20 April Saturday

കൊളസ്ട്രോള്‍ കുറഞ്ഞാല്‍ ?

ഡോ. പി എന്‍ കരംചന്ദ്Updated: Thursday Dec 24, 2015

കൊളസ്ട്രോള്‍ ഭീതി നിലനില്‍ക്കെത്തന്നെ നമ്മുടെ ശരീരത്തില്‍ അവശ്യം വേണ്ട കൊളസ്ട്രോള്‍ കുറഞ്ഞുപോയാല്‍ എന്ത് എന്നതിനെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? മരണകാരണത്തിന് കൊളസ്ട്രോള്‍ ഒരു പ്രധാന ഘടകംതന്നെ. പക്ഷെ നമ്മുടെ പേടി മുതലെടുക്കുന്ന രീതിയില്‍ കൊളസ്ട്രോളിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു മാത്രം ചര്‍ച്ചകള്‍ നടക്കുകയും, എന്നാല്‍ ഇതേ കൊളസ്ട്രോള്‍ നമ്മളില്‍ കുറവായാല്‍ ഉണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച് ബോധപൂര്‍വം വിസ്മരിക്കുകയോ തമസ്കരിക്കുകയോ ചെയ്യുന്നു എന്ന്  ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ പഠനങ്ങള്‍ പ്രകാരം രക്തത്തിലെ ആകെ കൊളസ്ട്രോള്‍ നില 150 mg/dl ലും താഴുന്നതിനെയാണ് കുറഞ്ഞ കൊളസ്ട്രോള്‍ നില എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നിരവധി പഠനങ്ങളില്‍നിന്നു തെളിയുന്ന ഒരുകാര്യം കുറഞ്ഞ കൊളസ്ട്രോള്‍നില ഒരു വ്യക്തിയുടെ മാനസിക–ശാരീരിക നിലയില്‍ സാരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നുതന്നെയാണ്.

അമ്പതു ശതമാനം കൊളസ്ട്രോള്‍ പ്രശ്നങ്ങളും ജനിതകപരമായ പ്രത്യേകതകള്‍മൂലമാണ്. അപ്പോള്‍ കൊളസ്ട്രോള്‍ കുറയുന്നതും ഇതേ കാരണങ്ങളാലാവാം.  അതായത്, കൊളസ്ട്രോളിന്റെ നിര്‍മാണവും വിഘടനവും വിതരണവും സംസ്കരണവും എല്ലാം നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍, പ്രത്യേകിച്ചും കരളില്‍ നടപ്പാക്കപ്പെടുന്നത് ഓരോ കോശങ്ങളിലും നാം ജനിക്കുമ്പോള്‍തന്നെ നിര്‍ണയിക്കപ്പെട്ട (Pre programmed) ജനിതകഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  എന്നതാണ്.  അതായത്, ഇതിനായി രൂപകല്‍പ്പനചെയ്ത ജീനുകളുടെ പ്രവര്‍ത്തനക്ഷമത ഇല്ലായ്മയാണ് ഇതിന് അടിസ്ഥാനം.  ഇങ്ങിനെയുള്ള സാഹചര്യങ്ങള്‍/പ്രശ്നങ്ങള്‍ വിലയിരുത്തുമ്പോള്‍, നമുക്ക് നിയന്ത്രിക്കാനാവാത്തതും, എന്നാല്‍ നമുക്ക് ഒഴിവാക്കാനോ, ഉള്‍പ്പെടുത്താനോ സാധിക്കുന്നതുമായ ധാരാളം ഘടകങ്ങള്‍ ഉണ്ടെന്നുകൂടി നാം അറിയണം.                  

മറ്റു കാരണങ്ങളൊന്നും കൂടാതെ കൊളസ്ട്രോള്‍ നില കുറഞ്ഞു കാണുകയും, ആകെയുള്ള കൊളസ്ട്രോളിന്റെ അളവും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റ അളവും വല്ലാതെ കുറയുന്ന അവസ്ഥയെയാണ് പ്രൈമറി ഹൈപ്പോ കൊളസ്ട്രീമിയ  എന്നുപറയുന്നത്. മറ്റു ചിലരില്‍ ആകെയുള്ള കൊളസ്ട്രോള്‍നിലയും  ടിജിഎല്ലിന്റ അളവും വല്ലാതെ കുറഞ്ഞു കാണുന്നതിനെ എബീറ്റ ഹൈപ്പോ ലിപ്പോ പ്രോട്ടീനിമിയ എന്നാണ് പറയുന്നത്.

വേറെ ചിലരില്‍ വളരെ താഴ്ന്ന നിലയിലുള്ള അളവില്‍ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍, ടിജിഎല്‍ എന്നിവ കാണുന്നതോടൊപ്പം സാധാരണ നിലയിലുള്ള നല്ല കൊളസ്ട്രോള്‍ (HDL) കാണപ്പെടുന്നു.  ഇങ്ങിനെ പാരമ്പര്യമായി ഉണ്ടാവുന്ന അവസ്ഥകളെയാണ് ഫെമിലിയല്‍ ഹൈപ്പോ ലിപ്പിഡിമിയ എന്നു പറയുന്നത്.
ജനിതകപരമല്ലാതെ– മറ്റു കാരണങ്ങള്‍കൊണ്ടും ഇതുപോലുള്ള അവസ്ഥകള്‍ ഉണ്ടാവാറുണ്ട്.  ഇതിനെയാണ് സെക്കന്‍ഡറി ഹൈപ്പോ കൊളസ്ട്രലീമിയ” (Secondary Hypo Cholostrolemia) എന്നുപറയുന്നത്.

കുറഞ്ഞ കൊളസ്ട്രോള്‍ കാരണങ്ങള്‍
1. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യംമൂലം
നമ്മുടെ ശാരീരിക പ്രവൃത്തികള്‍ക്കുവേണ്ട ഊര്‍ജം സൃഷ്ടിക്കപ്പെടുന്നത് കോശങ്ങളില്‍ നടക്കുന്ന ഉപാപചയപ്രവൃത്തിമൂലം  ആണെന്ന് ഏവര്‍ക്കും അറിയാമല്ലോ. ഇതിന്റെ നിയതമായ അളവ് അഥവാ സ്പീഡിനെയാണ് നാം ബേസല്‍ മെറ്റബോളിക് റേറ്റ്’എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വണ്ടിയുടെ സ്പീഡ് എന്നത് അടിസ്ഥാനപരമായി എന്‍ജിന്‍ കപ്പാസിറ്റിയും ആക്സിലറേറ്റര്‍ കൂട്ടുന്നതിനും കുറയ്ക്കുന്നതിനും അനുസരിച്ചാണെന്ന് ഏവര്‍ക്കും അറിയാമല്ലോ. ഇവിടെ വണ്ടിയുടെ എന്‍ജിന്റെ കറക്കം (RPM) എന്നതുപോലെത്തന്നെയാണ് ബിഎംആര്‍ എന്നുപറയുന്നത്.  ഇവിടെ തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിനനുസരിച്ച് ഉപാപചയപ്രവര്‍ത്തനത്തില്‍ ഇവ കൂടുതല്‍ സ്വാധീനംചെലുത്തുന്നതിന്റെ ഫലമായി  കൂടിയതോതില്‍ ഉപാപചയം നടക്കുകയും അതുമൂലം കൂടുതല്‍ ഊര്‍ജം ചെലവാകുകയും ചെയ്യും.  ഇതിനുവേണ്ട ഊര്‍ജം സ്വീകരിക്കുന്നതാവട്ടെ കൊഴുപ്പില്‍നിന്നും,  ഇങ്ങിനെ നാം സൂക്ഷിച്ച് കരുതിവയ്ക്കുന്ന ഊര്‍ജസ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഫലമായി,  ആ വ്യക്തിക്ക് ഊര്‍ജശേഖരണം നടക്കാതിരിക്കുകയും ഊര്‍ജശോഷണം സംഭവിക്കുകയും ചെയ്യുന്നു.  ഇത് സ്വാഭാവികമായും പ്രധാന ഊര്‍ജസ്രോതസ്സായ കൊളസ്ട്രോളിന്റെ അളവില്‍ പ്രതിഫലിക്കുന്നതാണ് രക്തപരിശോധനയിലെ കൊളസ്ട്രോളിന്റെ കുറഞ്ഞ അളവ് സൂചിപ്പിക്കുന്നത്.
2. കരള്‍രോഗങ്ങള്‍മൂലം
കൊളസ്ട്രോള്‍ നിര്‍മാണത്തിന്റെ അടിസ്ഥാന ഫാക്ടറിയായ കരള്‍കോശങ്ങളില്‍ രോഗംബാധിച്ചാല്‍ കൊളസ്ട്രോളിന്റെ നിര്‍മാണപ്രക്രിയ തകിടംമറിയുമ്പോള്‍ ആദ്യകാലങ്ങളില്‍ കൊളസ്ട്രോള്‍ ഉയര്‍ന്ന അളവിലും കരളിലെ കോശനാശത്തിന്റെ തോത് ഏറിവരുമ്പോള്‍ കൊളസ്ട്രോള്‍ താഴ്ന്ന അളവിലും കണ്ടുവരുന്നു.
3. ദഹനവ്യവസ്ഥയിലെ കുഴപ്പങ്ങള്‍മൂലം
നല്ല ആരോഗ്യമുള്ള ആമാശയം, കരള്‍, ആഗ്നേയഗ്രന്ഥി, (പാന്‍ക്രിയാസ്) എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസം, പിത്തരസം, ആഗ്നേയരസം എന്നിവയുടെ ഒറ്റയ്ക്കും കൂട്ടമായുമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഭക്ഷണം ശരിയായി ദഹിപ്പിച്ചശേഷം,‘ഭക്ഷണത്തിലെ പോഷകമൂല്യങ്ങള്‍ നമ്മുടെ രക്തത്തിലേക്ക് ആഗിരണംചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ  ഈ അവയവങ്ങളില്‍ രോഗം ബാധിക്കുമ്പോള്‍ ദഹനവും ആഗിരണവും പോഷകങ്ങളുടെ ഉപയോഗവും നമുക്കാവശ്യമായ രീതിയില്‍ അവയെ മാറ്റുന്ന പ്രവൃത്തികളുമെല്ലാം ബുദ്ധിമുട്ടാവുന്നതിനെത്തുടര്‍ന്ന് കൊളസ്ട്രോള്‍ നിര്‍മാണവും തകരാറിലാവുന്നു.
മറ്റു കാരണങ്ങള്‍
4. ശരിയായ പോഷണമില്ലായ്മ, പോഷണക്കുറവ്.
5. മാംഗനീസ് മൂലകത്തിന്റെ അഭാവം.
6. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ ദുരുപയോഗം/അമിതോപയോഗം.
7. അമിതമായ
  ശാരീരികാധ്വാനം.
8. വളരെ കുറഞ്ഞ അളവില്‍ മാത്രം/പൂര്‍ണമായും ഭക്ഷണത്തിലെ കൊഴുപ്പ് ഒഴിവാക്കല്‍.
എന്നീ കാരണങ്ങള്‍ മൂലമാണ് പൊതുവെ ഇത്തരക്കാരില്‍ കുറഞ്ഞ അളവില്‍ കൊഴുപ്പ് കുറയുന്നത്.

മരുന്നുകളുടെ അമിതോപയോഗം
നാം ഏതു മരുന്ന് കഴിച്ചാലും അത് ദഹനവ്യവസ്ഥയില്‍നിന്ന് രക്തത്തിലൂടെ ശരീരകോശങ്ങളിലെത്തുകയും അവയുടെ ബാക്കിപത്രം കരളില്‍ വിഘടനം നടക്കുകയും അതിനുശേഷം പിത്തരസത്തിലൂടെ പുറന്തള്ളുകയുമാണ് പതിവ്.  ഇവിടെ നാം കാണുന്ന ഒരു കാഴ്ച, കൊളസ്ട്രോള്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കുന്ന മരുന്നുകള്‍, പ്രത്യേകിച്ചും സ്റ്റാറ്റിന്‍ വിഭാഗത്തില്‍പ്പെടുന്നവ, കരളിലെത്തന്നെ ഒരു എന്‍സൈമായ HMG Co-Aയുടെ പ്രവര്‍ത്തനത്തെ തടഞ്ഞാണ് കൊളസ്ടോള്‍ നിര്‍മാണം തടയുന്നത്.  ഇത് കരളില്‍ മറ്റ് പല ജൈവരാസ മാറ്റങ്ങള്‍ക്കും കാരണമാവുകയും കരളില്‍ ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു.  ഈ വിഭാഗത്തിലുള്ള മരുന്നുകളുടെ അമിതോപയോഗത്തോടൊപ്പം, പാരസെറ്റാമോള്‍, ബ്രൂഫൈന്‍ തുടങ്ങിയ വേദനസംഹാരികളും, അമിയോഡെറോണ്‍, ഐഎന്‍എച്ച് തുടങ്ങിയ മറ്റ് മരുന്നുകളും, അമിതമായി ഉപയോഗിച്ചാല്‍ കരള്‍കോശനാശത്തിന് കാരണമാവുന്നു. ഈ രീതിയില്‍ നോക്കുമ്പോള്‍ ജനിതകപരമായും അല്ലാതെയുമായ നിരവധി കാരണങ്ങളാല്‍ കൊളസ്ട്രോള്‍ ഉല്‍പ്പാദനം കുറയുകയും അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും സാരമായി ബാധിക്കുകയും ചെയ്യും.  എന്നാല്‍ ഇതുസംബന്ധിച്ച പൊതു അവബോധം കുറവായതിനാല്‍ നമുക്ക് അതുംകൂടി ഒന്നു പഠിക്കാം.

കുറഞ്ഞ കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍
1. മാനസികമായി
കൊളസ്ട്രോള്‍ കുറഞ്ഞാല്‍ മാനസിക ലക്ഷണങ്ങളോ? ഇതാകും ആദ്യം ഉയരുന്ന സംശയം. എന്നാല്‍ ഇങ്ങിനെയും ചില കാര്യങ്ങളുണ്ടെന്നതാണ് സത്യം. എന്തെന്നാല്‍ ഇവിടെ നമ്മുടെ ബുദ്ധിപരമായ കഴിവിനെ, സ്വച്ഛന്ദമായ മാനസികവികാരങ്ങളെ നിയന്ത്രിക്കുകയും, വിവേചനപരമായി കാര്യങ്ങളെ വിശകലനംചെയ്ത് വിലയിരുത്തുകയും, തീരുമാനങ്ങള്‍ എടുക്കുന്നതും മറ്റും മനസ്സിന്റെ ഭൌതിക അടിത്തറയായ തലച്ചോറിലെ കോടാനുകോടി കോശങ്ങളില്‍ നടക്കുന്ന/ കൈമാറ്റംചെയ്യപ്പെടുന്ന സംവേദനങ്ങള്‍, ജൈവരാസതന്മാത്രകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനത്തിലൂടെയുമൊക്കെയാണ് ഇത് സാധ്യമാവുന്നത്.  ഇതില്‍ പ്രധാനപ്പെട്ട  ജൈവരാസ തന്മാത്രയായ സെറട്ടോണിന്‍ ഉണ്ടാവുന്നതോ കൊഴുപ്പില്‍നിന്നും.
അപ്പോള്‍ കൊഴുപ്പിന്റെ ഏറ്റക്കുറച്ചിലുകളും സ്വാഭാവികമായി നമ്മെ ബാധിക്കും.
അത് മാനസികമായും ശാരീരികമായും. പക്ഷെ ഇതിനെക്കുറിച്ചുള്ള ശരിയായ അറിവും കാഴ്ചപ്പാടും നമുക്ക് വേണമെന്നു മാത്രം. മാംസഭക്ഷണം, അത് ഇറച്ചിയാണെങ്കിലും മുട്ടയാണെങ്കിലും കൂടുതല്‍ കഴിക്കരുത് എന്നുപറയുന്നത് രക്തത്തിലെ കൊളസ്ട്രോളിനെ മാത്രം കരുതിയല്ല എന്നു മനസ്സിലായല്ലോ.
2. ശാരീരികമായി—
മാംസപേശികളില്‍—വേദന–തളര്‍ച്ച–നീര്‍ക്കെട്ട് പേശികളുടെ കോശനാശം .
3.ഗര്‍ഭിണികളില്‍ –
നേരത്തെയുള്ള പ്രസവം .
 കുഞ്ഞിന്റെ വളരെ കുറഞ്ഞ ജനനഭാരം എന്നിവ കൂടുതലായി കണ്ടുവരുന്നു.
കുറയുന്ന വിറ്റാമിന്‍ആഗിരണം
കൊഴുപ്പില്‍ അലിയുന്ന വിറ്റാമിന്‍ (Vit A, D, E, K)  എന്നിവയുടെ ആഗീരണം കുറയുന്നു.  അതുമൂലം ഉണ്ടാകാവുന്ന മറ്റു സങ്കീര്‍ണതകള്‍.
ദഹനവ്യവസ്ഥയില്‍
കുറഞ്ഞ അളവിലുള്ള  പിത്തരസ നിര്‍മാണം മലബന്ധത്തിന് കാരണമാവുന്നു. ഇതുകൂടാതെ മറ്റ് ഹോര്‍മോണുകളുടെ നിര്‍മാണത്തെയും പ്രവര്‍ത്തനക്ഷമതയെയും ബാധിക്കുന്നു.
ലൈംഗികത
ലൈംഗികതാല്‍പ്പര്യം–ലൈംഗിക തൃഷ്ണ കുറയുന്നു
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒരാളില്‍ത്തന്നെ ഉണ്ടാവണമെന്നില്ല. അത് പ്രായവും കാലവും രോഗിയുടെ മറ്റു മാനസിക/ശാരീരിക രോഗവസ്ഥകളും അനുസരിച്ച്  വ്യത്യസ്തമായി/വ്യക്തിപരമായി കാണുന്നതാണ് അല്ലെങ്കില്‍ നാം കാണേണ്ടതാണ് എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

(ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രഫസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top