത്തു പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുന്നവരും കുടുംബാംഗങ്ങളും ഡയാലിസിസിനെ സ്പോണ്‍സര്‍ ചെയ്യുന്നവരുടെയും കൂട്ടായ്മയാണ് ഹാപ്പിനെസ് ക്ലബ്.

രാവിലെ 8ന് ആരംഭിച്ച മുഖാമുഖം പരിപാടി ആല്‍ഫ ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ സ്വാഗതവും ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.എഫ്. ജോയ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് സീനിയര്‍ മാനേജര്‍ കൃപേഷ് ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റി താഹിറ നൂര്‍ദീന്‍, ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു.എ.ഇ. എക്സിക്യുട്ടീവ് അംഗം രജനി രവി, ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജയരാജന്‍, ട്രഷറര്‍ എം.കെ.രാജീവ്, ഡയാലിസിസ് സൂപ്പര്‍വൈസര്‍ ജിതുന്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top