02 June Friday

നിഥിന്റെ ശ്വാസകോശവും ഹൃദയവും ജനീഷയ്ക്ക്; ഇത് പുതുചരിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2017

കൊച്ചി > ഒരുപിടി മനസ്സുകള്‍ ശ്വാസമടക്കിപ്പിടിച്ച 12 മണിക്കൂര്‍.  നിഥിന്റെ ശ്വാസവും ഹൃദയമിടിപ്പും മുറിഞ്ഞുപോകാതെ ജനീഷയിലേക്ക് പറിച്ചുവയ്ക്കുമ്പോള്‍ ലിസി ആശുപത്രിയും ഡോ. ജോസ് ചാക്കോ പെരിയപ്പുറവും എഴുതിച്ചേര്‍ത്തത് പുതുചരിത്രം. കേരളത്തില്‍ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവച്ചാണ് ലിസി ആശുപത്രി ചരിത്രത്തില്‍ ഇടംനേടിയത്. എറണാകുളം കുട്ടമ്പുഴ വര്‍ഗീസ്-നിര്‍മല ദമ്പതികളുടെ മകള്‍ ജനീഷ (26)യിലാണ് കരുനാഗപ്പള്ളി പുതുമംഗലത്ത് കിഴക്കേതില്‍ വീട്ടില്‍ മോഹനന്‍-ലളിത ദമ്പതികളുടെ മകന്‍ നിഥിന്റെ (19) ശ്വാസകോശവും ഹൃദയവും പുതുജീവന്‍ പകര്‍ന്നത്.

നിഥിന്‍

നിഥിന്‍

രണ്ടുവര്‍ഷം മുമ്പാണ് ജനീഷ ലിസിയിലെത്തുന്നത്. ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന 'എസന്‍മെംഗര്‍' എന്ന അപൂര്‍വ അസുഖം. ജന്മനാ ഹൃദയത്തിലുണ്ടായ സുഷിരം അശുദ്ധരക്തത്തെയും ശുദ്ധരക്തത്തെയും ഇടകലര്‍ത്തി, കാലക്രമേണ ശ്വാസകോശത്തെയും ബാധിക്കുന്ന രോഗം. രണ്ട് അവയവങ്ങളും മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു പോംവഴി. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സാമ്പത്തിക സമാഹരണത്തിനുള്ള ശ്രമത്തിലായി. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനിവഴി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ്ങില്‍ (കെഎന്‍ഒഎസ്) രജിസ്റ്റര്‍ചെയ്തു.

കഴിഞ്ഞ അഞ്ചിനാണ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച നിഥിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെന്ന സന്ദേശം കെഎന്‍ഒഎസ് മുഖേന ലിസി ആശുപത്രിയില്‍ ലഭിച്ചത്. അവയവങ്ങള്‍ ജനീഷയ്ക്ക് യോജിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയ്യാറെടുത്തു.
ഈ മാസം നാലിനാണ് അപകടത്തെത്തുടര്‍ന്ന്  നിഥിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. അഞ്ചിന് മസ്തിഷ്കമരണം സംഭവിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകൃത പാനലിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ആറിന് രാവിലെ 7.45 ഓടെ അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ഹൃദയവും ശ്വാസകോശവും ഒരേസമയം കേടുകൂടാതെ എടുക്കുക എന്നത്  ശ്രമകരമായിരുന്നു.

 പൊലീസ് ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ചപ്പോള്‍ 10 മിനിറ്റ്കൊണ്ട് ലേക്ഷോറില്‍നിന്ന് ലിസിയില്‍ അവയവങ്ങള്‍ എത്തിച്ചു. 11.30 ഓടെ ശസ്ത്രക്രിയ ആരംഭിച്ചു. 3.15ന് നിഥിന്റെ ശ്വാസകോശവും ഹൃദയവും ജനീഷയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഏഴുമണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുശേഷം ജനീഷയെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. മൂന്നുദിവസം പിന്നിട്ടപ്പോള്‍ യന്ത്രസഹായം ഒഴിവാക്കി. വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്കു മാറ്റിയ ജനീഷയുടെ എല്ലാ അവയവങ്ങളും ഇപ്പോള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ നടക്കുകയും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഒരുമാസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്കര്‍ രംഗനാഥന്‍, ഡോ. തോമസ് മാത്യു, ഡോ. ജോ ജോസഫ്, ഡോ. രാഹുല്‍ സൈമണ്‍, ഡോ. ജോബ് വിത്സണ്‍, ഡോ. സി സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ് മരിയ, ഡോ. മനോരസ് മാത്യു,  ഡോ. കൊച്ചുകൃഷ്ണന്‍, ഡോ. സുമേഷ് മുരളി തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആശുപത്രിയില്‍ ഫോണില്‍ ബന്ധെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top