26 April Friday

നന്നായി പഠിക്കാം; പഠിച്ചതെല്ലാം ഓര്‍മിക്കാം

ഡോ. പ്രിയ ദേവദത്ത്Updated: Thursday Feb 15, 2018

ജീവശാസ്ത്രപരമായ പ്രക്രിയയാണ് പഠനം. തലച്ചോറിന്റെ അതിസങ്കീര്‍ണവും അനുസ്യൂതം തുടരുന്നതുമായ പ്രക്രിയകളിലൊന്നാണിത്. കുട്ടികളിലെ ബൌദ്ധികവും സാമൂഹികവും ശാരീരികവുമായ കഴിവുകളെ വളര്‍ത്താന്‍ പഠനം കൂടിയേതീരു. വെറുമൊരു പരിശീലനം എന്നതിനുപരി, മൂല്യബോധം പകര്‍ന്നുനല്‍കി കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന വഴികാട്ടികൂടിയാണ് വിദ്യാഭ്യാസം.

പഠനം 3 രീതിയില്‍
സ്വമേധയായുള്ള പഠനം (അധ്യയനം), അധ്യാപകന്‍ പഠിപ്പിക്കുന്നത് (അധ്യാപനം), പാഠ്യവിഷയങ്ങള്‍ കൂട്ടുകാരുമായി ചര്‍ച്ചചെയ്യുക (തദ്വിദ്യസംഭാഷ) എന്നിങ്ങനെ പഠനപ്രക്രിയക്ക് മൂന്നു തലങ്ങളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ശരിയായ പഠനത്തിന് അത് അനിവാര്യമാണ്. പാഠ്യപദ്ധതിക്കനുസരിച്ച് ബുദ്ധിശക്തിയെ ഒരുക്കിയെടുക്കുന്നതിലൂടെ പഠനം രസകരമാക്കാനാകും. ഇതിന്വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ മനസ്സുവയ്ക്കേണ്ടതുണ്ട്.
ഓരോ കുട്ടിയും ഓരോ തരത്തിലുള്ള സവിശേഷതകളുള്ളവരാകും. പഠനം, ഓര്‍മ, ബുദ്ധി തുടങ്ങിയ കഴിവുകളിലും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഇവരില്‍ ഉണ്ടാവും. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ താരതമ്യത്തിന് ഒരു പ്രസക്തിയുമില്ല.

അടിസ്ഥാനം ഭാഷാശേഷി
പഠനപരമായ എല്ലാ ശേഷികളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനം ഭാഷാശേഷിയാണെന്ന് പറയാം. മസ്തിഷ്കത്തിലെ സവിശേഷ ഭാഷാകേന്ദ്രത്തിന്റെ പ്രവര്‍ത്തനംമൂലം ജനിച്ചുവളരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാഷ സ്വാഭാവികമായി സ്വായത്തമാക്കാനാകും. ഭാഷാശേഷി ശരിയാംവണ്ണം വികസിതമാകുന്നതിലൂടെ മാത്രമേ മറ്റ് മസ്തിഷ്കപ്രവര്‍ത്തനങ്ങളുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും ശേഷി വികസിക്കൂ. സംസാരം, എഴുത്ത്, വായന, പദശേഷി വികസിപ്പിക്കല്‍ തുടങ്ങിയ ഭാഷാസിദ്ധികള്‍ മസ്തിഷ്കവികാസത്തിന്റെ കാര്യത്തില്‍ അതിപ്രധാനമാണ്. ഭാഷാപ്രശ്നങ്ങളുള്ള 70 ശതമാനത്തോളം കുട്ടികള്‍ക്കും പഠനപ്രശ്നങ്ങള്‍ കാണാറുണ്ട്.
 
പഠിക്കാന്‍ പഠിക്കാം
മിക്ക കുട്ടികള്‍ക്കും പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നത് കഴിവില്ലാഞ്ഞിട്ടല്ല. മറിച്ച് പഠനശേഷി വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണ്. പഠനവും പരീക്ഷയും കുട്ടികള്‍ക്കുള്ളതാണെങ്കിലും ഇവ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കള്‍ക്ക് കഴിയും. ഇതിനുവേണ്ടിയുള്ള ലളിതമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നു മാത്രം. കുടുംബം, സ്കൂള്‍, സാഹചര്യങ്ങള്‍ ഇവയൊക്കെ കുട്ടിയുടെ പഠനത്തെ സ്വാധീനിക്കാറുണ്ട്.

പഠിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍
ശബ്ദവും മറ്റ് ശല്യങ്ങളും ഇല്ലാത്ത സ്ഥലമാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറ്റവും അനുയോജ്യം. എന്നും ഒരേ സ്ഥലത്തിരുന്ന് പഠിക്കുന്നതും ഗുണംചെയ്യും. വിനോദത്തിനായി ഈ സ്ഥലം ഉപയോഗിക്കരുത്. പഠിത്തത്തില്‍നിന്ന് ശ്രദ്ധ അകറ്റുന്ന സാധനങ്ങള്‍ മേശപ്പുറത്തുനിന്ന് മാറ്റുകയും വേണം. രോഗം ഉള്ളപ്പോള്‍ അവഗണിച്ച് പഠിക്കാനിരിക്കരുത്. കിടന്നുവായിക്കുന്നതും ഒഴിവാക്കണം.

ടൈംടേബിള്‍ പഠനം കാര്യക്ഷമമാക്കും
ഓരോ കുട്ടിയും വ്യത്യസ്ത സമയമാണ് പഠിക്കാന്‍ തെരഞ്ഞെടുക്കുക. കളിക്കാനും പഠിക്കാനും ഒക്കെയായി സമയം പ്രയോജനകരമായി ഉപയോഗിക്കുന്നവര്‍ സ്വാഭാവികമായും മുന്നിലെത്തും. വളരെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാവണം ടൈംടേബിള്‍. വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതോടൊപ്പം കളിക്കാനും ഇടവേളകള്‍ക്കുമുള്ള സമയം ടൈംടേബിളില്‍ ഉണ്ടാകണം. അതുപോലെ പ്രവൃത്തിദിവസത്തിനും അവധിദിവസത്തിനും വെവ്വേറെ ടൈംടേബിള്‍ തയ്യാറാക്കണം.

ഏതു വിഷയം ആദ്യം പഠിക്കും?

വീട്ടിലിരുന്നു പഠിക്കുമ്പോള്‍ മറ്റ് സാഹചര്യങ്ങളില്‍ പാറിനടക്കുന്ന മനസ്സിനെ പഠനത്തിലേക്ക് ഗതിമാറ്റിവിടാന്‍ തുടക്കത്തില്‍ അല്‍പ്പം ശ്രമംവേണ്ടിവരും. പെട്ടെന്ന് വിരസത അനുഭവപ്പെടുമെന്നതിനാല്‍ പഠനം ആരംഭിക്കുമ്പോള്‍ കഠിനമായ വിഷയങ്ങള്‍ ഒഴിവാക്കി ഇഷ്ടവിഷയങ്ങള്‍ പഠിക്കുന്നതാണ് ഉചിതം. മനസ്സ് പഠനത്തില്‍ മുഴുകിക്കഴിഞ്ഞാല്‍ തുടര്‍ന്ന് കഠിനവിഷയം പഠിക്കാനെടുക്കാം. വീണ്ടും വിരസത തോന്നിയാല്‍ ഇഷ്ടവിഷയങ്ങള്‍ പഠിക്കുക. ഇപ്രകാരം ഇടകലര്‍ത്തി പഠിക്കുന്നത് കൂടുതല്‍ പഠനമികവ് നല്‍കുന്നു.  പഠനത്തോട് താല്‍പ്പര്യവും ഉണ്ടാകുന്നു.

എഴുതിപ്പഠിക്കാം
തലച്ചോറിന്റെയും കൈകളുടെയും കാഴ്ചയുടെയും ഒക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നത് എഴുതുമ്പോഴാണ്. തലച്ചോറിനെ കൂടുതല്‍ ആഴത്തില്‍ മുഴുകാന്‍ ഇത് സഹായിക്കും. പറയുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എഴുതിപ്പഠിക്കുമ്പോള്‍ തിരിച്ചറിയാം. മനസ്സില്‍ ഉറയ്ക്കാനും ദീര്‍ഘകാലം മറക്കാതിരിക്കാനും എഴുതിപ്പഠിക്കല്‍ ഗുണംചെയ്യും.

പഠനം ഇന്ദ്രിയബോധം അനുസരിച്ച്
ദൃശ്യബോധം കൂടുതലുള്ളവര്‍, ശ്രവണബോധം കൂടുതലുള്ളവര്‍ എന്നിങ്ങനെ ഇന്ദ്രിയബോധം അനുസരിച്ച് കുട്ടികളെ രണ്ടായി തിരിക്കാം. ദൃശ്യബോധം കൂടുതലുള്ളവര്‍ ഉറക്കെ വായിച്ചുപഠിക്കേണ്ടതില്ല. മറിച്ച് ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍ ഇവ ഉപയോഗിച്ചുള്ള പഠനമാണ് ഇവര്‍ക്ക് അനുയോജ്യം. പ്രധാന ഭാഗങ്ങള്‍ അടയാളപ്പെടുത്തി വായിക്കുന്നതും ഇവര്‍ക്ക് പഠനം എളുപ്പമാക്കും. എന്നാല്‍ ശ്രവണബോധം കൂടുതലുള്ള കുട്ടികള്‍ ഉറക്കെ വായിച്ചുപഠിക്കുന്നതും പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കുന്നതും ചര്‍ച്ചചെയ്യുന്നതും വളരെ പ്രയോജനംചെയ്യും.

ഏകാഗ്രതയും ഇടവേളകളും

ഇതുവരെ പഠിച്ച കാര്യങ്ങളെ തലച്ചോറിന് അപഗ്രഥിച്ച് സൂക്ഷിച്ചുവയ്ക്കാന്‍ പഠിത്തത്തിനിടയില്‍ സെക്കന്‍ഡുകളോ, ഏതാനും മിനിറ്റോ ദൈര്‍ഘ്യമുള്ള ഇടവേളകള്‍ അനിവാര്യമാണ്. ഇടവേളയ്ക്കുശേഷം ബോധപൂര്‍വം തിരിച്ച് പഠനത്തിലേക്കുവരാനും കുട്ടികള്‍ ശ്രദ്ധിക്കണം.

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍
വായിക്കുമ്പോള്‍ തലച്ചോറില്‍ ആദ്യം രേഖപ്പെടുത്തുന്നത് ഹ്രസ്വകാല ഓര്‍മയായാണ്. അത് ദീര്‍ഘകാല ഓര്‍മയിലേക്ക് മാറ്റപ്പെട്ടെങ്കില്‍ മാത്രമേ വീണ്ടും ഓര്‍ത്തെടുക്കാന്‍കഴിയൂ. ആവര്‍ത്തിച്ച് പഠിക്കുക, പഠിച്ചത് ഓര്‍ക്കാന്‍ ശ്രമിക്കുക തുടങ്ങിയവ ദീര്‍ഘകാല ഓര്‍മയായി രേഖപ്പെടുത്താന്‍ സഹായിക്കും. പദ്യം, ഗദ്യം, പേരുകള്‍, തീയതികള്‍ ഇവ ഉറക്കെ ആവര്‍ത്തിച്ചുപഠിക്കുന്നത് ഓര്‍ക്കാനുള്ള എളുപ്പവഴിയാണ്. പദ്യങ്ങള്‍ വിഭജിച്ച് ഇത്തരത്തില്‍ പഠിക്കാം. വായിച്ചത് അഞ്ചുമിനിറ്റിനുള്ളില്‍ ഓര്‍ത്തെടുക്കുക, രണ്ടു സെക്കന്‍ഡ് വിശ്രമിച്ചശേഷം അടുത്തഭാഗം പഠിക്കുക എന്നിവവഴി ആദ്യം പഠിച്ചത് ഓര്‍മയില്‍നിന്ന് നഷ്ടപ്പെടാതിരിക്കും. അന്നന്ന് പഠിച്ച കാര്യങ്ങളെല്ലാം ഉറങ്ങാന്‍കിടക്കുമ്പോള്‍ ഓരോന്നായ് ഓര്‍ക്കുക, രാത്രിയില്‍ നേരത്തെ കിടന്ന് അതിരാവിലെ പഠിക്കുന്നതും ഓര്‍മ കൂട്ടാറുണ്ട്.

മികവു നേടാന്‍
പഠനത്തോടൊപ്പം സാഹിത്യം എഴുതുക, വായിക്കുക, സംഗീതാഭിരുചി വളര്‍ത്തുക, പ്രസംഗം, ചര്‍ച്ചകള്‍ ഇവയൊക്കെ നിലനിര്‍ത്തുന്നത് കുട്ടികളിലെ ജന്മസിദ്ധ കഴിവുകള്‍ ഉണര്‍ത്തുകയും പഠനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഉയര്‍ന്ന മാര്‍ക്ക് നേടാന്‍
പുതുതായി നേടുന്ന അറിവുകളെ പഴയ അറിവുകളുമായി കോര്‍ത്തിണക്കുന്നത് പരീക്ഷയ്ക്ക് സഹായകമാകും. കൂടാതെ ഏകാഗ്രതയോടെ പഠിക്കുക, പഠിക്കേണ്ടഭാഗങ്ങളെ ചെറുഘടകങ്ങളാക്കി തിരിച്ച് പഠിക്കുക, ആവര്‍ത്തിച്ച് പഠിക്കുക ഇവയും ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാക്കും. മുന്‍ ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ക്കുത്തരം സമയബന്ധിതമായി എഴുതാന്‍ ശ്രമിക്കണം. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ടവ ലഘുലേഖകളായി സൂക്ഷിക്കുക, ഡയഗ്രം, ഗ്രാഫ്, ചിത്രങ്ങള്‍, പദ്യ-ഗദ്യ രൂപത്തിലാക്കി ഓര്‍ക്കുക, വാക്കുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഓര്‍മിക്കുക ഇവ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സഹായകമാകും.

ഉറക്കം ഒരു ഔഷധം

പഠനത്തിന് ഊര്‍ജംപകരുന്ന, മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമാണ് ഉറക്കം. ബൌദ്ധിക കഴിവുകള്‍ വികസിക്കാന്‍ കുട്ടികള്‍ ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങണം. പകല്‍ ആര്‍ജിക്കുന്ന അറിവും അനുഭവങ്ങളുമെല്ലാം ഉറങ്ങുമ്പോഴാണ് വേര്‍തിരിക്കുന്നതും ഓര്‍മച്ചെപ്പുകളാക്കുന്നതും. കുട്ടികള്‍ ഉറക്കത്തിന് ചിട്ടപാലിക്കുന്നത് ഗുണംചെയ്യും. രാവിലെ 5-6ന് എഴുന്നേല്‍ക്കത്തക്കവിധം രാത്രി ഉറങ്ങാന്‍കിടക്കണം. പഠനത്തിന് ഇത് വളരെ പ്രയോജനംചെയ്യും.

പഠനം മെച്ചപ്പെടുത്താന്‍ നല്ല ഭക്ഷണം
പഠനവുമായി ഏറ്റവും ബന്ധപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദീര്‍ഘനേരത്തെ ഉറക്കത്തിനുശേഷം കഴിക്കുന്ന ഈ ഭക്ഷണമാണ് കുട്ടികളെ സ്കൂളിലെ പ്രശ്നങ്ങള്‍ നേരിടാനും പഠിക്കാനും ശ്രദ്ധിക്കാനും ഓര്‍മിക്കാനും സഹായിക്കുന്നത്. ധാന്യങ്ങളും പയറും പഴങ്ങളും ഉള്‍പ്പെട്ടതാവണം പ്രഭാതഭക്ഷണം. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എള്ള്, കപ്പലണ്ടി, നാടന്‍കോഴിയിറച്ചി, ആട്ടിറച്ചി, പാല്‍വിഭവങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെട്ട ഭക്ഷണം ക്ഷീണത്തെ അകറ്റി പഠനം മികവുറ്റതാക്കും.

കളിച്ചുവളരാം
ഓടിക്കളിക്കുന്ന കുട്ടികളുടെ പഠനിലവാരം വളരെ മുമ്പിലാണ്. മാത്രമോ, രോഗപ്രതിരോധശേഷി, മാനസികോല്ലാസം, സാമൂഹികമായ കഴിവുകളുടെ വികസനം എന്നിവയെല്ലാം അവര്‍ക്ക് പുറംകളികളിലൂടെ ലഭ്യമാകും. വീഡിയോ ഗെയിം, കാര്‍ട്ടൂണ്‍ അഡിക്ഷന്‍ എന്നിവ എഡിഎച്ച്ഡിപോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ടെന്നും രക്ഷിതാക്കള്‍ അറിയേണ്ടതുണ്ട്. യോഗയും പാട്ടുകേള്‍ക്കലും കുട്ടികളുടെ മാനസികസമ്മര്‍ദം കുറയ്ക്കും.

ഓര്‍മയ്ക്ക് മിഴിവേകാന്‍ രസായന ഔഷധങ്ങള്‍
ബലം, ആരോഗ്യം, ഊര്‍ജം, ഓര്‍മ ഇവ ഉചിതമായ രസായന ഔഷധങ്ങളിലൂടെ നേടാനാകും. ബ്രഹ്മി, ശംഖുപുഷ്പം, ഇരട്ടിമധുരം, വയമ്പ്, ചിറ്റമൃത്, നെല്ലിക്ക തുടങ്ങിയവ ഓര്‍മയ്ക്ക് മിഴിവേകാന്‍ ആയുര്‍വേദം ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ പ്രധാനമാണ്.

(മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)
drpriyamannar@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top