26 April Friday

ആയുര്‍വേദം ജീവിതശാസ്ത്രം

ഡോ. കെ മുരളീധരന്‍Updated: Thursday Feb 18, 2016

ജീവശാസ്ത്രത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് വ്യാപരിക്കുന്നു ജീവിതശാസ്ത്രം. ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാകുന്നു. ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളെയും അതിന്റെ പൂര്‍ണനിറവോടെയും സൌന്ദര്യത്തോടെയും ആയുര്‍വേദം ഉള്‍ക്കൊള്ളുന്നു. ആയുര്‍വേദത്തിന് വൈദ്യരംഗത്ത് സ്വന്തമായൊരിടം ലഭിക്കാനുള്ള കാരണവും ഇതുതന്നെ.

ഘടനാപരമായി പ്രപഞ്ചവും മനുഷ്യനും ഒരേ ചേരുവകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നുള്ള തിരിച്ചറിവില്‍നിന്നാണ് ചികിത്സാശാസ്ത്രത്തിന്റെ ആദ്യസൂക്തം ഉരുത്തിരിയുന്നത്. മണ്ണും വെള്ളവും തീയും കാറ്റും ആകാശക്കീറുകളും മനുഷ്യന്റെ ഉള്‍പ്രപഞ്ചത്തിലും സാന്നിധ്യംകൊള്ളുകയും ജീവന്റെ നിലനില്‍പ്പിനായുള്ള ഭൂമിക സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാകട്ടെ പ്രപഞ്ചതാളവുമായി അവിച്ഛിന്നമായ ബന്ധവും പൊരുത്തവും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ ഏകാത്മകത നിലനില്‍ക്കുമ്പോഴാണ് ആരോഗ്യം പുഷ്കലമാകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധം എക്കാലവും പ്രത്യുല്‍പ്പന്നമതികളുടെ ചിന്താധാരയ്ക്ക് വിഷയമായിട്ടുണ്ട്. അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ജൈവസാങ്കേതികവിദ്യ അവര്‍ മനസ്സിലാക്കിയത് ധ്യാനപൂര്‍ണമായ മനനങ്ങളിലൂടെയാണ്. ഇത്തരം അടിസ്ഥാനസമീപനങ്ങളെ ഹൃദിസ്ഥമാക്കുന്ന ഒരു വൈദ്യന്റെ ചികിത്സയുടെ വഴികള്‍ ഋജുസ്വഭാവമുള്ളവയാകുന്നു. അതിന് സാരള്യവും ലാളിത്യവും സ്വാഭാവികമായും കൈവരുന്നു.
 
ഒരു അനുഭവം
ഏതാണ്ട് പത്തുവര്‍ഷം മുമ്പാണ്. ഗൌരവമേറിയ ഒരു ആയുര്‍വേദ വിഷയത്തെക്കുറിച്ചുള്ള പ്രബന്ധരചനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഈ ലേഖകനും സഹപ്രവര്‍ത്തക ഡോ. റീനയും. ഒരുഘട്ടത്തില്‍ സംശയനിവൃത്തിക്കായി ഞങ്ങള്‍ വിവിധ ഗുരുസന്നിധാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അങ്ങിനെയാണ് യശഃശരീരനായ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിന്റെ വീട്ടിലെത്തുന്നത്. വര്‍ത്തമാനകാലത്ത് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കാഴ്ചയിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്.
ഭക്തിപൂര്‍വം ഗുരുവിനെ ശുശ്രൂഷിച്ച് നിലത്ത് പടിഞ്ഞിരിക്കുന്ന വിദ്യാര്‍ഥികള്‍.

അവര്‍ക്ക് വൈദ്യാക്ഷരങ്ങളുടെ അര്‍ഥവും പൊരുളും ഓതിക്കൊടുക്കുന്ന സ്നേഹോദാരനായ ഗുരു. ഞങ്ങളും അവിടെയുള്ള ചെറിയ സദസ്സിന്റെ ഭാഗമായി ഇരുന്നു. ഒരു പുണ്യതീര്‍ഥക്കരയിലിരിക്കുന്ന നിര്‍വൃതിയായിരുന്നു അപ്പോള്‍ അനുഭവപ്പെട്ടത്. മിതത്വംകൊണ്ട് സമ്പന്നമായ വാക്കുകളാല്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന അറിവിന്റെ വലിയ വിതാനങ്ങള്‍ വിസ്മയപ്പെടുത്തുന്നതായിരുന്നു.

'മേഘങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന മഴയെ കാണിച്ചുതരുന്നവന്‍ ഗുരു'– മനസ്സില്‍ കുറിച്ചിട്ടു. ഞങ്ങളുടെ ഊഴം വന്നപ്പോള്‍ ആദരപൂര്‍വം പറഞ്ഞു–
'താരതമ്യേന അദൃശ്യവും അസ്പൃശ്യവുമായ ആയുര്‍വേദസിദ്ധാന്തങ്ങളുടെ പ്രായോഗികതലം മനസ്സിലാക്കാന്‍ ഞങ്ങള്‍ ക്ളേശിക്കുന്നു.' ഒരു ചെറുചിരിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'നമുക്ക് അഷ്ടാംഗഹൃദയത്തിലെ ഉദാവര്‍ത്തത്തെക്കുറിച്ചുള്ള വിവരണം ഒന്നു വായിച്ചുനോക്കാം.' കുട്ടികളിലൊരാള്‍ ഗ്രന്ഥഭാഗം വായിച്ചുതുടങ്ങി. ചാരുകസേരയില്‍ അദ്ദേഹം കണ്ണടച്ചു കിടക്കുകയായിരുന്നു. ഞങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു.  വായന നിന്നപ്പോള്‍ അര്‍ധനിമീലിതനായിരുന്ന അദ്ദേഹം മൃദുവായ ശബ്ദത്തില്‍ സംസാരിച്ചുതുടങ്ങി– 'ആയുര്‍വേദത്തിന്റെ വഴികള്‍ സരളവും ലളിതവുമാണ്. നിങ്ങളുടെ ചിന്തകളിലും ഈ ആര്‍ജവമുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഉദാവര്‍ത്തത്തെ ഉദാഹരണമാക്കി ചിന്തിക്കാന്‍തുടങ്ങുക. സംശയം വരുന്നിടത്ത് നമുക്ക് ചര്‍ച്ചചെയ്യാം.'

ഉദാവര്‍ത്തം

ഉദാവര്‍ത്തം എന്നുള്ളതിന് ഒരു നാടന്‍ഭാഷ പറയണമെങ്കില്‍ 'വായുകോപം' എന്നാകാം. ഇതിന് ഒട്ടേറെ അന്തരാര്‍ഥങ്ങളുണ്ട് എന്നുള്ളത് ശരി. പുറത്തുകാണുന്ന കാറ്റുപോലെ സ്വയം ചലിക്കുകയും ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഊര്‍ജമാകുന്നു വായു. വായുവിനെ പിടിച്ചുകെട്ടാതിരിക്കുക. അഥവാ വായു ബന്ധനസ്ഥനാകുന്ന ഒരു സാഹചര്യം ഉണ്ടാക്കാതിരിക്കുക; അതിന്റെ സ്വതന്ത്രഗതി ഉറപ്പുവരുത്തുക. ഇതൊരു പ്രകൃതിപാഠമാകുന്നു.

ഉദാവര്‍ത്തംമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. മലബന്ധം, മൂത്രതടസ്സം, വയറിലും നാഭിയിലും പാര്‍ശ്വഭാഗങ്ങളിലും ഉള്ള വേദന, വയറുവീര്‍പ്പ്, നെഞ്ചുരുക്കം, ഛര്‍ദി, അരുചി, പനി, ജലദോഷം, തലവേദന, ശ്വാസംമുട്ടല്‍, അജീര്‍ണം  ഇങ്ങിനെ ഒരുവക. പിന്നെ കുറച്ചുകൂടി ഗൌരവമായ ഹൃദ്രോഗം, രക്തധമനികളുടെ വീക്കം, രക്തസ്രാവം, വയറിനുള്ളിലെ മുഴകള്‍, കരള്‍, പ്ളീഹ മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനഹാനി ഇങ്ങിനെ ദീര്‍ഘകാലാനുബന്ധമുള്ള രോഗങ്ങള്‍. ഇതിനെല്ലാം പുറമെ മാനസികമായ അസ്വസ്ഥതകളും.

ഒന്നുകൂടി വ്യക്തമാക്കാം– ബന്ധനസ്ഥനാകുന്ന വായു ശരീരകോശങ്ങളെയും അവയവങ്ങളെയും സദാ പീഡിപ്പിച്ചുകൊണ്ടിരിക്കും. ചെറിയചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളില്‍ തുടങ്ങുന്ന ഇത് കാലംകൊണ്ട് മഹാരോഗങ്ങളായി പരിണമിക്കുന്നു– ഉദാവര്‍ത്തത്തിലേക്കു നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ദ്രവാംശം വളരെ കുറവുള്ളതും മലബന്ധത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങളുടെ ഉപയോഗമാണ് ഉദാവര്‍ത്തത്തിന്റെ മുഖ്യകാരണം. (ബിസ്കറ്റ്, ചിപ്സ്, ഐസ്ക്രീം, പൊറോട്ട, മൈദകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ മാംസാഹാരം മുതലായവ). ഇതിനുപുറമെ മലം, മൂത്രം, അധോവായു മുതലായവ തടയുന്നതും മുക്കി പ്രവര്‍ത്തിപ്പിക്കുന്നതും രാത്രി ഉറക്കമൊഴിയുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും, ഭയവും ദുഃഖവും അമിതമായ ചിന്തയും വഴിവിട്ടുള്ള മൈഥുനവും തുടങ്ങി വാതകോപം ഉണ്ടാക്കുന്ന എല്ലാ കാരണങ്ങളും ഉദാവര്‍ത്തത്തിന്റെ നിദാനമാണ്.

ആനുഷംഗികമായി ഒരുകാര്യംകൂടി ഇവിടെ ധ്വനിപ്പിക്കേണ്ടതുണ്ട്– വായുകോപംകൊണ്ട് വയറ്റിലുണ്ടാകുന്ന അമൂര്‍ത്തങ്ങളും മൂര്‍ത്തങ്ങളുമായ മുഴകള്‍ (ഗുന്മം എന്ന് സാങ്കേതിക സംജ്ഞ) കാലക്രമത്തില്‍ അര്‍ബുദങ്ങളായി മാറിയേക്കാം. അഥവാ, ഗുന്മം അര്‍ബുദത്തിന്റെ മുന്നോടിയാകാമെന്നും വ്യാഖ്യാനിക്കാം. രക്തധമനികളുടെ വീക്കമായാലും കരളിന്റെ കട്ടിപ്പായാലും അടിത്തട്ടില്‍ ഒരുപരിധിവരെ ഈ പ്രതിഭാസംതന്നെയാണ് നടക്കുന്നത്.

അധികം വിസ്തരിക്കുന്നില്ല. ഒരു പുതിയകാല വിശേഷംകൂടി പറയാം. അര്‍ബുദത്തിന്റെ കാര്യത്തില്‍ മൈദയും പൊറോട്ടയും പ്രതിക്കൂട്ടിലാണ്. നമുക്കറിയാം ഇവ ഒരുദിവസംകൊണ്ട് അര്‍ബുദമുണ്ടാക്കുന്നില്ല എന്ന്. ചെറിയചെറിയ ഉദാവര്‍ത്തങ്ങളുണ്ടാക്കി ഗുന്മങ്ങളെ സൃഷ്ടിച്ച് കാലക്രമത്തില്‍ ജൈവകോശങ്ങളുടെ എണ്ണവും പെരുപ്പത്തിന്റെ തോതും വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് പൊറോട്ടപോലെയുള്ള ആഹാരങ്ങള്‍ ചെയ്യുന്നത്. ആയുര്‍വേദസിദ്ധാന്തം അനുസരിച്ച് കോശങ്ങളുടെ സംയോജനവും വിഭജനവും നടത്തുന്ന പ്രേരകശക്തി വായുവാണ്.

അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ വേവലാതിപ്പെടുമ്പോള്‍ ഇത്തരം ചെറിയ 'വലിയ' കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അര്‍ബുദരോഗികളാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ സ്മരിക്കപ്പെടുകപോലും ചെയ്യാത്തവര്‍ ഒരു (ദുര്‍) പ്രഭാതത്തില്‍ അര്‍ബുദരോഗികളാണെന്നറിയുമ്പോള്‍ ആധുനിക നിഗമനങ്ങള്‍ അപൂര്‍ണമാണെന്ന് നാം വേദനയോടെ അറിയുന്നു. അര്‍ബുദം ഒരു ഉദാഹരണം മാത്രമായി ചൂണ്ടിക്കാണിക്കുകയാണ്.

രോഗികളാകാന്‍ കാത്തുനില്‍ക്കല്ലേ
ചുറ്റും നോക്കുമ്പോള്‍ രോഗികളാകാന്‍ കാത്തുനില്‍ക്കുകയാണ് എല്ലാവരും എന്നു തോന്നിപ്പോകുന്ന അവസ്ഥയില്ലേ? എന്താണ് പരിഹാരം?”സാധാരണനിലയ്ക്ക് രോഗം വരുമ്പോഴാണ് ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത സജീവമാകുന്നത്. ആയുര്‍വേദം ഇത് തിരുത്തുന്നു. 'ശരീരചിന്ത' നിത്യവും ഉണ്ടാകണം. പോരാ, ഇതിനാകണം മുന്‍ഗണന. നിത്യം ഒരു ആത്മപരിശോധന നടത്തണമെന്നു സാരം. ആരോഗ്യം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ജീവിതത്തിലെ ഓരോ ദിനവും തുടങ്ങാവൂ. ആരോഗ്യകാര്യത്തില്‍ സ്വയം നടത്തുന്ന വിമര്‍ശംതന്നെയാണിത്. ഒരു സ്വയംകരുതല്‍ ആവശ്യമാണ് എന്നര്‍ഥം. ഉടമസ്ഥന്റെ കണ്ണാണ് വിളയ്ക്ക് ഏറ്റവും വലിയ വളം എന്ന പഴമൊഴി ഓര്‍ക്കുക. ഔഷധാശ്രിതമായ ഒരു ചികിത്സാസംസ്കാരം വളര്‍ന്നുവരുന്ന ആധുനിക പരിപ്രേക്ഷ്യത്തില്‍ ആയുര്‍വേദത്തിനു നല്‍കാവുന്ന ഒരു സമാന്തര നിര്‍ദേശം ഇതാകാം; കാരണം ആത്യന്തികമായി ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാണല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top