27 April Saturday

എന്താണ് ഹൃദയ ശസ്ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

ഹൃദയാഘാതം ഇന്ന്‌ നമ്മടെ സമൂഹത്തിൽ വർധിച്ചുവരുന്ന ഒരു വിപത്താണ്‌. ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള മാറ്റംമൂലം  ഇന്ന്‌ യുവതലമുറപോലും മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഈ രോഗത്തിന്‌ അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ രോഗത്തിന്റെ ഗുരുതരവസ്ഥ കണക്കിലെടുത്ത്‌, ഇതിനുള്ള കാരണങ്ങളും ചികിത്സകളും ഉൾക്കൊണ്ട്‌ ലോകത്തെമ്പാടും സജീവചർച്ചകളും പഠനങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മരുന്നുകളും മറ്റ്‌ ഉപാധികളും (പുകവലി നിർത്തൽ, പ്രമേഹത്തിനും രക്തസമ്മർദത്തിനുമുള്ള ചികിത്സകളും) ഒരുപരിധവിരെ ഫലം ചെയ്യുമെങ്കിലും നല്ലൊരു ശതമാനം രോഗികൾക്കും അൻജിയോപ്ലാസ്‌റ്റി ‐ അഥവാ സ്‌റ്റെൻന്റിങ്ങിനോ അല്ലെങ്കിൽ ബൈപാസ്‌ ശസ്‌ത്രക്രിയക്കോ വിധേയരാകേണ്ടിവരാറുണ്ട്‌.

ആൻജിയോപ്ലാസ്‌റ്റിയോ ശസ്‌ത്രക്രിയയോ?  
ആൻജിയോഗ്രാം പരിശോധനയ്‌ക്കുശേഷം ഹൃദയത്തിന്റെ രക്തധമനികളിലുള്ള ബ്ലോക്കുകളുടെ സ്ഥിതിയും വലിപ്പവും അത്‌ ഏതെല്ലാം രക്തധമനികളെ ബാധിച്ചിരിക്കുന്നു എന്നതുമനുസരിച്ച്‌, ഏത്‌ ചികിത്സയാണ്‌ ഉത്തമമെന്ന്‌ നിജപ്പെടുത്താൻ ഇക്കാലത്ത്‌ ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്‌, സിൻറ്റാക്‌സ്‌ സ്‌കോറിങ‌് സംവിധാനം (ട്യിമേഃ രീൃെശിഴ ട്യലാെേ). ഇതനുസരിച്ച്‌, കുറഞ്ഞ സ്‌കോറുകൾക്ക്‌ (33) ബൈപ്പാസ്‌ ശാസ്‌ത്രക്രിയയും നിർദേശിക്കുന്നു. ഇതിനിടയിലുള്ള സ്‌കോറുകൾക്ക്‌ രോഗിയുടെ മറ്റു പ്രശ്‌നങ്ങൾ കണക്കിലെടുത്ത്‌ (പ്രമേഹം, കിഡ്‌നിരോഗം, മുതലായവ) ആകും  ചികിത്സ നിർദേശിക്കുക. ബ്ലോക്കുകളുടെ കടുപ്പമേറുമ്പോൾ ആൻജിയോപ്ലാസ്‌റ്റിയുടെ സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം, അതിന്റെ അപകടസാധ്യതകൾ കൂടുകയും അതിനോടൊപ്പം അതിന്റെ ഫലം കുറയുകയും ചെയ്യുന്നതിനാലാണിത്‌. ഇത്‌ സമീപകാലത്ത്‌ പഠനങ്ങൾ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട‌്. 



ശസ്‌ത്രക്രിയ ഒഴിവാക്കാനാകുമോ?
ബൈപ്പാസ്‌ ശസ്‌ത്രക്രിയ നിർദേശിക്കാൻ കാരണം, അത്‌ ആൻജിയോപ്ലാസ്‌റ്റി ചെയ്‌താൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നതിനാലാണ്‌. എന്നാൽ, ശസ്ത്രക്രിയ ഭയന്ന്‌ ചികിത്സ നിഷേധിക്കുമ്പോൾ കാഡിയോളജിസ്‌റ്റുകൾ ഇവർക്ക്‌ സ്‌റ്റെന്റിങ‌് ചെയ്യാൻ നിർബന്ധിതരാകുന്നു. ഇങ്ങനെ വരുമ്പോൾ ഇവർക്ക്‌ താൽക്കാലികമായ ആശ്വാസം ലഭിച്ചേക്കാമെങ്കിലും വീണ്ടും ഹൃദയാഘാതമോ അനുബന്ധ പ്രശ്‌നങ്ങളോ ഉണ്ടാകുകയും തന്മൂലം, ജോലി ചെയ്യുവാൻ സാധിക്കാതെ വരുകയും, ജീവനുതന്നെ ഭീഷണിയായി തീരുകയും ചെയ്യുന്നു. ഇങ്ങനെ  ഉണ്ടാകുന്ന സാമ്പത്തികനഷ്ടം തുടക്കത്തിൽത്തന്നെ ശസ്‌ത്രക്രിയ ചെയ്‌താലുണ്ടാകുന്ന ചെലവിനേക്കാൾ കൂടുതലായി ഭവിക്കും. പ്രമേഹരോഗികൾക്ക്‌ പ്രത്യേകിച്ചും ബൈപ്പാസ്‌ ശസ്‌ത്രക്രിയ സ്‌റ്റെന്റിങ്ങിനേക്കാൾ ഫലം നൽകുകയും അത്‌ ദീർഘകാലം നീണ്ടുനിൽക്കുന്നതായും (ആദ്യ അഞ്ചുവർഷത്തിനുശേഷം പ്രത്യേകിച്ചും) പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌.

ശസ്‌ത്രക്രിയയുടെ ഫലങ്ങൾ
ശസ്‌ത്രക്രിയ ചെയ്യുമ്പോൾ, രോഗിയുടെ നെഞ്ചിനുള്ളിൽകൂടി കടന്നുപോകുന്ന ഒരു രക്തക്കുഴൽ ‐ മാമ്മറി ആർട്ടറി  എടുത്ത്‌, അടപ്പുള്ള ഹൃദയധമനിയെ ബൈപ്പാസ്‌ ചെയ്യാനുപയോഗിക്കുന്നു. ഇതിനുപുറമെ, കാലിൽനിന്ന്‌ വെയിൻ  അല്ലെങ്കിൽ കൈകളിൽനിന്ന്‌ ആർട്ടറി  എന്നിവയും ഉപയോഗിക്കുന്നു. 10  മുതൽ 15 വർഷത്തോളം ഇവ കേടുപാടു കൂടാതെ പ്രവർത്തിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, ഈ കാലയളവിൽ മറ്റൊരു ഹൃദയാഘാതം ഉണ്ടാകാതെയും മറ്റ്‌ ചികിത്സകളുടെ ആവശ്യമില്ലാത്തതായും കണ്ടുവരുന്നു. ഈ ഫലം വർധിപ്പിക്കുന്നതിന‌് കൂടുതൽ ആർട്ടറികളുപയോഗിച്ച്‌ ബൈപ്പാസ്‌ ചെയ്യാവുന്നതാണ്‌. പഠനങ്ങൾ തെളിയിക്കുന്നത്‌ ഇത്തരത്തിലുള്ള ശാസ്‌ത്രക്രിയകൾ ‐ പ്രത്യേകിച്ചും പ്രമേഹരോഗികൾക്ക്‌ 15 മുതൽ 20 വർഷംവരെ ഫലപ്രദമാണെന്നാണ്‌. ഇതിനുശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ വീണ്ടും സ്‌റ്റെന്റിങ്ങോ ശസ്‌ത്രക്രിയയോ ചെയ്യാവുന്നതാണ്‌. വിദേശരാജ്യങ്ങളിൽ രണ്ടും മൂന്നും തവണ ശസ്‌ത്രക്രിയക്ക്‌ വിധേയരായവരുണ്ട്‌. നമ്മുടെ നാട്ടിലും ഇവ വലിയ അപകടസാധ്യതകളില്ലാതെ ചെയ്യാവുന്നതാണ്‌.

ശസ്‌ത്രക്രിയ കഴിഞ്ഞാൽ
ആധുനികകാലത്ത്‌ ശസ്‌ത്രക്രിയ വളരെ സുരക്ഷിതമായി ചെയ്യാവുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. മികച്ച വേദനസംഹാരികൾ ഈ പ്രക്രിയ കഴിഞ്ഞുള്ള പുനരധിവാസത്തെ ലഘൂകരിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ആശുപത്രിവിടുന്ന രോഗികൾ, ദൈനംദിനപ്രവൃത്തികൾ സ്വയം ചെയ്യാൻ പ്രാപ്‌തരായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top