29 March Friday

വേനലാണ്‌ ; നേത്രരോഗങ്ങൾക്കെതിരെ ജാഗ്രത വേണം

ഡോ അൻജു ഹരീഷ്‌Updated: Thursday Mar 5, 2020



വേനൽ കടുത്തതോടെ നേത്രരോഗങ്ങൾ വരാനുള്ള സാധ്യതയും വർധിക്കുകയാണ്‌. സാധാരണ നേത്രരോഗങ്ങൾ കൂടുതലായി കാണുന്നത് ഏപ്രിൽ,- മെയ് മാസങ്ങളിലാണെങ്കിലും ഇക്കുറി അതിന്‌  മുമ്പുതന്നെ രോഗബാധ കണ്ടുതുടങ്ങിയിട്ടുണ്ട്‌. അന്തരീക്ഷത്തിലെ ചൂട് വർധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുന്നത്‌ നേത്രരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.

വളരെ സാധാരണയായി വേനൽക്കാലത്ത് കാണുന്ന നേത്രരോഗങ്ങളാണ് ചെങ്കണ്ണ്, അലർജി, ഡ്രൈ ഐ (dry eye), കൺകുരു എന്നിവ. ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ് അഥവാ Conjunctivitis. ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധമൂലം ഈ രോഗം ഉണ്ടാകാം. കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാകാം. കണ്ണു തുറക്കാൻ സാധിക്കാത്തവിധം പീള കെട്ടൽ, നീറ്റൽ എന്നിവയും കണ്ടേക്കാം.

പ്രധാനമായും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് അസുഖം പടരുന്നത്. എന്നാൽ, രോഗമുള്ള വ്യക്തിയെ നോക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകില്ല. രോഗലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്ധന്റെ നിർദേശപ്രകാരം മരുന്ന് ഉപയോഗിക്കണം. ഇതോടൊപ്പം ശുദ്ധജലത്തിൽ കണ്ണ് ഇടയ്ക്കിടെ കഴുകുകയും വേണം.

ഏറ്റവും പ്രധാനം, രോഗമുള്ള വ്യക്തി ഉപയോഗിച്ച വസ്തുക്കളുമായി സമ്പർക്കം ഒഴിവാക്കുക എന്നതാണ്. രോഗി ഉപയോഗിച്ച തൂവാല, തലയിണ, പുതപ്പ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇവ അണുവിമുക്തമാക്കണം. കണ്ണിൽ ഉപയോഗിക്കുന്ന കോസ്‌മെറ്റിക്‌സ് ഒരിക്കലും പങ്കുവയ്‌ക്കരുത്. അണുബാധയുള്ള വ്യക്തി പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക. കഴിയുന്നതും ആൾക്കൂട്ടവുമായി സമ്പർക്കം ഒഴിവാക്കുക.



 

വേനലിൽ പെട്ടെന്ന് ഉണ്ടാകുന്ന മറ്റൊരുനേത്രരോഗമാണ് കണ്ണിലെ അലർജി. കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ചൊറിച്ചിൽ, ചുവപ്പ്, നീറ്റൽ, മണൽ വാരിയിട്ടപോലുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ. അലർജിക്കെതിരെ തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പംതന്നെ ചില പ്രതിരോധ മാർഗങ്ങൾകൂടി സ്വീകരിക്കാം.
സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം തരുന്ന യുവി പ്രൊട്ടക്‌ഷനോടുകൂടിയ സൺഗ്ലാസുകൾ ഉപയോഗിക്കുക.

നീന്തൽക്കുളം ഉപയോഗിക്കുമ്പോൾ തീർച്ചയായും ഗോഗ്ലെസ്(സുരക്ഷാ ഗ്ലാസ്‌) ഉപയോഗിക്കുക. ഇത് ക്ലോറിൻമൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥത തടയും.
എസി മുറികളിൽ ജോലി ചെയ്യേണ്ടി വരുന്നവർ എസിയുടെ ഡ്രാഫ്റ്റിന് അഭിമുഖമായി ഇരിക്കരുത്.

കണ്ണ് ഇടയ്ക്കിടെ ശുദ്ധമായ തണുത്ത വെള്ളത്തിൽ കഴുകുക. കംപ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തികൾ ശരിയായ വിഷ്വൽ ഹൈജീൻ പാലിക്കാതെയിരുന്നാൽ കണ്ണിന് വരൾച്ച അനുഭവപ്പെടാം. ഇതിനു പരിഹാരമായി ഇടയ്ക്ക് കണ്ണുകൾക്ക് വിശ്രമം നൽകുകയും ഇമ ചിമ്മുകയും ചെയ്താൽ കണ്ണുനീരിന്റെ നനവ് സംരക്ഷിക്കാം.

ഇലക്കറികളും പോഷകസമൃദ്ധമായ ഭക്ഷണവും ഒരു ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.

കണ്ണിന്റെ ഓയിൽ ഗ്രന്ഥികൾ അടഞ്ഞ് കൺപീലിയിൽ കുരുക്കൾ ഉണ്ടാകാം. പോളയ്ക്ക് നീരുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം ചൂടുവയ്ക്കുകയും ആന്റിബയോട്ടിക് മരുന്ന് ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ, കൺകുരു കട്ടിയായി chalazion എന്ന അവസ്ഥയിലെത്തിയാൽ ലഘുവായ ഒരു ശസ്‌ത്രക്രിയയിലൂടെ പഴുപ്പ് നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരിയായ വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും വേനൽക്കാല നേത്രരോഗങ്ങൾ തടയാം.

( തിരുവനന്തപുരം പട്ടം എസ്‌യുടി ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ്‌ ഒഫ്‌താൽമോളജിസ്‌റ്റാണ്‌് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top