20 April Saturday

കുഞ്ഞുങ്ങളിലെ ബുദ്ധിവികാസം നിരീക്ഷിക്കാം

തൻസി എഫ്‌ എസ്‌Updated: Sunday Feb 20, 2022


നവജാത ശിശുവിന്റെ ശാരീരിക വളർച്ചപോലെ ബുദ്ധി വികാസവും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്‌. കുഞ്ഞുങ്ങൾ ശരിയായി വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന. ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ  സാധാരണ വളർച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കും. വളർച്ചയിലും വികാസത്തിലുമുള്ള വ്യതിയാനങ്ങൾ  എത്രയുംനേരത്തേ കണ്ടുപിടിക്കുന്നുവോ അത്രയും നല്ലത്‌. ഈ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്‌.

ബുദ്ധിവികാസത്തിന്റെ വിവിധ ഘട്ടങ്ങൾ

2 മാസം തികയുമ്പോൾ മുഖത്ത് നോക്കി ചിരിക്കണം.

4 മാസം തികയുമ്പോൾ കഴുത്ത് ഉറയ്‌ക്കണം.

8 മാസം തികയുമ്പോൾ ഇരിക്കണം.

12 മാസം തികയുമ്പോൾ എഴുന്നേറ്റ്‌ നിൽക്കണം.

പടിപടിയായി
കുഞ്ഞുങ്ങൾക്ക്‌ രണ്ടുമാസം തികയുമ്പോൾ അമ്മയുടെ മുഖം തിരിച്ചറിയുവാനും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കാനും കഴിയണം. ഏകദേശം 20 സെന്റീമീറ്റർ ദൂരം വരെയുള്ള വസ്തുക്കൾ കാണുവാൻ സാധിക്കും.  അനങ്ങുന്ന വസ്‌തുക്കളെ  കണ്ണുകൾ സാവധാനം പിന്തുടരാൻ ശ്രമിക്കുന്നു. ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

മൂന്നുമാസം തികയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോൾത്തന്നെ ചിരിക്കാൻ ആരംഭിക്കുന്നു. കണ്ണിനു മുകളിൽ കാണിക്കുന്ന കളിപ്പാട്ടത്തെ ഒരു വശത്തുനിന്നും മറുവശംവരെ പിന്തുടരുന്നു. ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് തല തിരിക്കുന്നു. സ്വന്തം കൈ നോക്കി രസിക്കുന്നു.  കമിഴ്ത്തിക്കിടത്തുമ്പോൾ കൈമുട്ടുകൾ താങ്ങി തലയും നെഞ്ചും പൊക്കിപ്പിടിക്കാൻ ശ്രമിക്കും. നാലുമാസം കഴിയുമ്പോൾ  കഴുത്ത് ഉറച്ചിരിക്കും. രണ്ട് കൈകളും ശരീരത്തിന്റെ മധ്യഭാഗത്ത് നേർക്ക് ചേർത്തുപിടിച്ച് കളിക്കുന്നു. വലിയ ശബ്ദം ഉണ്ടാക്കി ചിരിക്കാനുള്ള കഴിവ് ഉണ്ടാകുന്നു. കൈയിൽ കളിപ്പാട്ടം കൂടുതൽസമയം പിടിച്ചുകളിക്കും.

അഞ്ചു മുതൽ 12 മാസംവരെ
കുഞ്ഞുങ്ങൾക്ക്‌  അഞ്ചുമാസം തികയുമ്പോൾ കൈ നീട്ടി സാധനങ്ങൾ വാങ്ങുന്നതിലേക്ക്‌ എത്തും.  ശബ്ദങ്ങൾ പുറപ്പെടുവിക്കും.  കാലുകൾ നിലത്തുറപ്പിക്കും.

ആറുമാസം തികയുമ്പോൾ  കമിഴ്ന്നുകിടന്ന് കൈ കുത്തി തലയും നെഞ്ചും ശരീരത്തിന്റെ മുൻഭാഗവും ഉയർത്തുന്നു. പരസഹായത്തോടുകൂടി അൽപ്പസമയം ഇരിക്കുന്നു. കമിഴ്ത്തിക്കിടത്തുമ്പോൾ മലർന്ന് വീഴുന്നു. അപരിചിതരെ ഭയക്കുന്നു. മറ്റുള്ളവരെ അനുകരിച്ച് ശബ്ദങ്ങൾ ഉണ്ടാക്കുന്നു.  ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്നു. ഏഴു മുതൽ ഒമ്പതു മാസം തികയുമ്പോൾ  കുഞ്ഞുങ്ങൾ ഒരു കൈയിൽ നിന്നും മറു കൈയിലേക്ക് സാധനങ്ങൾ മാറ്റുന്നു. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കും. മുട്ടിൽ ഇഴയുകയും പിടിച്ച്‌ എഴുന്നേറ്റ്‌ നിൽക്കാൻ ശ്രമിക്കുകയുംചെയ്യും. ഒമ്പതു മുതൽ 12 മാസം വരെയാകുമ്പോൾ കുഞ്ഞുങ്ങൾ ആവശ്യമുള്ള സാധനങ്ങൾ കരച്ചിൽ അല്ലാതെ മറ്റു മാർഗങ്ങളിലൂടെ മുതിർന്നവരെ അറിയിക്കുന്നു. സാധനങ്ങൾ നുള്ളി എടുക്കാൻ ആരംഭിക്കുന്നു.

കളിപ്പാട്ടങ്ങൾ കുലുക്കുക, അടിക്കുക, എറിയുക തുടങ്ങിയ രീതികൾ കാട്ടും. പിടിക്കാതെ നിൽക്കാനും തനിയെ എഴുന്നേറ്റു നിൽക്കാനും ആരംഭിക്കുന്നു.കപ്പിൽനിന്ന്‌ സ്വന്തമായി വെള്ളവും മറ്റും കുടിക്കാൻ ആരംഭിക്കും.

ഒരു വയസ്സിനുശേഷം
ഒരു വയസ്സ്‌ തികയുന്നതോടെ കുഞ്ഞുങ്ങൾക്ക്‌ പാട്ടിനൊപ്പവും മറ്റും ശരീരം ചലിപ്പിക്കാൻ(നൃത്തം) ആരംഭിക്കും. വാക്കുകൾ പറയാൻ തുടങ്ങും.  മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നു. 12 മുതൽ 15 മാസമാകുമ്പോൾ പരസഹായമില്ലാതെ നടക്കാൻ ആരംഭിക്കുന്നു. കുനിഞ്ഞ് സാധനങ്ങൾ എടുക്കുന്നു (മുട്ട് മടക്കാതെ).  വസ്തുക്കൾ ചൂണ്ടിക്കാട്ടാൻ ശബ്ദങ്ങൾ ഉപയോഗിക്കുന്നു.  മറ്റുള്ളവരെ അനുകരിക്കാൻ ആരംഭിക്കുന്നു.

15 –- 18 മാസം തികയുമ്പോൾ സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ ആരംഭിക്കും. ചെറിയ ചെറിയ നിർദേശങ്ങൾ അനുസരിക്കുന്നു. പേന / പെൻസിൽ / ക്രയോൺ ഉപയോഗിച്ച് കുത്തി വരയ്ക്കുന്നു. കൂടുതൽ വാക്കുകൾ പറയുന്നു. കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് ശരിയായ രീതിയിൽ കളിക്കുന്നു.  ഓടാനും പിറകിലോട്ട് നടക്കാനും തുടങ്ങും. ശരീര ഭാഗങ്ങൾ തിരിച്ചറിയുന്നു. 18–- 24 മാസം തികയുമ്പോൾ വസ്ത്രങ്ങൾ സ്വന്തമായി മാറ്റാൻ ആരംഭിക്കുന്നു.

പരസഹായത്തോടുകൂടി പല്ലുതേക്കും. ഒളിച്ചു വയ്ക്കുന്ന സാധനങ്ങൾ കണ്ടെത്തുന്നു. കൂടുതൽ വാക്കുകൾ  സംസാരിക്കുന്നു. നിറങ്ങളും ആകൃതിയും അനുസരിച്ച് വേർതിരിക്കാൻ ആരംഭിക്കുന്നു. പരസഹായമില്ലാതെ പടിക്കെട്ട് കയറിത്തുടങ്ങും.

മുകളിൽ പറഞ്ഞ  കാര്യങ്ങൾ നിരീക്ഷിക്കുകവഴി കുഞ്ഞുങ്ങളിലെ ബുദ്ധി വികാസ വ്യതിയാനം കണ്ടുപിടിക്കാനും പ്രായത്തിനനുസരിച്ചുള്ള ചികിത്സ നൽകാനും കഴിയും. കുഞ്ഞിന്റെ ബുദ്ധി വികാസം അമ്മയും കുഞ്ഞുമായുള്ള ഇടപഴകലിനെയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ കുഞ്ഞിനൊപ്പം ചെലവിടാനായി കുറച്ച് സമയം കണ്ടെത്തണം.


(തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ ചൈൽഡ്‌ ഡവലപ്‌മെന്റ്‌ തെറാപ്പിസ്‌റ്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top