25 April Thursday

ദന്ത സംരക്ഷണം ചെറിയ കാര്യമല്ല

ഡോ. കീർത്തി പ്രഭUpdated: Sunday Sep 4, 2022


ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന്ത സംരക്ഷണം. ദന്തരോഗങ്ങളെയും മറ്റു പ്രശ്‌നങ്ങളെയും അവഗണിക്കുന്നത്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കും.

പല്ലിലെ പ്ലാക്കും കാൽക്കുലസും
പല്ലിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണ പദാർഥങ്ങൾ യഥാസമയം വൃത്തിയാക്കാതെ വരുമ്പോൾ അത് പല്ലുകളുടെ മുകളിലും പല്ലിലും മോണയ്ക്കുമിടയിലുള്ള ഭാഗങ്ങളിലും  അടിഞ്ഞുകൂടും. ബാക്ടീരിയകൾ വളരുകയും ചെയ്യും.  ആഹാരശകലങ്ങളും ബാക്ടീരിയകളും ചേർന്നുള്ള ഒരു നേർത്ത പാളി പല്ലിനു മുകളിൽ രൂപപ്പെടുന്നു. അതിനെ പ്ലാക്ക്(Plaque)എന്ന് പറയുന്നു. ഇത് മൃദുവായതിനാൽ നമുക്ക് ബ്രഷുകൾ കൊണ്ട് നീക്കം ചെയ്യാൻ കഴിയും. നീക്കം ചെയ്യാത്ത പക്ഷം മോണയ്ക്കും പല്ലിനും പലരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

പ്ലാക്കിലെ  ബാക്ടീരിയകൾ പല്ലിന്റെ ഇനാമലിൽ നിരവധി ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അതൊരു വലിയ പോടായി മാറി ദന്തക്ഷയം സംഭവിക്കുന്നു. പല്ലിന്റെ കേട് ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ  പറയത്തക്ക ലക്ഷണങ്ങൾ ഒന്നും  ഉണ്ടായെന്നു വരില്ല. പക്ഷേ ഇനാമലിന്റെ ഉള്ളിലുള്ള പാളിയായ ഡെന്റിനി(Dentine)ലേക്ക് കേട് എത്തിച്ചേരുമ്പോൾ  പുളിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല്ലിന്റെ ഏറ്റവും അകത്തെ പാളിയായ ദന്തമജ്ജയെ (Dental Pulp) ഇത്‌ ബാധിക്കുമ്പോൾ  കലശലായ വേദനയും അനുഭവപ്പെടാം.

പ്ലാക്ക് നീക്കം ചെയ്യാത്ത പക്ഷം ആഴ്ചകൾക്കുള്ളിൽ അത് കട്ട പിടിച്ച് കാൽക്കുലസ് എന്ന മഞ്ഞനിറത്തിലുള്ളതോ തവിട്ട്‌ നറത്തിലുള്ളതോ ആയ കട്ടിയുള്ള  ആവരണമായി മാറും. അത്‌ നീക്കം ചെയ്യാൻ  ഒരു ദന്തഡോക്ടറുടെ സഹായം ആവശ്യമായി വരും. അതിനെയും അവഗണിച്ചാലോ? പലരും പല്ലുകളിൽ മഞ്ഞനിറം കാണുമ്പോൾ ആ അഭംഗി കുറയ്ക്കാൻ വേണ്ടിയാണ് ദന്ത ഡോക്ടർമാരെ സമീപിക്കുന്നത്. എന്നാൽ ഒരു സൗന്ദര്യ പ്രശ്നം എന്നതിനപ്പുറം കാൽക്കുലസ് മോണയ്ക്കും പല്ലിനും മറ്റു പല രീതിയിലും വില്ലൻ ആകാറുണ്ട്. അതു മോണയ്ക്കും പല്ലിനും ഇടയിൽ കുടുങ്ങിക്കിടന്ന് അവിടെ വിടവ് ഉണ്ടാക്കും.ആ വിടവുകളിൽ വീണ്ടും ഭക്ഷണ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടി അവിടം ബാക്ടീരിയകളുടെ വിളനിലമായി മാറുകയും ചെയ്യുന്നു. പല്ലുതേക്കുമ്പോൾ മോണയിൽ നിന്നും രക്തം വരിക, വായനാറ്റം, പല്ല് പുളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അവിടെ നിന്നും തുടങ്ങുകയായി. മോണ വീർത്ത് ചുവന്ന് മോണപഴുപ്പ് എന്ന അവസ്ഥയുണ്ടാകുന്നു. പിന്നീട് പല്ല് അതിന് ചുറ്റുമുള്ള മോണയിൽ നിന്നും എല്ലിൽ നിന്നും വിട്ടുമാറുകയും  ക്രമേണ  പല്ലുകൾ നഷ്ടമാവുകയും ചെയ്യും.

ഡെന്റൽ ക്ലീനിങ് അഥവാ സ്‌കേലിങ്‌

പ്ലാക്കും കാൽക്കുലസും മറ്റ് കറകളും ഒക്കെ നീക്കം ചെയ്യാനാണ് പല്ല് ക്ലീനിങ് ആവശ്യമായി വരുന്നത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും പല്ല് ക്ലീൻ ചെയ്യുന്നത് മോണയും പല്ലും കൂട്ടത്തിൽ നമ്മുടെ ശരീരവും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. മോണ രോഗമുണ്ടാക്കുന്നത് വായ്ക്ക് പുറത്തുള്ള കാരണങ്ങൾ എന്തെങ്കിലുമാണെങ്കിൽ അതും പരിശോധനയിൽ  മനസ്സിലാക്കാനാകും.  ക്ലീനിങ് കഴിഞ്ഞതിനു ശേഷം കുറച്ചുദിവസത്തേക്ക്  എരിവുള്ളതും കട്ടിയുള്ളതും ചൂടുള്ളതുമായ ഭക്ഷണ പദാർഥങ്ങളും  ഉപേക്ഷിക്കാൻ ശ്രദ്ധിക്കുക.

വായനാറ്റം
വായിൽ ദുർഗന്ധം ഉണ്ടാകാൻ പല്ലിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ മാത്രമല്ല കാരണം. വായ്ക്കകത്തും പുറത്തുമുള്ള മറ്റനേകം കാരണങ്ങളുണ്ട്. കേടുള്ള പല്ലുകൾ, നാവിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ, ഊരി മാറ്റാവുന്ന കൃത്രിമ പല്ല് സെറ്റുകൾ ശുചിയായി സൂക്ഷിക്കാത്തത്  ഇതൊക്കെ വായനാറ്റം ഉണ്ടാക്കുന്ന വായ്ക്കകത്തെ കാരണങ്ങളാണ്. ശ്വാസകോശ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉമിനീർ ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം, പ്രമേഹം ഇങ്ങനെ വായനാറ്റമുണ്ടാകാൻ വായ്ക്ക് പുറത്തും നിരവധി കാരണങ്ങളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top