20 April Saturday

നായ്ക്കളില്‍നിന്നു കൊതുകുകളിലൂടെ പകരുന്ന അപൂര്‍വരോഗം ബാലികയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 11, 2016

കൊച്ചി > നായകളുടെയും കൊതുകുകളുടെയും ബാഹുല്യമുള്ള കൊച്ചി നഗരത്തില്‍ ആരോഗ്യപ്രശ്നമായി മാറാവുന്ന ഡൈറോഫൈലേറിയോസിസ് എന്ന മാരകവിരയുടെ സാന്നിധ്യം ബാലികയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നഗരവാസിയായ പന്ത്രണ്ടുകാരിയിലാണ് ഡോഗ് ഹാര്‍ട്ട് വേം എന്ന പേരിലും അറിയപ്പെടുന്ന വിരയെ കണ്ടെത്തിയത്.

വിട്ടുമാറാത്ത നെഞ്ചുവേദനയുമായാണ് എറണാകുളം മെഡിക്കല്‍ സെന്ററിലെ ശിശുരോഗവിദഗ്ധനായ ഡോ. എം നാരായണന്റെ അടുത്ത് കുട്ടിയെ മാതാപിതാക്കള്‍ കൊണ്ടുവന്നത്. പരിശോധനയില്‍ നെഞ്ചിലെ അസ്ഥികള്‍ക്കുമുകളില്‍ ചെറിയ മുഴ കണ്ടെത്തി. സോണോളജിസ്റ്റ് ഡോ. അമ്പിളി ചന്ദ്രന്‍ നടത്തിയ അള്‍ട്രാസൌണ്ട് പരിശോധനയില്‍ മുഴയ്ക്കുള്ളില്‍ ജീവനുള്ള വിര ഉള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന്  എറണാകുളം മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. പി എസ് ബിനുവിന്റെ നേതൃത്വത്തില്‍ മുഴ നീക്കംചെയ്തു. ഇത് നായ്ക്കളില്‍ ലാര്‍വരൂപത്തിലും പിന്നീട് കൊതുകുകടിയിലൂടെ മനുഷ്യരിലെത്തി വിരയായി രൂപംപ്രാപിക്കുന്ന ഡൈറോഫൈലേറിയ വിഭാഗത്തില്‍പ്പെട്ട വിരയാണെന്ന് പതോളജിസ്റ്റ് ഡോ. എലിസബത്ത് ജോര്‍ജ്, മൈക്രോബയോളജിസ്റ്റ് ഡോ. വിനോദ് ഫ്രാങ്ക്ളിന്‍ എന്നിവര്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ ഏഴുമുതല്‍ 24 ശതമാനംവരെ നായ്ക്കളുടെ രക്തത്തില്‍ ഡൈറോഫൈലേറിയാസിസ് ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ കൊതുക് കുത്തുമ്പോള്‍ രക്തത്തോടൊപ്പം ലാര്‍വയും കൊതുകുകളില്‍ പ്രവേശിക്കുന്നു. സംസ്ഥാനത്ത് കാണപ്പെടുന്ന അനോഫിലസ്, ക്യൂലക്സ്, ഈഡിസ് കൊതുകുകളെല്ലാം ഈ ലാര്‍വയുടെ വാഹകരാണ്. കൊതുകുകളിലൂടെ മനുഷ്യശരീരത്തിലെത്തുന്നതോടെയാണ് ലാര്‍വ വിരകളായി വളരുന്നത്. മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചര്‍മം എന്നിവയ്ക്കുള്ളിലാണ് പൊതുവെ ഇത്തരം വിരകള്‍ കാണപ്പെടുന്നതെന്ന് ഡോ. എം നാരായണന്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top