19 April Friday

വൈറസ് വൈറസ് ; പേവിഷബാധമുതൽ കൊറോണവരെയുള്ള ചില വൈറസ് ബാധകളെ പറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


രോഗ പ്രതിരോധരംഗത്തും പ്രതിരോധ വാക്സിനുകളുടെ ഗവേഷണരംഗത്തും മാനവരാശി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. സാംക്രമിക രോഗങ്ങളെ തുരത്താനും പകർച്ചവ്യാധികളെ നേരിടാനും കഴിഞ്ഞിട്ടുണ്ടെങ്കിലും പലതരത്തിലുള്ള വൈറസുകൾ മനുഷ്യനും മൃഗങ്ങൾക്കും ഭീഷണി ഉയർത്തുകയാണ്. ജനിതകമാറ്റം വന്ന വൈറസുകൾ  കൂടുതൽ അപകടകാരികളാകുന്നതും സമീപകാലത്ത് കാണാനായി. ചൈനയിൽ കൊറോണബാധയിൽ മരണസംഖ്യ ആയിരം കവിഞ്ഞതോടെ വൈറസ്‌ ആക്രമണങ്ങളെ  നേരിടാൻ ശാസ്‌ത്രലോകവും ആരോഗ്യവിദഗ്‌ധരും  പുതിയ ഗവേഷണപദ്ധതികൾക്കും രൂപംനൽകി കഴിഞ്ഞു.

വൈറസ്  അഥവാ ‘വിഷം’ !
വൈറസ് എന്നാൽ ലാറ്റിൻ ഭാഷയിൽ ‘വിഷം’ എന്നാണ് അർഥം. ഒരു ജീവകോശത്തിന് ഉള്ളിലല്ലാതെ വളരാനോ പ്രത്യുൽപ്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ഏകദേശം അയ്യായിരത്തിലധികം വൈറസുകളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം. ജനിതക വിവരങ്ങൾ വഹിക്കുന്ന തന്മാത്രകളായ ഡിഎൻഎ, ആർഎൻഎ എന്നിവയിൽ ഒന്നിൽ നിർമിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണും.

നേരിട്ടും അല്ലാതെയും
വൈറസ് രോഗങ്ങൾ നേരിട്ടോ അല്ലാതെയോ പകരാം. വായുവിലൂടെ പകരുന്നവ ഏറെ. രോഗം ബാധിച്ച വ്യക്തിയുടെ ശരീരസ്രവങ്ങൾ, മൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യം തുടങ്ങിയവയെല്ലാം പകർച്ചയ്ക്ക് കാരണമാകാം. കൊതുക്, ചെള്ള് തുടങ്ങിയവയും രോഗവാഹകരാകാം.  പേവിഷബാധമുതൽ കൊറോണവരെയുള്ള ചില വൈറസ് ബാധകളെ പറ്റി.

റാബീസ്
ഫലപ്രദമായ പ്രതിരോധ വാക്സിൻ ലഭ്യമാണെങ്കിലും പേവിഷബാധ ഏറെ ആശങ്ക പരത്തുന്നതാണ്. വൈറസ് ബാധിച്ച സസ്തനികൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ  പേവിഷബാധയുണ്ടാകുന്നു. വളർത്തുമൃഗങ്ങളിൽനിന്ന് ഈ രോഗബാധ ഉണ്ടാവാൻ സാധ്യത ഏറെയാണ്. വാക്സിൻ എടുക്കുകയാണ് പ്രതിവിധി.

അഞ്ചാംപനിയും ചിക്കൻപോക്സും
പൊക്കൻ, മണ്ണൻ എന്നിങ്ങനെ നാട്ടുഭാഷയിൽ അറിയപ്പെടുന്നതാണ്‌  മീസിൽസ് അഥവാ അഞ്ചാം പനി. വയറിളക്കം, ന്യുമോണിയ, മസ്തിഷ്ക അണുബാധ എന്നിവയിലേക്ക് നയിച്ച് മരണംവരെ ഉണ്ടാകാം. വായുവിലൂടെയോ രോഗിയുടെ ശരീരദ്രവങ്ങൾ വഴിയോ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയോ പകരാം. ഫലപ്രദമായ പ്രതിരോധ വാക്സിൻ ലഭ്യമാണ്. അഞ്ചാംപനി പകരുന്ന അതേ മാർഗങ്ങളിലൂടെയാണ് ചിക്കൻപോക്സും പകരുന്നത്.

പോളിയോ മൈലൈറ്റിസ്
ഒരുകാലത്ത് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വലിയ തോതിൽ ഭീതി പരത്തിയ മുൻനിര പകർച്ചവ്യാധി ആയിരുന്നു പിള്ളവാതം അഥവാ പോളിയോ മൈലൈറ്റിസ് . പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ രോഗം മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്കോ നയിക്കാം. അണുബാധ ഉണ്ടായാൽ ലക്ഷണമുണ്ടാകണമെന്നില്ല. ഫലപ്രദമായ പോളിയോ പ്രതിരോധ വാക്സിൻ ലഭ്യമാണ്.

എച്ച്ഐവി
മനുഷ്യനിൽ എയ്ഡ്സുണ്ടാക്കുന്ന വൈറസാണ് ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസുകൾ. പ്രതിരോധവ്യവസ്ഥയെ താറുമാറാക്കി രോഗാവസ്ഥ സൃഷ്ടിക്കുന്നു. രോഗിയുമായുള്ള ലൈംഗികബന്ധം വഴിയോ രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ പകരാം. പ്രതിരോധ വാക്സിനോ മരുന്നോ ഇല്ല.

യെല്ലോ ഫിവർ
ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കൂടുതലായി കണ്ടു വരുന്ന വൈറസ് രോഗമാണിത്. കൊതുകാണ് രോഗവാഹകർ. പനി, തലവേദന, പേശിവേദന, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വാക്സിൻ വഴി പ്രതിരോധിക്കാം.



 

ഡങ്കിപ്പനി,  ചിക്കുൻഗുനിയ
കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളാണ് ഡങ്കിപ്പനിയും ചിക്കുൻഗുനിയയും. പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, റാഷുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സമീപ വർഷങ്ങളിൽ കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഈ രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്‌തു.

ഹെപ്പറ്റൈറ്റിസ്
കരളിനെ ബാധിക്കുന്ന വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ. എയും ഇയും മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പകരുക. ബിയും സിയും രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ പകരാം. രോഗിയായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്കും വൈറസ്‌ പകരാം. വാക്സിനുകൾ ലഭ്യമാണ്. രോഗനിർണയം നേരത്തെ നടത്തി ചികിത്സ ആരംഭിച്ചില്ലെങ്കിൽ മാരകമായേക്കാം.

ഇൻഫ്ളുവൻസ
ഫ്ളുവൈറസ് എന്ന് പൊതുവിൽ അറിയപ്പെടുന്നവ പരത്തുന്ന രോഗം. എച്ച്1 എൻ1 ഉണ്ടാക്കുന്ന സ്വൈൻ ഫ്ളുവും അവിയൻ ഇൻഫ്ളുവൻസയും ഈ വിഭാഗത്തിൽപ്പെടുന്നു. വായുവിലൂടെയോ രോഗീ സമ്പർക്കത്തിലൂടെയോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയോ രോഗം പകരാം.  ജപ്പാൻ ജ്വരം, കുരങ്ങുപനി, തക്കാളി പനി തുടങ്ങിയവയും വൈറസ് രോഗങ്ങളാണ്.

എബോള
ശരീരകോശങ്ങളെ നശിപ്പിക്കുന്ന വൈറസാണ് എബോള. രോഗബാധിതരിൽ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിലൂടെ ഏതു രോഗവും പിടിപെടാമെന്ന അവസ്ഥ.  രോഗബാധിതരുടെ രക്തം, വിസർജ്യം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെയൊക്കെ രോഗം പകരാം.  മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരും.ആഫ്രിക്കൻ രാജ്യങ്ങളിൽ 1976ലാണ് എബോള രോഗം ആദ്യമായി കാണുന്നത്. ഫലപ്രദമായ ചികിത്സ നിലവിലില്ല.

കോംഗോ
കോംഗോ പനി നൈറോ വൈറസ് എന്ന ബുനിയ വൈരിടായ് വൈറസ് മൂലം മനുഷ്യരിൽ ഉണ്ടാകുന്ന ജന്തുജന്യരോഗമാണ്. എലി, പട്ടി, പൂച്ച എന്നിവയുടെ ശരീരത്തിൽ നിന്നുള്ള ചെള്ളുകളാണ് കോംഗോ പനിയുടെ രോഗാണുക്കളെ മനുഷ്യശരീരത്തിൽ എത്തിക്കുന്നത്. രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്.

കൊറോണ
കൊറോണ വെറിഡെ കുടുംബത്തിൽപ്പെട്ട കൊറോണ വൈറിനെ എന്ന ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസ്. ആറുതരം കൊറോണ വൈറസുകളാണ് മനുഷ്യരിൽ അണുബാധയുണ്ടാക്കുന്നത്. ഇപ്പോൾ ചൈനയിൽ ദുരിതംവിതച്ച കൊറോണ വൈറസ് പുതിയ (2019nCov) ഇനം വൈറസാണ്. 2012ൽ സൗദിയിൽ ഭീതിപരത്തിയതും മേഴ്സ്കോവ് എന്ന ഇനം കൊറോണ വൈറസാണ്.2002ൽ ചൈനയിലും പിന്നീട് മറ്റു രാജ്യങ്ങളിലും രോഗം പടർത്തിയ സാർസിനും കാരണം കൊറോണ വൈറസാണ്. രോഗിയുമായി അടുത്തിടപഴകുന്നത് രോഗം എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഇടയാക്കുന്നു.  പ്രതിരോധമരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top