26 May Sunday

മുലപ്പാല്‍ ജീവനീയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

അമ്മയെ അറിയാനും സ്നേഹിക്കാനുമുള്ള കുഞ്ഞിന്റെ യാത്രയുടെ തുടക്കം മുലപ്പാല്‍ നാവിലിറ്റുവീഴുന്നതോടെയാണ്. നവജാതശിശുവിന്റെ ആദ്യ ഭക്ഷണമാണ് മുലപ്പാല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പവും ആത്മബന്ധവും ഊട്ടിയുറപ്പിക്കുന്നതില്‍ മുലയൂട്ടല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാലൂട്ടുമ്പോള്‍ അമ്മയുടെ ചൂടും ഹൃദയസ്പന്ദനങ്ങളും സ്നേഹസ്പര്‍ശങ്ങളും അളവില്ലാത്ത ഉത്തേജനങ്ങളാണ് കുഞ്ഞിന് പകരുക. അമ്മയ്ക്കാകട്ടെ നിര്‍വൃതിക്കൊപ്പം നിരവധി രോഗങ്ങളില്‍നിന്ന് സംരക്ഷണവും മുലയൂട്ടല്‍ നല്‍കും.

നവജാതശിശുക്കള്‍ക്ക് നല്‍കാവുന്ന സമ്പൂര്‍ണ ആഹാരമാണ്  മുലപ്പാല്‍ എന്നുപറയാം. എളുപ്പം ദഹിക്കുമെന്നതിനു പുറമെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ ജീവകങ്ങളും പോഷകങ്ങളും ധാതുലവണങ്ങളും ഊര്‍ജവുമെല്ലാം ധാരാളമായി മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. 'ജീവനീയം' എന്നാണ് ആയുര്‍വേദം മുലപ്പാലിനെ വിശേഷിപ്പിക്കുക. ആറുമാസം പ്രായമാകുന്നതുവരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. പിന്നീട് കുറുക്കും മറ്റു ഭക്ഷണങ്ങളും നല്‍കുന്ന വേളകളിലും മുലയൂട്ടല്‍ രണ്ടരവയസ്സുവരെയും തുടരേണ്ടതാണ്.

പ്രതിരോധം തീര്‍ത്ത് കൊളസ്ട്രം
പ്രസവത്തോടനുബന്ധിച്ച് അമ്മയുടെ സ്തനങ്ങളില്‍ ആദ്യം ഊറിവരുന്ന മഞ്ഞനിറത്തിലുള്ള പാലാണ് കൊളസ്ട്രം. കൂടുതല്‍ പ്രോട്ടീന്‍, പാകത്തിന് കൊഴുപ്പ്, അന്നജം, ഇവയ്ക്കുപുറമെ രോഗപ്രതിരോധത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും ആവശ്യമായ വിവിധ ഘടകങ്ങള്‍, ഇമ്യൂണോഗ്ളോബുലിന്‍ എ, ആന്റി ബോഡികള്‍, ഗ്രോത്ത് ഫാക്ടറുകള്‍ മുതലായവയാല്‍ സമ്പന്നമാണ് കൊളസ്ട്രം. ഈ ഘടകങ്ങളാണ് രോഗാണുക്കളില്‍നിന്ന് കുഞ്ഞിന് ആദ്യസംരക്ഷണം നല്‍കുന്നത്. ഭാരംകുറഞ്ഞ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലെത്തിക്കാനും കൊളസ്ട്രം നിര്‍ണായക പങ്കുവഹിക്കുന്നു. കുഞ്ഞിന്റെ ആദ്യ വിസര്‍ജനമായ മെക്കോണിയം പുറത്തുപോകാനും കൊളസ്ട്രം സഹായിക്കുന്നു.

ലെറ്റ് ഡൌണ്‍ റിഫ്ളക്സ്
സ്തനങ്ങളിലെ ചില പ്രത്യേക കോശങ്ങളിലാണ് പാലുണ്ടാകുന്നത്. ഓക്സിടോസിന്‍ എന്ന ഹോര്‍മോണാണ് പാല്‍ പുറത്തേക്കുസ്രവിക്കാന്‍ കാരണമാകുന്നത്. 'ലെറ്റ് ഡൌണ്‍ റിഫ്ളക്സ്' എന്നാണ് ഇതറിയപ്പെടുക. കുഞ്ഞ് നന്നായി പാല്‍ കുടിച്ചുതുടങ്ങുമ്പോള്‍ അമ്മയില്‍ 'പ്രോലാക്ടിന്‍' എന്ന ഹോര്‍മോണ്‍ ഉണ്ടാവുകയും ധാരാളം പാലുണ്ടാവുകയും ചെയ്യും.

ജനിച്ച് 12 മണിക്കൂറിനകം ദീര്‍ഘമായി ഉറങ്ങാനാണ് കുഞ്ഞിനിഷ്ടം. അതിനാല്‍ പ്രസവമായാലും സിസേറിയന്‍ ആയാലും കഴിയുന്നത്ര നേരത്തെ പാലൂട്ടി ഉറക്കുന്നതാണ് ഉചിതം. മാത്രമല്ല, പ്രസവശേഷം അമ്മയ്ക്കുണ്ടാകുന്ന അമിത രക്തസ്രാവം തടയാനും ധാരാളം പാലുണ്ടാകാനും, നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാകും.

മുലപ്പാല്‍ രോഗങ്ങളെ തടയും
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഇമ്യൂണോഗ്ളോബുലിന്‍ എ, ജി, എന്‍, പ്രോബയോട്ടിക്സ് ലൈസോസോം തുടങ്ങിയ ഘടകങ്ങള്‍ മുലപ്പാലില്‍ ധാരാളമുണ്ട്. മുലപ്പാല്‍ കഴിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്ക് വയറിളക്കരോഗങ്ങള്‍, ന്യുമോണിയ, ജലദോഷം, കഫക്കെട്ട്, ചെവി ഒലിപ്പ്, മറ്റ് പകര്‍ച്ചവ്യാധികള്‍ ഇവ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല, കുഞ്ഞുങ്ങളില്‍ ആസ്ത്മ, ത്വക്രോഗങ്ങള്‍ ഇവയെ തടയാനും ഭാവിയില്‍ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, അധികരക്തസമ്മര്‍ദം ഇവ ഉണ്ടാകാതെ സംരക്ഷിക്കാനും മുലപ്പാല്‍ സഹായകമാണ്. കാഴ്ചശക്തിക്കും മസ്തിഷ്കകോശങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്കും മുലപ്പാല്‍ അനിവാര്യമാണ്.

കൃത്രിമാഹാരം ഒഴിവാക്കാം
കൂടുതല്‍ തടിക്കാനും മറ്റുമായി കൃത്രിമാഹാരങ്ങളും മൃഗങ്ങളുടെ പാലും നല്‍കുമ്പോള്‍തന്നെ കുഞ്ഞ് കുടിക്കുന്ന മുലപ്പാലിന്റെ അളവ് കുറയുകയും, അനാരോഗ്യത്തിന് വഴിയൊരുക്കുകയും ചെയ്യും. ഇവരില്‍ അടിക്കടി ഉണ്ടാകുന്ന അണുബാധ, വയറിളക്കം, അലര്‍ജി, ത്വക്രോഗങ്ങള്‍, ശ്വാസംമുട്ടല്‍ ഇവ വളരെ കൂടുതലായി കാണാറുണ്ട്. മാത്രമല്ല, ശ്രദ്ധക്കുറവ്, എഡിഎച്ച്ഡി, വ്യക്തിത്വവൈകല്യങ്ങള്‍, സ്വഭാവവൈകല്യം ഇവയും ഇവരില്‍ കൂടുതലാകും.

അമ്മയുടെ ഭക്ഷണം ശ്രദ്ധയോടെ
പ്രസവശേഷം മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് അമ്മ കഴിക്കേണ്ടത്. നെയ്യില്‍ മൂപ്പിച്ച ചുമന്നുള്ളിയും വെളുത്തുള്ളിയും കുടംപുളിചേര്‍ത്ത മത്സ്യങ്ങള്‍, പശുവിന്‍ പാല്‍, ആട്ടിന്‍പാല്‍, ഇലക്കറികള്‍, പടവലങ്ങ, പാവയ്ക്ക, മുരിങ്ങക്ക, ചേന, കായ്, കാരറ്റ്, ചുവന്ന അരി, ഞവരയരി ഇവ ഉള്‍പ്പെട്ട ഭക്ഷണം മുലപ്പാല്‍ വര്‍ധിപ്പിക്കാറുണ്ട്. മുരിങ്ങയിലും ഉലുവയും ചേര്‍ത്ത ഭക്ഷണം ആഴ്ചയില്‍ രണ്ടുതവണ കഴിക്കുന്നത് മുലപ്പാലിന്റെ അളവുകൂട്ടും.

വിരുദ്ധാഹാരം ഒഴിവാക്കാം
തൈരും കോഴിയിറച്ചിയും, പാലും മീനും, ഗോതമ്പും എള്ളെണ്ണയും തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ശീലമാക്കുന്നവരിലും പുളി, ഉപ്പ്, എരിവ് ഇവ കൂടിയതോതില്‍ കഴിക്കുന്നവരിലും മുലപ്പാലിന്റെ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. മുലപ്പാലിന്റെ നിറം, ഗന്ധം, ഗുണം ഇവ മാറുക, വഴുവഴുപ്പ്, നുര കൂടുക, സ്നിഗ്ധതയില്ലാതിരിക്കുക, പാലിന് കട്ടികൂടുക തുടങ്ങിയ പ്രശ്നങ്ങള്‍ കാണാറുണ്ട്. ഈ പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന് ചൊറിച്ചില്‍, വയറിളക്കം, തടിപ്പുകള്‍, ഛര്‍ദി, എപ്പോഴും ഉറക്കം, വയറുവീര്‍പ്പ്, വയറുവേദന ഇവയില്‍ ഏതെങ്കിലും പ്രകടമാകുന്നു.
പാടത്താളി, ചുക്ക്, ദേവതാരം, മുത്തങ്ങ, പെരുംകുരുമ്പ, അമൃത്, കുടകപ്പാലയരി, കിരിയാത്ത്, കടുക്രോഹിണി ഇവ മുലപ്പാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ പ്രധാനമാണ്.

മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ഔഷധങ്ങള്‍
മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന സസ്യങ്ങളെ 'സ്തന്യജനനഗണം' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. രാമച്ചം, അരി, നെല്ലിന്‍വേര്, ചെന്നല്ലരി, കരിമ്പ്, ഇരുവേലി, ദര്‍ഭവേര്, കുശവേര്, കുരുവിക്കരിമ്പ്, ഏരമ്പുല്ല് ഇവ ചേര്‍ത്തുണ്ടാകുന്ന ഔഷധങ്ങള്‍ മുലപ്പാല്‍ വര്‍ധിപ്പിക്കും. ഒപ്പം വീട്ടില്‍ ചെയ്യാവുന്ന ലഘുചികിത്സകളും നല്ല ഫലംതരും.

വെളുത്തുള്ളി മൂന്നു ഗ്രാം ചതച്ച് നെയ്യില്‍ വഴറ്റി പാലില്‍ ചേര്‍ത്തു കഴിക്കാം.
മുരിങ്ങയില വേവിച്ച് നെയ്യ് ചേര്‍ത്ത് കഴിക്കുക.
അമ്പതു ഗ്രാം ശതാവരിക്കിഴങ്ങ് രണ്ടുഗ്ളാസ് പാലില്‍ ചതച്ചുചേര്‍ത്ത് കാച്ചിക്കുടിക്കുക.
പത്തു ഗ്രാം മുത്തങ്ങ ചതച്ച് പാലില്‍ കാച്ചിക്കുടിക്കുക.
അമരയ്ക്കത്തോരന്‍ വച്ചുകഴിക്കുക.
പത്തു ഗ്രാംവീതം ചെറൂളയും ഉഴുന്നും ചേര്‍ത്ത് പാല്‍ കാച്ചിക്കുടിക്കുക.
തവിടും ശര്‍ക്കരയും ചേര്‍ത്ത് കുറുക്കിക്കഴിക്കുക.
കൂടാതെ ക്രമമായി പ്രസവരക്ഷ നല്‍കുന്നതും സ്തന്യജനനരസായനം, വിദാര്യാദിലേഹ്യം, ശതാവരിഗുളം ഇവ കഴിക്കുന്നതും മുലപ്പാല്‍ വര്‍ധിപ്പിക്കും.

പാലൂട്ടല്‍ അമ്മയ്ക്കും ഗുണകരം
അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധത്തെ സുദൃഢമാക്കുന്നതോടൊപ്പം മുലയൂട്ടല്‍ അമ്മയ്ക്ക് നിരവധി നല്ല ഫലങ്ങളും നല്‍കാറുണ്ട്. സ്തനാര്‍ബുദം, അണ്ഡാശയഗര്‍ഭാശയ അര്‍ബുദങ്ങള്‍, ഫൈബ്രോയ്ഡുകള്‍, എന്‍ഡോമെട്രിയോസിസ്, അമിതവണ്ണം, മാനസികസംഘര്‍ഷം മുതലായവയില്‍നിന്ന് സംരക്ഷണം രണ്ടരവയസ്സുവരെയും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ലഭിക്കാറുണ്ട്. അണ്ഡോല്‍പ്പാദനം വൈകിക്കുന്നതിലൂടെ താല്‍ക്കാലികമായ ഗര്‍ഭനിരോധ മാര്‍ഗമായും മുലയൂട്ടല്‍ മാറാറുണ്ട്.

തൊഴിലിടങ്ങളിലെ അമ്മമാര്‍
ജോലിക്കു പോകാന്‍ നിര്‍ബന്ധിതരാകുന്ന അമ്മമാര്‍ മുലപ്പാല്‍ പിഴിഞ്ഞ് ആറു മണിക്കൂര്‍ സാധാരണ ഊഷ്മാവിലോ 24 മണിക്കൂര്‍ ഫ്രിഡ്ജിലോ സൂക്ഷിച്ചുവച്ച് കുഞ്ഞിന് നല്‍കാവുന്നതാണ്. തിളപ്പിച്ചെടുത്ത് അണുവിമുക്തമാക്കിയ അടപ്പുള്ള പാത്രങ്ങളിലാണ് മുലപ്പാല്‍ ശേഖരിക്കേണ്ടത്.

മുലപ്പാല്‍ കുറയല്‍ പ്രധാന കാരണങ്ങള്‍
ദുഃഖം, ഉറക്കമൊഴിയല്‍, പോഷകഭക്ഷണത്തിന്റെ അപര്യാപ്തത, ഹീനഭക്ഷണം, ദേഷ്യം, അമിതാധ്വാനം, അമിതവ്യായാമം, ചില മരുന്നുകള്‍ ഇവയെല്ലാം മുലപ്പാല്‍ കുറയ്ക്കും. അമ്മയുടെ അനാരോഗ്യം, പ്രത്യേകിച്ച് വിളര്‍ച്ച, രക്തത്തില്‍ അണുബാധ, ഹൃദ്രോഗം, മാനസികപ്രശ്നങ്ങള്‍ ഇവയും മുലപ്പാല്‍ കുറയ്ക്കാറുണ്ട്.

സ്തനവിദ്രധി
മുലയൂട്ടുന്ന സ്ത്രീകളില്‍ വളരെ സാധാരണമായി കാണുന്ന പ്രശ്നമാണ് സ്തനവിദ്രധി. നിപ്പിളിലുണ്ടാകുന്ന വിള്ളലുകളിലൂടെയും മറ്റും ബാക്ടീരിയപോലെയുള്ള സൂക്ഷ്മജീവികള്‍ സ്തനകോശത്തിലെത്തും. സ്തനങ്ങള്‍ ചുമന്നുവിങ്ങാനിടയാക്കും. കുഞ്ഞിന്റെ നാസാദ്വാരത്തിലും സൈനസിലുമുള്ള അണുക്കളാണ് സ്തനത്തില്‍ അണുബാധ വരുത്തുക. ചികിത്സ തേടേണ്ടതാണ്.

ആരോഗ്യത്തിനും സൌന്ദര്യത്തിനും
ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും വൈകാരിക സമ്മര്‍ദങ്ങളെ അതിജീവിക്കാനും പൊണ്ണത്തടി കുറയ്ക്കാനും മുലയൂട്ടല്‍ ഫലപ്രദമാണ്. അതുവഴി സൌന്ദര്യം കൂടാനും മുലയൂട്ടല്‍ കാരണമാകുന്നു.

മുലപ്പാലിനു പകരം
മുലപ്പാലിനു തുല്യമായി ഒന്നുമില്ലെങ്കിലും എന്തെങ്കിലും കാരണവശാല്‍ അമ്മയ്ക്ക് പാല്‍ നല്‍കാന്‍ കഴിയാതെവന്നാല്‍ പുത്തരിച്ചുണ്ടയുടെയോ ഓരിലയുടെയോ വേര് 20 ഗ്രാം ചതച്ച് 120 എംഎല്‍ ആട്ടിന്‍പാലോ പശുവിന്‍പാലോ നാലിരട്ടി വെള്ളംചേര്‍ത്ത് കുറുക്കി പഞ്ചസാരചേര്‍ത്ത് നല്‍കാവുന്നതാണ്.

നിര്‍ഭാഗ്യവശാല്‍ ഒരുമാസം മാത്രം കുഞ്ഞിന് പാല്‍ നല്‍കി വിദേശങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്ന അമ്മമാരുടെ എണ്ണം ഇന്ന് കൂടുതലാണ്. മാതൃസ്നേഹവും മുലയൂട്ടല്‍ അടക്കമുള്ള പരിപാലനങ്ങളും നഷ്ടമായ കുഞ്ഞുങ്ങളില്‍ സാമൂഹ്യവിരുദ്ധ പ്രവണതകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ കൂടുതലാണെന്നറിയുക. അമ്മയുടെ പാലും സ്നേഹവാത്സല്യങ്ങളും ആവോളം നുകരുന്ന കുഞ്ഞിനു മാത്രമേ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകാനാകൂ.
(മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ഡോക്ടറാണ് ലേഖിക) റൃുൃശ്യമാമിിമൃ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top