20 April Saturday

കട്ടപിടിച്ച രക്തത്തെ അലിയിക്കാൻ പുതിയ ഔഷധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ധമനികളിലെ രക്ത ചംക്രമണത്തിൽ കട്ടപിടിക്കുന്ന രക്തം സൃഷ്ടിക്കുന്ന തടസം മൂലമുള്ള രോഗാവസ്ഥ  വർധിച്ചുവരികയാണ്. ഹൃദയാഘാതംമുതൽ പക്ഷാഘാതംവരെയുള്ളവ ഇതുമൂലം ഉണ്ടാകുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് രക്ഷയായി നിരവധി ഔഷധങ്ങളും അതുമല്ലെങ്കിൽ ശസ്ത്രക്രിയാ രീതികളുമുണ്ട്. എന്നാൽ, ഇന്ന് ലഭ്യമായുള്ള ഔഷധങ്ങളിൽ പലതിനും  മാരകമായ പാർശ്വഫലങ്ങളുണ്ട്.  ചില രോഗികളിൽ അത് അമിത രക്തസ്രാവത്തിന് കാരണമാകുമ്പോൾ മറ്റുചിലരിൽ മസ്തിഷ്ക നീർവീക്കമുൾപ്പെടെയുള്ള അവസ്ഥകളുണ്ടാക്കുന്നു. 

കട്ടപിടിച്ച രക്തം  അലിയിക്കുന്ന ജൈവരാസത്വരകങ്ങൾ (എൻസൈമുകൾ) ചികിത്സയ്‌ക്കായി ഉപയോഗിക്കുമ്പോൾ പലപ്പോഴും അവ  രക്തകോശങ്ങളെയും നശിപ്പിക്കുന്നു. ഇതുകൂടാതെ, രക്തം  കട്ടപിടിക്കുന്ന വേളയിലുണ്ടാകുന്ന ബ്രാഡിക്കൈനിൻപോലുള്ള മാംസ്യശകലങ്ങൾ  രക്തത്തിൽനിന്ന്  തലച്ചോറിലെത്തിയാണ് അവിടെ നീർവീക്കമുണ്ടാക്കുന്നത്.  ഇത്തരം ഗുരുതരമായ പാർശ്വഫലങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചികിത്സാ സംവിധാനങ്ങൾ  നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ഈ രംഗത്ത് പ്രതീക്ഷ നൽകുന്നതാണ്‌ ‌കണ്ണൂർ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഔഷധം.

പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിലൊന്നായ ഇന്റർനാഷണൽ ജേർണൽ ഓഫ് ബയോളജിക്കൽ മാക്രോമോളിക്യൂൾസിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചതോടെ ഇത്‌  ഗവേഷക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്‌. സമുദ്ര സൂക്ഷ്മജീവികളിലൊന്നായ സ്യുഡോമോണാസ് ഏറുജിനോസ എന്ന ബാക്റ്റീരിയയിൽ നിന്നാണ് ഗവേഷകസംഘം പുതിയ ഔഷധ ജൈവരാസത്വരകം വേർതിരിച്ചെടുത്തത്.

കട്ടപിടിച്ച രക്തം മികച്ച രീതിയിൽ അലിയിക്കുന്നതിനൊപ്പം ഏറ്റവും കുറഞ്ഞ തോതിലുള്ള രക്തനശീകരണവും മസ്തിഷ്ക നീർവീക്കമുണ്ടാക്കുന്ന ബ്രാഡികൈനിന്റെ പൂർണമായ നീക്കം ചെയ്യലും പുതിയ കണ്ടെത്തലിന്റെ പ്രത്യേകതയാണ്‌.  ഈ രണ്ട് ഗുണമുള്ള ഔഷധങ്ങൾ നിലവിൽ ലഭ്യമല്ല. ഉയർന്ന രക്ത സമ്മർദവും അമിത മദ്യപാനം, പൊണ്ണത്തടി, രക്തത്തിലെ ഉയർന്ന തോതിലുള്ള കൊഴുപ്പ്, വാർധക്യസഹജമായ അസുഖങ്ങൾ എന്നിവയൊക്കെ രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കുന്നതിനും അതുമൂലമുള്ള ഹൃദ്‌രോഗങ്ങൾക്കും കാരണമാകുമ്പോൾ പുതിയ കണ്ടുപിടിത്തം ചികിത്സാരംഗത്തിന് പ്രതീക്ഷ നൽകുന്നു.


 

കണ്ണൂർ സർവകലാശാല  തലശ്ശേരി ഡോ. ജാനകി അമ്മാൾ ക്യാമ്പസ്‌  ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോസയൻസിലെ  ഡോ. സ്വരൂപ് എസ് കുമാർ, ഡോ. എം. ഹരിദാസ്, ഡോ. എ സാബു എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയ ഔഷധം വേർതിരിച്ചെടുത്തത്.ഔഷധ സംയുക്തങ്ങൾക്കുവേണ്ടി സമുദ്രസൂക്ഷ്‌മജീവികളെ ഉപയാഗപ്പെടുത്തുന്നതിനുള്ള നിരവധി ഗവേഷണ പഠനങ്ങൾ കണ്ണൂർ സർവകലാശാലയിൽ നടക്കുന്നുണ്ട്. കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെയും കേന്ദ്ര ശാസ്ത്രസാങ്കേതിക - ജൈവ സാങ്കേതിക വകുപ്പുകളുടെയും  ധനസഹായത്തോടെയാണ് കണ്ണൂർ തീരത്തെ സമുദ്രസൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top