23 April Tuesday

എന്റെ ഹൃദയമേ

ഡോ. ജോർജ്‌ തയ്യിൽUpdated: Monday Sep 30, 2019

അസാംക്രമിക രോഗങ്ങൾ മൂലം ഭൂമുഖത്ത്‌ പ്രതിവർഷം 36 ദശലക്ഷം പേരാണ്‌ മരിക്കുന്നത്‌. ഹൃദയധമനീരോഗങ്ങൾ, പ്രമേഹം, അർബുദം, പഴകിയ ശ്വാസകോശരോഗങ്ങൾ എന്നിവയാൽ ലോകത്തിൽ മൂന്നിൽ രണ്ടു മരണവും സംഭവിക്കുന്നു. ഇതുതുടർന്നാൽ പ്രതിവർഷം 44 ദശലക്ഷം പേർ ഈ രോഗങ്ങളാൽ മരണപ്പെടും എന്നാണ്‌ കണക്ക്‌. 

ഈ അപകടാവസ്ഥ തരണംചെയ്യാൻ ദൃഢനിശ്‌ചയവുമായാണ്‌ ജനീവയിൽ നടന്ന 65ാം ‘വേൾഡ്‌ ഹെൽത്ത്‌ അസംബ്ലി’ അടിയന്തര തീരുമാനവുമായി മുന്നോട്ടുവന്നത്‌. 2025ഓടെ അസാംക്രമിക രോഗങ്ങൾ മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്‌ക്കണമെന്നാണ്‌ തീരുമാനം.

ഹൃദയപരിശോധനയുടെയും ചികിത്സയുടെയും ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാൻ പാവപ്പെട്ട ജനങ്ങൾക്ക്‌ കഴിയില്ല. സാധാരണക്കാരുടെ കാര്യത്തിൽ ഹൃദ്രോഗത്തിനടിമപ്പെട്ടാൽ 20 ശതമാനം അധികച്ചെലവ്‌ കുടുംബത്തിലുണ്ടാകും. ഇത്‌ ചിലപ്പോൾ 40 ശതമാനം ആയെന്നും വരാം. ഈ സാഹചര്യത്തിൽ ചികിത്സിച്ചു നശിക്കുന്നതിനേക്കാൾ നല്ലത്‌ രോഗം വരാതെ നോക്കുന്നതാണ്‌. കാത്തുസൂക്ഷിച്ചാൽ 80‐90 ശതമാനം വരെ രോഗം തടയാൻ സാധിക്കുമെന്ന്‌ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു.

ദിനാചരണത്തിന്റെ പ്രസക്തി
2000ൽ തുടങ്ങിയ ഹൃദയദിനാചരണം ഓരോ വർഷവും വിവിധ വിഷയങ്ങളെ അധികരിച്ചാണ്‌ നടത്തുന്നത്‌. ‘എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം’ എന്ന സന്ദേശവുമായി ഈ വർഷം ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞയുണ്ട്‌.

* നമ്മുടെ വീടുകളിൽ ഹൃദയസൗഹൃദഭക്ഷണം  പാകപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്യണം.
* നമ്മുടെ കുട്ടികളിൽ വ്യായാമശീലം വർധിപ്പിക്കുകയും പുകവലിശീലം കർശനമായി ഒഴിവാക്കുകയും വേണം.
* ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും രോഗികളിൽ കൊളസ്‌ട്രോൾ കുറയ്‌ക്കുവാനുള്ള ക്രിയാത്മക നടപടികൾ തുടങ്ങുമെന്നും പുകവലിയിൽനിന്ന്‌ അവരെ പരിരക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കണം.
* ജോലിസ്ഥലത്ത്‌ ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന്‌ തൊഴിൽദാതാവും തൊഴിലാളികളും ഉറപ്പാക്കണം.
80 ശതമാനത്തോളം ഹൃദ്രോഗാനന്തര മരണസംഖ്യയും ഈ ശീലങ്ങളിലൂടെ നമുക്ക്‌ കുറയ്‌ക്കാം.

 

നിങ്ങൾക്ക്‌ സമീപ ഭാവിയിൽ ഹാർട്ടറ്റാക്ക്‌ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ ?
അരക്കെട്ടിന്റെ ചുറ്റളവ്‌, ബിഎംഐ, കൊഴുപ്പിന്റെ അതിപ്രസരം , കുടവയർ, അമിത രക്തസമ്മർദം, വ്യായാമനിലവാരം, ഭക്ഷണശൈലി, സ്‌ട്രെസ്‌ നിലവാരം തുടങ്ങിയ ഘടകങ്ങൾ അസന്തുലിതമായാൽ നിങ്ങൾ ലക്ഷ്‌മണരേഖ കടക്കുകയാണ്‌. സൂക്ഷിക്കുക.

നമ്മൾ മലയാളികൾ വിശന്നാലും ഇല്ലെങ്കിലും മൂന്നുനേരം ഭക്ഷിക്കുന്ന സ്വഭാവമുള്ളവരാണ്‌. അപഥ്യമായ ഭക്ഷണക്രമം  രക്താതിസമ്മർദം, പ്രമേഹം, വർധിച്ച കൊളസ്‌ട്രോൾ എന്നിവയ്‌ക്ക്‌ കാരണമാകുന്നു. ആവശ്യത്തിന്‌ പഴങ്ങളും പച്ചക്കറിയും കഴിക്കാത്തതു കാരണം ഹൃദ്രോഗവും സ്‌ട്രോക്കും പിന്നെ കാൻസറും  വരാം.

വ്യായാമം നിർബന്ധം
മുതിർന്നവരിൽ 30 ശതമാനം പേരും ആവശ്യത്തിന്‌ വ്യായാമം ചെയ്യുന്നില്ല. വ്യായാമരാഹിത്യം മൂലം ലോകത്ത്‌ 3.2 ദശലക്ഷം പേർ വർഷംപ്രതി മൃതിയടയുന്നു. ദിവസേന 30‐45 മിനിട്ടെങ്കിലും ഊർജസ്വലമായി വ്യായാമം ചെയ്യാൻ സാധിച്ചാൽ ഹൃദ്രോഗവും സ്‌ട്രോക്കും നല്ലൊരു പരിധിവരെ തടയാം. മിതമായ വേഗതയിൽ നടത്തം, ജോഗിങ്ങ്‌, സൈക്ലിങ്ങ്‌, ഡാൻസിങ്ങ്‌ ഇവയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കൃത്യമായി ചെയ്യാം. വിവിധ യോഗമുറകൾ അഭ്യസിക്കുന്നതും നല്ലതാണ്‌.

‘മെറ്റാബോളിക്‌ സിൻഡ്രോം’ എന്ന്‌ വിളിക്കപ്പെടുന്ന രോഗശൃംഖല ഇന്ന്‌ പ്രബലപ്പെട്ടുവരികയാണ്‌. ഇൻസുലിൻ ഹോർമോണിനോട്‌ ശരീരം വേണ്ടരീതിയിൽ പ്രതികരിക്കാത്ത അവസ്ഥയാണിത്‌. കൂടാതെ കൊറോണറി ധമനികളുടെ ദുരിതാവസ്ഥ, ദുർമ്മേദസ്‌, കൊഴുപ്പിന്റെ ആധിക്യം, വർധിതപ്രഷർ ഇവയെല്ലാം കൂടി രോഗാതുരത പതിന്മടങ്ങാക്കുന്നു. ഹൃദയാരോഗ്യത്തെ തല്ലിത്തളർത്തുന്ന പ്രതിഭാസമാണ്‌ പൊണ്ണത്തടി. അമിതവണ്ണമുള്ള കുട്ടികൾ വളർന്നു വലുതാകുേന്പാൾ ഹൃദ്രോഗമോ മസ്‌തിഷ്‌കാഘാതമോ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാകുന്നു.

പ്രമേഹവും രക്താതിസമ്മർദവും
1995ൽ 84 ദശലക്ഷമായിരുന്ന പ്രമേഹരോഗികൾ 2025 ആകുേന്പാഴേക്കും 22.8 കോടിയായി മാറും. ഇതിൽ 76 ശതമാനവും വികസ്വര രാജ്യങ്ങളിലായിരിക്കും.
ഹൃദയത്തിന്‌ അമിതലോഡുണ്ടാക്കി സങ്കോചനക്ഷമതയെ തളർത്തുന്ന രോഗാവസ്ഥയാണ്‌ പ്രഷർ. ലോകത്ത്‌ നൂറുകോടിയിലധികം ആൾക്കാർക്കും രക്താതിസമ്മർദമുണ്ട്‌. ഇതിൽ 71 ലക്ഷം പേർ പ്രഷറിനോടനുബന്ധിച്ച ഇതര രോഗങ്ങൾക്കടിപ്പെട്ട്‌ മരണത്തിനിരയാകുന്നു.

ഡോ. ജോർജ്‌ തയ്യിൽ
സീനിയർ കൺസൽട്ടന്റ്‌, കാർഡിയോളജി, ലൂർദ്‌ ആശുപത്രി, എറണാകുളം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top