03 June Saturday

എന്താണ് വിരുദ്ധാഹാരം?

ഡോ.കെ ജ്യോതിലാല്‍Updated: Thursday Jul 14, 2016

ഏതെങ്കിലും ഒരു ആഹാരം കഴിച്ചാല്‍, അത് ആമാശയസ്ഥമായിക്കിടന്ന് ദോഷങ്ങളെ ഇളക്കിയിട്ട്, ആഹാരവും ഉല്‍ക്ളേശിതമായ ദോഷങ്ങളും പുറത്തുപോകാതെയിരിക്കുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യുമ്പോള്‍, ആ ആഹാരത്തെ വിരുദ്ധാഹാരം എന്നുപറയുന്നു. വിരുദ്ധമായ ആഹാരം വിഷംപോലെയോ കൂട്ടുവിഷംപോലെയോ (ഗരം) ആണ്. ദഹനാനന്തരം ഈ വിഷം രസാദികളായ ധാതുക്കളെയൊക്കെയും വിഷലിപ്തമാക്കുന്നു. അങ്ങിനെ ധാതുക്കള്‍ക്ക് വിപരീതഗുണമുള്ളതായി മാറും. ശരീരത്തിന് ഹാനികരമായതെന്തും ആമാശയത്തിലേക്കു ചെന്നുപെട്ടാല്‍ അതിനെ ഛര്‍ദിരൂപേണയോ അതിസാരരൂപേണയോ പുറത്തുകളയാനുള്ള നൈസര്‍ഗികമായ കഴിവ്  ശരീരത്തിനുണ്ട്. എന്നാല്‍ വിരുദ്ധാഹാരങ്ങളുടെ ഉപയോഗത്തില്‍ ശരീരത്തിന്റെ ഈ കഴിവ് അശക്തമാകുകയും ആഹാരരസവും, അതിനാല്‍ ഉല്‍ക്ളേശിതമായ ദോഷങ്ങളും അതുകൊണ്ടുതന്നെ ഉള്ളില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് അപ്പോള്‍തന്നെയോ ദീര്‍ഘകാലംകൊണ്ടോ രോഗങ്ങളെ ഉണ്ടാക്കും.

ആയുര്‍വേദത്തിലെ ചരകസംഹിത, സുശ്രുത സംഹിത തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളൊക്കെയും വിരുദ്ധാഹാരങ്ങളെക്കുറിച്ച് സുവിശദം പ്രതിപാദിച്ചിട്ടുണ്ട്. അഷ്ടാംഗസംഗ്രഹത്തില്‍ ഇത് പ്രത്യേക അധ്യായമായിത്തന്നെ വിവരിച്ചിരിക്കുന്നു. ഇന്ന് പല രോഗങ്ങളുടെയും കാരണം ആധുനിക വൈദ്യശാസ്ത്രംപോലും അജ്ഞാതം unknown)’എന്നു കൈമലര്‍ത്തുമ്പോള്‍, ഇവയില്‍ പലതിനും നിദാനം വിരുദ്ധാഹാര ശീലനമാണെന്ന് രോഗസമ്പ്രാപ്തിയെ കൃത്യമായി വിശദീകരിച്ച് ആയുര്‍വേദത്തിനു പറയാന്‍കഴിയുന്നുണ്ട്. അറിഞ്ഞും അറിയാതെയും സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളും വിരുദ്ധാഹാരങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതാണു സത്യം. ഒരുദാഹരണം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍, അമ്മയുടെ സ്തന്യമോ കുപ്പിപ്പാലോ കുടിച്ചുകൊണ്ടിരിക്കുന്ന ശിശുവിനെ വാത്സല്യപൂര്‍വം അടുത്തുവിളിച്ച് മീന്‍ ചേര്‍ത്ത ചെറു ചോറുരുള വായിലേക്കു വച്ചുകൊടുക്കുന്നത് ശിശുക്കളുള്ള മിക്ക ഗൃഹങ്ങളിലും ഒരു സാധാരണ കാഴ്ചയാണ്. ആയുര്‍വേദ വിരുദ്ധാന്ന വിജ്ഞാനപ്രകാരം, പാലും മീനും ഒരുമിക്കുന്നത് വിരുദ്ധാഹാരമാണ്. കുട്ടിയുടെ ആമാശയത്തിലെ പാലും ഉടനെ ചെല്ലുന്ന മീനും തമ്മില്‍ കലരുന്നതോടെ അത് വിഷരൂപമാകും.

പലതവണ ഇങ്ങിനെ സംഭവിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. അകാരണമായി എന്നു മറ്റുള്ളവര്‍ പറയുംവണ്ണം കുട്ടിക്കു പനിയോ, ശ്വാസംമുട്ടോ, ഛര്‍ദിയോ, വയറിളക്കമോ, ത്വക്ക് രോഗങ്ങളോ, വിശപ്പില്ലായ്മയോ ഒക്കെ സംഭവിക്കുന്നു. ഈ രോഗങ്ങളെ കുട്ടി കഴിച്ച പാലും മീനുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കാറില്ല. ഇതുസംബന്ധിച്ചുള്ള ആയുര്‍വേദ വീക്ഷണം ഇനി പറയാം. പാല്‍ ശീതവീര്യവും മത്സ്യം ഉഷ്ണവീര്യവുമാണ്. വീര്യത്തിലെ ഈ പരസ്പരവിരുദ്ധത്വം കുട്ടിയുടെ ആമാശയത്തില്‍ പുതിയൊരു വിഷരൂപം ജനിപ്പിക്കുന്നു. അത് ദഹനാനന്തരം രക്തത്തില്‍ കലര്‍ന്ന് ശരീരമാകെ പ്രസരിക്കുന്നു. ഇനി ഇതേ ഭക്ഷണത്തിന് ആയുര്‍വേദം മറ്റൊരുതരത്തിലും വിരുദ്ധത്വം കല്‍പ്പിച്ചിരിക്കുന്നതു കേള്‍ക്കുക. പാല്‍ സ്വതവേ മധുരരസമുള്ളതാണ്. ദഹനശേഷവും (വിപാകം) അത് മധുരരസമായിത്തന്നെ തുടരുന്നു. മത്സ്യവും മധുരരസമാണ്. വിപാകത്തിലും മധുരമായി തുടരുന്നു. ദഹനത്തിലൂടെ രൂപംകൊള്ളുന്ന ഈ മധുരരസം, വേണ്ട അനുപാതത്തിലും കൂടുതലായിപ്പോകുന്നു. ഇത് അഭിഷ്യന്ദത്തിനു കാരണമാകും. കഫത്തെ വര്‍ധിപ്പിക്കുന്നു എന്നതാണ് അഭിഷ്യന്ദം. മത്സ്യം മഹാഭിഷ്യന്ദിയാണ്. (ചെമ്മീന്‍ മത്സ്യത്തെക്കാള്‍ അഭിഷ്യന്ദമുണ്ടാക്കുന്നതാണ്) ശൈശവം എന്നത് ത്രിദോഷങ്ങളില്‍ കഫത്തിന്റെ ആധിക്യമുള്ള പ്രായമാണ്. ആയതിനാല്‍ സ്വതവേ കഫാധിക്യമുള്ള ശിശുവില്‍, അഭിഷ്യന്ദിയായി മധുരരസം വരുന്നതോടെ കുട്ടിക്ക് കഫപ്രധാനമായ രോഗങ്ങള്‍ പിടിപെടുന്നു. കഫാധിക്യം കുട്ടിയുടെ സ്രോതസ്സുകളില്‍ കഫഉപലേപത്വം‘(coating)’ഉണ്ടാക്കുന്നത് രക്തചംക്രമണത്തില്‍പ്പോലും പ്രതിബന്ധമുണ്ടാക്കി വേറെ പല രോഗങ്ങളെയും ജനിപ്പിക്കാം. അതായത് വ്യാധിക്ഷമത്വം നശിക്കുന്നു.

മുതിര്‍ന്നവരും ഇക്കാര്യത്തില്‍ മോശക്കാരല്ല. മത്സ്യം കൂട്ടി ഊണുകഴിച്ചിട്ട് അതു ദഹിക്കും മുമ്പ് പാലോ, പാല്‍ ചേര്‍ത്ത ചായയോ കാപ്പിയോ, പാലുല്‍പ്പന്നമായ ഐസ്ക്രീമോ കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ക്കും മേല്‍പ്പറഞ്ഞ വീര്യവൈരുധ്യവും അഭിഷ്യന്ദവും രോഗങ്ങളെ ജനിപ്പിക്കും. രോഗപ്രതിരോധശേഷിയാകട്ടെ ഈ വിരുദ്ധാഹാരം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള മല്‍പ്പിടുത്തത്തില്‍പ്പെട്ട് ക്ഷീണിതമാകുന്നു. ആയതിനാല്‍ ഒരു കൊതുകു കടിച്ചാല്‍ ചിക്കുന്‍ ഗുനിയയോ, ഡെങ്കിപ്പനിയോ ഒക്കെ ബാധിക്കാന്‍ പാകത്തില്‍ ന്യൂനവ്യാധിക്ഷമത്വത്തില്‍ (deficiency of immunity))’അയാള്‍ പീഡിതനാകുന്നു. വിരുദ്ധാഹാരം ശീലിക്കാത്തയാളെയാണ്, ഇതേ കൊതുകുകള്‍ കടിക്കുന്നതെങ്കിലോ കൊതുകു നല്‍കുന്ന രോഗബീജത്തിന് അയാളുടെ വ്യാധിക്ഷമത്വത്തിന്റെ ശക്തിയില്‍ നിഷ്ക്രിയമായിരിക്കാനേ നിര്‍വാഹമുള്ളൂ എന്നതിനാല്‍ രോഗം വ്യക്തീഭവിക്കുന്നില്ല. ഒരേ സമൂഹത്തിലെ അല്ലെങ്കില്‍ ഒരു പ്രദേശത്തെ ചിലര്‍ക്ക് രോഗം വരുന്നു, ചിലര്‍ക്ക് വരുന്നില്ല എന്നതിന്റെ കാരണം വിരുദ്ധാഹാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു സാരം.

ഇനി, വിരുദ്ധാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അതു രോഗമുണ്ടാക്കണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമേല്‍ വീണ്ടും ഭക്ഷണം കഴിക്കുക (അധ്യശനം), ദഹനവൈഷമ്യം ഉണ്ടായിരിക്കുക (അജീര്‍ണം) എന്നിങ്ങനെയുള്ള വിരുദ്ധാന്ന ശീലികള്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങിനെയുള്ളവര്‍ക്ക് ആമവിഷം’ എന്നൊരു രോഗംതന്നെ ഉണ്ടാകുമെന്ന് ആയുര്‍വേദം ഓര്‍മിപ്പിക്കുന്നു. ആമാശയത്തില്‍, ദഹിപ്പിക്കപ്പെടാനായി എത്തുന്ന ഏത് ആഹാരവും, ജഠരാഗ്നിയുടെ മാന്ദ്യത്താല്‍ ആദ്യ ധാതുവായി (രസധാതു) വേണ്ടത്ര പരിണമിക്കാതെ ശേഷിക്കുന്നതാണ് ആമം. ആമത്തിനെ (ദഹിക്കാനുള്ള പദാര്‍ഥങ്ങള്‍) വഹിക്കുന്നു എന്നതുകൊണ്ടാണ് ആമാശയത്തിന് ആ പേരുണ്ടായതുതന്നെ. ക്രമേണ അത് ദഹിച്ചുപോകുന്നതോടെ അടുത്ത ആമാശയത്തിലേക്ക് (പച്യമാനാശയംsmall intestine-)) തുടര്‍പരിണാമത്തിന് അതു വിധേയമാകുന്നുണ്ട്. ആയുര്‍വേദ സിദ്ധാന്തപ്രകാരം ദഹനം ഒരു അനുസ്യൂത പ്രക്രിയയാണ്. രസധാതു രക്തമായി പരിണമിക്കുന്നതിനും ‘ധാത്വഗ്നികള്‍’ദീപ്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ അഗ്നികളുടെ മാന്ദ്യത്താലും ധാതുക്കളില്‍ അര്‍ധപാചിതമോ അപാചിതമോ ആയി ആമംരൂപപ്പെടാം.

ആമവിഷത്തിന്റെ’ സമ്പ്രാപ്തി ആമാശയത്തില്‍ത്തന്നെയാണു സംഭവിക്കുന്നത്. വിരുദ്ധാഹാരങ്ങള്‍ ശീലിക്കുകയും അധ്യശനം അഭ്യസിക്കുകയും അജീര്‍ണരോഗം ഉള്ളവനായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ദുഷിച്ച് മലീമസമായിരിക്കുന്ന ആമാശയം ഇവയുടെ സങ്കലിതത്താല്‍ വിഷം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയിലായിരിക്കുന്നു. അതിസൂക്ഷ്മങ്ങളായ വിഷക്രിമികള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടെ ഒരേസമയം ആമത്തെ ദഹിപ്പിക്കുന്നതും അതേസമയം വിഷത്തെ ശമിപ്പിക്കുന്നതുമായ ചികിത്സ ചെയ്യേണ്ടിവരുന്നു. ആമം’ദഹിപ്പിക്കാന്‍ തീക്ഷ്ണമായ ഔഷധങ്ങള്‍ പ്രയോഗിക്കണം; വിഷമാകട്ടെ അതിന്റെ പ്രകൃതിദത്തമായ ഗുണത്തില്‍ തീക്ഷ്ണ ഉഷ്ണസ്വഭാവമുള്ളതാണ്. ആമത്തെ ദഹിപ്പിക്കാന്‍ നടത്തുന്ന തീക്ഷ്ണമായ പ്രയോഗങ്ങള്‍ ആയതിനാല്‍ വിഷത്തെ വര്‍ധിപ്പിക്കും. എന്നാല്‍ വിഷത്തെ ശമിപ്പിക്കാന്‍ സ്നിഗ്ധശീതമായ ഔഷധങ്ങള്‍ പ്രയോഗിക്കാമെന്നുവച്ചാലോ, ആമം കഫദോഷ പ്രധാനമായതിനാല്‍, കഫത്തിന്റെ ഗുണമായ സ്നിഗ്ധശീതങ്ങളുടെ പ്രവേശനം ആമത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഒന്നിനെ ശമിപ്പിക്കാന്‍ ചെയ്യുന്ന പ്രയോഗം മറ്റൊന്നിനെ വര്‍ധിപ്പിക്കും. ഈ സങ്കീര്‍ണാവസ്ഥകൊണ്ട് ഇത്തരം രോഗിയെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ആയുര്‍വേദം കൈയെയ്യാഴിയുന്നുണ്ട്! ഇനി ഇത്രത്തോളം ഗുരുതരമായി ആമദോഷം ഇല്ലെങ്കില്‍പ്പോലും, ഉള്ള ആമവിഷം ശരീരധാതുക്കളിലേക്ക് കുറച്ചൊക്കെ പചിപ്പിക്കപ്പെട്ട് വ്യാപിച്ച് രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ ധാതുക്കളെയും വിഷപൂരിതമാക്കും.

ചുരുക്കത്തില്‍ വിരുദ്ധാഹാര ഉപയോഗം ഒരു നിത്യരോഗിയെ സൃഷ്ടിക്കുന്നുവെന്നു സാരം. വിരുദ്ധാന്നശീലിക്ക് പിടിപെടാവുന്ന രോഗങ്ങളുടെ ഒരുവലിയ പട്ടികതന്നെ ചരകന്‍ നല്‍കിയിട്ടുണ്ട്. ഷണ്ഡത്വം, അന്ധത, വിസര്‍പ്പം ((Herpes zoster-),--), ജലോദരം (Ascitis),വിസ്ഫോടനം(ശരീരത്തു പൊള്ളലുകള്‍),നീര്,
ഉന്മാദം,ഭഗന്ദരം, (Fistula), മോഹാലസ്യം, മദം,വയറുവീര്‍പ്പ്, ഗളഗണ്‍ഡം (Goiter-),
പാണ്ഡുരോഗം(Anemia), ആമവിഷം,ശ്വിത്രം (Laeukoderma), ത്വക്ക്രോഗങ്ങള്‍, ഗ്രഹണീരോഗം, ക്ഷയരോഗം, വിദ്രധി, രക്തപിത്തം, ജ്വരം,പീനസം(Sinusitis),വാതരക്തരോഗം,ആമവാതം (Rheumaticfever), അസൃഗ്ദരം (ആര്‍ത്തവകാലങ്ങളിലല്ലാത്തരക്തസ്രാവം), ആഭ്യന്തരകൃമി (Intestinalworms), അതിസാരം,അമ്ളപിത്തം
(Hyperacidity),മസൂരിക(കുരുക്കള്‍), വാതവ്യാധി (Rheumatic complaints),അശ്മരി(Urolithiasis), പ്രമേഹം,അര്‍ശസ്സ്,അര്‍ബുദം (Cancer),എന്നിവഅവയില്‍ പ്രധാനമാണ്. (തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയേഡ് പ്രൊഫസറാണ് ലേഖകന്‍)

വിരുദ്ധാഹാര വിഭജനം

ചരകസംഹിതയില്‍ 18–തരത്തിലുള്ള
വിരുദ്ധാഹാര വിഭജനങ്ങളാണുള്ളത്.
ചരകസംഹിതയിലെ വിരുദ്ധാഹാരവിഭജനം
(1) ദേശവിരുദ്ധം, (2) കാലവിരുദ്ധം, (3) അഗ്നിവിരുദ്ധം, (4) മാത്രാവിരുദ്ധം, (5) സാത്മ്യവിരുദ്ധം, (6) ദോഷവിരുദ്ധം, (7) സംസ്കാരവിരുദ്ധം, (8) വീര്യവിരുദ്ധം, (9) കോഷ്ഠവിരുദ്ധം, (10) അവസ്ഥാവിരുദ്ധം, (11) ക്രമവിരുദ്ധം, (12) പരിഹാരവിരുദ്ധം, (13) ഉപചാരവിരുദ്ധം, (14) പാകവിരുദ്ധം, (15) സംയോഗവിരുദ്ധം, (16) ഹൃദ് വിരുദ്ധം, (17) സമ്പദ്വിരുദ്ധം, (18) വിധിവിരുദ്ധം. ഇവയെ തുടര്‍ലക്കങ്ങളില്‍ വിവരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top