27 September Wednesday

ഒന്നാംപാഠം പറയുന്നത്

ഡോ. കെ മുരളീധരന്‍Updated: Thursday Jan 7, 2016

"ഒരു പരമരഹസ്യത്തിന്റെ ഓര്‍മയ്ക്ക്' എന്ന ശ്രീമതി സാറാ ജോസഫിന്റെ ചെറുകഥയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

രണ്ടു ചെറുപ്പക്കാരികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. സഹപാഠികള്‍; രണ്ടുപേരും ഒരുമിച്ച് ഒരു ബസില്‍ യാത്രചെയ്യുന്നു. സംഭവം നടക്കുന്നത് കേരളത്തില്‍ത്തന്നെ. ഇതില്‍ ഒരാള്‍ക്ക് മൂത്രവിസര്‍ജനം ചെയ്യണം. ബസ്യാത്രയ്ക്കിടയിലാണ് ഈ തോന്നലുണ്ടായത്. മൂത്രവിസര്‍ജനം നടത്താന്‍പറ്റിയ ഒരിടവും സാഹചര്യവും അവര്‍ക്ക് കണ്ടെത്താനാകുന്നില്ല. ഇതുകാരണം അനുഭവിക്കേണ്ടിവന്ന ശാരീരിക–മാനസിക–വൈകാരിക പ്രശ്നങ്ങളെയാണ് സാറാ ജോസഫ് അവതരിപ്പിക്കുന്നത്. കൂട്ടുകാരികളില്‍ ഒരാള്‍ യാത്രയ്ക്കിടയില്‍ മൂത്രമൊഴിക്കേണ്ടിവരുമെന്നു ഭയന്ന് യാത്രചെയ്യുന്ന ദിവസം തീരെ വെള്ളം കുടിക്കാറില്ലെന്നു സൂചിപ്പിക്കുന്നുമുണ്ട്.

കേരളത്തിലെ ഒരു സമകാലികപ്രശ്നമാണ് ഈ കഥ നമ്മോടു പറയുന്നത്. കഥയ്ക്ക് ഒട്ടേറെ മാനങ്ങളുണ്ടാകാം.

ആയുര്‍വേദ ശാസ്ത്രദൃഷ്ട്യാ ഈ കഥയെ പുരസ്കരിച്ച് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. മൂത്രമൊഴിക്കാന്‍ 'മുട്ടുമ്പോള്‍' അത് നിര്‍വഹിക്കാന്‍ സാധിക്കാതെവരുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിതെളിക്കുന്നു. മൂത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മലം, അധോവായു എന്നിവ തടുത്താലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരത്തിലുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് സാമാന്യമായി അറിഞ്ഞിരിക്കേണ്ടതാണ്.

അടിസ്ഥാനപരമായി ഇതില്‍ സംഭവിക്കുന്നത് വായുവിന്റെ സ്വതന്ത്രമായ ഗതിക്കുള്ള തടസ്സമാകുന്നു. വായു എന്ന പദത്തിന് സാങ്കേതികമായി ആയുര്‍വേദത്തില്‍ വ്യാപകമായ അര്‍ഥങ്ങളാണുള്ളത്. ശരീരത്തിലെ സമസ്ത ചലനങ്ങളുടെയും (സംജ്ഞാവഹ ചേഷ്ടാവഹ പ്രവര്‍ത്തനങ്ങളുടെയും) നിയന്താവാണ് വായു. വായുവിന്റെ സ്വച്ഛമായ ഗതിക്ക് വിഘ്നങ്ങള്‍ വരുമ്പോള്‍ അത് വിപരീതദിശയിലോ ചുഴലിപോലെയോ സഞ്ചരിക്കുകയും ആപത്കരമായ അവസ്ഥാവിശേഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സ്ഥാനങ്ങളും ധര്‍മങ്ങളും അനുസരിച്ച് പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ എന്നിങ്ങനെ വായുവിനെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. സാറാ ജോസഫിന്റെ കഥയില്‍ സൂചിപ്പിച്ച സംഭവത്തില്‍ അപാനവായുവിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്.    

ശുക്ളം, ആര്‍ത്തവം, മലം, മൂത്രം, ഗര്‍ഭം എന്നിവയെ യഥാസമയം യഥാവിധി പുറന്തള്ളുക എന്നുള്ളതാണ് അപാനവായുവിന്റെ ധര്‍മങ്ങള്‍. അപാനവായുവിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടാല്‍ ഗുദഭ്രംശം (Prolapsed rectum), ഗര്‍ഭാശയഭ്രംശം (Prolapsed uterus), അര്‍ശസ്സ് (മൂലക്കുരു), ലിംഗം, യോനി, മൂത്രാശയം അനുബന്ധങ്ങളായ ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന നാനാവിധ രോഗങ്ങള്‍ ഉണ്ടാകുന്നു.

ദൈനംദിന ജീവിതത്തില്‍ വേഗം, വേഗത എന്നീ പദങ്ങള്‍ സ്പീഡുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. ആയുര്‍വേദ പദാവലിയില്‍ 'വേഗങ്ങള്‍' എന്നതിന് മറ്റൊരര്‍ഥമാണ്. മൂത്രം, മലം, അധോവായു തുടങ്ങിയവയെ സംബന്ധിച്ചുള്ള ഒരു സാങ്കേതിക സംജ്ഞയാണ് 'വേഗം' എന്നത്. തുമ്മല്‍, വിശപ്പ്, ദാഹം, ഉറക്കം, ചുമ, എക്കിട്ടം, കോട്ടുവായ, കണ്ണീര്‍, ഛര്‍ദി, ശുക്ളം ഇവയും വേഗങ്ങളാണ്. വേഗങ്ങള്‍ പ്രതിനിധാനംചെയ്യുന്നത് ജൈവശരീരത്തിലെ ധര്‍മ നിര്‍വഹണശേഷിക്ക് അത്യന്താപേക്ഷിതമായ പ്രേരകസൂചകങ്ങളെയാണ്. (Bio indices of auto motivative mechanism). ഇതിനു വിഘാതം സംഭവിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമായ രോഗാവസ്ഥകള്‍ക്ക് കാരണമാകും. വേഗങ്ങളെ ധരിക്കരുത് (തടയരുത്) എന്ന് അനുശാസനം.

വേഗധാരണംമൂലം ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളെയും രോഗങ്ങളെയും കുറിച്ച് ഒരു പട്ടിക ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണാം. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. തുമ്മല്‍ തടുത്താല്‍ തലവേദന, കാഴ്ചക്കുറവ്, കേഴ്വിക്കുറവ്, കഴുത്തിന് പിടുത്തവും വേദനയും, മുഖപേശികള്‍ ഒരുവശത്തേക്ക് വലിവ് എന്നിവയും ഉണ്ടാകും. ഛര്‍ദിയുടെ കാര്യത്തില്‍ ത്വക്രോഗങ്ങള്‍, പനി, ചുമ, ശ്വാസംമുട്ടല്‍, മുഖത്ത് നീര്, നെഞ്ചിനകത്ത് വിമ്മിട്ടം എന്നിവയാണ് ഉണ്ടാകുക. വേഗത്തിന്റെ മറ്റൊരു രൂപമായ കണ്ണുനീരിന്റെ കാര്യത്തില്‍ ഏറെ സവിശേഷതകളുണ്ട്. Basal tears, Reflex tears, Psychic tears എന്നിങ്ങനെ മൂന്നുതരത്തില്‍പ്പെട്ട സ്രാവങ്ങളാണ് ഇതിലുള്ളത്. ഇവയുടെ ധര്‍മങ്ങളും രാസായനിക ചേരുവയും (chemical composition)  വ്യത്യസ്തമാണ്. കണ്ണുനീര്‍ (അശ്രു) എന്ന് പൊതുവെ അറിയപ്പെടുന്ന Leuenkephalin  പ്രവഹിക്കാന്‍ കാരണം തീവ്രമായ വൈകാരിക വിക്ഷോഭമാണ്.

ദുഃഖം, ഭയം, കോപം, സന്തോഷം, ആനന്ദനിര്‍വൃതി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. പ്രോട്ടീന്‍ അധിഷ്ഠിതമായ ചില ഹോര്‍മോണുകള്‍– പ്രോട്ടീന്‍, അഡിനോ കോര്‍ട്ടിക്കോ ഹോര്‍മോണ്‍, വേദനാഹരണശേഷിയുള്ള  ഘലൌലിസലുവമഹശി എന്നിവയാണ് 'അശ്രുബിന്ദു'ക്കളില്‍ കൂടുതലുള്ളത്. അതിനാല്‍, കരയുക എന്നുള്ള പ്രക്രിയ ഒട്ടേറെ വൈകാരികവേദനകളെ അകറ്റാന്‍ സഹായിക്കുന്നുണ്ടെന്നര്‍ഥം.
Basal tears  കണ്ണിന്റെ ആര്‍ദ്രതയും പോഷണവും നിലനിര്‍ത്താനും, Reflex tears കണ്ണിനെ പ്രതികൂലമായി ബാധിക്കുന്ന പൊടി, വാതകം എന്നിവയെ കഴുകിക്കളയാനും ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.

കണ്ണുനീര്‍ തടുത്താല്‍ ജലദോഷം, അരുചി, തലചുറ്റല്‍, കഴുത്തിനു പിടുത്തം, നേത്രരോഗങ്ങള്‍ എന്നിവ ഉണ്ടാകുമെന്നും കാലക്രമേണ ഹൃദ്രോഗത്തിനുവരെ ഇതു വഴിവയ്ക്കുമെന്നും പഴയ വൈദ്യോപാസകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാഹിക്കുന്ന സമയത്ത് വെള്ളം കുടിക്കാതിരുന്നാലും വിശക്കുന്നസമയത്ത് ഭക്ഷണം കഴിക്കാതിരുന്നാലും ഉറക്കംവരുന്ന സമയത്ത് ഉറങ്ങാതിരുന്നാലും ഒട്ടേറെ ആരോഗ്യക്കെടുതികള്‍ ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ മേലെഴുതിയ വേഗങ്ങള്‍ തടുക്കുന്നതുകൊണ്ട് താല്‍ക്കാലികമായോ ദൂരവ്യാപകമായോ ഉള്ള ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നര്‍ത്ഥം. ഇതിനെല്ലാം ഒരു മറുവശവും ഉണ്ടെന്നുകൂടി ഓര്‍ക്കണം. വേഗങ്ങളെ ബലാല്‍ക്കാരേണ പ്രവര്‍ത്തിപ്പിക്കുന്നതും (inducing/straining) ആപല്‍ക്കരമാണ്. ഭയം, ഉത്കണ്ഠ എന്നിവ കാരണവും യാത്രകള്‍ക്കും മറ്റും മുമ്പുള്ള മുന്നൊരുക്കം (Precaution)  എന്ന നിലയിലും അവയെ മുക്കി പ്രവര്‍ത്തിപ്പിക്കുന്നത് ശരീരത്തിന്റെ സുസ്ഥിതിക്ക് കോട്ടംതട്ടിക്കുന്നതാകും.

മറ്റൊരു കാര്യം, മാനസികമായ 'വേഗ'ങ്ങളെക്കുറിച്ചാണ്. ഇവ തടുക്കപ്പെടേണ്ടവയാണ് ലോഭം, ഈര്‍ഷ്യ, ദേഷ്യം, മാത്സര്യം മുതലായ മനോവികാരങ്ങള്‍ വേഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണെങ്കിലും ആരോഗ്യപരിപാലനത്തിന് ഇവയെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. പ്രഥമദൃഷ്ട്യാ കാര്യം നിസ്സാരമെന്നു തോന്നാമെങ്കിലും ജീവിതശൈലിരോഗങ്ങളുടെ ചര്‍ച്ചയില്‍ മുന്‍ഗണനയോടെ പരിഗണിക്കേണ്ട വസ്തുതകളാണ് മേല്‍സൂചിപ്പിച്ചത്. ആരോഗ്യപാഠാവലിയിലെ ഒന്നാം പാഠമായി ചേര്‍ത്തുവയ്ക്കേണ്ട ചില ശാസ്ത്രഭാഗങ്ങളാണിവ.

പ്രശസ്ത  എഴുത്തുകാരനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ  അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ മുരളീധരന്റെ പ്രതിമാസ പംക്തി ഈ ലക്കംമുതല്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top