26 April Friday

വരുന്നു പ്ലാസ്മ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Friday Apr 10, 2020


ബാക്ടീരിയ, വൈറസ്‌ തുടങ്ങിയവ ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികൾ നിർമിക്കും. രോഗം ഭേദമായവരുടെ രക്തത്തിൽ വൻതോതിൽ ആന്റിബോഡി സാന്നിധ്യമുണ്ടാകും. ഇവരുടെ രക്തത്തിൽനിന്നുള്ള പ്ലാസ്മ വേർതിരിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക്‌ നൽകും.

സംസ്ഥാനത്ത്‌ എങ്ങനെ
രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി അളവ്‌ പരിശോധിക്കും. ആദ്യഘട്ടത്തിൽ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ്‌ ഇതിനുള്ള എലൈസ ടെസ്‌റ്റ്‌ നടത്തുക. ‘ഇമ്യൂണോഗ്ലോബുലിൻ ജി ’ ആന്റിബോഡിയുടെ അളവ്‌ തൃപ്തികരമെങ്കിൽ ദാതാവിന്റെ സമ്മതത്തോടെ പ്ലാസ്‌മ ശേഖരിക്കും. ‘പ്ലാസ്മഫെറസിസ്‌’ പ്രക്രിയയിലൂടെ വേർതിരിക്കുന്ന പ്ലാസ്മ രോഗിക്ക്‌ നൽകും.

ആരിൽനിന്ന്‌ ശേഖരിക്കും
കോവിഡ്‌ ബാധിതർ രണ്ട്‌ തുടർ ടെസ്‌റ്റുകളിൽ ഫലം നെഗറ്റീവായാൽ രോഗം ഭേദമായെന്ന്‌ ഉറപ്പിക്കാം. പൂർണാരോഗ്യം വീണ്ടെടുത്ത 60 വയസ്സിൽ താഴെയുള്ളവരുടെ രക്തത്തിൽനിന്ന്‌ പ്ലാസ്മ ശേഖരിക്കാം. രോഗമുക്തി നേടി 14 ദിവസത്തിനുശേഷം  പ്ലാസ്‌മ ശേഖരിക്കും. 58 കിലോയുള്ള ഒരാളിൽനിന്ന്‌ 800 മില്ലി പ്ലാസ്മ ശേഖരിക്കാം. ഒരു രോഗിക്ക്‌ 200 മില്ലിയാണ്‌ ആവശ്യം. 

പ്ലാസ്മ ദാനം സുരക്ഷിതമോ
രക്തത്തിൽനിന്ന്‌ പ്ലാസ്മ ശേഖരിക്കുന്നതിനാൽ ദാതാവിന്റെ ആരോഗ്യത്തെ ബാധിക്കില്ല. ഒരിക്കൽ ദാനം ചെയ്തയാളിൽനിന്ന്‌ ആവശ്യമെങ്കിൽ രണ്ടാഴ്‌ചയ്ക്കകം വീണ്ടും പ്ലാസ്മ ശേഖരിക്കാം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മ ഒരു വർഷംവരെ സൂക്ഷിക്കാനാകും.

മുമ്പ്‌ പരീക്ഷിച്ചിട്ടുണ്ടോ
ആഫ്രിക്കയിൽ എബോള പടർന്നപ്പോൾ ഈ രീതി ഫലം കണ്ടു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡിനെതിരെ പരീക്ഷിച്ചു. അമേരിക്കയിലും ഈ രീതി തുടങ്ങി. സംസ്ഥാനത്ത്‌ നിപാ ബാധയുണ്ടായപ്പോഴും ഈ രീതി പരിഗണിച്ചിരുന്നു. രോഗം അതിവേഗം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ആവശ്യമായി വന്നില്ല.

ഉടൻ നടപ്പാക്കുമോ
ആളുകളിൽ പരീക്ഷണം (ക്ലിനിക്കൽ ട്രയൽ) നടത്താൻ ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ അനുമതി ലഭിച്ചു. ഡ്രഗ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ ഉടൻ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ അഞ്ച്‌ കേന്ദ്രത്തിൽ നടപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top