26 April Friday

നിപാ വൈറസ്‌: ബംഗാളികളേയും ഈന്തപ്പഴത്തിനേയും പേടിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018

കൊച്ചി> കേരളത്തിൽ  നിപാ വൈറസ്‌ പടർന്നതിൽ  ബംഗാളിൽനിന്നോ മറ്റോ ഉള്ള  അതിഥിതൊഴിലാളികൾക്കോ വിദേശത്തുനിന്നും കൊണ്ടുവരുന്ന ഈന്തപഴത്തിനോ ഒരു പങ്കുമില്ലെന്ന്‌ ഇൻഫോ ക്ലിനിക്‌ കൂട്ടായ്‌മയിലെ ഡോ. പി എസ്‌ ജിനേഷ്‌ . അതിഥി തൊഴിലാളികളിൽ അസുഖം ബാധിച്ചിരുന്നുവെങ്കിൽ  നമുക്ക് തടയാൻ കഴിയാത്തത്ര രീതിയിൽ കൊടുങ്കാറ്റുപോലെ അത് വളർന്നേനേ.  അവരുടെ ജീവിതസാഹചര്യവും വ്യക്‌തിപരമായുള്ള സുരക്ഷാ മാർഗവും മോശനിലവാരത്തിലായതിനാലാണത്‌.  അതുകൊണ്ട് ബംഗാൾ സ്വദേശികളോ അല്ലെങ്കിൽ മറ്റേതെങ്കിലും നാട്ടിൽനിന്നു വന്ന അതിഥി തൊഴിലാളികൾ അല്ല ഈ വൈറസ് വാഹകരെന്ന്‌ നൂറുശതമാനം ഉറപ്പിച്ചു പറയാമെന്നും ജിനേഷ്‌  ഫേസ്‌ബുക്‌ പോസ്സിൽ വിശദീകരിച്ചു.

അതുപോലെ  ഈന്തപ്പഴത്തിലൂടെ കേരളത്തിലെത്തിയതാണ് ഈ വൈറസ് എന്ന ധാരണയും തെറ്റാണ്. നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും.

നാട്ടിൽ കണ്ടെത്തിയ നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും. താപനില കൂടിയാൽ സർവൈവ് ചെയ്യുന്ന സമയം കുറയും. പഴ സത്തുക്കളിൽ ഇവർക്ക് രണ്ട് മണിക്കൂർ മുതൽ രണ്ട് ദിവസം വരെ സർവൈവ് ചെയ്യാൻ സാധിക്കും.ഉണക്കിയ കായ് ഫലങ്ങളിൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽനിന്നും കയറ്റി അയയ്ക്കുന്ന ഈന്തപ്പഴങ്ങളെ കുറിച്ചാണെങ്കിൽ അവിടെ നിന്നും ഇവിടെ എത്തുമ്പോൾ എന്തായാലും ഈ സമയപരിധി കഴിഞ്ഞിരിക്കും.അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല.

എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. അതിന്റെ  സാധ്യതകൾ ഇനിയും ചർച്ച ചെയ്യേണ്ടതുണ്ട്‌. ആദ്യം ഗുരുതരമായ ഈ സാഹചര്യത്തിൽ നിന്നും കരുതലോടെ, ജാഗ്രതയോടെ കരകയറുകയാണ്‌ വേണ്ടത്‌.

ജേക്കബ് വടക്കൻചേരി, മോഹനൻ, നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നവർ ...തുടങ്ങിയവരുടെ മണ്ടത്തരങ്ങൾക്ക് തലവച്ച് കൊടുക്കാതിരിക്കലും അതിനാവശ്യമാണ്‌. നിപാ വൈറസിനെതിരെ കരുതലോടെ ബോധവത്‌കരണം നടത്തുമ്പോൾ   മണ്ടത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ജേക്കബ് വടക്കൻചേരിക്കും മോഹനനും ഒക്കെ കൂടി നശിപ്പിക്കുന്നത് സമൂഹത്തിന്റെ  ആരോഗ്യമാണ്. അത്‌ പൊതുജനങ്ങൾ മനസിലാക്കണമെന്നും ജിനേഷ്‌ ഫേസ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top