29 March Friday

മാറുന്ന ഭക്ഷണ ശാസ്ത്രം

ഡോ. ജോര്‍ജ് തയ്യില്‍Updated: Thursday Dec 15, 2016

അമേരിക്കയിലെ ഡയറ്ററി ഗൈഡ്‌ലൈന്‍സ് അഡ്വൈസറി കമ്മറ്റി പോഷണ ശാസ്ത്രത്തെപ്പറ്റി
പ്രസിദ്ധീകരിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശക രേഖകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍സാഹചര്യങ്ങളെ
വിലയിരുത്തുകയാണ് ഡോ. ജോര്‍ജ് തയ്യില്‍

നമ്മുടെ പിതാമഹരില്‍നിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിമ മനുഷ്യന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു; ഭക്ഷണം. മറ്റാവശ്യങ്ങളെല്ലാം വിശപ്പടക്കിയശേഷം മാത്രം. ചരിത്രാതീതകാലത്ത് മനുഷ്യന്‍ ആയുധം ഉപയോഗിക്കാന്‍പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാന്‍തന്നെയായിരുന്നു. ഇരതേടിയുള്ള കഠിന പ്രയത്നങ്ങള്‍ക്ക് വിരാമമുണ്ടായത് അവന്‍ കൃഷിചെയ്യാന്‍ പഠിച്ചതുമുതലാണ്. നരവംശശാസ്ത്രത്തിന്റെ ആദ്യ ഏടുകളിലേക്കു കടന്നാല്‍ ആദിമ മനുഷ്യന്‍ എന്തു കഴിച്ചിരുന്നുവെന്നു മനസ്സിലാകും. പല്ലുകളുടെയും വായയുടെയും ഘടന, ഭക്ഷണസ്വഭാവം, അസ്ഥികളുടെ വളര്‍ച്ച, ദൃഢത തുടങ്ങിയവയെപ്പറ്റിയുള്ള താരതമ്യപഠനങ്ങളാണ് ഇതിനുപയോഗിച്ചത്. മനുഷ്യന്‍ അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തര്‍ക്കം ശാസ്ത്രലോകത്ത് ഇന്നും അവ്യക്തതകളോടെ നിലനില്‍ക്കുന്നു.

ആസ്വാദനത്തിന്റെ രുചിഭേദങ്ങള്‍
അപ്പോള്‍ പ്രകൃതിതത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യന് കാലാന്തരത്തില്‍ രോഗപീഡകള്‍ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതാകും ശരി. വിശപ്പു മാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാന്‍കൂടിയുള്ളതാണ് ഭക്ഷണം എന്ന ചിന്ത ആധുനിക മനുഷ്യനെ രോഗാതുരതയിലേക്ക് വലിച്ചിഴച്ചു. വിചിത്രമായ ഭക്ഷണവിഭവങ്ങള്‍ക്കു പിറകെ അവന്‍ വെറിപൂണ്ട് ഓടിത്തുടങ്ങി.

രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുന്ന ഇന്നത്തെ ഗവേഷകരും അതുതന്നെയാണ് ഉറച്ചസ്വരത്തില്‍ പറയുന്നത്. മാംസഭക്ഷണങ്ങളോടുള്ള ആര്‍ത്തി കുറച്ച് കൂടുതലായി സസ്യവിഭവങ്ങള്‍ കഴിച്ചുതുടങ്ങുക. അമേരിക്കന്‍ ഡയറ്ററി അഡ്വൈസറി കമ്മിറ്റി ഊന്നിപ്പറയുന്നത്, പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും അടങ്ങുന്ന രുചിവിഭവങ്ങള്‍ വെടിഞ്ഞ് കൂടുതലായി ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ്. അതുപോലെ പഞ്ചസാരയും മുഖ്യവില്ലനാകുന്നു. 'വെളുത്ത വിഷം' എന്നാണ് പഞ്ചസാരയുടെ പുതിയ നാമധേയം. ശരീരത്തെ രോഗാതുരമാക്കാന്‍ ഏറ്റവും വീര്യമുള്ള പദാര്‍ഥമായി മാറുകയാണ് പഞ്ചസാര. പുതിയ നിര്‍ദേശപ്രകാരം അന്നജം നാം ആഹരിക്കുന്ന ആകെയുള്ള കലോറിയുടെ 10 ശതമാനത്തില്‍ കുറവേ ആകാന്‍പാടുള്ളു.

മുമ്പുണ്ടായിരുന്ന 25 ശതമാനം എന്ന തോത് വെട്ടിക്കുറച്ചു. മധുരമുള്ള സോഡ കുടിച്ചാല്‍ ഈ അളവായി എന്നോര്‍ക്കണം. അപ്പോള്‍ മധുരപാനീയങ്ങളോടും ബേക്കറി പലഹാരങ്ങളോടും വിടപറയുകതന്നെ വേണം. അമിതവണ്ണവും പ്രമേഹവും കൊളസ്ട്രോളും ഹൃദയധമനീരോഗങ്ങളും വര്‍ധിപ്പിക്കുന്നതിലുപരി ആരോഗ്യപൂര്‍ണമായ ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണവും അത് കുറയ്ക്കുന്നു.
അതുപോലെ കൊളസ്ട്രോള്‍ ചികിത്സാപ്രമാണങ്ങളെ പാടെ തകിടംമറിച്ച വാര്‍ത്തയാണ് അമേരിക്കന്‍ ഡയറ്ററി അഡ്വൈസറി കമ്മറ്റി   പുറത്തുവിട്ടത്. 'മുട്ടയെ ഭയപ്പെടേണ്ട, അതിലെ കൊളസ്ട്രോള്‍ ഹാനികരമല്ല' എന്ന നിരീക്ഷണം കഴിഞ്ഞ 40 വര്‍ഷമായി അനുവര്‍ത്തിച്ചുപോന്ന ചികിത്സാ തത്വസംഹിതകളാണ് മാറ്റിമറിച്ചത്.

കൊളസ്ട്രോളും ഭക്ഷണവും
കൊളസ്ട്രോള്‍ ഏറ്റവും കൂടുതലുള്ള പദാര്‍ഥമായിട്ടായിരുന്നു മുട്ടയെ കണക്കാക്കിയിരുന്നത്. രണ്ട് മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍ ഏകദേശം 300 മില്ലിഗ്രാം കൊളസ്ട്രോളായി. ഒരുദിവസം കഴിക്കുന്ന ഭക്ഷണത്തിലുള്‍ക്കൊള്ളേണ്ട കൊളസ്ട്രോളിന്റെ പരിധിയും 300 മില്ലിഗ്രാം തന്നെ. അപ്പോള്‍ ആഹാരത്തില്‍നിന്നുള്ള കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട ആദ്യപടി മുട്ട ഒഴിവാക്കുകതന്നെ. അങ്ങനെ മുട്ടയെ, ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന മുഖ്യവില്ലനായി മുദ്രകുത്തി 'ആരോഗ്യറെസിപ്പി'കളില്‍നിന്ന് ഒഴിവാക്കിയിരുന്നു പോഷണശാസ്ത്രകാരന്മാര്‍. ഹൃദയത്തെയും ധമനികളെയും രോഗാതുരതകളില്‍നിന്ന് പരിരക്ഷിക്കാനായി ഇതുവരെ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും നിബന്ധനകളും അതുതന്നെയായിരുന്നു.

എന്നാല്‍ അമേരിക്കയില്‍ ഈയിടെ നടന്ന ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ പണ്ട് ഹാനികരമെന്ന് മുദ്രകുത്തപ്പെട്ട പല ഭക്ഷ്യപദാര്‍ഥങ്ങളും ഇപ്പോള്‍ നിരുപദ്രവകാരികളെന്ന് തെളിയുകയാണ്. അതില്‍ മുഖ്യന്‍ മുട്ടതന്നെ. മുട്ടയ്ക്ക് ഹൃദ്രോഗ പ്രതിരോധരംഗത്ത് കല്‍പ്പിച്ചിരുന്ന ഭ്രഷ്ട് നീക്കപ്പെടുകയാണ്. പഠനഫലങ്ങള്‍ പ്രകാരം, ശരീരത്തില്‍ ആകെയുള്ള കൊളസ്ട്രോളിന്റെ 15 ശതമാനം മാത്രമാണ് ഭക്ഷണത്തിലൂടെ എത്തിച്ചേരുന്നത്. കൊളസ്ട്രോളിന്റെ പ്രധാന ഉല്‍പ്പാദനകേന്ദ്രം കരളാണ്. 8 5 ശതമാനം കൊളസ്ട്രോളും അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അതായത് 34 ഗ്രാം കൊളസ്ട്രോള്‍ കരള്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നു. അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയ ഫലമായി ഉണ്ടാകുന്ന 'അസറ്റൈല്‍കൊഎ' എന്ന ഘടകത്തില്‍നിന്നാണ് കൊളസ്ട്രോള്‍ നിര്‍മിക്കുന്നത്. കരളിലെ കൊളസ്ട്രോള്‍ ഉല്‍പ്പാദനം പല നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഭക്ഷണത്തിലൂടെ കൂടുതല്‍ കൊളസ്ട്രോള്‍ എത്തിയാല്‍ കരള്‍ ഉല്‍പ്പാദനം കുറയ്ക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സാധാരണതോതില്‍ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഭക്ഷണത്തിലൂടെ പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും പഞ്ചസാരയും അടങ്ങുന്ന ആഹാരപദാര്‍ഥങ്ങള്‍ കൂടുതലായി എത്തിയാല്‍ കൊളസ്ട്രോള്‍ നിര്‍മാണത്തിന് അനിവാര്യമായ 'അസറ്റൈല്‍കൊഎ' സുലഭമാകുന്നു.

ഭക്ഷണത്തില്‍നിന്നുള്ള കൊളസ്ട്രോളിന്റെ പ്രധാന സ്രോതസ്സ് സസ്യേതര പദാര്‍ഥങ്ങളാണ്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത പുതിയ പഠനപ്രകാരം ശരീരത്തിലെ ആകെയുള്ള പൊതുവായ കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊളസ്ട്രോളിന് വലിയ പങ്കില്ലത്രെ. അങ്ങനെ വരുമ്പോള്‍ ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോളിനെ കടിഞ്ഞാണിടുന്നതില്‍ പ്രസക്തിയില്ലത്രെ. അപകടകാരികള്‍ മറ്റു പലതുമാണ്; പഞ്ചസാരയും പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും. ഇങ്ങനെ പോകുന്നു പുതിയ ഗവേഷണവിശേഷങ്ങള്‍!

കൊഴുപ്പുകള്‍ മൂന്നുതരം
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകള്‍, പൂരിത കൊഴുപ്പുകള്‍, ട്രാന്‍സ്ഫാറ്റുകള്‍. ഇതില്‍ ബഹു, ഏക അപൂരിതകൊഴുപ്പുകള്‍ അപകടകാരികളല്ലെന്നുള്ളതാണ്. മീനെണ്ണ, ഒലിവെണ്ണ, കടലെണ്ണ, കടുകെണ്ണ, വിവിധയിനം കടലകള്‍ (വാല്‍നട്ട്, ബദാം, ഹെയ്സല്‍ നട്ട്, നിലക്കടല) തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതുതന്നെ. പൂരിത കൊഴുപ്പുകള്‍ അപകടകാരിയാകുന്നു. മാട്ടിറച്ചി, ചീസ്, ബട്ടര്‍, വെളിച്ചെണ്ണ, പാമോയില്‍, പന്നിയിറച്ചി, ചെമ്മീന്‍ തുടങ്ങിയവ ഹാനികരമാണ്. ഇനി ഏറ്റവും അപകടകാരി ട്രാന്‍സ്ഫാറ്റുകളാണ്. രാസപ്രവര്‍ത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകള്‍ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്.

ആരാണീ കൊളസ്ട്രോള്‍? എവിടെയും വില്ലനായി ചിത്രീകരിക്കപ്പെടുന്ന ഈ കൊളസ്ട്രോള്‍ നമ്മുടെ ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാണ്. ജീവപ്രധാന ഹോര്‍മോണുകളുടെയും കോശങ്ങളുടെയും നിര്‍മിതിയില്‍ കൊളസ്ട്രോള്‍ അവിഭാജ്യഘടകമാണ്. എന്നാല്‍ ഈ രാസതന്മാത്രയുടെ അളവ് ശരീരത്തില്‍ അധികരിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അധികമായാല്‍ അമൃതും വിഷം. മെഴുകുപോലുള്ള ഈ പദാര്‍ത്ഥത്തെ അവലംബിച്ചുള്ള ഗവേഷണങ്ങള്‍ നേടിയെടുത്തത് പതിനെട്ടില്‍പ്പരം നൊബേല്‍ സമ്മാനങ്ങളാണ്. എന്നിട്ടും തീര്‍ന്നില്ല ദുരൂഹതകളും അവ്യക്തതകളും. ഇത്രമാത്രം ഗവേഷണവിധേയമായ മറ്റൊരു സമസ്യ വൈദ്യശാസ്ത്രത്തിലുണ്ടോയെന്നറിയില്ല. കാരണം കൊളസ്ട്രോള്‍ രക്തത്തില്‍ കുമിഞ്ഞുകൂടിയാല്‍ ധമനികളുടെ ഉള്‍പ്പാളികളില്‍ അടിഞ്ഞുകൂടി ബ്ളോക്കുണ്ടാകുകയും രക്തപ്രവാഹം ദുഷ്കരമാകുകയും ചെയ്യുന്നു. ഹൃദയധമനികളില്‍ ബ്ളോക്കുണ്ടാകുമ്പോഴാണ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത്. 

കൊളസ്ട്രോള്‍ എന്ന വില്ലന്‍
അങ്ങനെ വില്ലനെന്ന് മുദ്രകുത്തപ്പെട്ട കൊളസ്ട്രോളിനെ തളയ്ക്കാനുള്ള തന്ത്രങ്ങളാണ് പിന്നീട് ലോകം മെനഞ്ഞെടുത്തത്. പരശ്ശതം ബൃഹത്തായ ഗവേഷണങ്ങളുടെ ഫലമായി 'സ്റ്റാറ്റിന്‍' മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടു. സ്റ്റാറ്റിന്‍ മരുന്നുകളുടെ ലോകവിപണി സജീവമായി ഉപഭോഗം കുതിച്ചുയര്‍ന്നു. അമേരിക്കയില്‍ 29000 കോടി ഡോളറാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ വാങ്ങിക്കാനായി പ്രതിവര്‍ഷം ചെലവിടുന്നത്. ഇന്ത്യയില്‍ 2134 കോടി രൂപയുടെ ഉപഭോഗമാണ് പ്രതിവര്‍ഷം നടക്കുന്നത്. ഈ സംഖ്യ വര്‍ഷംതോറും 18 ശതമാനമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഏറെ പ്രസക്തമായിരിക്കുന്ന ചോദ്യം, അമേരിക്കയിലെ 'ഡയറ്ററി ഗൈഡ്ലൈന്‍സ് അഡ്വൈസറി കമ്മിറ്റി' പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ബാധകമാണോ എന്നതാണ്. പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ യഥാര്‍ഥ പൊരുള്‍ എന്താണെന്നും അത് നമ്മുടെ നാടിന് പറ്റിയതാണോയെന്നും പരിശോധിക്കണം.

നിരവധി പഠനങ്ങള്‍ മുന്‍ദശകങ്ങളില്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റെ ഭവിഷ്യത്തുകള്‍ സ്ഥിരീകരിച്ചു. 'പ്രിറ്റികന്‍ ലോന്‍ജിവിറ്റി സെന്ററി'ലെ പോഷകാഹാര വിദഗ്ധനായ ഡോ. ജെ കെന്നി മുട്ടയുടെ വര്‍ധിച്ച ഉപയോഗത്തെ പിന്താങ്ങിക്കൊണ്ടുള്ള പുതിയ നിര്‍ദേശങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ വ്യത്യസ്തം
മുപ്പത്തിരണ്ട് ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദ്രോഗബാധ ഭീതിജനകമാംവിധം ചെറുപ്പക്കാരിലേക്ക് പടരുകയാണ്. 10 ശതമാനം ഹാര്‍ട്ട് അറ്റാക്കും 40 വയസ്സില്‍ കുറഞ്ഞവരിലാണ് സംഭവിക്കുന്നത്. കനഡയിലുള്ളവരെക്കാള്‍ ഇരട്ടിയും ജപ്പാന്‍കാരെക്കാള്‍ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗസാധ്യത. കേരളീയര്‍ക്ക് ഇന്ത്യന്‍ ശരാശരിയെക്കാള്‍ കൂടുതല്‍ ഹൃദ്രോഗസാധ്യതയുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്നവരാണ് കേരളീയര്‍. മറ്റുള്ളവരെക്കാള്‍ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ കൊളസ്ട്രോള്‍ അളവിലും ഹൃദ്രോഗബാധ കൂടുതലായി കാണുന്നു. അതുകൊണ്ട് വിദേശരാജ്യങ്ങളിലെ അളവുകളും നിര്‍ദേശങ്ങളും അപ്പാടെ ഇന്ത്യക്കാരിലേക്കു പകര്‍ത്തുന്നത് ശരിയല്ല. കൂടാതെ ഇത്തരം പഠനവിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതിന്റെ പേരില്‍ സാധാരണക്കാര്‍ കൊളസ്ട്രോള്‍ അടങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും അങ്ങനെ ഹൃദയാരോഗ്യനില അപകടത്തിലാകാനും വര്‍ധിച്ച സാധ്യതയുണ്ട്. ഇങ്ങനെ വരുമ്പോള്‍ സ്റ്റാറ്റിന്‍ ഉപയോഗം കുറയുന്നതിനു പകരം കൂടുകയാണുണ്ടായത്. അതുകൊണ്ട് ഇന്ത്യയില്‍ ഇതേപ്പറ്റി വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടത്തുന്നതിനുമുമ്പ് എടുത്തുചാട്ടത്തിന് ഒരുമ്പെടരുത്. നമ്മള്‍ മുട്ടയുടെ മഞ്ഞക്കരു വര്‍ജിക്കുകതന്നെ വേണം.


(എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top