20 April Saturday

അമ്മ അറിയാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2017


അതിവേഗം മാറുന്ന ജീവിതശൈലിയും ചുറ്റുപാടുകളുമാണ് നമുക്കിന്നുള്ളത്. പുതുക്കാലത്തിന്റെ വെല്ലുവിളിയെ അധികം നേരിടേണ്ടിവരുന്നത് കുട്ടികളാണ്. പ്രത്യേകിച്ച് ബാല്യത്തിലും കൌമാരത്തിലും ഉള്ളവര്‍. ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രണ്ടു ഘട്ടങ്ങളാണ് ബാല്യവും കൌമാരവും. ഈ പ്രായത്തിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ ആ വ്യക്തിയുടെ ദീര്‍ഘകാല മാനസികാരോഗ്യനിലയെ സാരമായി ബാധിക്കാറുണ്ട്. മുമ്പെങ്ങും ഇല്ലാത്തവിധം കൂടിവരുന്ന കൌമാരക്കാരിലെ അക്രമവാസന, ലൈംഗികപീഡനങ്ങള്‍, മദ്യപാനശീലം, ആത്മഹത്യ ഇവ ഗൌരവമായി കാണേണ്ടതുണ്ട്. ജീവിതത്തിലെ ബുദ്ധിമുട്ടുള്ളതും പുതുമനിറഞ്ഞതുമായ സാഹചര്യങ്ങളെ തരണംചെയ്യാന്‍ രക്ഷിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

മുമ്പുണ്ടായിരുന്ന സമൂഹധാരണകള്‍ക്കും ഇന്ന് ഏറെ മാറ്റം വന്നിട്ടുണ്ട്. മുമ്പ് മദ്യപിക്കുന്നവരെ അവജ്ഞയോടെ കണ്ടിരുന്ന സ്ഥിതി ഇന്ന് മാറി. വിവാഹം, മരണം, പരീക്ഷാവിജയം, സ്ഥാനലബ്ധി തുടങ്ങി എന്തിനും മദ്യം ഒരു അവശ്യവസ്തുവായി കരുതുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇത് കണ്ടുവളരുന്ന കുട്ടി അവന്റെ ഉല്ലാസവേളകളില്‍ മദ്യം ഉപയോഗിക്കാന്‍ പ്രേരിതനാകും.

നന്നായി ഓടിക്കളിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അക്രമവാസന, ആത്മഹത്യാ പ്രവണത ഇവയെ കുറയ്ക്കാറുണ്ട്. എന്നാല്‍ ഇന്ന് കളിച്ചുവളരുന്നവരുടെ എണ്ണംതന്നെ കുറവാണ്. അവധിക്കാലത്തുപോലും കുട്ടികള്‍ ഇന്ന് കളിക്കുന്നില്ല. അല്‍പ്പസമയം മിച്ചം കിട്ടിയാല്‍തന്നെ എന്തെങ്കിലും പഠിക്കാന്‍ ചേര്‍ക്കണം എന്ന തെറ്റായ പ്രവണത പല രക്ഷിതാക്കളും വച്ചുപുലര്‍ത്തുന്നുണ്ട്. പകരംവയ്ക്കാനില്ലാത്ത ഔഷധംകൂടിയാണ് കളി.

കുശലാന്വേഷണം കൊച്ചുകുട്ടികളോടു മാത്രമല്ല, കൌമാരക്കാരോടും ഉണ്ടാവണം. എപ്പോഴും പഠനകാര്യങ്ങള്‍ മാത്രം സംസാരിക്കുന്നത് അവര്‍ക്ക് അരോചകമായി തോന്നാം. എനിക്ക് കഴിയാത്തത് മക്കളിലൂടെ നേടണം എന്ന വികലമായ ചിന്ത ചില രക്ഷിതാക്കള്‍ക്കുണ്ട്. അതൊഴിവാക്കി അവരുടെ കഴിവുകള്‍ ഏതു മേഖലയിലാണെന്നു കണ്ടെത്തി വേണ്ടത്ര സാഹചര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്.

ജീവിതത്തിന്റെ സാഫല്യമാണ് കുഞ്ഞുങ്ങള്‍. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വലിയ പങ്കുവഹിക്കുന്നത് അമ്മയാണ്. അനുകരിക്കാനൊരു മാതൃകയെയും എന്തിനും ആശ്രയിക്കാനൊരു മിത്രത്തെയും ആണ് കുട്ടികള്‍ രക്ഷിതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് അത് കൂടിയേതീരൂ.

കൌമാരത്തിലെ മദ്യപാനം
കണ്ടുപഠിച്ചിട്ടോ, പ്രതികാരമെന്ന നിലയിലോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആണ് കൌമാരപ്രായത്തില്‍ മദ്യപാനം തുടങ്ങുന്നത്. ഇവര്‍ക്ക് മദ്യപാനത്തിന്റെ ദോഷഫലങ്ങളെപ്പറ്റിയുള്ള അറിവ് പരിമിതമാണ്. വെറുതെ ഒരു രസത്തിന് തുടങ്ങുന്ന മദ്യപാനം എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനാകുമെന്ന് അവര്‍ ധരിക്കുന്നു. എന്നാല്‍ ഇവര്‍ മദ്യത്തിന്റെ അടിമകളായിത്തീരുകയാണ് പതിവ്. പെണ്‍കുട്ടികളിലെ മദ്യപാനശീലവും ഇപ്പോള്‍ കൂടിവരികയാണ്. അച്ഛന്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നതു കാണുന്ന കുട്ടി അത് തനിക്കും ചെയ്യാവുന്നതാണെന്ന് സ്വാഭാവികമായും കരുതും. 11 വയസ്സിനുമുമ്പ് കാണുന്ന കാഴ്ചകളും അനുഭവങ്ങളും കുട്ടികളുടെ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്.

കുട്ടി മദ്യപിച്ചുതുടങ്ങിയിരിക്കുന്നു എന്നറിഞ്ഞാല്‍ വല്ലാതെ ക്ഷോഭിക്കാനോ തളരാനോ പാടില്ല. മദ്യപാനത്തിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്തി ക്ഷമയോടെയും സ്നേഹത്തോടെയും പരിഹാരം കാണേണ്ടതാണ്. ഒപ്പം പണം ചെലവഴിക്കുന്ന വഴികള്‍ അറിയുകയും വേണം. കുട്ടികളുടെ നീക്കങ്ങളും ശ്രദ്ധിക്കണം.
മദ്യപാന സംഘങ്ങളില്‍പ്പെടുന്നവര്‍ സാമൂഹ്യവിരുദ്ധരുടെ താവളങ്ങളിലും എത്തിപ്പെടാറുണ്ട്. അടിപിടി, കൈയേറ്റം ഇവയില്‍ കുട്ടികള്‍ പെട്ടുപോകാറുണ്ട്. മദ്യപിക്കാനുള്ള പണത്തിനുവേണ്ടി ഹീനമാര്‍ഗങ്ങളിലേക്കും ഇവര്‍ തിരിയാനിടയുണ്ടെന്നതിനാല്‍ അതീവ ശ്രദ്ധ ഉണ്ടാകണം.

കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയാകുമ്പോള്‍
ബാലപീഡനങ്ങള്‍ ഇന്നും തുടരുന്ന ഒരു നിര്‍ഭാഗ്യ യാഥാര്‍ഥ്യമാണ്. പുറത്തുപറയാന്‍ മടിയുള്ളതിനാല്‍ സംഭവിക്കുന്ന പീഡനങ്ങളുടെ വളരെ ചെറിയ ശതമാനമേ പുറത്തറിയുന്നുള്ളു. ബാലപീഡനങ്ങള്‍ ഭൂരിഭാഗവും വീടിനകത്താണ് നടക്കുക. കൂടാതെ കുട്ടിക്ക് പരിചയമുള്ളവരാണ് ഈ ഹീനകൃത്യം ചെയ്യുക എന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികളെപ്പോലെത്തന്നെ ആണ്‍കുട്ടികളും പീഡനത്തിനിരയാകാറുണ്ട്. അച്ഛന്‍, അപ്പൂപ്പന്‍, അമ്മാവന്‍, ചിറ്റപ്പന്‍, ട്യൂഷന്‍ മാസ്റ്റര്‍, അയല്‍വാസി എന്നിങ്ങനെ കുട്ടിക്ക് വെളിച്ചം പകര്‍ന്നുനല്‍കേണ്ടവര്‍തന്നെയാണ് പലപ്പോഴും ചൂഷകരാകുന്നത്. 13 വയസ്സുവരെയുള്ള പെണ്‍കുഞ്ഞുങ്ങളെപ്പോലും ഉപദ്രവിക്കുന്നുവെന്നതിനാല്‍ ഏതു പ്രായത്തിലും അമ്മയുടെ സജീവശ്രദ്ധ അവര്‍ അര്‍ഹിക്കുന്നു. കുട്ടിയുടെ ഏതു പ്രായത്തിലും അവര്‍ക്ക് മാനസികമോ ശാരീരികമോ ആയി പീഡനം ഏല്‍ക്കാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടയ്ക്കാന്‍ അമ്മ ശ്രദ്ധിച്ചേ മതിയാകൂ.

എന്തുകൊണ്ട് പറയുന്നില്ല
താന്‍ ബഹുമാനിക്കുന്ന മുതിര്‍ന്നവരില്‍നിന്നുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണംമൂലം പീഡനത്തിനിരയായ കുട്ടി വലിയ ചിന്താകുഴപ്പത്തിലാകും. ആരോട് എന്തുപറയും തുടങ്ങി കുഞ്ഞുമനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടാകുന്നു. സംഭവം പുറത്തുപറയരുതെന്ന ഭീഷണിയും ചൂഷകരില്‍നിന്നുണ്ടാകും. അതോടെ കുറ്റകൃത്യം പുറത്താകരുതെന്ന ഭാരിച്ച ഉത്തരവാദിത്തവും കുട്ടിയുടെ തലയിലാകുന്നു. ചെറിയ കുട്ടിയാണെങ്കില്‍ നടന്ന പ്രവൃത്തിയെക്കുറിച്ച് പറയാനുള്ള ഭാഷയോ വാക്കുകളോ വശമുണ്ടാകില്ല. പറഞ്ഞാല്‍ മാതാപിതാക്കളുടെ സ്നേഹം നഷ്ടപ്പെടുമോയെന്നും കുട്ടി ഭയപ്പെടുന്നു.

കുട്ടി വിവരം പറഞ്ഞാല്‍
സമചിത്തതയോടെ കേള്‍ക്കുകയും കുട്ടിയുടെ വാക്ക് പൂര്‍ണമായും വിശ്വസിക്കുകയും വേണം. കുട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുന്നതോടൊപ്പം ചൂഷണം തടയാനുള്ള നടപടി പെട്ടെന്ന് കൈക്കൊള്ളുകയും വേണം.

എങ്ങനെ തിരിച്ചറിയാം
ശാരീരികവും പെരുമാറ്റപരവുമായ ചില വ്യതിയാനങ്ങളിലൂടെ രക്ഷിതാക്കള്‍ക്ക് ചൂഷണം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. നടക്കാനും ഇരിക്കാനും വിഷമം, വായിനും ജനനേന്ദ്രിയത്തിനുചുറ്റിലും പരിക്ക്, ലൈംഗികരോഗങ്ങള്‍ ബാധിക്കുക, പീഡനം തുടരുകയും അത് മറച്ചുവയ്ക്കുകയും ചെയ്യുമ്പോള്‍ ഗര്‍ഭിണിയാവുക തുടങ്ങിയ ശാരീരിക സൂചനകള്‍ കാണാവുന്നതാണ്.

ആക്രമണസ്വഭാവം, അസ്വസ്ഥതകള്‍, പഠനനിലവാരം താഴേക്കുപോവുക, പരിചയമുള്ള ചില വ്യക്തികളെ കാണുമ്പോള്‍ ഭയം,  ഉറക്കക്കുറവ് ഇവ ശ്രദ്ധിക്കണം.
പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അളവില്ലാതെ വൈകാരിക പിന്തുണ നല്‍കേണ്ടതുണ്ട്. ഒപ്പം സംഭവിച്ചതൊക്കെ കുട്ടിയുടെ തെറ്റുകൊണ്ടല്ല എന്ന് ബോധ്യപ്പെടുത്തണം. കുട്ടിക്ക് നല്ല ഭക്ഷണം നല്‍കുന്നതോടൊപ്പം ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒപ്പം ഉല്‍കണ്ഠ, ദേഷ്യം ഇവ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ അകറ്റിനിര്‍ത്തുകയും വേണം.

കുട്ടിക്കാലത്തെ ശ്രദ്ധിക്കണം
കുട്ടി വാശിപിടിക്കുമ്പോള്‍ ഉടന്‍ കാര്യങ്ങള്‍ നടത്തിക്കൊടുക്കാതെ കാത്തിരിക്കാനും ക്ഷമ പരിശീലിക്കാനും പഠിപ്പിക്കണം.
കുട്ടികള്‍ക്ക് അനാവശ്യമായ അധികാരം നല്‍കരുത്.
സഹവര്‍ത്തിത്വം, പങ്കുവയ്ക്കല്‍ ഇവ വീട്ടില്‍നിന്നുതന്നെ പഠിക്കണം.
കുട്ടികളുടെ മുന്നില്‍ മാതാപിതാക്കള്‍ പൊട്ടിത്തെറിക്കാതിരിക്കുക.

ലഹരി ഉപയോഗിക്കുന്നുണ്ടോ?
കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ചാല്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനാകും. കണ്ണുകളിലേക്ക് നോക്കാതെയുള്ള ഉഴപ്പന്‍ സംസാരം, കുളിമുറിയില്‍ അധികസമയം ചിലവിടല്‍, ഉറക്കത്തിന്റെ രീതിയിലെ മാറ്റം, പഴയ കൂട്ടുകാര്‍ നഷ്ടപ്പെടുക, പുതിയ കൂട്ടുകെട്ടുകള്‍. ഇവ നിസ്സാരമായി കാണരുത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ കവിളുകള്‍ ചുവന്നുവീര്‍ക്കല്‍, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകള്‍, കുത്തിവയ്പിന്റെ അടയാളങ്ങള്‍ ഇവ കാണാം. വീട്ടില്‍നിന്ന് പണമോ മറ്റ് സാധനങ്ങളോ നഷ്ടമാകുന്നതും കാണാം.

കളിയും ഉറക്കവും
കളിച്ചുവളരേണ്ടവരാണ് കുട്ടികള്‍. ശരിയായ ശാരീരികമാനസിക വളര്‍ച്ചയ്ക്ക് ഇത് അനിവാര്യവുമാണ്. കളിച്ചുവളരാത്തത് വൈകാരിക പ്രശ്നങ്ങള്‍, അക്രമവാസന, ശ്രദ്ധക്കുറവ് ഇവ വളര്‍ത്താനേ ഉപകരിക്കൂ. എഡിഎച്ച്ഡി (അഉഒഉഅലിേേശീിേ ഉലളശരശ ഒ്യുലൃമരശ്േശ്യ ഉശീൃറലൃ)യെ കുറയ്ക്കാനും അരമണിക്കൂര്‍ കളിക്കുന്നത് ഗുണംചെയ്യും. ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തി സാമൂഹികപരമായ കഴിവുകള്‍ വികസിക്കാനും കളി കൂടിയേതീരു.

പകല്‍ നാം ആര്‍ജിക്കുന്ന അറിവുകള്‍ മസ്തിഷ്കം വേര്‍തിരിക്കുന്നതും ഓര്‍മകളാക്കുന്നതും ഉറക്കത്തിലാണ്. ഭാഷാപരിജ്ഞാനം, സര്‍ഗാത്മക കഴിവുകള്‍, ബൌദ്ധികവ്യാപാരങ്ങള്‍, കാര്യങ്ങള്‍ വിലയിരുത്താനും ആസൂത്രണംചെയ്യാനുമുള്ള കഴിവുകള്‍ ഇവ വളര്‍ത്താന്‍ കുട്ടികള്‍ക്ക് ആവശ്യത്തിന് ഉറക്കം ഉണ്ടായേ മതിയാകൂ. ബാല്യത്തില്‍ 8  9 മണിക്കൂറും കൌമാരത്തില്‍ ഏഴു മണിക്കൂറും കുട്ടികള്‍ ഉറങ്ങണം.

കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുന്ന, ഉത്തരം നല്‍കുന്ന, അവര്‍ക്ക് മാതൃകയാവുന്ന രക്ഷിതാവിനു മാത്രമേ അവരുടെ വിശ്വാസം ആര്‍ജിക്കാനാവൂ.

ആണും പെണ്ണും; നല്ല സൌഹൃദങ്ങള്‍ തിരിച്ചറിയാം

കുട്ടികളുടെ വ്യക്തിത്വവളര്‍ച്ച പൂര്‍ണമാകണമെങ്കില്‍ സൌഹൃദങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൌമാരക്കാരുടെ സൌഹൃദങ്ങളില്‍ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ ഇന്നില്ല. ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ബന്ധങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. കൂട്ടുകാരന്‍/കൂട്ടുകാരി ഇവരുടെ വീട്, കുടുംബാംഗങ്ങള്‍ ഇവയെപ്പറ്റി വീട്ടുകാര്‍ക്കും ധാരണ ഉണ്ടാകണം. സൌഹൃദംവഴി പഠനത്തില്‍ താല്‍പ്പര്യം കുറയുക, ക്ളാസ് കട്ട് ചെയ്യേണ്ടിവരിക, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടിവരിക, ഉപദ്രവിക്കുക, ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക, ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക ഇവ ഉണ്ടെങ്കില്‍ ആരോഗ്യകരമായ ബന്ധമല്ലെന്ന് തിരിച്ചറിഞ്ഞ് പിന്‍വാങ്ങണം. ഒരിക്കലും പരിഹസിക്കാനോ മറ്റുള്ളവരുടെ മുമ്പില്‍ കുറ്റപ്പെടുത്താനോ പാടില്ല. അത് അയാളെ അക്രമകാരിയാക്കാം.

പ്രണയം അക്രമമാകുമ്പോള്‍
എടുത്തുചാട്ടം മുഖമുദ്രയായ അതിതീവ്രമായ വൈകാരികതലങ്ങളുള്ള ഒരു വ്യക്തിത്വവൈകല്യമാണ് പ്രണയം അക്രമാസക്തമാകുന്നതിന്റെ പിന്നില്‍ (കാുൌഹലെ ഇീിൃീഹ ഉശീൃറലൃ). സ്നേഹത്തില്‍നിന്ന് വെറുപ്പിലേക്കും വെറുപ്പില്‍നിന്ന് സ്നേഹത്തിലേക്കും ഇത്തരക്കാന്‍ മാറിമാറി സഞ്ചരിക്കും. ആത്മനിയന്ത്രണം ഇല്ലാതിരിക്കുക, വൈകാരികമായ കെട്ടുറപ്പ് ഇല്ലായ്മ, പരിണതഫലങ്ങള്‍ പരിഗണിക്കാതെയുള്ള പെരുമാറ്റം, പെട്ടെന്ന് പിണങ്ങുക, മാപ്പുപറയുക വീണ്ടും പിണങ്ങുക ഇവ ഇത്തരക്കാരുടെ മുഖമുദ്രയാണ്.

പ്രണയം നിരസിക്കുന്നത് തന്റെ വ്യക്തിത്വത്തിനേറ്റ പ്രഹരമായി കാണുന്നതും കടുത്ത അസൂയമൂലം അവിശ്വസ്തത കാണിച്ചുവെന്ന് തോന്നുന്നതുമെല്ലാം കൊലപാതകത്തില്‍വരെ എത്തിക്കും.


(മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top