19 April Friday

സ്തനാർബുദം നേരത്തെ കണ്ടെത്താം; ഭേദമാക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

തിരുവനന്തപുരം> സംസ്ഥാനത്ത്‌ സ്‌ത്രീകളിൽ റിപ്പോർട്ട്‌ ചെയ്യുന്ന അർബുദങ്ങളിൽ ഏറ്റവും കൂടുതൽ സ്തനാർബുദമെന്ന്‌ തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ കണക്കുകൾ. ജനുവരിയിൽ പുറത്തിറങ്ങിയ സംസ്ഥാന ഇക്കണോമിക്‌ സർവേയിൽ പ്രസിദ്ധീകരിച്ച ആർസിസിയുടെ കണക്കുകൾ പ്രകാരം ചികിത്സയ്‌ക്കെത്തിയ സ്ത്രീകളില 29 ശതമാനംപേർക്കും‌ സ്തനാർബുദമാണ്‌.

ലോകമൊട്ടാകെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്തനാർബുദ ബോധവൽക്കരണാചരണം ശനിയാഴ്ച അവസാനിക്കാനിരിക്കുമ്പോൾ ഈ രോഗത്തെപ്പറ്റി സ്ത്രീകളിൽ അവബോധം സൃഷ്‌ടിക്കേണ്ടത്‌ അത്യാവശ്യമാണ്‌. പലപ്പോഴും രോഗം നിർണയിക്കാതെ പോകുന്നതാണ്‌ സങ്കീർണതകൾ സൃഷ്‌ടിക്കുന്നത്‌. 2017–-18ൽ ആർസിസിയിൽ രജിസ്റ്റർ ചെയ്തത്‌ 16,443 ക്യാൻസർ കേസുകളാണ്‌. അതിൽ സ്തന, കേന്ദ്ര നാഡീവ്യൂഹ സംബന്ധിയായ അർബുദം സ്ഥിരീകരിച്ചത്‌ 2475 സ്‌ത്രീകൾക്കാണ്‌. 2018–-19ൽ ആകെ രജിസ്റ്റർ ചെയ്ത 15627 കേസുകളിൽ 2309 സ്‌ത്രീകളിൽ രോഗം കണ്ടെത്തി. രാജ്യത്ത്‌ 28 സ്‌ത്രീകളിൽ ഒരാൾക്ക്‌ സ്തനാർബുദം സ്ഥിരീകരിക്കുന്നുണ്ട്‌.

അവബോധം പ്രധാനം
നമ്മുടെ സംസ്ഥാനത്ത്‌ സ്‌ത്രീകളിൽ കൂടുതലും കണ്ടുവരുന്നത്‌ സ്തനാർബുദമാണെങ്കിലും, മറ്റ്‌ ക്യാൻസറുകളിൽനിന്ന്‌ വ്യത്യസ്തമായി വളരെ വേഗം പൂർണമായി ഭേദമാക്കാൻ കഴിയുന്നതാണെന്ന്‌ ബ്രെസ്റ്റ്‌ ക്യാൻസർ ഫൗണ്ടേഷൻ -ഇന്ത്യ വൈസ് പ്രസിഡന്റും ആർസിസി മുൻ പ്രൊഫസറുമായ ഡോ. എസ് പരമേശ്വരൻ പറഞ്ഞു. പലർക്കും രോഗത്തെപ്പറ്റി കൃത്യമായ അറിവില്ല. എല്ലാ മുഴയെയും അർബുദമായി കണ്ട്‌ ഭയപ്പെടുന്നവരാണ്‌ നമുക്കുചുറ്റും. 40 വയസ്സിന്‌ മുകളിൽ  പ്രായമുള്ളവരിൽ രോഗത്തെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവർ നിരവധിയാണ്‌. അത്തരം സ്‌ത്രീകളിൽ അവബോധം സൃഷ്‌ടിക്കാനാകണം. സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ അത്‌ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹമായി "സ്‌നേഹിത'
സ്‌ത്രീകളുടെ ആരോഗ്യം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ്‌ സ്‌നേഹിത വുമൻസ്‌ ഹെൽത്ത്‌ ഫൗണ്ടേഷൻ. സ്തനാർബുദരോഗ നിർണയത്തിനുള്ള ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ച്‌ സജീവമായി രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു. ലാഭേച്ഛയില്ലാത്ത ഒരുകൂട്ടം ഡോക്ടർമാരും വളന്റിയർമാരും ചേർന്നാണ്‌ ഫൗണ്ടേഷന്റെ പ്രവർത്തനം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. കോവിഡ്‌ പ്രതിസന്ധി നിലനൽക്കുന്നതിനാൽ സ്‌നേഹിതയുടെ ഈ വർഷത്തെ സ്തനാർബുദ ബോധവൽക്കരണം ഓൺലൈനിലായിരുന്നു. നാഷണൽ സർവീസ്‌ സ്കീമിന്റെ സഹായത്തോടെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ബോധവൽക്കരണം നൽകി. കോവിഡ്‌ കാലത്തും ഏകദേശം 1800ഓളം പേരിലേക്ക്‌ ഓൺലൈനിലൂടെ വിവരങ്ങൾ എത്തിക്കാനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top