28 May Sunday

ഭയക്കേണ്ടതില്ല, നിപായെ വരുതിയിലാക്കാം - ഡോ. എസ് എസ് സന്തോഷ് കുമാർ എഴുതുന്നു

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Monday Sep 6, 2021

കോവിഡിൽനിന്ന് കേരളം മോചനത്തിനായി കാത്തിരിക്കുമ്പോഴാണ് നിപാ വീണ്ടുമെത്തുന്നത്. പിപിഇ കിറ്റും സമ്പർക്കവിലക്കും ഏകാന്തവാസവുമൊക്കെ ഒരു മഹാമാരിക്കാലത്ത് ആവശ്യമായി വന്നേക്കുമെന്ന് നമ്മെ പഠിപ്പിച്ചത് നിപായായിരുന്നു. കോഴിക്കോട്ട്‌ 2018ൽ നിപാ എത്തിയപ്പോൾ മരണനിരക്ക് 92 ശതമാനം. രോഗം വന്ന 23ൽ 21 പേരും മരിച്ചു. സിസ്റ്റർ ലിനിയുടെ മരണം നമുക്കൊരിക്കലും മറക്കാനാകില്ല. വളരെ പെട്ടെന്ന് നിപായെ കേരളം വരുതിയിലാക്കിയെങ്കിലും അതൊരു പേടിസ്വപ്നമായി മലയാളിയെ പിന്തുടർന്നു.

ആ പേടിയാണ് നിപാ വീണ്ടും റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ ആശങ്കപ്പെടുത്തുന്നത്. നിപായുടെ കേരളത്തിലെ മൂന്നാമത്തെ വരവാണ്‌ ഇത്. ഇടയ്ക്ക് എറണാകുളത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു രണ്ടാമത്തേത്. അതുപക്ഷേ, അധികമാരും ഇപ്പോൾ ഓർക്കുന്നുപോലുമില്ല. കരുതലുകളുണ്ടെങ്കിൽ പേടിപ്പിക്കുന്ന തരത്തിലും അപകടകരമായ രീതിയിലും പകരുന്ന ഒന്നല്ല നിപാ വൈറസ് എന്നതിനാലാണ് എറണാകുളത്തെ വൈറസ് ബാധ നമ്മെ കാര്യമായി ബാധിക്കാതെ പോയത്. ഇപ്പോഴത്തേതും അങ്ങനെ തന്നെയാകാനേ സാധ്യതയുള്ളൂ. പക്ഷേ, കോവിഡുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഭീതികൾ നിപായെയും സംശയദൃഷ്ടിയോടെ കാണാൻ  പ്രേരിപ്പിക്കുന്നുവെന്നുമാത്രം.

നിപായെയും കോവിഡിനെയും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല.  പകർച്ചസ്വഭാവത്തിൽ ഉൾപ്പെടെ രണ്ടും വ്യത്യസ്ത വൈറസാണ്. മാസ്ക്, സാമൂഹ്യ അകലം, സാനിറ്റൈസിങ്‌ തുടങ്ങിയ കരുതലുകളൊക്കെ നിപാ വൈറസിന്റെ പകർച്ച  തടയാനും സഹായകമാണ്. ഗുരുതരമായി നിപാ ബാധിച്ച ഒരാളിൽനിന്ന്, മതിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെ ഏറ്റവുമടുത്ത് ഇടപഴകുന്നവരിലേക്ക് മാത്രമാണ് സാധാരണയായി ഈ രോഗം പകരുന്നത്. രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും അടുത്ത് പരിചരിക്കുന്നവരും മാത്രമാണ് രോഗവ്യാപനം ഭയക്കേണ്ടത്. മതിയായ സുരക്ഷാ കരുതലുകളുണ്ടെങ്കിൽ അപ്പോഴും വ്യാപനം ഉണ്ടാകില്ലതാനും. എല്ലാ ആശുപത്രിയും അണുബാധ നിയന്ത്രിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തുന്ന  കോവിഡ് കാലത്ത് നിപായുടെ പകർച്ച കുറയാനാണ്‌ സാധ്യത.

കോവിഡ് വൈറസ് ഇൻഫ്ലുവൻസ വൈറസായതിനാൽ വലിയ തോതിലുള്ള ജനിതക മാറ്റങ്ങൾ അതിന്‌ വന്നുകൊണ്ടിരിക്കും. വുഹാൻ വൈറസിൽ‌നിന്ന് ഡെൽറ്റാ പ്ലസിലേക്ക്‌ എത്തുമ്പോൾ പകർച്ചശേഷിയും വേഗവും വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ജനിതകവ്യതിയാനത്തിലേക്കൊന്നും സഞ്ചരിക്കാതെ തന്നെ നിപാ വൈറസുകൾ സ്വയം ഒടുങ്ങുകയാണ് പതിവ്. ലോകത്ത് 23 വർഷത്തിനിടെ 25  വ്യാപനത്തിലായി 631 പേർ മാത്രമാണ് നിപാ ബാധിച്ചുമരിച്ചത്. 67 ശതമാനമാണ് ശരാശരി മരണനിരക്ക്. പകർ‌ച്ചശേഷി വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണെന്നതാണ് നിപായുടെ പ്രശ്നം. കേരളത്തിൽ കോവിഡിന്റെ മരണനിരക്ക് 0.49 ശതമാനവും ഇന്ത്യയിലത് 1.5 ശതമാനവും മാത്രമാണ്. രോഗം വന്നാൽ മരണസാധ്യത കൂടുതലായതിനാൽ നിപാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടാൽ ഉടൻ കൂടുതൽ ജാഗ്രത പാലിക്കുകയും രോഗത്തിന്റെ ഉറവിടമുൾപ്പെടെ കണ്ടെത്താൻ ശ്രമിക്കുകയും വേണം. രോഗം ബാധിച്ചയാളിന്റെ സമ്പർക്കം ഉൾപ്പെടെ പരിശോധിച്ച് ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടിവരും. അതുവരെ കൂടുതൽ പേരിലേക്ക് രോഗം എത്താതിരിക്കാനുള്ള ചില നിയന്ത്രണം ഒരുപക്ഷേ, ഏർപ്പെടുത്തേണ്ടിവരും. അത് കോവിഡിന്റെ കാര്യത്തിലേതുപോലെ വ്യാപകവും സമ്പൂർണവും ആയിരിക്കില്ലെന്നുമാത്രം. എല്ലാ സമ്പർക്കവും കണ്ടെത്തി മാറ്റിത്താമസിപ്പിച്ച് മറ്റാർക്കും  രോഗം വരുന്നില്ലെന്നുറപ്പായാൽ നിപായെ പൂർണമായും തടയാനായെന്ന്  ഉറപ്പാക്കാം. കഴിഞ്ഞ രണ്ടു വ്യാപനവും നാം തടഞ്ഞത് അങ്ങനെയാണ്. വവ്വാലുകളിൽനിന്നാണ് നിപാ പകരുന്നതെന്ന് ജനിതക പഠനത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ പഠനം ആവശ്യമാണ്. അതിനുവേണ്ടിയുള്ള സംവിധാനങ്ങൾ നമുക്ക് ആവശ്യമാണ്.

കോവിഡ്‌ വൈറസ് പകരുന്നത് പല രീതിയിലാണ്.  ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനുമുമ്പുതന്നെ പകർന്നേക്കാം. അതുപോലെ  ലക്ഷണമൊന്നും ഇല്ലാത്തവരും രോഗം പകർത്തിയേക്കാം.

കോവിഡ്‌ വൈറസ് കൊറോണ വൈറസ് വിഭാഗത്തിലുള്ളതാണ്. നിപാ പകരുന്നത് രോഗത്തിന്റെ മൂർധന്യാവസ്ഥയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽനിന്നാണ് സാധാരണ പകരുന്നത്. അതുകൊണ്ടാണ് ആശുപത്രി ജീവനക്കാർക്ക് പകരുന്നത്. രോഗം കണ്ടുപിടിച്ചുകഴിഞ്ഞാൽ, വേണ്ട മുൻകരുതലെടുത്താൽ  പകരാനുള്ള സാധ്യത വളരെ കുറവാണ്. സമ്പർക്കം കണ്ടെത്തൽ വളരെ പ്രധാനമാണുതാനും. കോവിഡ്‌ വൈറസ് പകരുന്നത് പല രീതിയിലാണ്.  ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനുമുമ്പുതന്നെ പകർന്നേക്കാം. അതുപോലെ  ലക്ഷണമൊന്നും ഇല്ലാത്തവരും രോഗം പകർത്തിയേക്കാം. ഇക്കാരണത്താലാണ് കോവിഡ്‌ കൂടുതൽ  പേരിലേക്ക്‌ പകർന്ന്‌ സമ്പർക്കം കണ്ടെത്തൽ ദുഷ്കരമാകുന്നതും.

കോവിഡിനും നിപായ്‌ക്കും കൃത്യമായ മരുന്നില്ലെന്നതാണ് ഇത്‌ രണ്ടും തമ്മിലുള്ള പ്രധാന സാമ്യം. രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രമാണുള്ളത്. മരണനിരക്ക് കൂടുതലാണെങ്കിലും നിപാ നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ ആളുകളെ രക്ഷിക്കാനാകും. രോഗം കൂടുതൽ പേരിലേക്ക്‌ എത്തുന്നതിനാലാണ് കോവിഡിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നത്. അത് ആശുപത്രി സംവിധാനങ്ങൾക്ക്‌ അപ്പുറത്തേക്കുപോകുമ്പോൾ ചികിത്സ ലഭ്യമാകാതെ പോകുകയും മരണമുണ്ടാകുകയും ചെയ്യും. കോവിഡ്പോലെ പെട്ടെന്ന് പകരില്ലെന്നതാണ് നിപാ നമുക്കു നൽകുന്ന ആശ്വാസം. കോവിഡ് വന്നതോടെ നമ്മുടെ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിപായുടെ ഇപ്പോഴത്തെ വരവിനെയും  തടയാനാകുമെന്നതിൽ സംശയമൊന്നും വേണ്ട.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top