17 September Wednesday

അമിതവണ്ണം കുറയ്ക്കാന്‍ ഒമാന്‍ പൌരന്‍ അടൂര്‍ ലൈഫ്‌ലൈനില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2016

പത്തനംതിട്ട > അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അടൂര്‍ ലൈഫ്ലൈന്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം തലവന്‍ ഡോ. മാത്യൂസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈസര്‍ സെയ്ഫ് സഖാറിന്‍ എന്ന ഒമാന്‍ പൌരന് തൂക്കം 275 കിലോയാണ്. അമിതവണ്ണം മൂലം നടക്കാന്‍ പോലും കഴിയാത്ത ഇദ്ദേഹത്തിന് താക്കോല്‍ദ്വാര ബര്‍യാട്രിക് സര്‍ജറി ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് ലൈഫ്ലൈനിലെ ഡോക്ടര്‍മാര്‍.

സാധാരണക്കാര്‍ ഉപയോഗിക്കുന്ന കട്ടിലില്‍ കിടക്കാനോ വീല്‍ചെയറില്‍ കൊണ്ടുപോകാനോ കഴിയാത്ത ഭീമാകാരമാണ് സെയ്ഫ് സഖാറിനുള്ളത്. വണ്ണം കാരണം ശ്വാസമെടുക്കാന്‍ പോലും കഴിയില്ല. ഓക്സിജന്‍ വേണ്ടവിധം കിട്ടാതെ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. രക്തസമ്മര്‍ദം അളക്കാന്‍ എല്ലാവര്‍ക്കും ഉപയോഗിക്കുന്ന ഉപകരണം ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഡോ. മാത്യൂസ് ജോണും സംഘവും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

11ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം രക്തസമ്മര്‍ദമടക്കമുള്ളവയില്‍ വ്യത്യാസം കണ്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും വിജയകരമായി പിന്നിട്ടു. തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രി വിടും. ഇനി ആറുമാസത്തിനുശേഷം തുടര്‍ചികിത്സക്ക് ആശുപത്രിയിലെത്തണം. ശസ്ത്രക്രിയയുടെ ഫലം അപ്പോഴേ അറിയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡോ. മാത്യൂസ് ജോണിനെ കൂടാതെ ഡോ. അനു ആന്റണി, ഡോ. ജയറാം, ഡോ. മാത്യു പി ഉമ്മന്‍, ഡോ. ഷീജാ വര്‍ഗീസ്, ഡോ. വിമല്‍ എന്നിവരും ശസ്ത്രക്രിയക്ക് നേതൃത്വംനല്‍കി. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്ര തൂക്കമുള്ള ആള്‍ക്ക് ഈ ശസ്ത്രക്രിയ ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രിയുടെ പാര്‍ട്ണറായ ഡോ. മാത്യു പാപ്പച്ചനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top