01 December Friday

മദ്യപാനം പ്രമേഹത്തിന് ഇരട്ടിദോഷം

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

ആഘോഷങ്ങളുടെ ഭാഗമായും ദുഃഖനിവാരണത്തിനായും ആഹ്ളാദപ്രകടനത്തിനുമെല്ലാം ഇന്ന് മദ്യപാനം കുടുംബസദസ്സുകളില്‍പ്പോലും വ്യാപകമാവുകയാണ്. ഇതിന്റെ ഫലമോ കൊച്ചുകുട്ടികള്‍പോലും മദ്യത്തിനടിമകളായി മാറുകയാണ്. പതിമൂന്നര വയസ്സാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ മദ്യപാനം തുടങ്ങുന്ന ശരാശരി പ്രായമെന്ന് ആല്‍ക്കഹോള്‍ അറ്റ്ലസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 13 വയസ്സുകാര്‍പോലും മദ്യപിക്കുന്നതായി എക്സൈസ് ഒആര്‍സി സര്‍വേയും ചൂണ്ടിക്കാട്ടുന്നു.

മദ്യം ശരീരത്തിലെത്തുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ അകാരണമായ സന്തോഷവും ആവേശവും ആത്മവിശ്വാസവും ഉണ്ടാകുന്നു. തുടര്‍ന്ന് സാമൂഹികമായ വിലക്കുകള്‍ക്കെല്ലാം അതീതനാണ് താനെന്ന തോന്നലുണ്ടാകും. മൂഢധൈര്യവും വായാടിത്തവും അക്രമാസക്തിയും ലൈംഗികതാല്‍പ്പര്യവും വര്‍ധിക്കും. വിവേചനശക്തിനശിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ക്രമേണ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അബോധാവസ്ഥയിലെത്തുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെയാണ്  പല കുറ്റകൃത്യങ്ങളും അപകടങ്ങളും മദ്യത്തിന്റെ സ്വാധീനംമൂലം ഉണ്ടാകുന്നത്.
മദ്യത്തിന്റെ സ്ഥിര ഉപഭോഗം തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ കേടുവരുത്തി മാനസികവൈകല്യങ്ങള്‍ക്ക് കാരണമാകും. കൂടാതെ ഹൃദയത്തെ ബാധിക്കുന്ന മയോകാര്‍ഡൈറ്റീസ്, നാഡികള്‍ക്ക് കേടുണ്ടാക്കുന്ന ന്യൂറാപ്പതി, പോഷകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന ബെറിബെറി, വര്‍ധിച്ച രക്തസമ്മര്‍ദം, കരള്‍രോഗങ്ങള്‍, ലൈംഗികശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
പരിധിവിട്ടുള്ള മദ്യപാനം പ്രമേഹബാധിതരെ പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മദ്യം ഏറെ ദോഷംചെയ്യും.

പ്രമേഹചികിത്സക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മദ്യവുമായി പ്രതിപ്രവര്‍ത്തിച്ച് ഗ്ളൂക്കോസ് നിലയില്‍ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അമിത മദ്യപാനം പ്രമേഹ നിയന്ത്രണത്തെ ബാധിക്കുകയും പ്രമേഹബാധിതര്‍ക്ക് ഹൈപ്പോഗ്ളൈസീമിയ (രക്തത്തിലെ ഗ്ളൂക്കോസില്‍ വരുന്ന കുറവ്), രക്തത്തില്‍ കൊളസ്ട്രോളിന്റെ ആധിക്യം, നേത്രരോഗങ്ങള്‍, നാഡികള്‍ക്ക് കേടുണ്ടാക്കുന്ന ന്യൂറോപ്പതി തുടങ്ങിയ അസുഖങ്ങളെ ഗുരുതരമാക്കുകയും ചെയ്യും.

അനിയന്ത്രിത മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് അപകടകരമായ നിലയിലേക്ക് താഴ്ത്തും. ഇത് ഹൈപ്പോഗ്ളൈസീമിയ അണ്‍ അവയര്‍നെസിന് (Hypoglycemia unawareness)  കാരണമാകും. സാധാരണയായി ഹൈപ്പോഗ്ളൈസീമിയ അനുഭവപ്പെടുമ്പോള്‍ അധികവിയര്‍പ്പ്, ക്ഷീണം, വിറയല്‍, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ വേഗം കൂടുക മുതലായ മുന്‍സൂചനകള്‍ അറിയാം. ഇത് പ്രമേഹരോഗികള്‍ പെട്ടെന്ന് മനസ്സിലാക്കുകയും പ്രതിവിധിയായി ഗ്ളൂക്കോസിന്റെ അളവ് കൂട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടും. എന്നാല്‍ ഹൈപ്പോഗ്ളൈസീമിയ അണ്‍ അവയര്‍നെസ് ഉള്ളവര്‍ക്ക് ഈ സൂചനകള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ ഇതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് 0.08% മുതല്‍ 0.1% വരെയാകുമ്പോള്‍ കണ്‍ഗ്നിറ്റീവ് ഇംപേര്‍മെന്റ് (congnitive Imp-airment)-  എന്ന അവസ്ഥയിലേക്ക് നയിക്കപ്പെടുന്നു.

അമിത മദ്യപാനം– മനംപുരട്ടല്‍, ഓക്കാനം, നാവ് കുഴയല്‍, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അസ്വസ്ഥതകള്‍  ഉണ്ടാക്കുന്നു. ഇത് ചിലപ്പോള്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ കുറവായി തെറ്റിദ്ധരിച്ചേക്കാം. മുന്‍സൂചനകള്‍ ശരിയായി മനസ്സിലാക്കാതെ ചെയ്യുന്ന പ്രതിവിധി ഉദ്ദേശ്യപ്രാപ്തിയിലെത്താറില്ലെന്ന് ഓര്‍ക്കുന്നതു നന്ന്.

ധാരാളം കാര്‍ബോഹൈഡ്രേറ്റ് ഉള്ള ബിയര്‍, മധുരവൈന്‍ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് രക്തത്തിലെ ഗ്ളൂക്കോസിന്റെ മാപിനിയായ എച്ച്ബിഎവണ്‍സി  (HbAIC) അളവുകളെ സാരമായി ബാധിക്കും. ഇത് മദ്യപാനികളായ പ്രമേഹബാധിതരുടെ ഗ്ളൂക്കോസ് നിയന്ത്രണത്തെ സാരമായി ബാധിക്കും. മദ്യത്തില്‍ ഊര്‍ജം കൂടുതലായതുകൊണ്ട് ദേഹഭാരം കൂടും. ശുദ്ധമായ ആല്‍ക്കഹോളില്‍ ഒരു ഗ്രാമില്‍ ഏഴു കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഇത് ഒരുഗ്രാം കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയെക്കാള്‍ ഇരട്ടിയാണ്. ഇത് മുഴുവന്‍ പെട്ടെന്ന് രക്തത്തില്‍ കലരുകയും ചെയ്യും. മദ്യപാനികള്‍ക്ക് ആഹാരാസക്തിയും കൂടുതലാകും. ഇത് ഗ്ളൂക്കോസ് നിയന്ത്രണം താറുമാറാക്കും. അപ്പോള്‍ പ്രമേഹജന്യമായ മറ്റ് സങ്കീര്‍ണതകളും വഷളാകും.

അമിതമായ മദ്യപാനം രക്തത്തിലെ ട്രൈഗ്ളിസറൈഡ് വര്‍ധിപ്പിക്കും. ഇത് നോണ്‍ ആള്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (Non alcoholic steatohepatitis)  എന്ന രോഗം ഉണ്ടാക്കും. ഇത്തരം രോഗികള്‍ മദ്യപാനം അവസാനിപ്പിച്ചില്ലെങ്കില്‍ രോഗം വഷളാവുകയും കരളിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്യും.
മദ്യപാനം രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. പ്രമേഹബാധിതരെ ഇത് ദോഷകരമായ അവസ്ഥയിലെത്തിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളെ വഷളാക്കി ചിലപ്പോള്‍ മരണത്തില്‍വരെ എത്തിച്ചേക്കാം.

നാഡിരോഗബാധയെ പ്രമേഹവും മദ്യവും അന്യോന്യം വര്‍ധിപ്പിക്കുന്നു. പെരിഫറല്‍ ന്യൂറോപ്പതി എന്ന രോഗം പ്രമേഹജന്യമായ ഒരു സങ്കീര്‍ണതയാണെങ്കിലും അതിന്റെ സംഹാരശക്തി മദ്യം വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മദ്യാസക്തരായ പ്രമേഹരോഗികളില്‍ വേദന, സ്പര്‍ശനശേഷിക്കുറവ്, പുകച്ചില്‍, ചൊറിച്ചില്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു. പാദത്തിലും കാലിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഈ രോഗങ്ങള്‍ രാത്രിയില്‍ കലശലാകും. സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്ക് മുറിവുകള്‍ പെട്ടെന്ന് അറിയാന്‍പറ്റില്ല. അശ്രദ്ധമൂലം ഇവ അവഗണിക്കുകയും അവസാനം ആ ഭാഗം മുറിച്ചുമാറ്റേണ്ടിയും വന്നേക്കാം.

കണ്ണിന്റെ കാഴ്ചയെ നശിപ്പിക്കുന്ന റെറ്റിനോപ്പതി എന്ന രോഗത്തേടൊപ്പം പ്രമേഹവും മദ്യപാനവുംകൂടിയായാല്‍ രോഗിയുടെ കാഴ്ച നശിക്കുന്ന അവസ്ഥയിലെത്തും. നിരന്തര മദ്യപാനം നാഡികള്‍ക്കും ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും വരുത്തുന്ന കേടുപാടുകള്‍ സ്ഥായിയായ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാം. പ്രമേഹചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പ്രവര്‍ത്തനത്തെ മദ്യപാനം കുറയ്ക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രണത്തിന് മദ്യം ഏറെ ഹാനികരമാണ്. പ്രമേഹജന്യമായ സങ്കീര്‍ണതകള്‍ കൂടുതല്‍ ഉപദ്രവകാരികളാകുന്നതില്‍ മദ്യത്തിന് വലിയ പങ്കാണുള്ളത്. അതിനാല്‍ പ്രമേഹബാധിതര്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top