13 August Saturday

അവസ്ഥയും സമയവും പാകവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 13, 2016

കോഷ്ഠ വിരുദ്ധം
'കോഷ്ഠം' എന്ന പദത്തിന് അന്തര്‍ഭാഗം എന്നാണ് അര്‍ഥം.  ആമാശയം, പച്യമനാശയം , പകാശ്വയം  എന്നിവ ഉള്‍പ്പെടുന്ന മഹാസ്രോതസ്സിനെയാണ് ആയുര്‍വേദം 'കോഷ്ഠം' എന്ന പദംകൊണ്ട് വ്യവഹരിക്കുന്നത്. വാതാദികളായ ദോഷങ്ങളെക്കൊണ്ട് കോഷ്ഠം മൂന്നുതരത്തിലുണ്ട്. വാതദോഷം അധികരിച്ച കോഷ്ഠം രൂക്ഷസ്വഭാവം ഉള്ളതിനാല്‍ മലബന്ധം ഉണ്ടാകും. 'ക്രൂരകോഷ്ഠം' എന്നാണ് ഇതിനു സംജ്ഞ. പിത്തദോഷം വര്‍ധിച്ച കോഷ്ഠം, പിത്തത്തിന്റെ സരം (ഒഴുകുക) എന്ന സ്വഭാവഗുണംകൊണ്ട് 'മൃദു'വാണ്. ഇവര്‍ക്ക് മലം അതിസരിച്ച് ബഹിര്‍ഗമിക്കും. ദോഷങ്ങള്‍ സമസ്ഥിതിയിലുള്ളവര്‍ക്ക് 'മധ്യ' കോഷ്ഠമാകും. മിതമായതോതില്‍ മലവിസര്‍ജനം, തൃപ്തികരമായി നടക്കുന്നതിനാല്‍ മധ്യ കോഷ്ഠമാണ് ശ്രേഷ്ഠം.

ക്രൂരകോഷ്ഠന്മാര്‍ ഔഷധവും ആഹാരവും കോഷ്ഠസ്ഥിതി അറിഞ്ഞ് ഉപയോഗിക്കണം. ഗുരുസ്വഭാവത്തിലുള്ളതും എന്നാല്‍ മലശോധന ഉണ്ടാക്കുന്നതുമായ ദ്രവ്യങ്ങളേ ഇവര്‍ ആഹരിക്കാവൂ. മൃദുകോഷ്ഠന്‍ അളവില്‍ കുറഞ്ഞതും മന്ദവീര്യമുള്ളതും മലശോധന അധികരിപ്പിക്കാത്തതുമായ ദ്രവ്യങ്ങള്‍ ഭക്ഷിക്കണം. അതിനു പകരം ക്രൂരകോഷ്ഠന്‍ അളവില്‍ കുറഞ്ഞതും മന്ദവീര്യമുള്ളതും മലശോധന ഉണ്ടാക്കാത്തതുമായ ദ്രവ്യം കഴിക്കുന്നതും മൃദുകോഷ്ഠന്‍ ഗുരുവായതും (കട്ടിയുള്ളത്) മലശോധന അധികരിച്ചിരിക്കുന്നതുമായ ദ്രവ്യം കഴിക്കുന്നതും കോഷ്ഠവിരുദ്ധമാകുന്നു.

അവസ്ഥാവിരുദ്ധം
വ്യക്തി ഏത് അവസ്ഥയിലാണെന്ന് അറിഞ്ഞുവേണം ആഹാരം കഴിക്കാന്‍. അവസ്ഥയ്ക്കു യോജിക്കാത്തവണ്ണമുള്ള ആഹാരം ഉപയോഗിക്കുന്നതാണ് അവസ്ഥാവിരുദ്ധം. അത്യധ്വാനം, മൈഥുനം, വ്യായാമം അവയാല്‍ ക്ഷീണിച്ചിരിക്കുന്നവരുടെ ശരീരത്തിന് രൂക്ഷതയുണ്ടാകും. അതുകൊണ്ടുതന്നെ വാതം കോപിച്ചിരിക്കും. അവര്‍ ഈ അവസ്ഥയില്‍ വാതകോപകരമായ ആഹാരമോ, പാനീയമോ ഉപയോഗിക്കുകയോ വീണ്ടും വാതകോപകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അത് അവസ്ഥാവിരുദ്ധമാണ്. പകരം വാതശമനകരമായ ആഹാരപാനീയങ്ങളാണ് ഉപയോഗിക്കേണ്ടത്. കഫവര്‍ധകവും സ്നിഗ്ധ ശീതാദിഗുണങ്ങളുള്ളതുമായ ആഹാരംകൊണ്ട് വാതശമനം സാധിക്കാം എന്നതിനാല്‍ അങ്ങനെയുള്ളവ ഉപയോഗിക്കണം. ഉറക്കമൊഴിയുന്നതുകൊണ്ട് രൂക്ഷതയും അതുവഴി വാതദോഷവര്‍ധനയും ഉണ്ടാകും. അതിന് നല്ലതുപോലെ ഉറങ്ങുകതന്നെയാണ് പോംവഴി. ഈ സ്ഥിതിയില്‍ സ്നിഗ്ധത ശീത ഗുരുമന്ദ സ്വഭാവമുള്ള ആഹാരങ്ങള്‍ കഴിക്കാനും പാടില്ല. കാരണം ഉറക്കത്തിന്റെ ആലസ്യത്തെ അത് വര്‍ധിപ്പിച്ചുകളയും. ഉറങ്ങാന്‍കഴിയാത്ത സ്ഥിതി, എന്നാല്‍ നിദ്രാരാഹിത്യത്തിന്റെ അലസതയുമുണ്ട് എന്നാണെങ്കില്‍ അലസതയകറ്റുന്ന രൂക്ഷവും ലഘുവുമായ ആഹാരങ്ങളാണ് കഴിക്കേണ്ടത്. അവസ്ഥയെ മാനിച്ചുള്ളതല്ലെങ്കില്‍ ദോഷവര്‍ധനയും അതുവഴി രോഗങ്ങളും സംഭവിക്കും.

ക്രമവിരുദ്ധം
ആഹാരം കഴിച്ചുശീലിച്ച സമയത്തുതന്നെ ആഹരിക്കണം. കാലം തെറ്റിക്കഴിച്ചാല്‍ ഭക്ഷിക്കുന്ന അന്നം വായുവിനാല്‍ സ്തംഭിക്കപ്പെട്ട് ഏറെസമയംകൊണ്ടു മാത്രമേ ദഹിക്കുകയുള്ളൂ. സമയത്ത് ആഹാരം ആമാശയത്തില്‍ എത്താതിരുന്നാല്‍ ക്രമേണ അമ്ളപിത്തം ഉദരവ്രണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. സമയത്തിന് ഭക്ഷിക്കാതിരിക്കുന്ന സ്വഭാവം സ്ഥിരമായാല്‍ ഇപ്പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയ്ക്കു പുറമെ, ആഹാരത്തോടുള്ള ആര്‍ത്തി ഇല്ലാതാകുകയും സ്ഥായിയായ അരുചിയും കഴിച്ചാല്‍ ചര്‍ദിക്കുകയുമൊക്കെ സംഭവിക്കാം. വിശപ്പ് എന്തുകൊണ്ട് അനുഭവപ്പെടുന്നില്ലാ എന്ന അവസ്ഥയില്‍ അതിന്റെ കാരണം പരിചിന്തനംചെയ്ത് പരിഹാരം കണ്ടെത്തണം. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് ക്രമവിരുദ്ധമാണ്. മലമൂത്ര വേഗങ്ങള്‍ പുറപ്പെടുവിക്കണമെന്നു തോന്നിയാല്‍ അതു സാധിച്ചശേഷമേ ഭക്ഷണം കഴിക്കാവൂ. പകരം പ്രകൃതിവേഗങ്ങളെ അമര്‍ത്തി ഭക്ഷണം കഴിച്ചാല്‍ അതും ക്രമവിരുദ്ധമാണ്. ആഹാരം കഴിക്കുന്നതിനും ക്രമമുണ്ട്. ആദ്യം ദ്രവപ്രായമായതോ, അത്ര ശുഷ്കമല്ലാത്തതോ ആഹരിക്കണം. നാവിനെ ആഹാരവുമായി പൊരുത്തപ്പെടുന്നതിനും അന്നനാളത്തിലേക്കുള്ള വഴിയില്‍ ആഹാരത്തെ സ്വീകാര്യമാക്കിയെടുക്കുന്നതിനും ആണിത്. ഗുരുവും മധുരവും സ്നിഗ്ധവുമായ ആഹാരപദാര്‍ഥങ്ങള്‍ തുടര്‍ന്നു കഴിച്ചുകൊള്ളണം. പുളിപ്പും ലവണാധിക്യമുള്ളതും മധ്യത്തില്‍ ആഹരിക്കണം. രൂക്ഷമായുള്ളവയും ഇതരരസങ്ങളും ഏറ്റവുമൊടുവില്‍ കഴിക്കണം. അഷ്ടാംഗസംഗ്രഹം അന്നപാന വിധിയില്‍ ഇങ്ങനെ ആഹാരംകഴിക്കുന്നതിനുള്ള ക്രമം വിശദമാക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ ഏതു ക്രമത്തില്‍നിന്നുമുള്ള വ്യതിചലനം ക്രമവിരുദ്ധമാകുന്നു.

പരിഹാരവിരുദ്ധം
അന്നമായി കഴിക്കുന്നവയ്ക്ക് യുക്തമായ അനുപാനം (പാനീയം) ആയുര്‍വേദം നിശ്ചയിച്ചിട്ടുണ്ട്. അത് അങ്ങനെതന്നെ ശീലിക്കണം. ഒരു ഭക്ഷണത്തിന്റെ ദഹനപ്രക്രിയയില്‍ സഹായിക്കുന്നതാണ് അനുപാനം. ഉദാഹരണത്തിന് പന്നിമാംസം കഴിച്ചാല്‍ തേന്‍ ചേര്‍ത്ത പച്ചവെള്ളമാണ് യുക്തമായ അനുപാനം. നേരെമറിച്ച് പന്നിമാംസം കഴിച്ചിട്ട് ഉഷ്ണപദാര്‍ഥങ്ങളോ ചൂടുള്ള പാനീയങ്ങളോ കുടിച്ചാല്‍ അത് പരിഹാരവിരുദ്ധമാകുന്നു. അനുപാനം മാത്രമല്ല, ഭക്ഷണത്തോടനുബന്ധമായി ഉപയോഗിക്കുന്ന ഏതൊരു ദ്രവ്യവും പരിഹാര വിരുദ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ദഹനവൈഷമ്യത്തിനും ആഹാരം വിഷമയമാക്കുന്നതിനും ഇടയാക്കും.

ഉപചാര വിരുദ്ധം
സ്നേഹദ്രവ്യങ്ങളില്‍ ശ്രേഷ്ഠമാണ് ഘൃതം (നെയ്യ്). അത് ശീതവീര്യമുള്ളതാണ്. സ്നിഗ്ധമാണ്. രസത്തിലും വിപാകത്തിലും മധുരമാണ്. ശീതവീര്യവും മധുരവിപാകവുമായ ദ്രവ്യങ്ങള്‍ കഫദോഷത്തെയും മേദോധാതുവിനെയും വര്‍ധിപ്പിക്കും. ഈ ഗുണവിശേഷങ്ങളുള്ള നെയ്യോ, നെയ്യ് ധാരാളമായി ചേര്‍ന്ന പലഹാരങ്ങളോ ഭക്ഷിച്ച ഉടനെ തണുത്ത പദാര്‍ഥങ്ങള്‍ (തണുത്ത വെള്ളവും ഇതിലുള്‍പ്പെടും) കഴിച്ചാല്‍ അതില്‍ ഉള്‍ച്ചേര്‍ന്ന  ശീതമധുര സ്വഭാവങ്ങള്‍ കഫ–മേദസ്സുകളെ ദുഷിപ്പിക്കും. അഭിഷ്യന്ദിയായും (കഫവര്‍ധകം) പ്രവര്‍ത്തിക്കും. നെയ്യ് സേവയ്ക്ക് ചെറുചൂടുവെള്ളമാണ് യുക്തമായ അനുപാനം. ശാസ്ത്രീയമായ ഇത്തരം ഉപചാരങ്ങളെ പാലിക്കാതെ, തികച്ചും വിരുദ്ധമായ ഉപചാരങ്ങള്‍ ശീലിക്കരുതെന്നു സാരം.

പാകവിരുദ്ധം
ഒരു ഭക്ഷ്യവസ്തു പാകപ്പെടുത്തുമ്പോള്‍ അതിന്റെ വേവ്’ നിശ്ചയിക്കുന്നത് ഭക്ഷിച്ചുകഴിഞ്ഞാല്‍ ദഹനത്തിന്റെ എളുപ്പം കണക്കാക്കിയാണ്. വേവ് കൂടിയാലും കുറഞ്ഞാലും വെന്ത്കരിഞ്ഞുപോയാലും അതു പാകവിരുദ്ധമാണ്. അരി ചോറാക്കുമ്പോള്‍ ഉണ്ടാകുന്ന വേവ് വ്യത്യാസങ്ങള്‍ ആലോചിക്കുക. വേവിക്കുക എന്ന അര്‍ഥത്തില്‍ പാകത്തിനും, ദഹിക്കുക എന്ന അര്‍ഥത്തില്‍ പാകത്തിനും ഇതു വിരുദ്ധമാണ്. പാകവിരുദ്ധമായവ കഴിക്കുന്നത് ഛര്‍ദി, അതിസാരം എന്നിവയ്ക്കും ദഹനമാന്ദ്യത്തിനും ആമാവസ്ഥയിലുണ്ടാകാറുള്ള ഇതരരോഗങ്ങള്‍ക്കും കാരണമാകും.

സംയോഗ വിരുദ്ധം
ആഹാര കല്‍പ്പനകളില്‍ സംയോഗം (തമ്മില്‍ ചേര്‍ക്കുന്നത്) പ്രധാനമാണ്. വിവരിച്ചപ്പോള്‍ ‘സംയോഗം’ വിശദമാക്കിയിട്ടുണ്ട്. അതില്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായ ഏതു ‘ഭക്ഷണക്കൂട്ടം  സംയോഗവിരുദ്ധമായി കണക്കാക്കണം. സംയോഗവിരുദ്ധത്തിന് ഉദാഹരണമായി ചരകസംഹിതയില്‍ പറയുന്നത് പുളിരസമുള്ളവയും പാലും ഒരുമിച്ച് ചേര്‍ക്കുന്നതാണ്.’ ഇക്കാലത്ത് സുഹൃദ്സദസ്സുകളിലെ ഹൃദ്യഭക്ഷണമായ ‘ഫ്രൂട്ട് സാലഡ്’ ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍ സംയോഗവിരുദ്ധമായ ഭക്ഷണമാണ്. പാലോ, പാലില്‍നിന്നുള്ള ഉല്‍പ്പന്നമായ ഐസ്ക്രീമോ’ ഫ്രൂട്ട് സാലഡിലെ ഒരു പ്രധാന ചേരുവയാണ്. ഇതില്‍ ഇടുന്ന പഴവര്‍ഗങ്ങളില്‍ മുന്തിരിങ്ങ, പൈനാപ്പിള്‍ തുടങ്ങിയ പുളിരസമുള്ളവയും ഉള്‍പ്പെടുന്നുണ്ട്. ആര്‍ദ്രമായ (പഴുത്തശേഷം ഉണങ്ങാത്തത്) മുന്തിരിങ്ങ പുളിരസമുള്ളതും പിത്തകഫങ്ങളെ വര്‍ധിപ്പിക്കുന്നതും ഗുരുവും ഉഷ്ണവുമാണെന്ന് രസാദിഘടന നിര്‍ണയിച്ചതാണ്. പരസ്പരവിരുദ്ധമായ രസവീര്യങ്ങള്‍ സൃഷ്ടിക്കുന്ന ദഹനാനന്തര പദാര്‍ഥത്തില്‍ ആമവിഷം’രൂപപ്പെടും കേവലം പുളിരസമുള്ള പഴങ്ങള്‍ മാത്രമല്ല പാലിനോടൊപ്പം ചേര്‍ന്നു സംയോഗവിരുദ്ധമാകുന്നത്. ‘സര്‍വം അമ്ളം പയസാ ഏകധ്യം വിരുദ്ധം; തതഃ ഉത്തരംവാ ഫലംച വിരുദ്ധം’എന്ന അഷ്ടാംഗസംഗ്രഹത്തിലെ വിരുദ്ധഹാര നിരൂപണം കണക്കിലെടുത്താല്‍ പാലിനോടു ചേര്‍ത്തും പാലിനു മുമ്പും പാല്‍ കഴിച്ചശേഷവും ഏതു പഴം കഴിക്കുന്നതും വിരുദ്ധമാകുന്നു. പാലിനോടൊരുമിച്ചു കഴിക്കണമെന്നില്ല, അടുത്തടുത്ത് ഇവ ആമാശയത്തില്‍ ചെന്നാലും വിരുദ്ധഗുണം ഉണ്ടാക്കുമെന്നു സാരം. ഏത്തപ്പഴവും പാലും ഒരുമിച്ചു കഴിക്കുന്നത് ഈ സിദ്ധാന്തപ്രകാരം ശരിയല്ല.

പഴങ്ങള്‍ സ്വഭാവേന മധുരരസവും മധുരവിപാകവും സ്നിഗ്ധശീത ഗുണങ്ങളുള്ളതും കഫവര്‍ധകവുമാണ്. പാലിനും ഇതേ ഗുണങ്ങളാണുള്ളത്. എന്നതിനാല്‍ ദഹനത്തിലൂടെ അളവില്‍ക്കൂടുതലായി ഉണ്ടാകുന്ന ഈ മധുരാദികള്‍ വീര്യവിരുദ്ധംകൂടി ആകുന്നുണ്ട്. (വീര്യവിരുദ്ധം എന്ന പ്രകരണം വായിക്കുക) സംയോഗവിരുദ്ധമാകരുത് ഒരു ഭക്ഷണവും.

ഹൃദ് വിരുദ്ധം
ഹൃദ്യമായതിനു വിരുദ്ധം എന്നതാണ് ഹൃദ്വിരുദ്ധം. മനസ്സിന് ഇഷ്ടപ്പെടുന്നതാണ് ഹൃദ്യം. മനസ്സില്‍ പിടക്കാതെയുള്ള ആഹാരം നിര്‍ബന്ധപൂര്‍വമോ, സാഹചര്യവശാലോ കഴിക്കേണ്ടിവരുമ്പോള്‍ അസാത്മ്യതയുടെ പ്രശ്നങ്ങളുണ്ടാകും. ഇതു ദോഷങ്ങളെ പ്രകോപിപ്പിക്കും. ഛര്‍ദിയും ദഹനക്കേടും ആഹാരത്തില്‍ വെറുപ്പും ജനിപ്പിക്കും. അത്തരം ഭക്ഷണം ഒഴിവാക്കുകതന്നെ വേണം.

സമ്പദ്വിരുദ്ധം
ഉപയോഗിക്കുന്ന ‘ദ്രവ്യം’ ദഹനേന്ദ്രിയത്തിനു സ്വീകാര്യമായ രസപൂര്‍ത്തി’ സംഭവിച്ചതാകണം. പഴുത്ത മാങ്ങയോ പഴുത്ത ചക്കയോ ശരിയായ രസപൂര്‍ത്തിയിലാണെങ്കില്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ്. എന്നാല്‍ വേണ്ടത്ര പഴുക്കാത്ത അവസ്ഥയിലോ, പഴുത്തുലഞ്ഞുപോയ അവസ്ഥയിലോ ഉപയോഗിക്കുന്നത് സമ്പദ്വിരുദ്ധമാകുന്നു. വിളയാത്ത ധാന്യങ്ങളും ഫലങ്ങളും കിഴങ്ങുകളും വേണ്ടത്ര വളര്‍ച്ചയെത്താതെയുള്ള ഇലക്കറിവര്‍ഗങ്ങളുമൊക്കെ ശരിയായ രസപൂര്‍ത്തിയെത്താത്തവയായതിനാല്‍ സമ്പദ്വിരുദ്ധമായി കണക്കാക്കി ഉപേക്ഷിക്കണം. ദോഷ–ധാതുക്കളുടെ ദൂഷണം ഒഴിവാക്കാനാണിത്. സമ്പദ്വിരുദ്ധത്തിന് ശുഭഗുണവിരുദ്ധം എന്നും പര്യായമുണ്ട്.

വിധിവിരുദ്ധം
ആഹാരം കഴിക്കേണ്ട രീതി കൃത്യമായി ആയുര്‍വേദം നിര്‍ദേശിച്ചിട്ടുണ്ട്. ഉപയോഗവ്യവസ്ഥ എന്നാണ് ഇതിനു പേര്. വിധിപ്രകാരമല്ലാത്ത ഭക്ഷണരീതിയാണ് വിധിവിരുദ്ധം. തുറന്നു വച്ച ആഹാരം കഴിക്കുക, അസമയത്തു കഴിക്കുക, ധൃതിയില്‍ കഴിക്കുക, മലിനമായതു കഴിക്കുക, വൃത്തിഹീനനായി ഇരുന്നു കഴിക്കുക തുടങ്ങിയ കാര്യങ്ങളും വിധിവിരുദ്ധമാണെന്നു മനസ്സിലാക്കണം.

(തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top