20 April Saturday

സിക്ക വൈറസ് പ്രതിരോധംതന്നെ ചികിത്സ

ഡോ. കെ രഘുUpdated: Friday May 27, 2016

ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവപോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് സിക്ക വൈറസ്. ഇന്നേവരെ ഇന്ത്യയില്‍റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഈ കൊതുകുകളുടെ ആധിക്യം ഇന്ത്യയെയും ഈ രോഗത്തിന്റെ ഭീഷണിയിലാക്കുന്നു.

1947ല്‍ ഉഗാണ്ടയിലെ സിക്ക വനങ്ങളിലെ ഒരു കുരങ്ങിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. പിന്നീട് കഴിഞ്ഞ 8–9 വര്‍ഷമായി ആഫ്രിക്കയിലും ഏഷ്യയിലും ഈ വൈറസ് റിപ്പോര്‍ട്ട്ചെയ്യപ്പെടുന്നുണ്ട്. 2007ല്‍ പസഫിക്പ്രദേശത്തും 2014–15 വര്‍ഷങ്ങളില്‍ ബ്രസീലിലുമാണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്. ഈ രോഗം ബാധിച്ച ധാരാളം അമ്മമാരുടെ കുട്ടികള്‍ ചെറിയ തലയുമായി പിറന്നപ്പോഴാണ് ഈ വൈറസിനെക്കുറിച്ച് ലോകം ശ്രദ്ധിക്കാന്‍തുടങ്ങിയത്. പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം അമേരിക്കയിലെ 26 രാജ്യങ്ങളിലാണ് ഇതിന്റെ വ്യാപനം.

ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍തന്നെയാണ് സിക്ക വൈറസ് രോഗത്തിനുമുള്ളത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പോ പിങ്കുനിറമോ മുതലായ ലക്ഷണങ്ങള്‍ ഈ രോഗത്തിനും കണ്ടുവരുന്നു.

സിക്ക വൈറസ്രോഗം ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്നുമുതല്‍ ഏഴുദിവസത്തിനകം വൈറസ് പെരുകുകയും അതേ കൊതുക് കടിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടാകുമെന്നതും ശ്രദ്ധയമാണ്. ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും ഈ രോഗം പകരുമെന്നു കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ രോഗലക്ഷണങ്ങളാണ് കാണുന്നത്. അതിനാല്‍തന്നെ രോഗികള്‍ ആശുപത്രികളെ ആശ്രയിക്കുന്നത് തുലോം വിരളമാണ്. 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുമില്ല. എന്നാല്‍ അവര്‍ രോഗവാഹകരായി ഭവിക്കുന്നതാണ്.

2013ല്‍ ഫ്രഞ്ച് പോളിനേഷ്യയിലുണ്ടായ സിക്ക വൈറസ്രോഗം ഗില്യന്‍ ബാരെ സിന്‍ഡ്രോം (നാഡികോശങ്ങളുടെ തകരാറുമൂലം ഉണ്ടാകുന്ന തളര്‍ച്ച) ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒടുവിലായി ബ്രസീലില്‍ കുട്ടികള്‍ ചെറിയ തലയുമായി പിറക്കുന്നതിനു പിന്നിലും ഈ വൈറസാണെന്ന് ബലമായി സംശയിക്കുന്നു. പ്രത്യേക ചികിത്സയോ പ്രതിരോധ കുത്തിവയ്പോ ലഭ്യമല്ലാത്ത ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നതു തടയാനാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊതുകുനശീകരണംവഴി രോഗംവരാതെ സൂക്ഷിക്കുക എന്ന വഴി മാത്രമേ നമുക്കുമുന്നിലുള്ളൂ.

ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ രണ്ട് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഇന്ത്യയില്‍ ഈ രോഗം പരത്താന്‍ സാധ്യതയുള്ളവ. പകല്‍ കടിക്കുകയും രക്തം കുടിക്കുകയും ചെയുന്ന ഈ വര്‍ഗത്തില്‍പ്പെട്ട കൊതുകുകളില്‍ 20ല്‍പ്പരം വൈറസുകള്‍ക്ക് നിലനില്‍ക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ആല്‍ബോപിക്റ്റസ് കൊതുകുകള്‍ വ്യാപകമായും ഈജിപ്റ്റി ഇനത്തില്‍പ്പെട്ടവ ചില പ്രത്യേക പ്രദേശങ്ങളിലുമാണ് കണ്ടുവരുന്നത്. പ്രധാന വാഹകരായ ഈജിപ്റ്റി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസ്സുകളിലാണ് മുട്ടയിട്ടു പെരുകുന്നത്. (സിമന്റ് ടാങ്ക്, സിമന്റ് സംഭരണികള്‍, പ്ളാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചട്ടികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ മുതലായവ). ജലദൌര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍, വെള്ളം, സംഭരിച്ചുവയ്ക്കുന്ന പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കാണുന്നത്. വീടുകളുടെ സമീപപ്രദേശത്ത് കഴിഞ്ഞുകൂടാനാണ് ഇവയ്ക്കിഷ്ടം. വീടുകള്‍ക്കുള്ളിലും ഇവയെ കണ്ടെത്താനാവും എന്നാല്‍ ആല്‍ബോപിക്റ്റസ് വര്‍ഗത്തില്‍പ്പെട്ടവയാകട്ടെ, മേല്‍പ്പറഞ്ഞ ഇടങ്ങള്‍ക്കുപുറമെ പ്രകൃതിദത്ത സ്രോതസ്സുകളിലും ധാരാളമായി കണ്ടുവരുന്നു. റബര്‍ ചിരട്ടകള്‍, വീണുകിടക്കുന്ന കമുകിന്‍ പാളകള്‍, ചിരട്ടകള്‍, പൈനാപ്പിള്‍ ഇലകളുടെ അടിവശം, കൊക്കോ തൊണ്ടുകള്‍, കരിക്കിന്‍ തൊണ്ടുകള്‍, മുളംകുറ്റി, മരപ്പൊത്തുകള്‍ തുടങ്ങിയ അല്‍പ്പമെങ്കിലും ജലം തങ്ങിനില്‍ക്കുന്ന പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ സ്രോതസ്സുകളിലും വളരാന്‍ കെല്‍പ്പുള്ളവയാണ്. ഇവ വീടുകള്‍ക്കുള്ളില്‍ സാധാരണ വിശ്രമിക്കാറില്ല. കുറ്റിച്ചെടികളിലും പുല്ലിലുമൊക്കെയാണ് ഇവയെ കണ്ടെത്താനാവുക.

ഈഡിസ് വര്‍ഗത്തില്‍പ്പെട്ട കൊതുകുകള്‍ മേല്‍പ്പറഞ്ഞ സ്രോതസ്സുകളില്‍ മുട്ടയിടുകയും ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കൂത്താടികള്‍ ഉണ്ടാകുകയും ഒരാഴ്ചയ്ക്കുള്ളില്‍ ഈ കൂത്താടികള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച് കൊതുകുകളായി പുറത്തുവരികയും ചെയ്യും. മഴക്കാലങ്ങളില്‍ ധാരാളം ജലലഭ്യതയുള്ളതിനാല്‍ കൊതുകുകള്‍ ധാരാളമായി ഉണ്ടാകുകയും തദ്വാര രോഗവ്യാപനത്തിന് സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ഈ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയുമെങ്കിലും  ഇവയുടെ മുട്ടകള്‍ ഏതാണ്ട് ഒരുവര്‍ഷം വരള്‍ച്ചയെ അതിജീവിക്കുകയും വേനല്‍മഴ ലഭ്യമാകുന്നതോടെ മുട്ട വിരിഞ്ഞ് വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു.

ഉണങ്ങിയ കൊതുകുസ്രോതസ്സുകളില്‍ നടത്തിയ പഠനത്തില്‍ 20 മുതല്‍ 30 ശതമാനത്തിലും ഈഡിസ് കൊതുകിന്റെ മുട്ടകള്‍ സുരക്ഷിതമായി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയെല്ലാം മാസങ്ങള്‍ക്കുശേഷം ജലലഭ്യതയ്ക്കനുസരിച്ച് വിരിഞ്ഞ് ലാര്‍വകളുണ്ടാവുന്നു എന്നതും തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ നമുക്കുചുറ്റുമുള്ള ഉണങ്ങിയതും അല്ലാത്തതുമായ മുഴുവന്‍ സ്രോതസ്സുകളും മഴയ്ക്കുമുമ്പേ കണ്ടെത്തി നശിപ്പിക്കുകയോ സുരക്ഷിതമായി നീക്കംചെയ്യുകയോ ആണ് മഴക്കാല സ്രോതസ്സ് നശീകരണത്തെക്കള്‍ ഉത്തമം.

(കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top