26 April Friday

ദേശത്തിനും കാലത്തിനും ശരീരത്തിനുംയോജിച്ച ഭക്ഷണം

ഡോ.കെ ജ്യോതിലാല്‍Updated: Thursday Jul 21, 2016

ദേശവിരുദ്ധം
ജാംഗലം, അനൂപം, സാധാരണം എന്നിങ്ങനെ ഭൂപ്രദേശത്തെ ആയുര്‍വേദം മൂന്നായി തിരിച്ചിട്ടുണ്ട്. ജാംഗലദേശം രൂക്ഷ–തീക്ഷ്ണ ഗുണാധിക്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഇവിടെ വസിക്കുന്നവര്‍, എതിര്‍ഗുണങ്ങളായ സ്നിഗ്ധശീതാദികളായ ആഹാരങ്ങള്‍ വേണം കഴിക്കാന്‍. അതല്ലായെങ്കില്‍ ദേശത്തിനു തുല്യഗുണമുള്ള ആഹാരസേവ, ഗുണാധിക്യത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് ആയുര്‍വേദം.

ദേശത്തിന്റെ സ്വാഭാവികഗുണങ്ങളുടെ എതിര്‍ഗുണങ്ങളാണ് ജീവികള്‍ക്ക് പരിതഃസ്ഥിതിയില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. ഉദാഹരണത്തിന്, ശീതഗുണമുള്ള ജലത്തില്‍ ജീവിക്കുന്ന മത്സ്യത്തിന്റെ ശരീരം ഉഷ്ണഗുണമുള്ളതാണ്. ആവാസവ്യവസ്ഥയില്‍നിന്നു വ്യത്യസ്തമായ ഈ ഗുണ വിശേഷമാണ് മത്സ്യത്തിന് അതിജീവനത്തിന് ഉതകുന്നത്. എന്നാല്‍ മനുഷ്യന്‍ ജലവാസിയല്ലല്ലോ. ഭൂമിയിലെ അവന്റെ ആവാസവ്യവസ്ഥയ്ക്കുമേല്‍ അതിജീവനത്തിനുള്ള ശേഷിയോടെയാണ് മനുഷ്യന്‍ ജനിക്കുന്നത്. എന്നിരുന്നാലും അവന്റെ ജന്മപ്രകൃതി (ജന്മപ്രകൃതി ഏഴുതരത്തിലുണ്ട്). ദേശത്തിന്റെ സ്വാഭാവിക ദോഷപ്രകൃതത്തോട് (ജാംഗലം–വാതാധികം, അനൂപം–കഫാധികം, സാധാരണം–സമദോഷം) യോജിക്കണമെന്നില്ല. ഈ ദോഷവൈരുധ്യം പരിഹരിക്കാനാണ് ദേശത്തിനെതിരായ ഗുണവിശേഷമുള്ള ആഹാരവിഹാരങ്ങള്‍ അവന്‍ ശീലിക്കണമെന്ന്, ദോഷാധിക്യത്താലുള്ള രോഗങ്ങളുണ്ടാകാതിരിക്കാനുള്ള പ്രതിരോധമായി ആയുര്‍വേദം ഉപദേശിക്കുന്നത്. ജാംഗലദേശ വാസി രൂക്ഷ–തീക്ഷ്ണാദി ഗുണങ്ങളുള്ള ആഹാരങ്ങള്‍ ഉപേക്ഷിക്കണമെന്നു പറയുമ്പോള്‍, രൂക്ഷ–തീക്ഷ്ണാദികള്‍ വാതവര്‍ധന ഉണ്ടാക്കുന്നതിനാലാണെന്നു മനസ്സിലാക്കണം. ദേശം വാതപ്രധാനമായതിനാല്‍ വ്യക്തി വാതദോഷത്തെ അധികരിച്ചിരിക്കുന്നവ ഉപയോഗിക്കുമ്പോള്‍ അത് ദേശവിരുദ്ധമായതിനാല്‍ അയാളില്‍ വാതാധിക രോഗങ്ങളുണ്ടാക്കും. നേരെമറിച്ച് സ്നിഗ്ധശീത ഗുണമുള്ളവ വാതത്തിനു പ്രതികൂലവും കഫവര്‍ധകവുമാണ്. ആയതിനാല്‍ വ്യക്തിക്ക് ഹാനികരമാവുന്നില്ല. വാതശമനം ഉണ്ടാക്കുകയും ചെയ്യും. ഇപ്രകാരം അനൂപദേശവാസികളും ദേശംകഫ ദോഷപ്രധാനമായതിനാല്‍, കഫദോഷവര്‍ധനകരമായ സ്നിഗ്ധശീതാദികള്‍ ഉപയോഗിക്കരുത്. പകരം കഫശമനകരവും എന്നാല്‍ വാതവര്‍ധനവുമായ രൂക്ഷ–തീക്ഷ്ണ ഗുണാധിക്യമുള്ള ആഹാരമാണ് ശീലിക്കേണ്ടത്. സാധാരണദേശം–സമദോഷപ്രധാനമായതിനാല്‍ എല്ലാ ഗുണങ്ങളെയും ഇടകലര്‍ത്തിയുള്ള ഭക്ഷണം തദ്ദേശവാസികള്‍ ശീലിക്കണം. ഇത് സമദോഷങ്ങളെ സമമായിത്തന്നെ നിലനിര്‍ത്താന്‍ സഹായിക്കും. ഇപ്പറഞ്ഞതിനു വിരുദ്ധമായ ഏതു ശീലനവും ദേശവിരുദ്ധമാകുന്നു (ഉപയോഗിക്കുന്ന ദ്രവ്യത്തിന്റെ രുചികൊണ്ടുതന്നെ അത് ഏത് ഗുണപ്രദമാണെന്നു മനസ്സിലാക്കാവുന്നതേയുള്ളു. താഴെപറയുന്ന രസങ്ങള്‍ക്ക് ആധിക്യം നല്‍കുക.

  ജാംഗലവാസിക്ക് അനുയോജ്യം      –മധുരം, പുളി, ലവണം–വാതശമനം
  അനൂപവാസിക്ക് അനുയോജ്യം      –തിക്തം (കയ്പ്), ഊഷണം (എരിവ്)
  കഷായം (ചവര്‍പ്പ്)–കഫശമനം
  സാധാരണ ദേശവാസിക്ക് അനുയോജ്യം – സര്‍വരസങ്ങളും    – ദോഷസമീകരണം
       
       
കാലവിരുദ്ധം
ശീതകാലം ശീതഗുണപ്രധാനമായ പരിതസ്ഥിതിയാണ് ഉളവാക്കുക. അപ്പോള്‍ അതിജീവനത്തിന് ഉഷ്ണഗുണപ്രധാനമായ ആഹാരവിഹാരങ്ങള്‍ ശീലിക്കണം. ഹേമന്തം, ശിശിരം, വര്‍ഷം എന്നീ ഋതുക്കളാണ് ശൈത്യകാലങ്ങള്‍. ശരത്കാലം കുറച്ച് ഉഷ്ണവും ഗ്രീഷ്മകാലം കടുത്ത വേനലുമാണ്. വസന്തം സഹനീയമായ ഉഷ്ണ–ശീതങ്ങള്‍ ഇടകലര്‍ന്നതാണ്.  തണുപ്പുകാലങ്ങളില്‍തന്നെ ഒരേപോലെയല്ലല്ലോ തണുപ്പ്.   ഹേമന്തത്തില്‍  മഞ്ഞുകണങ്ങളാണ് എന്നും കാണുക. ശിശിരത്തില്‍ ഹിമപാതവും തണുത്തകാറ്റിന്റെ സാന്നിധ്യവുമുണ്ട്. വര്‍ഷത്തില്‍ ഈ തരം തണുപ്പല്ല. പ്രകൃതിയാകെ മഴയില്‍ നനഞ്ഞുതണുത്ത്, ഈര്‍പ്പം നിറഞ്ഞുനില്‍ക്കുന്നതിന്റെ തണുപ്പാണ്. അത് ഹേമന്ത–ശിശിരങ്ങളെപ്പോലെ അത്ര ദുസ്സഹമല്ല. ഗ്രീഷ്മത്തിലാകട്ടെ സൂര്യന്‍ അതിന്റെ സകല ശക്തിയും നല്‍കി, പ്രകൃതിയെ ചുട്ടുപൊള്ളിക്കുന്ന കാലമാണ്. ശരദൃതുവില്‍, വര്‍ഷാനന്തരം സൂര്യന്‍ മെല്ലെ ശക്തിപ്രാപിച്ചുവരുന്നതിനാല്‍ ശരീരം പെട്ടെന്നു ചൂടുപിടിക്കുന്നുണ്ട്. വര്‍ഷഋതുവില്‍ മന്ദീഭവിക്കപ്പെട്ട പിത്തം ഝടുതിയില്‍ കോപിക്കാന്‍ ഈ സൂര്യസാന്നിധ്യം’ ഇടയാക്കുന്നുണ്ട്.  ആയുര്‍വേദ സിദ്ധാന്തപ്രകാരം ത്രിദോഷങ്ങള്‍ക്ക് (വാതം, പിത്തം, കഫം) ചയം, കോപം, ശമനം എന്ന മൂന്നവസ്ഥകള്‍ ഈ പറഞ്ഞ ഋതുക്കളോടു ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. ചയകാലം, ദോഷങ്ങള്‍ അതതിന്റെ സ്ഥാനത്തിരുന്നു വര്‍ധിക്കുന്ന കാലമാണ്. കോപമാകട്ടെ സ്വസ്ഥാനവും സ്വമാര്‍ഗവും വിട്ട് ദോഷങ്ങള്‍ ശരീരത്തിന്റെ അന്തഃസ്രോതസ്സുകള്‍വഴി സഞ്ചരിക്കുന്ന അവസ്ഥയാണ്. ശമനം–കോപം വിട്ട് ദോഷങ്ങള്‍ അതിന്റെ സ്ഥാനങ്ങളിലേക്കു മടങ്ങിയെത്തുന്ന സ്ഥിതിയാണ്. ഋതുക്കളുടെ പൊതുസ്വഭാവം, ഏതൊക്കെ ഋതുക്കളില്‍ ഏതൊക്കെ ദോഷങ്ങള്‍ക്കു ചയ–കോപ–ശമനങ്ങള്‍ സംഭവിക്കാം ഇത്യാദികാര്യങ്ങളെ വിലയിരുത്തി പൊതുസ്വഭാവത്തിന് എതിര്‍ഗുണങ്ങളുള്ളവയും (ഉദാഃ ഗ്രീഷ്മത്തില്‍ സ്നിഗ്ധശീതാദികള്‍) എന്നാല്‍ ചയാദികളായിപ്പറഞ്ഞവയെ പ്രോത്സാഹിപ്പിക്കാത്തതുമായ ആഹാരവിഹാരങ്ങള്‍ ഉപയോഗിക്കുക. അത് കാലത്തിനനുകൂലമാകുന്നു. എന്നാല്‍ ഇതിന് എതിരായുള്ള (ഉദാഃ ഗ്രീഷ്മത്തില്‍ തീക്ഷ്ണ–ഉഷ്ണ പ്രധാനമായവ ഉപയോഗിക്കുന്നത്) ശീലനങ്ങള്‍ കാലവിരുദ്ധവുമാകുന്നു.
 
അഗ്നിവിരുദ്ധം
ശരീരത്തില്‍ ഒട്ടനവധി പാകപ്രക്രിയകള്‍ നടക്കുന്നുണ്ട്. ഇതിന് ശരീരാന്തര്‍ഗതമായി വര്‍ത്തിക്കുന്ന ശക്തിവിശേഷണത്തെയാണ് ആയുര്‍വേദം ‘അഗ്നി’ എന്നു സംജ്ഞ നല്‍കിയിരിക്കുന്നത്. ഇവിടെ ആഹാരത്തോടു ബന്ധപ്പെട്ട പ്രകരണമായതിനാല്‍, ജഠരാഗ്നിയെയാണ് പരാമര്‍ശിക്കുന്നത്. ജഠരാഗ്നി (ആമാശയ–പച്യമാനാശയങ്ങളിലെ ദഹനപ്രക്രിയ) തന്നെ വിഷമാഗ്നി, തീക്ഷ്ണാഗ്നി, മന്ദാഗ്നി എന്ന നാല് അവസ്ഥകളിലുണ്ട്. ദോഷങ്ങളുടെ സമാവസ്ഥയില്‍ സമാഗ്നിയുണ്ടാകുന്നു. സമാഗ്നിയാണ് ആരോഗ്യകരമായത്. വാതദോഷത്തിന്റെ ആധിക്യത്തില്‍ വിഷമാഗ്നി, പിത്തദോഷാധിക്യത്താല്‍ തീക്ഷ്ണാഗ്നി, കഫദോഷാധിക്യത്താല്‍ മന്ദാഗ്നി ഇവ സംഭവിക്കുന്നു. ഈ മൂന്ന് അഗ്നികളും അനാരോഗ്യകരമാണ് എന്നിരുന്നാലും ചിലര്‍ക്ക് ആ അഗ്നികളാണ് സ്വതവേ കാണുക. വിഷമാഗ്നിയുള്ള ഒരു വ്യക്തിയില്‍ ദഹനപ്രവര്‍ത്തനം പ്രവചിക്കാന്‍കഴിയാത്തവണ്ണം നടക്കുന്നു. അതായത്, ചിലപ്പോള്‍ പെട്ടെന്നുതന്നെ ദഹനം നടക്കും. ചിലപ്പോള്‍ സാധാരണമെന്ന നിലയില്‍ ആവശ്യത്തിനുള്ള സമയം മാത്രമെടുത്ത് ദഹനം നടക്കുന്നു. ഗുരുവായ (കട്ടിയായ) ആഹാരങ്ങള്‍പോലും വളരെ പെട്ടെന്ന് ദഹിപ്പിക്കുന്ന അഗ്നിയാണ് തീക്ഷ്ണാഗ്നി. തീക്ഷ്ണാഗ്നിയായ ഒരു വ്യക്തിക്ക് ആയതിനാല്‍ വിശപ്പ് അധികരിച്ചിരിക്കും. മന്ദാഗ്നിയുള്ള ഒരു വ്യക്തി കഴിക്കുന്ന ആഹാരം വളരെ ദീര്‍ഘമായ സമയംകൊണ്ടേ ദഹിക്കുകയുള്ളൂ. ഈ തരത്തിലുള്ള അഗ്നിഭേദങ്ങളില്‍, എന്നില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി ഏതുവിധമുള്ളതാണെന്നറിഞ്ഞു വേണം ഒരാള്‍ ഭക്ഷണം കഴിക്കാന്‍. മന്ദാഗ്നിയായ വ്യക്തി ഗുരുവായ ആഹാരം കഴിക്കുന്നതും, തീക്ഷ്ണാഗ്നിയുള്ള വ്യക്തി ലഘുവായ ഭക്ഷണം കഴിക്കുന്നതും വിഷമാഗ്നിയുള്ളയാള്‍ അതിനനുസരണമുള്ള ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുന്നതും അഗ്നിവിരുദ്ധമാകുന്നു. ചുരുക്കത്തില്‍ സ്വന്തം ദഹനശേഷിയെ അറിഞ്ഞുവേണം ആഹാരഘടകങ്ങള്‍  നിശ്ചയിക്കാന്‍ എന്നു സാരം.

മാത്രാവിരുദ്ധം
ആഹാരം കഴിക്കേണ്ട അളവിനെ ശാസ്ത്രീയമായി നിശ്ചയിച്ചതാണ് ഇവിടെ മാത്ര. ഗുരുദ്രവ്യങ്ങളും ലഘുദ്രവ്യങ്ങളും പറയപ്പെട്ട അളവിലല്ലാതെ കഴിക്കുന്നത് മാത്രാവിരുദ്ധമാകുന്നു. അമിതമായ ഭക്ഷണം (അധ്യശനം), മിതമല്ലാത്ത അളവിലെ ഭക്ഷണം (അല്‍പ്പാശനം) ഇതൊക്കെയും മാത്രാവിരുദ്ധമാകുന്നു. തേന്‍, നെയ്യ്, മാംസരസം, തൈലം, ജലം (മഴവെള്ളം) എന്നിവ രണ്ടെണ്ണമോ അതില്‍കൂടുതലോ എല്ലാമോ തുല്യ അളവില്‍ ചേര്‍ത്തു കഴിക്കരുതെന്ന നിര്‍ദേശം പാലിക്കാതിരുന്നാല്‍ അതും മാത്രാവിരുദ്ധമാണ്. ശരിയായ മാത്രയിലേ ഭക്ഷണം ആകാവൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top