27 April Saturday

ഹൃദയ ആരോഗ്യത്തിന് ദുശ്ശീലങ്ങൾ ഇല്ലാതിരുന്നാൽ മാത്രം പോര, നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം: പി ആര്‍ ശ്രീജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 29, 2021

കൊച്ചി > ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണെങ്കിലും ധാരാളം അധ്വാനിക്കുന്നവര്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും പുകവലിപോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹോക്കി താരം ശ്രീജേഷ്. ഒരു ദുശ്ശീലവുമില്ലാതിരുന്ന തന്റെ ഒരു ബന്ധുവും ഹൃദ്രോഗിയായി. അദ്ദേഹത്തിന് വ്യായാമം തീരെ ഇല്ലായിരിുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ദുശ്ശീലങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രം പോരാ നല്ല ശീലങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നുമാണ് ഇതില്‍ നിന്നു മനസ്സിലായതെന്ന് ശ്രീജേഷ് പറഞ്ഞു.

ആഗോള ഹൃദയദിനത്തിനു മുന്നോടിയായി കോവിഡ്കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ നിരീക്ഷണങ്ങള്‍ വെബിനാറില്‍ പങ്കെടുത്ത വിപിഎസ് ലേക്ക്‌ഷോറിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ആനന്ദ് കുമാറും ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സിബി ഐസകും ശരിവെച്ചു.

അമേരിക്കയെ അപേക്ഷിച്ച് 4 മടങ്ങാണ് ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണമെന്ന് ഡോ. ആനന്ദ് കുമാര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്ത് ആളുകള്‍ പത്തു വര്‍ഷമെങ്കിലും മുന്‍പു തന്നെ ഹൃദ്രോഗികളാവുന്നു. ജീവിതശൈലീരോഗങ്ങളുടെ പെരുപ്പവും ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് ഇക്കാര്യത്തില്‍ പ്രധാന ഭീഷണികളെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല രോഗങ്ങളും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് പൊതുവില്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ ഈ അറിവുണ്ട്. എന്നിട്ടും കൂടുതലാളുകള്‍ക്ക് ഹൃദ്രോഗം പിടിപെടുന്നത് നമ്മുടെ അലംഭാവം കൊണ്ടുകൂടിയാണെന്ന് ഡോ. സിബി ഐസക് പറഞ്ഞു. 20 വയസ്സു മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിയ്‌ക്കണം. അഞ്ചു വര്‍ഷത്തിലൊരിയ്ക്കല്‍ ലൈപിഡ് പ്രൊഫൈല്‍, ബിപി, ഷുഗര്‍ എന്നിവ പരിശോധിക്കണം.

രാജ്യത്ത് 20% പേര്‍ക്ക് ഹൃദ്രോഗബാധയുണ്ട്. അതായത് അഞ്ചിലൊരാള്‍ക്ക്. ഓരോരുത്തരും ഈ അപടകസാധ്യതയിലൂടെ കടന്നുപോവുകയാണെന്ന് ചുരുക്കം. ഉല്‍പ്പാദനക്ഷമമായ പ്രായത്തിലാണ് ഈ നഷ്ടം സംഭവിക്കുന്നതെന്നും വ്യക്തിക്കും രാജ്യത്തിനും ഇത് ഒരുപോലെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ശീമാട്ടി സിഇഒ ബീനാ കണ്ണന്‍, എഡിജിപി വിജയ് എസ് സാഖറെ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായ വെബിനാറില്‍ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്‌മാന്‍ മോഡറേറ്ററായി. വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ളയും പ്രസംഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top