28 March Thursday

ദാമ്പത്യ ജീവിതം ഹൃദയാഘാതശേഷവും

ഡോ. ജോർജ്‌ തയ്യിൽUpdated: Thursday Apr 12, 2018

അപ്രതീക്ഷിത മുഹൂർത്തത്തിൽ ആരോഗ്യത്തിനും ആയുസ്സിനും അന്ത്യംകുറിക്കാൻ പാഞ്ഞെത്തുന്ന ഹാർട്ട് അറ്റാക്ക് വരുത്തിവയ്ക്കുന്ന വിനകൾ ഏറെയാണ്. എല്ലാം കെട്ടടങ്ങിയെന്ന നൈരാശ്യം, അറ്റാക്ക് കഴിഞ്ഞ ഹൃദയത്തിന് ഇനിയൊരു ആയാസം താങ്ങാനുള്ള കരുത്തില്ലെന്ന ഉൽകണ്ഠ, അതുവരെ ഊർജസ്വലതയോടെ നടത്തിപ്പോന്ന ജോലികളും സാമൂഹ്യപ്രവർത്തനങ്ങളും കുടുംബജീവിതവുമെല്ലാം ജലരേഖകൾ പോലെ മാഞ്ഞുപോകുന്ന അവസ്ഥാവിശേഷം. ഇനി കാര്യമായിട്ടൊന്നും തന്നെക്കൊണ്ട് ആകില്ലെന്ന ചിന്ത അയാളെ വല്ലാത്തൊരു വിഷാദാവസ്ഥയിൽ കൊണ്ടെത്തിക്കും. സമയോചിത പിടിയിലൊതുക്കപ്പെടാത്ത ഈ ഭയവും വിഷാദാവസ്ഥയുമാണ് ഹൃദയാഘാതത്തിനുശേഷമുള്ള ജീവിതത്തിന് യഥാർഥ ഭീഷണി. 

എന്നാൽ വാസ്തവം എന്താണ്? ശിഷ്ടജീവിതം ആസ്വദിച്ച് അനുഭവിക്കുന്നതിനെതിരെയുള്ള അപായസൂചനയാണോ ഹാർട്ട് അറ്റാക്ക് ? 100 ശതമാനവും അല്ലെന്നുപറയാം. ആരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റേതു അസുഖത്തെയുംപോലെ ഹൃദ്രോഗത്തെയും ക്രിയാത്മകവും വിവേകപൂർണവുമായ രീതിയിൽ കൈകാര്യം ചെയ്താൽ തുടർന്നുള്ള ജീവിതം തികച്ചും ആസ്വാദ്യകരമാക്കാൻ സാധിക്കും, സംശയമില്ല.

ഹൃദ്രോഗം യഥാർഥത്തിൽ എന്താണെന്നും, അത് ശരീരത്തിന് എന്ത്ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും, അതിനെ എപ്രകാരം അതിജീവിക്കാമെന്നും വിശദമായി മനസ്സിലാക്കിയാൽ പല തെറ്റിദ്ധാരണകളും അകറ്റി തുടർന്നുള്ള ജീവിതം അങ്ങേയറ്റം അനുഭവവേദ്യമാക്കാം. ഹാർട്ട് അറ്റാക്കുമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ, പുറംലോകവുമായുള്ളബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ട, സകലതിനോടും വിടപറഞ്ഞ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള കിടപ്പുതന്നെയാണ് ഒരാളുടെ മനസ്സിനെ തകിടംമറിക്കുന്നത്.

ഹൃദയ അറകൾക്കേൽക്കുന്ന ആഘാതം സമൂലമായ പമ്പിങ് ശക്തിയെ തളർത്തുന്നു. മാനസികമായോ ശാരീരികമായോ ആയാസപ്പെട്ടൽ അത് ഹൃദയമിടിപ്പ്വർധിപ്പിക്കും, പേശികളിലെ രക്തദാരിദ്ര്യം വഷളാക്കും, പിന്നെ നെഞ്ചുവേദനയും ഹൃദയപരാജയവുമാണ് അനന്തരഫലം. അപ്പോൾ ഹാർട്ട് അറ്റാക്കുണ്ടായ രോഗി ഒരുതരത്തിലും ആയാസപ്പെടാൻ അനുവാദമില്ല.

ശരീരത്തിന്റെ ഓജസ്സും കെൽപ്പും കെട്ടുപോയി എന്നു കരുതുന്ന രോഗി വർധിച്ച വിഷാദാവസ്ഥയിലാണ് ഡിസ്ചാർജിനുശേഷം വീട്ടിലെത്തുന്നത്. മറ്റെല്ലാ ജോലികളിൽനിന്നും അകന്നുനിൽക്കാൻ നിർബന്ധിതരാകുന്ന രോഗിക്കുണ്ടാകുന്ന ഏറ്റവും തിക്തമായ മാനസിക പരിവർത്തനം ദാമ്പത്യജീവിതത്തോടുള്ള മനോഭാവത്തിലാണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽനിന്ന് പിന്തിരിയുക മാത്രമല്ല, അതേപ്പറ്റി ചിന്തിക്കുന്നതിൽനിന്നുപോലും അകന്നുനിൽക്കുന്നു. കഷ്ടകാലത്തിന് ഇത്തരമൊരു വിഷയം തന്റെ ചികിത്സാനുഭവമായി ചർച്ചചെയ്യുന്നതിന് രോഗി ധൈര്യംകാണിക്കില്ല. ഡോക്ടറാണെങ്കിൽ ഈ വിഷയത്തെപ്പറ്റി വിശദീകരിക്കാൻ പലപ്പോഴും മറന്നുപോകുകയും ചെയ്യുന്നു.

എന്നാൽ മറ്റേത് പ്രവൃത്തിയിലും ഏർപ്പെടുംപോലെയുള്ള ആയാസമേ ലൈംഗികബന്ധത്തിനുള്ളൂവെന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ  വിഷയത്തിന് പരിഹാരമാകും. ഹാർട്ട് അറ്റാക്ക് ഏൽപ്പിച്ച പരിക്കുകളിൽനിന്ന് കരകയറി മറ്റ് പ്രവൃത്തിയിലേർപ്പെടുംപോലെ ഒരാൾക്ക് ഇക്കാര്യത്തിലും അനായാസം ഏർപ്പെടാമെന്ന വസ്തുത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഹാർട്ട് അറ്റാക്കിനുശേഷം ഒരു മുൻകരുതലുമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെട്ടാലും അപകടമില്ല എന്ന് ഈ പറഞ്ഞതിന് അർഥമില്ല. ബന്ധപ്പെടുമ്പോൾ ലൈംഗികാവയവങ്ങളിലേക്കും കൂടുതൽ രക്തമൊഴുകും. ഇതിനായി ഹൃദയം കൂടുതൽ വേഗത്തിൽ സ്പന്ദിക്കേണ്ടിവരുമ്പോൾ ഹൃദയപേശികളിലേക്കും അധികമായി രക്തമെത്തിയേക്കും. രക്തമാണല്ലോ ഊർജസ്രോതസ്സ്. ഈ രക്തം ഒഴുകിയെത്തുന്നത് കൊറോണി ധമനികളിലെ തടസ്സം വിഘാതമാകുന്നുവെങ്കിൽ ഹൃദ്രോഗലക്ഷണങ്ങൾ ഉണ്ടാകും. ചിലപ്പോൾ ഇത് ഹൃദയാഘാതത്തിന് വഴിതെളിക്കും. ഇതുകൊണ്ടാണ് അറ്റാക്ക് കഴിഞ്ഞ് നിശ്ചിതസമയത്തിനുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനശേഷി വിലയിരുത്തുന്നതിനായി ഭിഷഗ്വരൻ പ്രത്യേക പരിശോധനകൾ നടത്തുന്നത്. ഇതിനായി നടത്തുന്ന പ്രധാന പരിശോധനകൾ ട്രെഡ് മിൽ ടെസ്റ്റും ഇക്കോ കാർഡിയോഗ്രാഫിയുമാണ്.

ഹൃദയപ്രവർത്തനത്തിന് ഒരു പ്രശ്നവും ഉണ്ടാകാതെ രോഗിക്ക് എത്രമാത്രം ആയാസപ്പെടാൻ കഴിയുമെന്ന് ട്രെഡ് മിൽ പരിശോധനയിലൂടെ ശാസ്ത്രീയമായി അറിയാം. അധ്വാനിക്കുമ്പോൾ അപകടകരമായി പ്രഷർ ഉയരുന്നുണ്ടോ, ഹൃദയമിടിപ്പ് വർധിക്കുന്നുണ്ടോ, നെഞ്ചുവേദനയോ കിതപ്പോ ഉണ്ടാകുന്നുണ്ടോ തുടങ്ങി പല കാര്യങ്ങളും ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിക്ക് ആവശ്യമായ നിർദേശങ്ങൾ ഡോക്ടർ നൽകുക. അതുകൊണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള ആയാസം താങ്ങാനുള്ള കരുത്ത് രോഗിയുടെ ഹൃദയത്തിനുണ്ടോയെന്ന് മുൻകൂട്ടി തിട്ടപ്പെടുത്തണം.

ട്രെഡ്മിൽ പരിശോധനയിൽ ഹൃദയത്തിന്റെ പ്രവർത്തനശേഷിയെപ്പറ്റി സംശയംതോന്നിയാൽ താലിയം സിന്റിഗ്രാഫി,  ആൻജിയോഗ്രാഫി തുടങ്ങിയ പരിശോധനകളും നിർദേശിക്കാം. ഇത്തരം പരിശോധനകളിലൂടെ ഹൃദയപ്രവർത്തനത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതുവരെ ലൈംഗികബന്ധത്തിൽനിന്നും ഒഴിഞ്ഞുനിൽക്കുന്നതാണ് അഭികാമ്യം.

ഹാർട്ട് അറ്റാക്ക് ഉണ്ടായ രോഗി ഹൃദ്രോഗവിദഗ്ധനുമായി തുറന്ന ചർച്ചകൾക്ക്തയ്യാറാവണം. മനസ്സിലുള്ള എല്ലാ സംശയങ്ങളും തീർക്കണം. ഇക്കാര്യത്തിൽ ഒരു മടിയും വിചാരിക്കാനില്ല. ഭക്ഷണക്രമീകരണം എങ്ങനെ? ദീർഘയാത്രകൾ ചെയ്യാമോ? തുടങ്ങിയ സംശയങ്ങൾപോലെ ലൈംഗികകാര്യങ്ങളും ചികിത്സകനോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. ഓരോ രോഗിയിലും ഹാർട്ട് അറ്റാക്കിന്റെ കാഠിന്യം പലതരത്തിലാകാം. അതുകൊണ്ടുതന്നെ ഓരോരുത്തരും പാലിക്കേണ്ട മുൻകരുതലുകളും പ്രതിരോധ നടപടികളും വിഭിന്നമാകുന്നു. ഒരാൾക്ക് നല്ലതാകുന്നത് മറ്റൊരാൾക്ക് നന്നാകണമെന്നില്ല. അതുകൊണ്ട്നിങ്ങളുടെ ഉള്ളിലെ പുകമറ തുടച്ചുമാറ്റി സാധാരണ ജീവിതത്തിന് പ്രാപ്തമാക്കേണ്ടതും നിങ്ങളുടെ ചികിത്സകൻതന്നെ.
ഹൃദയാഘാതം ഉണ്ടായ രോഗികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാഞ്ഞിട്ടുപോലും വെറും 25 ശതമാനം പേർ മാത്രമാണ് സാധാരണ ലൈംഗികജീവിതത്തിലേക്ക് മടങ്ങിവരുന്നതായി കണ്ടത്. ലൈംഗികബന്ധത്തോടനുബന്ധിച്ച് രോഗമില്ലാത്തവരിൽ 10 ലക്ഷത്തിൽ രണ്ടുപേർക്ക് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോൾ, ഹൃദ്രോഗമുള്ളവരിൽ 10 ലക്ഷത്തിൽ 20 പേർക്കും അറ്റാക്ക് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഇവിടെ സെക്സിനോടനുബന്ധിച്ച ആയാസം മാത്രമല്ല, ഭയം, ആശങ്ക, ക്ഷോഭം, മനോസംഘർഷം, കഠിനാധ്വാനം, ഉറക്കക്കുറവ്തുടങ്ങിയ മറ്റു ഘടകങ്ങളും ഉദ്ദീപകഹേതുവാകുന്നു. ഇവമൂലം 30 ശതമാനംവരെ അറ്റാക്കുണ്ടാകുന്നതിന് കാരണമാകുന്നു.

ചുരുക്കത്തിൽ, നിങ്ങളുടെ ചികിത്സകനുമായി തുറന്ന ചർച്ചകളിൽ ഏർപ്പെടുക. കൃത്യസമയങ്ങളിൽ ഔഷധങ്ങൾ സേവിക്കുക, വൈദ്യനിർദേശപ്രകാരം പരിശോധന നടത്തുക. നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഉണ്ടായാൽ സമയം വൈകാതെ വൈദ്യസഹായം തേടുക.

(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top