25 April Thursday

ആഴക്കടലിലെ ജന്തുവനങ്ങൾ

ഡോ. എ ബിജു കുമാർUpdated: Sunday Jun 11, 2023

ആഴക്കടലിലെ ജീവൻ വിസ്മയകരമാണ്‌.   കടലിനടിയിലെ ജീവൻ എങ്ങനെആയിരിക്കും? പ്രധാനമായും നമുക്കുള്ള വിവരങ്ങൾ മത്സ്യബന്ധന വലകളിൽ കുടുങ്ങി എത്തിപ്പെടുന്ന ജീവികളെയോ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിൽ നാം നടത്തിയ പര്യവേക്ഷണങ്ങളെയോ ആധാരമാക്കിയോ ആണ്. എന്നാൽ അടുത്തിടെ  കേരളതീരത്ത്  40 മീറ്ററിലധികം താഴ്‌ചയിൽ കടലിൽ  നേരിട്ടുനടത്തിയ ജൈവവൈവിധ്യപഠനം വലിയതോതിലുള്ള വിവരങ്ങളാണ്‌ ലഭ്യമാക്കിയിരിക്കുന്നത്‌. തുടർ പഠനങ്ങൾക്കുള്ള അടിസ്ഥാന ശിലയായി ഇത്‌ മാറുകയുമാണ്‌.
 വംശനാശഭീഷണി നേരിടുന്ന, വന്യജീവി സംരക്ഷണ നിയമത്തിൽ പട്ടിക 1-ൽ സംരക്ഷിക്കുന്ന  ഗോർഗോണിയനുകൾ (കടൽ പേനകൾ, കടൽ ഫാനുകൾ), ഒറ്റപ്പെട്ട പവിഴജീവികൾ  എന്നിവയുടെ വിശാലമായ ആവാസവ്യൂഹങ്ങളാണ് തിരുവനന്തപുരം തീരപ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്‌.  


അപൂർവമായ മൃദു പവിഴജീവികൾ, സ്‌പോഞ്ചുകൾ, മോളസ്‌ക്കുകൾ, ബ്രയോസോവാനുകൾ, അസിഡിയനുകൾ  എന്നിവയുൾപ്പെടെയുള്ള ജൈവവൈവിധ്യസമ്പന്നമായ ഈ  പ്രദേശങ്ങളെ "ജന്തു വനങ്ങൾ’ എന്ന് വിളിക്കാം. ജൈവസമ്പന്നമായ ഇത്തരം പ്രദേശങ്ങളെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവരുടെ മത്സ്യബന്ധനപ്രദേശങ്ങളായി ഉപയോഗിച്ചുവരുന്നു. 40 മീറ്ററിലധികം താഴ്ചയുള്ള പാറപ്പാര്(rocky reefs)  പ്രദേശങ്ങളിൽ   ജീവിതം നേരിട്ട് രേഖപ്പെടുത്തുന്നത് ആദ്യമാണ്‌. 80 മീറ്റർ വരെ സ്‌കൂബാ ഡൈവിലൂടെയും അതിനപ്പുറത്ത്‌  വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചും കേരള തീരത്ത് വെള്ളത്തിനടിയിലെ ജീവന്റെ സാന്നിധ്യം രേഖപ്പെടുത്തുന്ന വിപുലമായ പദ്ധതിയാണിത്‌. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്‌  പ്രോജക്ട് ഇക്കോമറൈൻ ടീമിന്റെ നേതൃത്വത്തിലാണ്‌ പര്യവേക്ഷണം.  ആഴസമുദ്രത്തിൽ നടന്ന പര്യവേക്ഷണം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ   ഭീഷണിയും വെളിവാക്കി. പല ആഴത്തിലുമുള്ള പവിഴപ്പുറ്റുകളും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് വലകളാൽ മൂടപ്പെട്ടിരിക്കുന്നു.  ഈ ‘പ്രേത വലകൾ' എല്ലാ ദിവസവും നിരവധി ജീവികളെ കുരുക്കുകയോ നശിപ്പിക്കുകയോ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top