26 April Friday

പനിക്കെതിരെ മുന്‍കരുതല്‍

ഡോ. അമർ ഫെറ്റിൽUpdated: Thursday Jun 16, 2016

മഴക്കാലം പലതരം പനികളുടെയും കാലമാണ്. സാധാരണ പനിയും എലിപ്പനി, ഡെങ്കിപ്പനി എന്നിവയുമാണ് മഴക്കാലത്ത് കാണുന്നതെങ്കിലും മറ്റു പനികള്‍ക്കെതിരെയും ജാഗ്രത പുര്‍ത്തണം.

എലിപ്പനി
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍: ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം സങ്കീര്‍ണമായാല്‍ മരണം സംഭവിക്കാം. എലിപ്പനിമൂലമുള്ള മരണങ്ങളില്‍ ഏറിയ പങ്കും രോഗനിര്‍ണയത്തിലെ കാലതാമസംമൂലമാണ് സംഭവിക്കുന്നത്. ഏതു പനിയും എലിപ്പനിയാകാം. അപകട സാഹചര്യങ്ങളില്‍ ജീവിതം, തൊഴില്‍ നയിക്കുന്നവര്‍ പനിയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം. സ്വയംചികിത്സ ആപല്‍ക്കരമാണ്. തൊഴില്‍–ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഡോക്ടറോടു പറയുന്നത് ശരിയായ രോഗനിര്‍ണയത്തിനു സഹായിക്കും.

ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്.
ലക്ഷണങ്ങള്‍: പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനുപിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സയും ശരിയായ വിശ്രമവും ലഭിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന രോഗമാണിത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ പ്ളേറ്റ്ലെറ്റുകളുടെ കുറവും ആന്തരിക അവയവങ്ങളുടെ താളം തെറ്റലുമാണ് മരണം സംഭവിക്കുന്നത്.

ചിക്കുന്‍ ഗുനിയ
ഇതും ഈഡിസ് വിഭാഗത്തില്‍പ്പെട്ടകൊതുകുകള്‍ പരത്തുന്ന രോഗമാണ്.

ലക്ഷണങ്ങള്‍: കടുത്ത പനി, സഹിക്കാനാവാത്ത സന്ധിവേദന എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. പലപ്പോഴും രോഗി വേദനമൂലം നടക്കാന്‍തന്നെ ബുദ്ധിമുട്ടും. മിക്കവാറും സന്ധ്യയോടെയാണ് ചിക്കുന്‍ ഗുനിയയുടെ പനി തുടങ്ങുക. രാവിലെയാകുമ്പോള്‍ രോഗി തീരെ അവശനാകും. ചിക്കുന്‍ ഗുനിയ മരണകാരണമായ രോഗമല്ല. പക്ഷേ, ഇതു വന്നാലുള്ള ശാരീരികാസ്വസ്ഥത വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ധാരാളം വെള്ളം കുടിക്കുക, പൂര്‍ണമായും കിടന്ന് വിശ്രമിക്കുക എന്നിവയാണ് രോഗം ഭേദപ്പെടാനുള്ള വഴി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനിരോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാണ്.

എച്ച്1 എന്‍1
എച്ച്1 എന്‍1 വൈറസ് പരത്തുന്ന രോഗമാണ്. ആദ്യം പന്നികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നിരുന്ന ഈ വൈറസ് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പകരാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ ഇത് വ്യാപകമായത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണ പനിപോലെയായിരിക്കുന്നു എച്ച്1 എന്‍1.

തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്ക് കാരണമാകാം. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താനും സഞ്ചരിക്കാനും അനുവദിക്കാതെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗം. ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി. മരുന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം.  ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.

(എച്ച്1 എന്‍1 നോഡല്‍ ഓഫീസറാണ് ലേഖകന്‍)


പരിസരശുചിത്വം പ്രധാനം

മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്. ശുദ്ധജല ശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുക, ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക, വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ ആ സമയം ടൌവല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ ഃമറ്റുള്ളവരിലേക്കു പടരുന്നതു തടയും. എലിപ്പനി തടയാന്‍ എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൈകാലുകളിലെ മുറിവുകള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാവാതെ സൂക്ഷിക്കുക, പാടത്തും പറമ്പിലും തോടുകളിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധചികിത്സ ഉപയോഗപ്പെടുത്തുക എന്നിവ രോഗപ്രതിരോധത്തിനു സഹായിക്കും.

കൊതുകുനശീകരണ നടപടികള്‍ ഡെങ്കിപനി തടയാന്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാല്‍ വീടിനുസമീപത്ത് ഒരുകാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകുകടി തടയാന്‍ കൊതുകുവലപോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ രോഗബാധ നിയന്ത്രിക്കാം
 

ആശങ്ക വേണ്ട; ജാഗ്രത മതി
പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണു വേണ്ടത്. പനികള്‍ പൊതുവെ”വൈറല്‍പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. സാധാരണ വൈറല്‍പനികള്‍ സുഖമാവാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും–ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും–ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണു നല്ലത്.
ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, ജീരകവെള്ളം, വെറും ചൂടുവെള്ളം എന്നിവയെക്കാള്‍ നല്ലതാണ്.

നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണമായി മാറുംവരെ വിശ്രമിക്കുക. രോഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യുന്നു. കുത്തിവയ്പിനുവേണ്ടിയും ഡ്രിപ്പിനുവേണ്ടിയും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമില്ല. ചിലപ്പോള്‍ അവ വിറയല്‍, വേദന, മനംപുരട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇവ ഒരുപക്ഷേ ഗുരുതരമായി തീരുകയും ചെയ്യാം.

കഴിക്കുന്ന പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടരീതിയിലും വേഗത്തിലും കുത്തിവയ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നറിയുക. വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെപറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക. പ്രതീക്ഷിച്ച സമയംകൊണ്ട് പനി ഭേദമാകുന്നില്ലെങ്കില്‍. നല്ല ചികിത്സയും പരിചരണവും ലഭിച്ചശേഷവും പനി കൂടുതലായാല്‍.
ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടാല്‍. ഭക്ഷണം കഴിക്കാന്‍ വയ്യാതായാല്‍.

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍പനികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും. സ്വയംചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ് തയ്യാറാക്കിയ  ലഘുലേഖ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top