20 April Saturday
50നുമുകളില്‍ പ്രായമുള്ളവരിൽ

മസ്‌തിഷ്‌ക്കാഘാതത്തില്‍ 20% ഹൃദയതാള തകരാറുകള്‍ മൂലം: ശിൽപശാല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 8, 2016

കൊച്ചി > അന്‍പതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുണ്ടാകുന്ന മസ്തിഷ്ക്കാഘാതത്തില്‍ 20 ശതമാനവും ഹൃദയ താളത്തിലുള്ള തകരാറുകള്‍ മൂലമെന്ന് സംസ്ഥാനത്തെ വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളും ന്യൂറോളജിസ്റ്റുകളും. ലേക്ക്ഷോര്‍ ഹാര്‍ട്ട് സെന്ററും ന്യൂറോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുണ്ടാകുന്ന മസ്തിഷ്ക്കാഘാതങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, വിദഗ്ദ ചികിത്സ എന്നിവയാണ് ശില്പശാലയില്‍ ചര്‍ച്ച ചെയ്തത്.

കൊച്ചി റമദാ റിസോര്‍ട്ടില്‍ നടന്ന ശില്പശാല ലേക്ക്ഷോര്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ലേക്ക്ഷോറിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് കുമാര്‍, ഡോ. സിബി ഐസക്ക്, കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. ഭീം ശങ്കര്‍, ന്യൂറോളജിസ്റ്റുമാരായ ഡോ. മുരളീകൃഷ്ണ മേനോന്‍, ഡോ. ബിന്ദു വര്‍ഗീസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലേക്ക്ഷോര്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.വി. ജോണി സംസാരിച്ചു. ഡോ. ആനന്ദ് കുമാര്‍ സ്വാഗതവും ഡോ.മുരളീകൃഷ്ണ മേനോന്‍ നന്ദിയും പറഞ്ഞു.

ഹൃദയത്തിന്റെ മുകളിലത്തെ രണ്ട്  അറകളായ ഏട്രിയം സങ്കോചിക്കാതെ വന്നാല്‍ അതിനുള്ളില്‍ രക്തം കട്ടപിടിക്കുന്നു. ഈ കട്ട പിടിച്ച രക്തം തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ പ്രവേശിച്ച് തടസമുണ്ടാക്കുന്നു. ഇതാണ് ഹൃദയതാളത്തിന്റെ അപാകതമൂലമുള്ള മസ്തിഷ്ക്കാഘാതത്തിനു വഴിതെളിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പു വരെ ഇതിന് ഫലപ്രദമായ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ ലഭ്യമായിരുന്നില്ല.

എന്നാല്‍ ഇന്ന് പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞ അഞ്ചോളം മരുന്നുകള്‍ ലഭ്യമാണ്. കൃത്യസമയത്ത് കണ്ടെത്തി വിദഗ്ദ ചികിത്സ ലഭ്യമാക്കിയാല്‍ തലച്ചോറിന് വലിയ പ്രശ്നങ്ങള്‍ വരാതെ തടയാനാകും. മാത്രമല്ല ഇക്കോകാര്‍ഡിയോഗ്രാഫി, മറ്റു നൂതന നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സഹായത്താല്‍ നേരത്തേ ഏട്രിയത്തിന്റെ സങ്കോചത്തിലുള്ള അപാകതകള്‍ കണ്ടെത്താനും വിദഗ്ധ ചികിത്സയിലൂടെയും തുടര്‍ പരിശോധനകള്‍ വഴിയും മസ്തിഷ്ക്കാഘാതം വരാതെ നോക്കാനും കഴിയുമെന്നും ശില്‍പശാല ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top