02 July Wednesday
സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

കൊവിഡും വിനയാകാം; ഹൃദയത്തിന്റെ കാവലാളാകുക

ഡോ. ശ്രീതൽ രാജൻ നായര്‍Updated: Monday Sep 28, 2020

ഡോ. ശ്രീതൽ രാജൻ നായര്‍

ഡോ. ശ്രീതൽ രാജൻ നായര്‍

"ആഴ്ചയിൽ 150 മിനിറ്റ് ശരാശരി വ്യായാമം ഒരു മനുഷ്യന് അത്യാവശ്യമാണ്. വ്യായാമം മനസ്സിന് ഉണർവ്വും ശരീരത്തിന് ഉന്മേഷവും തരുന്നു. പൊണ്ണത്തടി കുറയ്ക്കുവാനും ഭാവിയിൽ പ്രമേഹം, ഹൃദയാഘാതം മുതലായ സമാന രോഗങ്ങൾ തടയുവാനും ഇത് സഹായിക്കുന്നു''...ലോക ഹൃദയദിനത്തില്‍ ഡോ. ശ്രീതൽ രാജൻ നായര്‍ എഴുതുന്നു.

സെപ്റ്റംബർ 29 ലോക ഹൃദയ ദിനം(World Heart Day) ആണ്. 'Use Heart' ( ഹൃദയത്തെ ഉപയോഗപ്പെടുത്തുക) എന്നതാണ് ഈ വർഷത്തെ തത്വം. കൊറോണ മഹാമാരിയുടെ ഈ സമയത്ത്- "Use Heart to prevent Corona"- എന്ന ആശയവും പ്രാധാന്യമർഹിക്കുന്നതാണ്.  2016  മുതലാണ് സെപ്റ്റംബർ 29 ലോക ഹൃദയ ദിനം ആയി ആചരിച്ചുവരുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും എങ്ങനെയൊക്കെ അത് തടയാൻ സാധിക്കും എന്ന് മനസ്സിലാക്കുവാനും കൂടിയുമാണ് ലോകമെമ്പാടും ഇത് ആചരിക്കുന്നത്. നല്ല ശീലങ്ങൾ ചെറുപ്പം തൊട്ടുതന്നെ വളർത്തിക്കൊണ്ടുവന്ന് ആരോഗ്യകരമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ഇതിന്റെ അത്യന്തിക ലക്ഷ്യം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ ലോകഹൃദയദിനം നമ്മൾ ആചരിക്കുന്നത്. ആ ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്ന് പ്രതിപാദിക്കാൻ പോകുന്ന കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ചെറുപ്പക്കാരിൽ വളരെയധികം മരണനിരക്ക് കണ്ടുവരുന്നുണ്ട്. മാത്രമല്ല, അത് കൂടുതലും ബാധിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, പുകവലിക്കുന്നവർ, ശ്വാസകോശസംബന്ധമായ രോഗികൾ എന്നിവരെയാണ്.

പണ്ടുകാലങ്ങളിൽ ഹൃദയാഘാതം ചെറുപ്പക്കാരിൽ നന്നേ വിരളമായിരുന്നു. കാരണം, അക്കാലത്ത് ഭൂരിഭാഗം പേരും വിയർപ്പൊഴുക്കി എല്ലുമുറിയെ പണിയെടുക്കുമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ ജനങ്ങൾ സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണെങ്കിലും ഏറ്റവും തിരക്കുള്ള ജനവിഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ വ്യായാമകുറവും ശരീര സംരക്ഷണകുറവും കൂടുതലായി കാണുന്നു. ശരീര സംരക്ഷണം കുറവായതുകൊണ്ട്  മാനസികപിരിമുറുക്കം, ഡിപ്രഷൻ മുതലായ പ്രശ്നങ്ങൾ കൂടുതലാണ്. ഇത്തരക്കാരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. കൃത്യമായ ജീവിത ശൈലികൾ കൊണ്ട് ഇതിനെ നമുക്ക് മറികടക്കാവുന്നതാണ്.

ഇതിനായി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ടത്.

1. ക്രമമായ വ്യായാമം

2. മിതവും ആരോഗ്യ പൂർണ്ണവുമായ ഭക്ഷണരീതികൾ

3. ലഹരിവസ്തുക്കളുടെ വർജ്ജനം

4. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, വൃക്കസംബന്ധമായ രോഗങ്ങൾ മറ്റു ഹൃദ്രോഗ സമാന രോഗങ്ങളുടെ കൃത്യമായ ചികിത്സ

5. പാരമ്പര്യം

1. വ്യായാമം ക്രമമായ രീതിയിലാണ് ചെയ്യേണ്ടത്. പ്രായമനുസരിച്ചും, ഒരാളുടെ ശാരീരികശേഷിയനുസരിച്ചുമാണ് ക്രമം ശരിയാക്കേണ്ടത്. ഇത്തരം  ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തണം. ഇന്ന് കുട്ടികൾ കമ്പ്യൂട്ടർ, ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവയിൽ മുഴുകി വ്യായാമത്തെപ്പറ്റി മറന്നു കൊണ്ടിരിക്കുന്ന കാലമാണ്. ആഴ്ചയിൽ 150 മിനിറ്റ് ശരാശരി വ്യായാമം ഒരു മനുഷ്യന് അത്യാവശ്യമാണ്. വ്യായാമം മനസ്സിന് ഉണർവ്വും ശരീരത്തിന് ഉന്മേഷവും തരുന്നു. പൊണ്ണത്തടി കുറയ്ക്കുവാനും ഭാവിയിൽ പ്രമേഹം, ഹൃദയാഘാതം മുതലായ സമാന രോഗങ്ങൾ തടയുവാനും ഇത് സഹായിക്കുന്നു.

2. വ്യായാമം പോലെ തന്നെ മിതവും ആരോഗ്യകരവുമായ ഭക്ഷണരീതിയും അത്യന്താപേക്ഷിതമാണ്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത്, വീട്ടിലെ ഭക്ഷണത്തിന്റെ രുചി മലയാളി മറന്നു തുടങ്ങിയിരിക്കുന്നു. എന്നാൽ വീട്ടിലെ രുചിയുള്ള ഭക്ഷണം എപ്പോഴും ആരോഗ്യ പൂർണ്ണമാണെന്നതിൽ യാതൊരു സംശയവുമില്ല. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുകയും വേണം. ഇത് നേരത്തെ പറഞ്ഞതുപോലെ ചെറുപ്പം മുതലേ ശീലിക്കേണ്ട ഒരു കാര്യമാണ്. മുലപ്പാൽ തൊട്ടുതന്നെ ചിട്ടയോടെ   ക്രമീകരിക്കേണ്ട ഒരു കാര്യമാണ് ഭക്ഷണവും.

3. പുകവലി മുതലായ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തിൽ കോവിഡ് മഹാമാരി ഇത്തരം ആളുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് വർജ്ജിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

4. ഹൃദ്രോഗവും, ഹൃദ്രോഗ സമാന രോഗങ്ങൾ (പ്രമേഹം, പക്ഷാഘാതം, വൃക്കസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം) ഉള്ളവരും അതീവ ശ്രദ്ധാലുക്കളാകേണ്ടതാണ്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ച് ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും.

ഒരിക്കൽ, എന്റെ ഒരു സുഹൃത്തും രോഗിയുമായ ഒരാൾ ചോദിക്കുകയുണ്ടായി. “എന്റെ ഹൃദയത്തിലെ ബ്ലോക്ക് മാറ്റിയില്ലേ? ഇനി പഴയതുപോലെ ഭക്ഷണം കഴിച്ചുകൂടെ?” അതിന് ഒരു മറുപടിയേ ഉള്ളൂ- ചികിത്സ എന്നത് ശരിയല്ലാത്ത ജീവിതരീതികൾക്കുള്ള ലൈസൻസ് അല്ല.

മരുന്നുകൾ കഴിച്ചാൽ മാത്രം പോരാ. ശരിയായ രീതിയിലുള്ള അതിന്റെ  തുടർനടപടികളും, കൃത്യമായ തോതിലുള്ള റീഡിങ്ങുകൾ നിലനിർത്തുകയും ചെയ്യണം. പൊതുവെ,  സ്ത്രീകളിൽ ഇത്തരം രോഗങ്ങൾ ചെറുപ്പക്കാരിൽ കണ്ടുവരുന്നത് വളരെ വിരളമാണ്. എന്നാൽ, ഗർഭ നിരോധന ഗുളികകൾ, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നവരിൽ ഇത്തരം രോഗങ്ങൾ കണ്ടുവരുന്നുണ്ട്.

5. പാരമ്പര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാരമ്പര്യമായി ഹൃദയാഘാതവും ഹൃദയസ്തംഭനവും കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. അത്തരക്കാരിൽ വളരെ ചെറുപ്പത്തിൽ, അതായത് സ്ത്രീയായാലും പുരുഷനായാലും 30-40 വയസ്സിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും കാണാം. കുടുംബത്തിൽ പലരും മരണപ്പെടുകയും ചെയ്യുന്നു. അതിന് ചികിത്സ എന്ന് പറയുന്നത് ചിട്ടയായ ജീവിത രീതി തന്നെയാണ്. ഒരു പരിധിവരെ ഇത് തടയാനും സാധിക്കും. അങ്ങനെയുള്ളവർ കൃത്യമായി ഫോളോ അപ്പ് ചെയ്ത് ഡോക്ടറെ സമീപിച്ച് മുന്നോട്ടുപോവുകയും വേണം. പാരമ്പര്യമായുള്ള കൊളസ്ട്രോൾ സംബന്ധമായ രോഗങ്ങൾ അഥവാ Familial Hypercholesterolemia ഇതിനു പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ്.

ഇതെല്ലാം ചെയ്യുന്നതുമൂലം നേരത്തെ പറഞ്ഞതുപോലെ നല്ലൊരു നാളെയെ പടുത്തുയർത്താൻ സഹായിക്കുന്നു. ഈ ലോകഹൃദയദിനത്തിൽ  'Use Heart' എന്ന തത്വം നമ്മൾ പ്രാവർത്തികമാക്കണം. അതോടെ നമ്മളെല്ലാവരും നമ്മുടെ ഹൃദയത്തിന്റെ 'Hero' ആയി മാറണം.

നമുക്കും നമ്മുടെ കുടുംബത്തിനും സർവ്വോപരി സമൂഹത്തിനും ശരിയായ രീതിയിൽ ആരോഗ്യകരമായി മുന്നോട്ടു നീങ്ങുവാനും ആരോഗ്യപൂർണ്ണമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കുവാനും ഇത് സഹായിക്കുന്നു.

(കോഴിക്കോട് മേയ്‌ത്ര ഹോസ്പിറ്റൽ, സെന്റര്‍ ഫോ൪ ഹാ൪ട്ട് ആന്റ് വാസ്കുലാര്‍ കെയര്‍ കൺസൾട്ടന്റ്-കാർഡിയോളജിസ്റ്റാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top