20 April Saturday

ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ അകറ്റാം

ഡോ. വി പി ഗംഗാധരന്‍Updated: Thursday Feb 11, 2016

കേരളത്തില്‍ കാണുന്ന ക്യാന്‍സറുകളില്‍ പകുതിയിലധികവുംജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെയും പ്രാരംഭദശയില്‍ കണ്ടെത്തുന്നതിലൂടെയും തടയാനാകും. ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ മൂന്നു പ്രധാന മാര്‍ഗങ്ങളുള്ളതില്‍ പ്രഥമവും പ്രധാനവും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ അകറ്റിനിര്‍ത്തുകയാണ്.  പ്രാരംഭദശയില്‍ കണ്ടെത്തുകയും ചികിത്സയും രണ്ടാമത്തെയും മൂന്നാമത്തെയും കാര്യമാണ്.

പുകയില ഒഴിവാക്കണം
പുരുഷന്മാരില്‍ കാണുന്ന, ശ്വാസകോശം, വായ, തൊണ്ട എന്നീ ക്യാന്‍സറുകളില്‍ അധികവും പുകയില ഉപയോഗത്താല്‍ ഉണ്ടാകുന്നതാണ്. പുകവലിക്കുന്നതോടൊപ്പം മദ്യപാനവുംകൂടി ഉണ്ടെങ്കില്‍ ക്യാന്‍സര്‍സാധ്യത പതിന്മടങ്ങ് വര്‍ധിക്കും.  ചികിത്സയില്‍ വിജയസാധ്യത അല്‍പ്പം കുറവുള്ളത് ശ്വാസകോശാര്‍ബുദമാണ്. എന്നാല്‍ ശ്വാസകോശാര്‍ബുദങ്ങളില്‍ 90 ശതമാനത്തിനും കാരണം പുകവലിയാണ്. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിച്ചാല്‍ ഈ ക്യാന്‍സറിനെ അകറ്റിനിര്‍ത്താം. 10 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം മറ്റുള്ളവരുടെ പുകവലിയാണ്. ആമാശയം, അന്നനാളം എന്നിവയിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് പുകയില്ലാത്ത പുകയില ഉപയാഗം (മുറുക്കും പാന്‍പരാഗ് പോലുള്ളവയും) പ്രധാന കാരണമാണ്. മദ്യപാനവും കാരണമാണ്.

പച്ചക്കറികളും പഴങ്ങളും;നാരുള്ള ഭക്ഷണവും ശീലമാക്കണം
കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുകയും നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നതാണ് പല ക്യാന്‍സറുകളുടെയും കാരണം.   കൊഴുപ്പും കലോറിയും കൂടിയ ആഹാരവും ജങ്ക്ഫുഡും മൈദയും കൃത്രിമനിറങ്ങളും ചേര്‍ത്ത പലഹാരങ്ങളും ഫാസ്റ്റ് ഫുഡും, പൊണ്ണത്തടിക്കും കൊഴുപ്പിനും കാരണമാണെന്ന് പറയേണ്ടല്ലോ. കൊഴുപ്പുകൂടിയ ഭക്ഷണം കൂടുതലായി കഴിക്കുകയും നാരുള്ള ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് കുടലിലെ ക്യാന്‍സര്‍, പ്രത്യേകിച്ച് വന്‍കുടലിലെ ക്യാന്‍സറിനു കാരണമാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപരിധിവരെ ഇതിനെ ചെറുക്കാം. ചീര, പിണ്ടി, വെണ്ടക്ക, മുരിങ്ങ, കിഴങ്ങ് എന്നിവ കൂടുതല്‍ നാരുള്ള പച്ചക്കറികളാണ്. എന്നാല്‍ കീടനാശിനികലര്‍ന്ന പച്ചക്കറികളാണെങ്കില്‍ ഈ സുരക്ഷയും ഇല്ലാതാകും എന്നറിയാലോ. അതുമാത്രമല്ല, ഈ കീടനാശിനികള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുകയും ക്യാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിഷമില്ലാത്ത പച്ചക്കറി വീടുകളില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതും ശീലമാക്കണം.

മലിനീകരണം തടയണം
വായു, ജല മലിനീകരണവും വിവിധ ക്യാന്‍സറുകള്‍ക്ക് കാരണമാണ്. വാഹനങ്ങളില്‍നിന്നുള്ള പുക, പ്ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക, വ്യവസായമാലിന്യങ്ങളായ പുക എന്നിവയും വായുവിനെ മലിനമാക്കുന്നു. വെള്ളത്തില്‍ കാഡ്മിയംപോലുള്ള ലോഹങ്ങള്‍ കലരുന്നതും ക്യാന്‍സറിനു കാരണമാകുന്നു.

സ്ത്രീകളിലെ ക്യാന്‍സര്‍ തടയാം
സ്ത്രീകളില്‍ അധികവും കണ്ടുവരുന്ന ക്യാന്‍സറുകളായ സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവയാണ്. പൊണ്ണത്തടിയും അതിന്റെ ഭാഗമായ ശരീരത്തിലെ കൊഴുപ്പുംമൂലം ഉണ്ടാകുന്ന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയഗള ക്യാന്‍സറും. സ്ത്രീകളില്‍ നേരിട്ടുള്ള പുകവലി കുറവാണെങ്കിലും പുകവലിക്കുന്നവരുമായുള്ള സാമീപ്യവും സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു. പ്ളാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നതും സ്ത്രീകളിലെ ക്യാന്‍സറിനു കാരണമാണ്. ആദ്യ പ്രസവം 30 വയസ്സിനു മുമ്പാകാത്തതും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ നടത്താത്തതും മാസമുറ മാറ്റിവയ്ക്കാന്‍ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നതും സ്തനാര്‍ബുദത്തിനു കാരണമാകാറുണ്ട്. ഗര്‍ഭാശയഗള ക്യാന്‍സറിനാണെങ്കില്‍ പ്രായപൂര്‍ത്തിയാകുംമുമ്പുള്ള ലൈംഗികബന്ധവും ലൈംഗിക ശുചിത്വമില്ലായ്മയും കാരണമാകാറുണ്ട്.

പ്രാരംഭദശയില്‍ കണ്ടെത്താം

ക്യാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. കേരളത്തില്‍ പുരുഷന്‍മാരില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് ശ്വാസകോശാര്‍ബുദവും കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സറും. സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും.  ഇതില്‍ ശ്വാസകോശ ക്യാന്‍സര്‍ ഒഴിച്ചുള്ള മൂന്നു ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയും. ശ്വാസകോശാര്‍ബുദം കണ്ടെത്തുക എളുപ്പമല്ലെങ്കിലും വായ്ക്കകത്തെ ക്യാന്‍സര്‍ലക്ഷണങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്താം.  വെളുത്ത പാടുകള്‍, മുറിവ് എന്നിവ സ്വയമോ ദന്തരോഗ വിദഗ്ധന്റെ പരിശോധനയിലൂടെയോ കണ്ടെത്താം. എല്ലാ ലക്ഷണങ്ങളും ക്യാന്‍സറിന്റേതാവണമെന്നില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ ക്യാന്‍സറിന്റേതാകാം. സ്തനാര്‍ബുദം കണ്ടെത്താന്‍ വിവിധ പരിശോധനകളുണ്ട്. ബിഎസ്ഇ (ബ്രസ്റ്റ് സെല്‍ഫ് എക്സാമിനേഷന്‍) സ്വന്തം സ്തനത്തെ അറിയുക എന്നതാണ്.  20 വയസ്സുമുതല്‍ മാസത്തിലൊരിക്കലെങ്കിലും സ്വന്തം സ്തനത്തിന്റെ വലുപ്പവ്യത്യാസം, നിറവ്യത്യാസം, പാടുകള്‍, മുഴ എന്നിവയുണ്ടോ എന്നും പരിശോധിക്കണം. സ്തനാര്‍ബുദം  നേരത്തെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യാതെത്തന്നെ ആ ഭാഗം മാത്രം നീക്കിയാല്‍ മതി.

ഇരുപതു വയസ്സിനു മുകളില്‍ സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്.  ആര്‍ത്തവംകഴിഞ്ഞ് ഏഴുമുതല്‍ 10 ദിവസത്തിനുള്ളിലാണ് ഈ പരിശോധന നടത്തേണ്ടത്. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം.  ഇരുപതിനും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ സ്വയം സ്തനപരിശോധന നടത്തുന്നതോടൊപ്പം മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് സ്തനം അള്‍ട്രാസൌണ്ട് സ്കാനിങ് നടത്തണം.
ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ പാപ്സ്മിയര്‍ പരിശോധന (ജമുാലമൃ ഠല)  നടത്തുകയും സംശയമുണ്ടെങ്കില്‍ കൊളോസ്കോപി ടെസ്റ്റ് (ഇീഹീിീര്യീുെ ഠല) നടത്തേണ്ടതുമാണ്.

പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ അമ്പതു വയസ്സിനു മുകളിലുള്ളവര്‍  വര്‍ഷത്തിലൊരിക്കല്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി വികസിക്കുന്നുണ്ടോ എന്ന പരിശോധനയും  പിഎസ്എ (ജൃീമെേലേ ടുലരശളശര അിശേഴലി ഠല) പരിശോധനയും നടത്തണം. വന്‍കുടല്‍ ക്യാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ മലത്തില്‍ രക്തം കലര്‍ന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും  പരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൊളോണോസ്കോപി (ഇീഹീിീര്യീുെ ഠല) പരിശോധന നടത്തുകയും വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top