26 April Friday

അവയവ ദാനം ശ്രേഷ്ഠമായ ദാനം

ഡോ. റെനു തോമസ്Updated: Thursday Mar 17, 2016

മനുഷ്യരാശിയുടെ തുടക്കംമുതല്‍തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാവ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചുമാറ്റാന്‍ പറ്റാത്തതരത്തിലുള്ള കേടുപാടുകള്‍ വരുത്തിത്തീര്‍ത്തു. ശസ്ത്രക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സാശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കല്‍ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായിത്തന്നെ വളര്‍ത്തിയെടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവം മാറ്റിവയ്ക്കല്‍ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൌഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യംകൂടെ ചേര്‍ത്തുവച്ചുമാത്രമേ അവയവംമാറ്റിവയ്ക്കല്‍ സാധ്യമാകുകയുള്ളൂ. അവയവംമാറ്റിവയ്ക്കല്‍ സാധ്യമാകണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.

ഏതൊക്കെ അവയവം മാറ്റിവയ്ക്കാം?
ശരീരത്തിലെ പല അവയവങ്ങളും– വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്) – തുടങ്ങിയവ വിവിധതരത്തിലുള്ള രോഗങ്ങളാല്‍ ഇപ്രകാരം കേടുസംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഇതില്‍ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണകാരണം ആയിത്തീരാവുന്നതാണ്. ഈ സാഹചര്യത്തില്‍ അവയവം മാറ്റിവയ്ക്കല്‍ ആണ് പലപ്പോഴും സാധ്യമായ ഒരേയൊരുവഴി. വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് ഇപ്രകാരം മാറ്റിവയ്ക്കാന്‍ സാധ്യമായവ . സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റിവയ്ക്കാന്‍ സാധ്യമായ മറ്റ് അവയവങ്ങള്‍ ഇവയാണ്–കണ്ണുകള്‍ (കോര്‍ണിയ എന്ന നേത്രപടലം), ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23–ഓളം അവയവങ്ങള്‍ ദാനംചെയ്യാവുന്നതാണ്.

അവയവങ്ങള്‍ എവിടെനിന്നു ലഭിക്കും?
വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ദാനം ചെയ്യാമെങ്കിലും, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാകുകയുള്ളൂ. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും നടക്കുന്ന ശസ്ത്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരം വലുതാണ്. ഈ പശ്ചാത്തലത്തിലാണ് മരണാനന്തര അവയവദാനത്തിനുള്ള പ്രസക്തി . ഈ കൊച്ചു കേരളത്തില്‍ത്തന്നെ വൃക്ക മാറ്റിവയ്ക്കലിന് അനേകായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍, നടക്കുന്നത് പ്രതിവര്‍ഷം ശരാശരി 500 ശസ്ത്രക്രിയമാത്രം. ദാതാവിനെ ലഭിക്കാതെയും ചികിത്സയ്ക്ക് പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം.

ആര്‍ക്കൊക്കെ മരണാനന്തരം അവയവങ്ങള്‍ ദാനംചെയ്യാം?
ശിശുക്കള്‍മുതല്‍ വൃദ്ധര്‍വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനംചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, ക്യാന്‍സര്‍ മുതലായവമൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികംപേരെ ബാധിച്ചിരിക്കുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രമേഹം, രക്താതിമര്‍ദം മുതലായവ. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ അവയവവും ദാനംചെയ്യാന്‍ സാധ്യമാകിലെങ്കിലും ദാനംചെയ്യാന്‍ സാധ്യമായ പല അവയവങ്ങളും ഉണ്ട്. പഴകിയ പ്രമേഹവും രക്താതിമര്‍ദവും ഉള്ളവരുടെ വൃക്കകള്‍, ഹൃദയം മുതലായവ ദാനംചെയ്യാന്‍ യോജിച്ചതായിരിക്കില്ല. എന്നാലും ,കരള്‍, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കില്‍ മാറ്റിവയ്ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

മരണാനന്തര അവയവദാനം
മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂര്‍ണമായ അറിവേ ഉണ്ടാകുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാകാനാണ് സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കംചെയ്ത് ഉപയോഗിക്കാം. നേത്രദാനം വീടുകളില്‍വച്ചു മരണം സംഭവിക്കുന്നവര്‍ക്കുപോലും സാധ്യമാണ്. അതുവഴി രണ്ടുപേരുടെയെങ്കിലും ജീവിതത്തിലേക്ക് വെളിച്ചംപകരാന്‍ സാധിക്കുന്നതുമാണ്. പക്ഷേ, ആന്തരിക അവയവങ്ങള്‍ മാറ്റിവയ്ക്കണമെങ്കില്‍ ജീവനുള്ള അവസ്ഥയില്‍ ദാതാവില്‍നിന്ന് അവ നീക്കംചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്കമരണം എന്ന ആശയംതന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്ക ട്യൂമര്‍) മസ്തിഷകത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കമരണം. 'കോമ'യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്തരീതിയില്‍ മസ്തിഷ്കത്തിന് കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്കമരണം എന്നുപറയുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ നിലവിലുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിച്ചശേഷം ഇതുവരെ ആരും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്.

അവയവം മാറ്റിവയ്ക്കല്‍ – ഇന്ത്യയിലും കേരളത്തിലും
ഇന്ത്യയില്‍ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് 1965ല്‍ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ്. ജീവനുള്ള ദാതാവിന്റെ വൃക്ക ആദ്യം മാറ്റിവച്ചത് 1971ല്‍ സിഎംസി വെല്ലൂരില്‍ ആണ്. വൃക്കമാറ്റിവയ്ക്കലിനേക്കാളും സങ്കീര്‍ണമായ കരള്‍ മാറ്റിവയ്ക്കല്‍ നടന്നത് 90കളിലാണ്. അവയവം മാറ്റിവയ്ക്കലിനായി ഇന്ത്യനിര്‍മിച്ച നിയമമാണ് 1994ല്‍ നിലവില്‍വന്ന ട്രാന്‍സ്പ്ളാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് (ടിഎച്ച്ഒഎ) Transplantation of HumanOrgans Act (THOA).  അതിനുശേഷം നിയമത്തില്‍ പല  ഭേദഗതികളും നടന്നിട്ടുണ്ട്. 2011ലാണ് അവസാന ഭേദഗതി.

ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിന് ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്. സ്വമേധയാ പ്രതിഫലേഛ ഇല്ലാതെയുള്ള അവയവദാനം മാത്രമേ നിയമപ്രകാരം അനുവദിച്ചിട്ടുള്ളു. പതുക്കെ മരണാനന്തര അവയവദാനവും ഇന്ത്യയില്‍ വ്യാപകമായിത്തുടങ്ങി. ഇന്ത്യക്കുതന്നെ മാതൃകയാവുന്ന രീതിയില്‍ തമിഴ്നാട് ഈ മേഖലയില്‍ വളരെ മുന്നോട്ടുപോയി. അനേകം സന്നദ്ധസംഘടനകള്‍ ഈ മേഖലയില്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതിലെ പ്രമുഖമായ എന്‍ജിഒ ആണ് MOHAN foundation (Multi Organ Harvest Aid Network).-   ഇതിന്റെ ചുവടുപിടിച്ചു കേരളവും മരണാനന്തര അവയവദാന മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കി. 2012 ആഗസ്ത് 12ന് സംസ്ഥാനസര്‍ക്കാരിന്റെ സംരംഭമായ മൃതസഞ്ജീവനി എന്ന പദ്ധതി നിലവില്‍വന്നു. ഇതിന്റെ നടത്തിപ്പിനായി Kerala Network of Organ Sharing (KNOS)-  എന്ന ഏജന്‍സി രൂപീകൃതമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന KNOS വഴി ആണ് ഇന്ന് കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത് 2012ല്‍ രൂപീകൃതമായതില്‍പ്പിന്നെ നാളിതുവരെ (ആഗസ്ത് 2015) അനേകം ശസ്ത്രക്രിയകള്‍ KNOS വഴി നടന്നുകഴിഞ്ഞു. വൃക്ക (187), കരള്‍ (74), ഹൃദയം (13), പാന്‍ക്രിയാസ് (1), കൈപ്പത്തി (1), ചെറുകുടല്‍ (1). അവയവം  ലഭിക്കാന്‍ സാധ്യതയുള്ള രോഗികളുടെ മുന്‍ഗണനാക്രമം KNOS തയ്യാറാക്കി വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ധനരായ അനേകം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഇതുവഴി സാധ്യമായിട്ടുണ്ട് മരണാനന്തര അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ട്.

അവയവദാനപ്രക്രിയ
റോഡപകടങ്ങള്‍, മസ്തിഷ്കരക്തസ്രാവം, ചിലതരം മസ്തിഷ്ക ട്യൂമറുകള്‍ എന്നിവമൂലം മസ്തിഷ്കമരണം സംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ചശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന്  തയ്യാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കള്‍ക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്തപക്ഷം ചികിത്സിക്കുന്ന ഡോക്ടര്‍തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാകണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്.  ബന്ധുക്കള്‍ സമ്മതം നല്‍കിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ KNOS പ്രവര്‍ത്തകരുമായി ബന്ധപ്പെടും. മുന്‍ഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തെരഞ്ഞെടുക്കുന്നത് KNOS അധികൃതരാണ്.

ജീവിച്ചിരിക്കുന്ന ദാതാക്കളില്‍നിന്നുള്ള അവയവദാനം
വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍നിന്ന് നീക്കംചെയ്യാവുന്നത്. ആരോഗ്യമുള്ള രണ്ടു വൃക്കകളുള്ള ഒരാള്‍ക്ക് ഒരു വൃക്ക ദാനംചെയ്യാന്‍ സാധിക്കുന്നതാണ്. കരള്‍ ദാനംചെയ്യുന്നത് അതു പകുത്തെടുക്കുന്ന സങ്കീര്‍ണമായ പ്രക്രിയവഴിയാണ്. നമ്മുടെ നാട്ടില്‍ സാധാരണയായി ബന്ധുക്കള്‍ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തില്‍ നടക്കുന്നത് പക്ഷേ ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിന് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേര്‍ച്ച പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്കുശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേഖകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള എത്തിക്കല്‍ കമ്മിറ്റി  മുമ്പാകെ സമര്‍പ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയവം മാറ്റിവയ്ക്കല്‍ സാധ്യമാക്കുന്ന സര്‍ക്കാര്‍സംവിധാനങ്ങള്‍ നിലവിലില്ല. ചില സ്വകാര്യ വ്യക്തികള്‍ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ ശ്രദ്ധേയമാണ് ഫാ. ഡേവിഡ് ചിറമേല്‍ സ്ഥാപിച്ച The Kidney Federation of  India  എന്ന സംഘടന. ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കും വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമുള്ളവര്‍ക്കും ഈ സംഘടന പലവിധ സഹായങ്ങള്‍ നല്‍കിവരുന്നു.

അവയവദാനസമ്മതപത്രം 
അവയവദാനസമ്മതപത്രവും ഡോണര്‍ കാര്‍ഡും KNOS ന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ ഇവ പൂരിപ്പിച്ച് കൈവശംവയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവദാനത്തെപ്പറ്റി ബോധവല്‍ക്കരണം വ്യാപിക്കുന്നതുവഴി കൂടുതലായി മരണാനന്തരഅവയവദാനം നടക്കുമെന്നതില്‍ സംശയമില്ല.

(തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും ചീഫ്  റെനല്‍ ട്രാന്‍സ്പ്ളാന്റ് സര്‍ജനുമാണ് ഡോ. റെനുതോമസ്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top