24 April Wednesday

റമദാന്‍ കാലത്ത്‌ പ്രമേഹരോഗികൾക്ക്‌ വ്രതമെടുക്കാം.. ഏറെ കരുതലോടെ

ഡോ. പി കൃഷ്ണനുണ്ണിUpdated: Monday May 20, 2019

ഡോ. പി കൃഷ്‌ണനുണ്ണി

ഡോ. പി കൃഷ്‌ണനുണ്ണി

കൊച്ചി> റമദാൻ മാസത്തിൽ  വ്രതമനുഷ്ഠിക്കുമ്പോള്‍ പ്രമേഹരോഗികൾ ഏറെ കുരുതലെടുക്കണമെന്ന്‌ റിനൈ മെഡിസിറ്റി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ ഡയരക്ടറും  പ്രമേഹരോഗ വിദഗ്ധനുമായ ഡോ. പി കൃഷ്ണനുണ്ണി പറഞ്ഞു. റമദാന്‍ വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ മതിയായ കരുതലും ശ്രദ്ധയും രക്ഷാ നടപടികളും സ്വീകരിക്കണം. ആരോഗ്യകാര്യങ്ങളെ കുറിച്ച് കൃത്യമായി നിരീക്ഷിക്കാതെ വ്രതമെടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും വ്രതം മുറിക്കുമ്പോഴും വ്രതം ആരംഭിക്കുമ്പോഴും അനുയോജ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ അപകടസാധ്യത ഒഴിവാക്കാന്‍ സാധിക്കും.

വ്രതം ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുമ്പ് പ്രമേഹ രോഗികള്‍ ഡോക്ടറെ സന്ദര്‍ശിച്ച് രോഗ നിര്‍ണയത്തിന് ഒരുങ്ങേണ്ടതാണ്. ഒരാഴ്ച മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ കണ്ട് മരുന്നിന്റെ അളവ് നിര്‍ണയിക്കണം.പ്രമേഹരോഗികള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതു മൂലമുള്ള അപകടസാധ്യത കൂടുതല്‍ പ്രകടമാകുന്ന വേളയാണ് വ്രതകാലം.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടുതലാണ്. ഇവിടെ 19.4ശതമാനം ആളുകളിലും പ്രമേഹം കാണുന്നുണ്ട്.
വ്രതമെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍, ശരീരം സംഭരിച്ചുവെച്ച ഗ്ലൂക്കോസ് ഉപയോഗിക്കുകയും പിന്നീട് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനായി ശരീരത്തിലെ കൊഴുപ്പ് വേര്‍പെടുത്തുകയുമാണ് ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത ക്രമത്തില്‍ നിലനിര്‍ത്തേണ്ടത് ശരീരത്തിന് അനിവാര്യമാണ്. വ്രതമെടുക്കുമ്പോള്‍ അത് കുത്തനെ കുറയാനിടയുണ്ട്.

12 മണിക്കൂറിലേറെ തുടര്‍ച്ചയായി വ്രതമെടുക്കുമ്പോള്‍ അന്നജത്തിന്റെ അളവ് വല്ലാതെ കുറയുകയോ അമിതമാകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. വ്രത വേളയില്‍ പുലര്‍കാലത്ത് ആദ്യഭക്ഷണം കഴിക്കുന്ന രോഗികളില്‍ ഉച്ചയ്ക്കു ശേഷം അന്നജം ശൂന്യമാകുന്ന അവസ്ഥയുണ്ടാകാം. നിര്‍ജലീകരണവും ഇതിനു കാരണമാണ്. ഈ ഘട്ടത്തില്‍ കീറ്റോ ഉല്പാദനം സംഭവിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോടെ അത് അന്നജത്തിന്റെ അളവില്‍ വലിയ ക്ഷയത്തിനും നേരത്തെയുള്ള കീറ്റോസിസിനും കാരണമാകുകയും ചെയ്യും.

കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ചേര്‍ന്ന ഭക്ഷണമാണ് വ്രതം മുറിക്കാന്‍ അനുയോജ്യം.  നല്ല നാരുള്ളതും അന്നജം കുറഞ്ഞതും ബീന്‍സ്, ഓട്‌സ്, അന്നജം കുറഞ്ഞ പച്ചക്കറികള്‍, ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രെഡ്, അരി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഹൈഡ്രേറ്റഡ് ഭക്ഷ്യവസ്തുക്കളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.


വ്രതകാലത്ത് പ്രമേഹ രോഗികള്‍ക്ക് പൊതുവെ ക്ഷീണം അനുഭവപ്പെടുകയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും വാ വറ്റിവരളുകയും ചെയ്യാറുണ്ട്. നോമ്പ് വേളയില്‍ ടൈപ്പ് 2 പ്രമേഹരോഗികളുടെ രക്തത്തില്‍ ഗ്ലൂക്കോസ് കുറയുകയും പ്രമേഹം ഉയരുന്നതും കാണാനിടയാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമാശയവീക്കം, മൂത്രാശയ അണുബാധ, കീറ്റോ അസിഡോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും ഈ വേളയില്‍ കാണാറുണ്ട്. രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവു തീവ്രമായി കുറയുന്ന അവസ്ഥ വ്രതകാലത്ത് കൂടുതലാണ്. അതുകൊണ്ടു തന്നെ വ്രതം എടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ശാരീരികാവസ്ഥ വിലയിരുത്തുകയും നോമ്പു സമയത്ത് വീട്ടില്‍ വച്ച് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് തുടര്‍ച്ചയായ പ്രമേഹ പരിശോധന നടത്തുകയും വേണം.

പ്രമേഹം നിയന്ത്രിക്കുന്ന ഗുളിക/ ഇന്‍സുലിന്‍ എന്നിവയുടെ ഡോസ് അധികരിപ്പിക്കുകയും ഇവ ഉപയോഗിക്കുന്ന സമയത്തില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാറ്റം വരുത്തുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഭക്ഷണം കഴിക്കാത്ത സമയങ്ങളില്‍ ഗുളികയുടെ ഡോസ് കുറയ്ക്കുന്നതാണ് അഭികാമ്യം. മെറ്റ്‌ഫോമിന്‍, ഗ്ലിറ്റസണ്‍സ് തുടങ്ങിയവ വ്രതകാലത്ത് സുരക്ഷിതമാണെന്നും ചില മരുന്നുകള്‍ ഈ വേളയില്‍ ഒഴിവാക്കണമെന്നും ഡോ.കൃഷ്ണനുണ്ണി സൂചിപ്പിച്ചു.

പകല്‍ വിശന്നിരുന്നതു കാരണം രാത്രിയില്‍ പഞ്ചസാരയുടെ ലെവല്‍ കൂടാനുള്ള പ്രവണത ശരീരം കാണിക്കുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ ശരിയായ അളവിലും സമയത്തും മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്. കരള്‍, ഹൃദയ, കിഡ്‌നി രോഗമുള്ള പ്രായമേറെയായ പ്രമേഹ രോഗികള്‍ വ്രതം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നും ഇത്തരക്കാര്‍ നോമ്പെടുക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top