21 September Thursday

അവർ പഠിക്കട്ടെ... നമുക്ക്‌ കരുതലേകാം

എം ഡി വിപിൻദാസ്‌Updated: Tuesday Aug 10, 2021
കട്ടപ്പന > മുമ്പൊക്കെ ഓണപ്പരീക്ഷയെന്ന് കേൾക്കുമ്പോഴേ കുട്ടികൾക്ക് ആവേശമായിരുന്നു. പരീക്ഷകഴിഞ്ഞുള്ള അവധിയായിരിക്കും മനസ്സിൽ. പത്തുദിവസത്തെ ഓണാവധി കുളിർമയോടെ എന്നും ഓർത്തുവയ്‌ക്കാനുള്ള സുന്ദരനിമിഷങ്ങളായിരുന്നു.
 
ഈ മഹാമാരിക്കാലം കുട്ടികളുടെ സാമൂഹ്യ ജീവിതത്തെയാകെ മാറ്റിമറിച്ചു. ചങ്ങാതിമാർക്കൊപ്പം ക്ലാസ് മുറിയിലും സ്‌കൂൾമുറ്റത്തുമായി എട്ടുമണിക്കൂർ പഠിച്ചും കളിച്ചും ചെലവഴിച്ചവർ ഇന്ന് ഓൺലൈൻ ക്ലാസിൽ ഏകാന്തവാസത്തിലാണ്‌. സ്‌കൂൾമുറ്റം കണ്ടനാൾ അവർ മറന്നു. പന്ത്രണ്ട്‌ മണിക്കൂറിലേറെയാണ്‌ കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിൽ കുട്ടികൾ ചെലവിടുന്നത്‌. മൊബെെൽ ഫോൺ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി.
 
ഫോണിന്റെ അമിത ഉപയോഗം മൂലമുള്ള അപകടം തിരിച്ചറിയാതെ ഇന്റർനെറ്റിന്റെ മായികവലയത്തിൽപ്പെട്ട്‌ ചതിക്കുഴികളിലേക്ക്‌ നീങ്ങുന്നവരുമുണ്ട്‌. ചാറ്റിങ്, ഫെയ്‌സ്ബുക്ക്‌, ഇൻസ്റ്റഗ്രാം, വാട്സാപ്‌ എന്നിവിടങ്ങളിൽ ഒതുങ്ങുന്നില്ല. സൈബർ ബുള്ളിയിങ്ങി(സൈബർ ഭീഷണി)ലേക്കു വരെ കുട്ടികളെത്തി.
 
ഫ്രീഫയർ പോലുള്ള മാരക ഗെയിമുകളും അവരിൽ സ്വാധീനം ചെലുത്തി. ഇതിന്റെയെല്ലാം അനന്തരഫലമോ, കുട്ടികളിലെ സ്വഭാവ വൈകല്യവും ആത്മഹത്യാ പ്രവണതയും അതിമാനസിക വെെകല്യവുമാണ്. ഫ്രീഫയർ പോലുള്ള ഗെയിമുകൾ കുട്ടികളുടെ മാനസികനിലയെ തകർക്കുകയാണ്‌. മായാലോകത്തുനിന്ന്‌ കുട്ടികളെ രക്ഷിക്കാൻ ചികിത്സ തേടേണ്ട അവസ്ഥയും.

ഒരുമാസം; ആത്മഹത്യ ചെയ്തത് 6 കുട്ടികൾ 
ജൂൺ 30 മുതൽ ജില്ലയിൽ 14 വയസ്സിൽ താഴെയുള്ള ആറു കുട്ടികൾ ആത്മഹത്യ ചെയ്തു. ജൂൺ 30ന് കട്ടപ്പന കല്ല്യാണത്തണ്ടിൽ 14 കാരൻ ആത്മഹത്യ ചെയ്തത് മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനാണ്. ഫ്രീഫയർപോലുള്ള ഗെയിമും ഈ കുട്ടി കളിച്ചിരുന്നു. ജൂലെെ നാലിനാണ് മുരിക്കാശേരിയിൽ 10–-ാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ.
 
19ന്‌ തൊടുപുഴ മണക്കാട് 11 കാരനും ആത്മഹത്യ ചെയ്തു. കട്ടപ്പന കുന്തളംപാറയിൽ ഒമ്പതാം ക്ലാസുകാരി ജൂലെെ 22നും ചക്കുപള്ളത്ത് 12 കാരൻ കുളിമുറിയിൽ ആഗസ്‌ത്‌ ഒന്നിനും അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഏറ്റവും ഒടുവിൽ ആഗസ്‌ത്‌ ഏഴിന്‌ അടിമാലിയിൽ ഒമ്പതാം ക്ലാസുകാരനും ഇപ്രകാരം മരിച്ചു.  
 
ആത്മഹത്യാശ്രമവും 
 കുട്ടികളിലെ ആത്മഹത്യകൾ സംബന്ധിച്ചേ കൃത്യമായ കണക്കുള്ളൂ. ആത്മഹത്യാശ്രമങ്ങൾ പലതും പുറംലോകം അറിയാറില്ല. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്ത ഒരു കേസുണ്ട്‌. പതിനഞ്ചുകാരി ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്‌.
 
സ്കൂളിലെ കുട്ടികളുടെ വാട്സാപ്‌ ഗ്രൂപ്പിൽ പുറമെനിന്നുള്ള ഒരാൾ നുഴഞ്ഞുകയറി ചില പെൺകുട്ടികളുടെ ഫോൺനമ്പരുകൾ കൈക്കലാക്കി. സൈബർ ബുള്ളിയിങ്ങിലൂടെ ഒരു കുട്ടിയുടെ മൊബൈൽഫോണിലെ വിവരങ്ങൾ മനസ്സിലാക്കി.
 
ഇതിനുശേഷം ശരീരഭാഗങ്ങളുടെ വീഡിയോ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. നീലച്ചിത്രം നിർമിച്ച്‌  നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി. ചൈൽഡ് ലൈൻ സമയോചിതമായി ഇടപെട്ട് കുട്ടിയെ സുരക്ഷിതയാക്കി. പൊലീസ്‌ കേസെടുത്ത്‌ നടപടിയും സ്വീകരിച്ചു. ചെറിയ പ്രശ്നങ്ങൾപോലും കുട്ടികളിലെ ആത്മഹത്യയ്‌ക്ക്‌ കാരണമാകുന്നുവെന്ന്‌ ചെെൽഡ് ലെെൻ പ്രവർത്തകർ പറയുന്നു. 
 
അമിതാവേശം വിനയാകും
മാതാപിതാക്കൾ കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കാത്തതും കാര്യങ്ങൾ വഷളാക്കുന്നു. ജീവിതസാഹചര്യങ്ങളിൽ എത്ര നെട്ടൊട്ടമോടേണ്ടി വന്നാലും മക്കൾക്ക്‌ മതിയായസമയം നീക്കിവയ്‌ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ ശാസ്‌ത്രീയമായ രീതിയിലാകണം നിരുത്സാഹപ്പെടുത്തേണ്ടത്‌.
 
മറിച്ച്‌, ദേഷ്യപ്പെട്ട്‌ ഫോൺ കുട്ടികളിൽനിന്ന് പൂർണമായും ഒഴിവാക്കുന്നത് വിപരീതഫലം സൃഷ്ടിക്കും. ജില്ലയിൽ അഞ്ചു കുട്ടികളുടെ ആത്മഹത്യയിലേക്ക്‌ വഴിവച്ചത്‌ ഇത്തരം ഇടപെടലാണെന്നാണ്‌ ചൈൽഡ്‌ലൈൻ പ്രവർത്തകർ പറയുന്നത്.  
 
കുട്ടികളുടെ പല വാശികളും പതുക്കെയേ മാറ്റിയെടുക്കാൻ ശ്രമിക്കാവൂ. മൂന്നു മാസമെങ്കിലും കാത്തിരിക്കാം. ഫോൺ ഉപയോഗിക്കാൻ നിശ്ചിതസമയം നൽകാം. അതോടൊപ്പം സ്വയം നിയന്ത്രിക്കാനും പഠിപ്പിക്കാം. സമൂഹവുമായി ഇടപഴകാനും അവരെ പ്രേരിപ്പിക്കണം. ചെറിയ കാര്യങ്ങളിൽപോലും പങ്കാളിയാക്കുക. ചെയ്യുന്ന കാര്യങ്ങളിൽ പ്രോത്സാഹനവും നൽകണം.
 
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളെ കീഴ്പ്പെടുത്താതിരിക്കാൻ ജാഗ്രത വേണം. നിശ്ചിത സമയങ്ങളിൽ ഫോൺ കൊടുക്കുക. സമപ്രായക്കാരുമായി നേരിട്ട് ഇടപെടാൻ അവസരം സൃഷ്ടിക്കുക. കുട്ടികളുടേതു പോലെ രക്ഷിതാക്കളും വാട്സാപ്‌ ഗ്രൂപ്പുകൾ തുടങ്ങി കുട്ടികളുടെ  പ്രശ്നങ്ങൾ പരസ്‌പരം മറ്റു രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്നത് നല്ലതാണ്‌.
 
കുട്ടികളിലെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ക്യാരംസ്, ചെസ്‌ പോലുള്ള കളികളിലേക്ക്‌ അവരെ ആകർഷിക്കുക. എല്ലാ ദിവസവും കുട്ടികളുടെ ഫോൺ പരിശോധിക്കുക. കുട്ടികളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. സ്വഭാവ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികൾക്ക്‌ കൗൺസലിങ്ങും ചികിത്സയും ചൈൽഡ് ലൈൻ മുഖേനയോ മറ്റു സർക്കാർ സംവിധാനങ്ങളിലൂടെയോ ലഭ്യമാക്കാം.
 
കൂടെയുണ്ട്
കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടുന്നത്‌ കണക്കിലെടുത്ത്‌ ഇടുക്കി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ഇടുക്കി ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത്തലത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കും.
 
കാഞ്ചിയാർ പഞ്ചായത്തിൽ 15 ചിൽഡ്രൻസ് ക്ലബ്ബുകൾ രൂപീകരിച്ചു. പത്ത്‌ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പിൽ എല്ലാ ആഴ്ചയിലും കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചൈൽഡ്‌ലൈൻ മുൻകൈയെടുത്ത്‌ യോഗം ചേരും. ഓരോ ഗ്രൂപ്പിലും വളന്റിയറെ നേരിട്ടോ, 1098 നമ്പരിലോ കുട്ടികൾക്ക് പ്രശ്നങ്ങൾ വിളിച്ചറിയിക്കാം. എല്ലാ പഞ്ചായത്തുകളിലും ചിൽഡ്രൻസ് ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top