26 April Friday

വൃക്കപരാജയവും മരണാനന്തര വൃക്കമാറ്റിവയ്ക്കലും

ഡോ. ജോര്‍ജി കെ നൈനാന്‍Updated: Thursday Mar 31, 2016

സ്ഥിരമായിട്ടുള്ള വൃക്കപരാജയത്തിനാണ് എന്നു പറയുന്നത്. ചികിത്സയിലൂടെ വലിയ പരിധിവരെ രോഗം മൂര്‍ഛിക്കുന്നത് തടയാന്‍ സാധിക്കും. രക്താതിമര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ്, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുക, ആവശ്യമില്ലാത്ത മരുന്നുകള്‍ കഴിക്കാതിരിക്കുക എന്നുള്ളതാണ് വൃക്കപരാജയം കൂടാതിരിക്കുന്നതിനും അല്ലെങ്കില്‍ അതിനെ തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍. ഇതുകൂടാതെ കാല്‍സ്യം, ഫോസ്ഫറസ് എന്നു തുടങ്ങിയ എല്ലുകളുമായ ബന്ധപ്പെട്ട മിനറല്‍സിനെ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. സികെഡി ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയില്ല. കാലക്രമേണ അതിന്റെ പരാജയം കൂടി സ്റ്റേജ് ഒന്നില്‍നിന്ന് അഞ്ചാം സ്റ്റേജ് അഥവാ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസിലേക്ക് പോകും. ആ സമയത്ത് റെനല്‍ റീപ്ളേസ്മെന്റ് തെറാപ്പി എന്നു പറഞ്ഞാല്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കുക എന്നതാണ്.

വൃക്ക മാറ്റിവയ്ക്കുമ്പോള്‍
 വൃക്ക മാറ്റിവയ്ക്കലിന് ഒരുങ്ങുമ്പോള്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഓര്‍ക്കേണ്ടത്. 1. ഒരു വൃക്കദാതാവിനെ കണ്ടെത്തുക, 2. നിയമവശങ്ങള്‍ മനസ്സിലാക്കുക, 3. സാമ്പത്തികമായി ഒരുങ്ങുക. നിയമവശങ്ങള്‍ സ്വന്തക്കാര്‍ക്കും സ്വന്തമല്ലാത്തവര്‍ക്കും വ്യത്യാസമുണ്ട്. സ്വന്തക്കാര്‍ എന്നു പറയുമ്പോള്‍ അച്ഛന്‍, അമ്മ, മുത്തശ്ശീമുത്തശ്ശന്മാര്‍, മക്കള്‍, ചെറുമക്കള്‍, സഹോദരങ്ങള്‍, ഭാര്യ–ഭര്‍ത്താവ് ഇത്രയും പേരില്‍ ആരെങ്കിലും ഒരു വ്യക്തി മറ്റേയാള്‍ക്ക് വൃക്ക ദാനംചെയ്താല്‍ അതുചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതിനല്‍കാന്‍ സര്‍ക്കാര്‍ അനുവാദംകൊടുത്തിട്ടുണ്ട്. ഇതില്‍പ്പെടാത്ത ഏതെങ്കിലും വ്യക്തി കൊടുത്താല്‍ സര്‍ക്കാര്‍ ഓഥറൈസേഷന്‍ കമ്മിറ്റിയില്‍ പോകണം. ഇപ്പോള്‍ ഒരു വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് 6–7 ലക്ഷം രൂപ ചെലവുവരും.

മസ്തിഷ്കമരണം
മസ്തിഷ്കമരണത്തിന്  റോഡപകടങ്ങളാണ് കൂടുതല്‍ ഇടയാക്കുന്നത്. ഇത് കൂടാതെ മസ്തിഷ്ക്കത്തിലുള്ള രക്തസ്രാവവും മസ്തിഷ്കമരണം ഉളവാക്കാം. മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത് ന്യൂറോ സര്‍ജന്‍/ന്യൂറോളജിസ്റ്റ് ഡോക്ടര്‍മാര്‍ ആണ്.  മസ്തിഷ്കമരണത്തില്‍ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നില്ല. മറ്റ് ആന്തരിക അവയവങ്ങള്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് മൂത്രമുണ്ടാകുന്നു, ഹൃദയം പമ്പ്ചെയ്യുന്നു, ലിവര്‍ വര്‍ക്ക്ചെയ്യുന്നു. കൃത്രിമ ശ്വാസംവഴി നിലനിര്‍ത്തുന്നതുമൂലം വൃക്കകള്‍, കരള്‍, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കുടല്‍, കൈപ്പത്തികള്‍ എന്നിവ മാറ്റിവയ്ക്കാം. മസ്തിഷ്കമരണം സ്ഥിരീകരിച്ചുകഴിഞ്ഞ ആ ആശുപത്രിയിലെ അധികൃതര്‍ സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്   എന്ന പദ്ധതിയിലെ തിരുവനന്തപുരം ഓഫീസില്‍ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.  ഗചഛട ഈ അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ മേല്‍നോട്ടം വഹിക്കുകയുംചെയ്യുന്നു. ഇതിനകം 350ല്‍പ്പരം മരണാനന്തര വൃക്കമാറ്റല്‍ ശസ്ത്രക്രിയ കേരളത്തില്‍ നടന്നിട്ടുണ്ട്. (വിശദവിവരങ്ങള്‍ക്ക് http://knos.org.in)

ഡയാലിസിസ്
വൃക്കകള്‍ രണ്ടും പരാജയപ്പെട്ട് സ്റ്റേജ് അഞ്ചില്‍ വരുമ്പോള്‍ ക്രിയാറ്റിനിന്‍ 5 മി.ഗ്രാമിന് മുകളിലുള്ള രോഗികള്‍ക്ക് ഡയാലിസിസ് ഏതുസമയവും തുടങ്ങേണ്ടിവരും. കൂടുതലും ബാഹ്യലക്ഷണങ്ങള്‍ വച്ചുകൊണ്ടാണ്  ഡയാലിസിസ് തുടങ്ങുന്നത്. ക്രിയാറ്റിനിന്‍ 5 മി.ഗ്രാം ആകുന്നതിനുമുമ്പേതന്നെ ഭാവി ചികിത്സയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ആ വ്യക്തിക്ക് വൃക്കമാറ്റല്‍ ശസ്ത്രക്രിയ വേണ്ടേ? സ്വന്തക്കാര്‍ ആരെങ്കിലും വൃക്ക ദാനംചെയ്യുന്നുണ്ടോ?

അടുത്ത ബന്ധുക്കളില്ലെങ്കില്‍ അകന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഉണ്ടോ? അങ്ങനെ വൃക്കദാതാക്കളില്ലാത്ത ഒരു വ്യക്തിക്ക് വൃക്കമാറ്റാനായിട്ട് ഒരവസരം മൃതസഞ്ജീവനിയിലൂടെ നേരത്തെ രജിസ്റ്റര്‍ചെയ്താല്‍ വൃക്ക ലഭ്യമാണ്. ഇപ്പോള്‍ 1200ല്‍പ്പരം രോഗികള്‍ ഗചഛടല്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നതുകൊണ്ട് വെയ്റ്റിങ്  പിരീഡ് ഒന്നരവര്‍ഷംതൊട്ട് രണ്ടുവര്‍ഷംവരെ ആയി.

മരണാനന്തര വൃക്കമാറ്റിവയ്ക്കല്‍
മരണാനന്തര വൃക്കമാറ്റലിന്റെ ഏറ്റവുംവലിയ ഗുണം കൂടുതല്‍ കടലാസ് ജോലികള്‍ ഇല്ലെന്നതാണ്. കൂടാതെ വൃക്കയുടെ വില ആര്‍ക്കും നല്‍കേണ്ടതില്ല. ഇതിന്റെ പോരായ്മ അധികനാള്‍ വെയിറ്റ്ചെയ്യേണ്ടിവരുമെന്നതാണ്. സീനിയോറിറ്റി അനുസരിച്ചാണ് മരണാനന്തര അവയവങ്ങള്‍ അലോട്ട്ചെയ്യുന്നത്. ഗചഛടല്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ആശുപത്രിയിലെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിക്ക് കൊടുക്കുകയും മറ്റേ വൃക്ക ഗവ. മെഡിക്കല്‍ കോളേജിനും കൊടുക്കുന്നു. ഗവ. മെഡിക്കല്‍ കോളേജ് തിരസ്കരിച്ചാല്‍ അത് സോണല്‍ ആശുപത്രിയിലൂടെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിയുടെ ക്രമമനുസരിച്ച് അലോട്ട്ചെയ്യും. മസ്തിഷ്കമരണം ട്രാന്‍സ്പ്ളാന്‍് നടക്കാത്ത ആശുപത്രിയിലാണ് നടക്കുന്നതെങ്കില്‍ ആ രണ്ട് വൃക്കകളില്‍ ഒന്ന് ഗവണ്‍മെന്റിനും മറ്റേത് സോണല്‍ ക്വാട്ടയിലും കൊടുക്കും.

എങ്ങനെ രജിസ്റ്റര്‍ചെയ്യാം
ഏത് ആശുപത്രിയിലൂടെയാണ് രജിസ്റ്റര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്യണം. നിങ്ങളുടെ രോഗവിവരങ്ങള്‍ അവിടെ രേഖപ്പെടുത്തണം. രക്തഗ്രൂപ്പ് സ്ഥിരീകിരക്കണം. ബ്ളഡ് ഗ്രൂപ്പ് അനുസരിച്ചാണ് അലോട്ട്മെന്റ്. നിര്‍ദിഷ്ട ഫോറം പൂരിപ്പിക്കുകയും നിശ്ചിത ഫീസ് അടച്ച്് ഈ ഫോമിന്റെ കൂടെ നിങ്ങള്‍ ആശുപത്രിവഴി ഫോര്‍വേര്‍ഡ് ചെയ്യുകയും അവിടെ രജിസ്റ്റര്‍ചെയ്ത് വെബ്സൈറ്റില്‍ നിങ്ങളുടെ പേര് വരികയും രജിസ്റ്റര്‍നമ്പര്‍ അറിയിക്കുകയും ചെയ്യുന്നു. രജിസ്റ്റര്‍ചെയ്യുമ്പോള്‍ നിങ്ങളുടെ രണ്ട് ഫോണ്‍നമ്പറുകള്‍ കൊടുക്കണം. മസ്തിഷ്കമരണത്തിലൂടെ ഒരു വൃക്ക ലഭ്യമാകുമ്പോള്‍ മൂന്നു രോഗികളെ വിളിക്കും. അവരുടെ ഡയാലിസിസ് പല സ്ഥലങ്ങളിലായിരിക്കാം. നേരത്തെതന്നെ അവരെ പരിശോധിച്ച് അവരുടെ മെഡിക്കല്‍ ഫിറ്റ്നസ് നോക്കിവച്ചിട്ടുള്ളവരായിരിക്കും. അറിഞ്ഞാലുടനെതന്നെ അവര്‍ വൃക്കമാറ്റല്‍ നടക്കേണ്ട ആശുപത്രിയിലേക്ക് വരേണ്ടതാണ്. അവിടെവന്നാല്‍ ഡയാലിസിസ് ആവശ്യമുണ്ടെങ്കില്‍ അതു ചെയ്യുകയും മറ്റുള്ള പരിശോധനകള്‍ചെയ്ത് ഫിറ്റ്നസ്, കാര്‍ഡിയോളജി, അനസ്തേഷ്യ, ചെക്കപ്പ് നടത്തി രോഗിയെ എത്രയും പെട്ടെന്ന് വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് ഒരുക്കുന്നു. ഇതെല്ലാം നേരത്തെതന്നെ അറിയിക്കുകയും ഇതിന്റെ എല്ലാ സങ്കീര്‍ണവശങ്ങളും നേരത്തെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ ആ സമയത്ത് പ്രത്യേകിച്ച് പുതുതായിട്ട് ചെയ്യാന്‍ ഒന്നുംതന്നെ ഇല്ല.

മസ്തിഷ്കമരണം സംഭവിച്ചയാളുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്തി സ്വീകര്‍ത്താവില്‍ മാറ്റിവയ്ക്കുന്നത് വരെയുള്ള ചെലവ് വൃക്കകള്‍, കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ സ്വീകരിച്ചവര്‍ തുല്യമായി പങ്കിട്ട് വഹിക്കുന്നു. ഇതിന് രണ്ടുലക്ഷം രൂപയില്‍ കൂടാത്ത ചെലവ് ആശുപത്രിക്ക് ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്്.

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 56  മരണാനന്തര വൃക്കദാനം ഞങ്ങളുടെ ടീമിന് ചെയ്യാന്‍ കഴിഞ്ഞു.  ഇതില്‍ 54 പേര്‍ സുഖമായിട്ട് (95%) നല്ല വൃക്കപ്രവര്‍ത്തനവുമായി ജീവിക്കുന്നു. മരണാനന്തര വൃക്കദാനത്തില്‍ അപകടമുണ്ടെന്നു പറയുന്നത് ശരിയല്ല. നല്ലൊരു വിദഗ്ധരുടെ ടീം, കിഡ്നി കൊടുക്കുന്നതിനുമുമ്പ് സ്വീകര്‍ത്താവിനെ നല്ലവണ്ണം ഒരുക്കി, പരിചയസമ്പന്നനായ ഒരു സര്‍ജന്‍ ഓപ്പറേറ്റ്ചെയ്ത്, അതിനുവേണ്ടി നല്ല മരുന്നും കിട്ടിക്കഴിഞ്ഞാല്‍ മരണാനന്തര വൃക്കദാനം ചെയ്യുന്നത് പുറംരാജ്യങ്ങളിലെപ്പോലെ ഇന്ന് കേരളത്തിലും യാഥാര്‍ഥ്യമായിവന്നിരിക്കുകയാണ്. ആളുകള്‍ ഇതിനെപ്പറ്റി ബോധവാന്മാരാണ്. വൃക്കമാറ്റുന്ന ആശുപത്രികളെല്ലാംതന്നെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ വന്നുകഴിഞ്ഞു.

മരണാനന്തരവൃക്ക സ്വീകരിക്കാന്‍ തയ്യാറായ വ്യക്തി ഇതിനെപ്പറ്റി ബോധവാനായിരിക്കണം. പലര്‍ക്കും മരണാനന്തര അവയവദാനത്തിനുവേണ്ടി വൃക്കള്‍ ഓഫര്‍ചെയ്യുമ്പോള്‍ അവര്‍ സാമ്പത്തികമായി ഒരുങ്ങിയിട്ടില്ലെന്ന കാരണത്താല്‍ തിരസ്കരിക്കാതിരിക്കാന്‍ പണം ആശുപത്രിയില്‍ നിക്ഷേപിക്കാം.

ഒരു ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്താല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ മാറ്റാം. ഏത് ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്തോ അവിടെനിന്ന് എന്‍ഒസി വാങ്ങി റീ–രജിസ്റ്റര്‍ ചെയ്യേണ്ട ആശുപത്രിയില്‍ കൊടുത്താല്‍ അതേ സീനിയോറിട്ടി അനുസരിച്ച് രജിസ്ട്രേഷന്‍ മാറ്റാം.

അലോട്ട്ചെയ്ത് അവയവങ്ങള്‍ ഒരു നഗരത്തില്‍നിന്ന് മറ്റു നഗരത്തിലേക്ക് കൊണ്ടുപോകാന്‍ റോഡ്മുഖേന സമയം കൂടുതല്‍ എടുക്കുന്നതുകൊണ്ട് എയര്‍ ആംബുലന്‍സ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ സിറ്റികളെ ഇതുകൊണ്ട് ബന്ധിപ്പിക്കുന്നു. അവയവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും ഇത് ഉപകരിക്കുന്നു. മാധ്യമങ്ങള്‍ അവയവദാനത്തിന്റെ വളര്‍ച്ചയില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവയവങ്ങള്‍ കൊടുക്കുന്നവരെ ആദരിക്കുക, അവരുടെ ത്യാഗമനോഭാവത്തെ അംഗീകരിക്കുക എന്നിവയടെ പശ്ചാത്തലത്തില്‍ പല കുടുംബങ്ങളും വൃക്കയും മറ്റ് അവയവങ്ങളും മസ്തിഷ്കമരണത്തിനുശേഷം ദാനംചെയ്യുന്നതിനു മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തില്‍ മരണാനന്തര അവയവദാനം വൃക്കരോഗികള്‍ക്കും വളരെയധികം പ്രതീക്ഷനല്‍കുന്നു.

കൊച്ചിയില്‍ ലേക്ഷോര്‍, പിവിഎസ് മെമ്മോറിയല്‍ ആശുപത്രികളില്‍ സനീയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top