21 May Saturday
മേയ് 28: രക്താര്‍ബുദ ദിനം

കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം

ഡോ. ആന്റണി തോട്ടിയാന്‍Updated: Thursday May 27, 2021

ഡോ. ആന്റണി തോട്ടിയാന്‍

ഡോ. ആന്റണി തോട്ടിയാന്‍

നുഷ്യനെ ഏറ്റവും ഭയപ്പെടുത്തുന്ന പദാവലികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഏതാണെന്ന് ചോദിച്ചാല്‍ അത് കാന്‍സര്‍ അഥവാ അര്‍ബുദം ആണെന്ന് നിസ്സംശയം പറയാം. അര്‍ബുദ ബാധിതനാവുകയെന്നാല്‍ മരണാസന്നനായി മാറിക്കഴിഞ്ഞു എന്ന തെറ്റായ ചിന്തയാണ് ഇപ്പോഴും മഹാഭൂരിപക്ഷം പേരുടേയും മനസ്സിലുള്ളത്. ഈ തെറ്റായ ചിന്താഗതിയെ മാറ്റിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മെയ് മാസം 28ാം തിയ്യതി ലോകം മുഴുവന്‍ രക്താര്‍ബുദ ദിനമായി ആചരിക്കുകയാണ്.

അര്‍ബുദത്തിന് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. തുടക്കത്തിലേ രോഗനിര്‍ണ്ണയം നടത്തുക എന്നതാണ് ചികിത്സയുടെ ഫലപ്രാപ്തിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൈകി തിരിച്ചറിയുന്ന കാന്‍സറുകള്‍, പ്രത്യേകിച്ച് നാലാം സ്റ്റേജിലും മറ്റും എത്തിക്കഴിഞ്ഞവ ഭേദമാക്കിയെടുക്കുക എന്നത് അസാധ്യമാണെന്നായിരുന്നു നാളിതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇമ്യൂണോതെറാപ്പി എന്ന നൂതന ചികിത്സാ രീതിയുടെ കടന്ന് വരവോടെ അസാധ്യമെന്ന് കരുതിയ ഈ അവസ്ഥയെയും തരണം ചെയ്യാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ സമാഗതമായിരിക്കുന്നു.

എന്താണ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി?


നമ്മുടെ ശരീരത്തിനുള്ളിലേക്ക് പുറത്ത് നിന്ന് കടന്ന് വരുന്ന ബാക്ടീരിയ, വൈറസ് മുതലായവ ഉള്‍പ്പെടെ ഏത് വസ്തുക്കളേയും (Foreign Bodies) പ്രതിരോധിക്കാന്‍ സാധിക്കുന്ന സ്വാഭാവികമായ പ്രതിരോധശേഷി നമ്മുടെയെല്ലാം ഉള്ളില്‍ ജന്മനാ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങിനെയാണ് ജനങ്ങളെ സേവിക്കുന്നത് അതുപോലെ അക്രമകാരികളായ വസ്തുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കലാണ് ഈ പ്രതിരോധ സംവിധാനത്തിന്റെ ധര്‍മ്മം. ഇവ പൊതുവെ ശരീരത്തിനകത്തുള്ള കോശങ്ങളെ പ്രതിരോധിക്കുകയോ അക്രമിക്കുകയോ ചെയ്യാറില്ല. ശരീരത്തിനകത്തുള്ള കോശങ്ങളില്‍ ജനിതക തകരാറുകള്‍ സംഭവിക്കുകയും കോശങ്ങള്‍ ക്രമാതീതമായി പെരുകുകയും ചെയ്യുന്നത് മൂലമാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ശരീരത്തിനകത്തെ കോശങ്ങളില്‍ സംഭവിക്കുന്ന മാറ്റമായതിനാല്‍ പ്രതിരോധ സംവിധാനത്തിന് ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സാധിക്കാതെ വരുന്നു.

ഇവിടെയാണ് ഇമ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയുടെ പ്രസക്തി പ്രകടമാകുന്നത്. ഇമ്യൂണോതെറാപ്പിയില്‍ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷിയെ  ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്ന രീതിലേക്ക് പ്രോഗ്രാമിങ്ങ് ചെയ്യുന്നു. ഇങ്ങനെ തിരിച്ചറിയുന്ന കോശങ്ങളെ പ്രതിരോധ സംവിധാനം അക്രമിച്ച് കീഴടക്കുകയും ഇല്ലായ്മ ചെയ്യുകയും അതിലൂടെ രോഗത്തെ അതിജീവിക്കാന്‍ സാധിക്കുകയുമാണ് ചെയ്യുന്നത്.

ഇമ്യൂണോ തെറാപ്പി രോഗികളില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നു?

ഒരു ദശകം മുന്‍പ് വരെയുള്ള കാലയളവില്‍ നാലാം സ്റ്റേജിലെത്തിയ രോഗികളുടെ ജീവന്‍ രക്ഷിക്കുക എന്നത് ചിന്തനീയം പോലുമായിരുന്നില്ല എന്നാല്‍ ഇമ്യൂണോതെറാപ്പി യാഥാര്‍ത്ഥ്യമായതോടെ സ്റ്റേജ് നാലിലെത്തിയ രോഗികളില്‍ 30 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിക്കുവാനോ ആരോഗ്യപൂര്‍ണ്ണമായ ജീവിതദൈര്‍ഘ്യം ലഭ്യമാക്കുവാനോ സാധിക്കുന്നു.

ഏത് വിഭാഗങ്ങളില്‍പ്പെട്ട കാന്‍സര്‍ രോഗങ്ങളെ ഇമ്യൂണോതെറാപ്പി ഉപയോഗിച്ച് ചികിത്സിക്കാം.

രക്താര്‍ബുദത്തിന് പുറമെ ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, വയറിലെ അര്‍ബുദം, മലാശയ കാന്‍സര്‍, ചില വിഭാഗം ലിംഫോമ മുതലായ നിരവധി വിഭാഗം അസുഖങ്ങള്‍ക്ക് ഇമ്യൂണോതെറാപ്പി ഫലപ്രദമാണ്.

കാന്‍സര്‍ ബാധിതരായ എല്ലാവര്‍ക്കും ഇത് പ്രായോഗികമാണോ?


വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ആര്‍ക്കൊക്കെയാണ് ഇമ്യൂണോതെറാപ്പി അനുയോജ്യമാവുക എന്ന് തീരുമാനിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. ചില പരിശോധനകള്‍ നിര്‍വ്വഹിച്ച് ശരീരം ഇമ്യൂണോതെറാപ്പിയോട് പ്രതികരിക്കാന്‍ സാധ്യതയുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഓങ്കോളജിസ്റ്റ് ഈ ചികിത്സാ രീതി നിര്‍ദ്ദേശിക്കുകയുള്ളൂ.

ഇമ്യൂണോതെറാപ്പിക്ക് പാര്‍ശ്വഫലങ്ങളുണ്ടോ?


ഉണ്ട്, എന്നാല്‍ ഇത് കീമോതെറാപ്പിയുടേത് പോലെയുള്ളതല്ല മറിച്ച് രോഗികള്‍ക്ക് എളുപ്പത്തില്‍ തരണം ചെയ്യാവുന്നതാണ്.

ഇമ്യൂണോതെറാപ്പി പ്രതിരോധ ശേഷിയെ ഊര്‍ജ്ജിതമാക്കുകയാണോ ചെയ്യുന്നത്?

അല്ല, ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലേക്ക് പ്രതിരോധ സംവിധാനത്തെ പരിവര്‍ത്തനപ്പെടുത്തിയെടുക്കുകയാണ് ഇമ്യൂണോതെറാപ്പിയുടെ പ്രധാന ധര്‍മ്മം. ശരീരത്തിനകത്ത് പ്രവേശിക്കുന്ന ബാഹ്യവസ്തുക്കള്‍ എന്ന രീതിയില്‍ കാന്‍സര്‍ കോശങ്ങളെ നോക്കിക്കാണുന്ന അവസ്ഥയിലേക്ക് പ്രതിരോധശേഷിയെ റീപ്രോഗ്രാമിങ്ങ് ചെയ്യുന്നു. ഒരു തവണ ഇത്തരത്തില്‍ റീപ്രോഗ്രാമിങ്ങ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് പ്രതിരോധ സംവിധാനം ശരീരത്തിനകത്ത് പ്രവേശിക്കുന്ന ബാക്ടീരിയയോ വൈറസിനെയോ പ്രതിരോധിക്കുന്നത് പോലെ കാന്‍സര്‍ കോശങ്ങളെയും പ്രതിരോധിച്ച് തുടങ്ങും.

(കോഴിക്കോട് മേയ്ത്ര  ഹോസ്പിറ്റലിലെ സെന്റ൪ ഫോ൪ ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാ൯സ൪ ഇമ്യൂണോതെറാപ്പി വിഭാഗത്തില്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ്ആണ് ലേഖകന്‍.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top