29 March Friday

മധുരവും അമിതമായാൽ അപകടം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

നാവിന്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് രുചിയുടെ ഉന്നതശ്രേണിയിലെത്തിച്ച് ആസ്വാദ്യത പടർത്തുന്ന പഞ്ചസാരയും വില്ലൻ. ഇന്നത്തെ ലോകം പഞ്ചസാരയ്‌ക്ക് അടിമപ്പെട്ടിരിക്കുന്നു. പഞ്ചസാര ഒരു അന്നജ മിശ്രിതമാണ്‌. ആവശ്യത്തിന്‌ ഉപയോഗിക്കാം. എന്നാൽ അമിതമായ ഉപയോഗമാണ്‌   പലരോഗങ്ങൾക്കും കാരണമാകുന്നതെന്ന്‌ ഇന്ന്‌ ലോകം തിരിച്ചറിയുന്നു. . 

1967ൽ 'ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ' മാസികയിൽ പഞ്ചസാരയുടെ ദോഷങ്ങളെപ്പറ്റി വന്ന പ്രസക്തപഠനങ്ങൾ മൂടിവയ്‌ക്കാൻ ഗവേഷകരെ സ്വാധീനിച്ചത്രെ. ആ ലേഖനത്തിൽ പഞ്ചസാരയ്‌ക്കു പകരം കൊളസ്ട്രോളിനുമാത്രമാണ്‌ സർവ പാപഭാരവും നൽകിയതത്രെ. ഈ വിവരം അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഈ സെപ്തംബറിൽ പ്രസിദ്ധീകരിച്ച മാസികയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.     കഴിഞ്ഞ അഞ്ചു ദശകങ്ങളിലെ പഠനങ്ങളിൽ പഞ്ചസാരക്കെതിരായി വന്ന പഠനങ്ങൾ പലതും മൂടിവയ്‌ക്കപ്പെട്ടതുകൊണ്ട് അതിനെ ആധാരമാക്കി പുറപ്പെടുവിച്ച മാർഗനിർദേശക രേഖകളിൽ പഞ്ചസാരയുടെ തിക്തഫലങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾ കൂടുതലായി ഉണ്ടായില്ലെന്ന്‌ ചില വിദഗ്‌ധർ പറയുന്നു. ഇതിന് ആരോഗ്യരംഗം വലിയ വില കൊടുക്കേണ്ടിവന്നുവെന്നും അവർ പറയുന്നു. . കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. ക്രിസ്റ്റിൻ കേർണ്സിന്റെ അഭിപ്രായപ്രകാരം,  കൊഴുപ്പും കൊളസ്ട്രോളും മാത്രമാണ് ഹൃദ്രോഗത്തിനും ഹൃദയധമനീ രോഗങ്ങൾക്കുള്ള മുഖ്യകാരണമെന്ന വാദം പ്രചരിപ്പിക്കുന്നതിൽ ഗൂഡാലോചന നടന്നിട്ടുണ്ട്‌.   എതിരായും അഭിപ്രായങ്ങൾ ഉയരം. ആ ചർച്ച തുടരട്ടെ. ഇവിടെ അതല്ല പഞ്ചസാര ഉപയോഗം അമിതമായാലുള്ള ദൂഷ്യഫലങ്ങളെക്കുറിച്ച്‌ പരിശോധിക്കാം.

എന്താണ് വാസ്തവത്തിൽ പഞ്ചസാര? 'ഷുഗർ' എന്ന ആംഗലേയപദത്തിന്റെ ഉത്ഭവം സംസ്കൃതത്തിൽ നിന്നാണ്. 'സർക്കര'. ഇത് പേർഷ്യൻ ഭാഷയിലെ 'ഷക്കാർ' എന്ന പദത്തിൽനിന്നും വേർതിരിഞ്ഞുണ്ടായതാണെന്ന് പറയപ്പെടുന്നു. പഞ്ചസാര ആദ്യം ഉൽപ്പാദിപ്പിക്കപ്പെട്ടത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണെന്ന് ചരിത്രം പറയുന്നു. ബിസി 8‐ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ചൈനീസ് ചരിത്രരേഖകളിൽ പഞ്ചസാര ഇന്ത്യയിൽ ഉപയോഗിച്ചുവരുന്നതായി പരാമർശിക്കപ്പെട്ടിട്ടുണ്ട്. എ സി ഒന്നാംനൂറ്റാണ്ടിലാണ് പഞ്ചസാര ആദ്യമായി യൂറോപ്പിൽ ഉപയോഗിച്ചുതുടങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. 1492‐ൽ ക്രിസ്റ്റഫർ കൊളമ്പസ് കരിമ്പ് തണ്ടുകൾ ലോകമാസകലം വച്ചുപിടിപ്പിക്കാൻ മുൻകൈയെടുത്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

രസതന്ത്രപരമായി പറഞ്ഞാൽ പഞ്ചസാര, മോണൊഡൈ‐ ഒലിഗോ സാക്കറൈഡുകൾ അടങ്ങുന്ന അന്നജ മിശ്രിതമാണ്. ഇതിലെ മുഖ്യഘടകം ഗ്ലൂക്കോസാണ്. 100 ഗ്രാം പഞ്ചസാരയിൽ 387 കാലറിയുണ്ട്. ശരീരത്തിന്റെ മുഖ്യ ഊർജസ്രോതസ്സ്‌ അന്നജം തന്നെ. എന്നാൽ ഉപയോഗം അമിതമാകുമ്പോഴാണ് കൂടുതലായ കാലറി ശരീരത്തിൽ കുമിഞ്ഞുകൂടി ആരോഗ്യത്തെ അപകടങ്ങളിലേക്ക് നയിക്കുന്നത്. സാധാരണ പഴം‐പച്ചക്കറി വിഭവങ്ങളിലൂടെ ലഭിക്കുന്ന പഞ്ചസാരക്കുപരിയായി കൂടുതലായി ഉപയോഗിക്കുന്ന പഞ്ചസാരയുടെ ദൂഷ്യഫലങ്ങൾ താഴെകൊടുക്കുന്നു.

1. പ്രത്യേക പോഷകപദാർഥങ്ങളില്ലാത്ത രാസഘടകങ്ങളാണ് പഞ്ചസാര. മാംസ്യമോ, ജീവകങ്ങളോ അടങ്ങിയിട്ടില്ല. പല്ലുകളുടെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരം.

2. ശരീരത്തിൽ ഗ്ലൂക്കോസും ഫ്രൂക്റ്റോസുമായി വിഘടിക്കപ്പെടുന്ന പഞ്ചസാര പ്രധാനമായി കരളിലാണ് ചയാപചയം ചെയ്യപ്പെടുന്നത്‌. ഫ്രൂക്റ്റോസ് ഗ്ലൈക്കോളുമായി പരിവർത്തനം ചെയ്യപ്പെട്ട് കരളിൽ സൂക്ഷിക്കപ്പെടുന്നു. ഫ്രൂക്റ്റോസ് കൊഴുപ്പായി കരളിൽ അധികരിച്ച് 'ഫാറ്റി ലിവറു'ണ്ടാക്കുന്നു.

3. മദ്യപാനം കൂടാതെയുള്ള കരൾരോഗത്തിന്റെ സുപ്രധാനകാരണം പഞ്ചസാരതന്നെ. സാവധാനം ഫ്രൂക്റ്റോസ് കൊഴുപ്പും കൊളസ്ട്രോളുമായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് ഹൃദ്രോഗത്തിലേക്കുള്ള ആദ്യത്തെ പടി.

4. ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത തളർത്തുന്നു. തൽഫലമായി 'ഇൻസുലിൻ പ്രതിബന്ധ'രോഗമുണ്ടാകുന്നു. ഇത് പ്രമേഹത്തിനും മെറ്റാബോളിക് സിൻഡ്രോമിനും കാരണമാകുന്നു.

5. പഞ്ചസാരയടങ്ങുന്ന പാനീയങ്ങൾ അമിതമായി കുടിക്കുന്നവർക്ക് പ്രമേഹബാധയുണ്ടാകാനുള്ള സാധ്യത 83 ശതമാനമാണ്.

6. അമിതമായി പഞ്ചസാരയടങ്ങുന്ന ആഹാരപദാർഥങ്ങൾ കഴിക്കുന്നവർക്ക് അർബുദമുണ്ടാകാനുള്ള സാധ്യതയേറുന്നതായി ചില പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

7. മസ്തിഷ്കപ്രവർത്തനത്തെയും സവിശേഷ ഹോർമോണുകളെയും ഉദ്ദീപിപ്പിച്ചുകൊണ്ട് ശരീരത്തിൽ കൊഴുപ്പ് വർധിക്കുന്നതിനും കാരണമാകുന്നു.

8. മസ്തിഷ്കത്തിലെ 'ഡോപ്പാമിൻ' പദാർഥത്തെ കൂടുതലായി ഉൽപ്പാദിപ്പിച്ചുകൊണ്ട് പഞ്ചസാര ഒരു മയക്കുമരുന്നിന്റെ പ്രതീതി ഉളവാക്കുന്നു. അതിനോടുള്ള അത്യാസക്തി നാൾക്കുനാൾ വർധിച്ചുവരുന്നു.

9. കുട്ടികളിലും മുതിർന്നവരിലും അമിതവണ്ണം ഉണ്ടാക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം അധികമായ പഞ്ചസാരയുടെ ഉപയോഗംതന്നെ. സ്ഥിരമായി മധുര പലഹാരങ്ങൾ കഴിക്കുന്നവർക്ക് ദുർമ്മേദസുണ്ടാകാനുള്ള സാധ്യത 60 ശതമാനമാണ്. അതുകൊണ്ട് ഭാരം കുറയ്‌ക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടതും മധുര ഉപയോഗം പൂർണമായി കുറയ്‌ക്കുക തന്നെ.

10. കൊഴുപ്പിന്റെ ഉപയോഗത്തെക്കാൾ പഞ്ചസാര കഴിക്കുന്നതാണ് ശരീരത്തിൽ കൊളസ്ട്രോൾ കുമിഞ്ഞുകൂടുന്നതിന്റെ മുഖ്യ കാരണം പഞ്ചസാര മാത്രമല്ല, അന്നജം അടങ്ങുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും. കേരളീയരെ സംബന്ധിച്ചിടത്തോളം അരിയുടെ ഉപയോഗം അങ്ങേയറ്റം നിയന്ത്രിക്കുക.

ബ്രിട്ടനിൽ ഒരു പഠനത്തിൽ, പഞ്ചസാരയുടെ ഉപയോഗം 15 ശതമാനം കുറച്ചപ്പോൾ 1,80,000 പേരെ അമിതവണ്ണമുണ്ടാക്കുന്നതിൽനിന്ന് തടയാൻ സാധിച്ചതായി തെളിഞ്ഞു. 1988നും 2012നും ഇടയ്‌ക്കുള്ള കാലയളവിൽ അമേരിക്കയിൽ പ്രമേഹരോഗികളുടെയും പൊണ്ണത്തടിയന്മാരുടെയും സംഖ്യയിൽ 25 ശതമാനം വർധനയുണ്ടായതും വർധിച്ച മധുര ഭക്ഷണപദാർഥങ്ങളുടെ ഉപയോഗംകൊണ്ടുതന്നെ. ഒരു ഗ്ലാസ് കൊക്കക്കോളയിൽ ഒമ്പത്‌ സ്പൂൺ പഞ്ചസാരയുണ്ട്.

ഏതായാലും  പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരായ ബോധവൽക്കരണം കൂടിയേതീരൂ എന്ന്‌  നാം തിരിച്ചറിയണം.

(എറണാകുളം ലൂർദ്‌ ആശുപത്രിയിൽ സീനിയർ കാർഡിയോളജിസ്റ്റാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top